Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാ.വ; ഒരു മടക്കയാത്രയുടെ ആനന്ദം

pava-1

ഒരു മനുഷ്യായുസ്സിന്റെ നേട്ടങ്ങൾക്കും നഷ്ടങ്ങൾക്കുമൊടുവിൽ ആത്മാവിൽ നിറഞ്ഞു നിൽക്കുന്നതെന്താണോ അതാണ് പാ.വയിൽ സൂചിപ്പിക്കുന്നത്. നവാഗത സംവിധായകനായ സൂരജ് ടോം, അജീഷ് തോമസിന്റെ തിരക്കഥയിൽ മെനഞ്ഞെടുത്ത ഈ ചിത്രം പാപ്പനെക്കുറിച്ചും വർക്കിയെക്കുറിച്ചും ഒരുപാട് ചിന്തകളിലേക്കും വെളിപ്പെടുത്തലുകളിലേക്കും നയിക്കുന്നു. ഒപ്പം ബന്ധങ്ങളുടെ മൂല്യത്തെക്കുറിച്ചുളള ഒരു അവലോകനം പുതിയതും പഴയതുമായ തലമുറകളിലേക്ക് പകർന്നു തരികയും ചെയ്യുന്നു. എന്നാൽ വാർധക്യവും മരണവും ഒക്കെ വിഷയമാകുന്ന പ്രമേയം ആകർഷണീയ ഭംഗിയോടെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

pava-6

ഒരു കാലഘട്ടത്തിന്റെ തന്നെ പ്രതീകങ്ങളായ ദേവസി പാപ്പനും വർക്കിച്ചനും ഉറ്റ സുഹൃത്തുക്കളാണ്. ഒരു പാട് ഓർമകളും അനുഭവങ്ങളും സന്ദർഭങ്ങളും അവർക്ക് പങ്കിടാനുണ്ട്. ഇരുവരുടെയും കൗമാരപ്രണയമായ മേരി അതിൽ പ്രധാനമാണ്. എന്നാൽ മേരിക്ക് ആരെയായിരുന്നു ഇഷ്ടം എന്നുളളത് തലമുറകൾക്കിപ്പുറം ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ അപ്രസക്തമാണ്. മറിച്ച് ആ പഴയകാല ജീവിതത്തിന്റെ സൗന്ദര്യവും മാസ്മരികതയും തരുന്ന അനു ഭൂതിയാണ് ഇപ്പോഴുളള വെളിച്ചം. അപ്പോൾ നീയെന്നോ ഞാനെന്നോ ഉളള വ്യത്യാസമില്ല, മറിച്ച് ഒരു ആത്മീയമായ സംതൃപ്തിയും നിറവുമാണ്.

pava-5

എന്നാൽ ആത്മീയമായ ഒരു പരാമർശവും നടത്താതെ കഥ മുന്നോട്ടു പോകുന്നു. രണ്ടു പളളികളുടെയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയും പശ്ചാത്തലത്തിൽ പാപ്പന്റെ ജീവിതം മുന്നോട്ടു പോകുന്നു. അധ്വാനത്തിലൂടെ കെട്ടിപ്പടുക്കിയ സാമ്രാജ്യവും, പേരുകേട്ട കുടുംബ മഹിമയും ഇന്ന് പാപ്പന് പ്രധാനമല്ല. കൂട്ടുകുടുംബത്തിന്റെ സ്നേഹവാത്സല്യങ്ങളും, തർക്കങ്ങളും, തീരുമാന ങ്ങളുമൊന്നും പാപ്പനെ ബാധിക്കുന്നതേയില്ല. ചില ലോലമായ ചിന്തകളുടെയും ആശയക്കുഴപ്പങ്ങളുടെയും നടുവിലാണ് ഇപ്പോൾ പാപ്പൻ. ഒരു തിരിച്ചുപോക്കിന്റെ തയ്യാറെടുപ്പിൽ ആനന്ദം രഹസ്യമായി കണ്ടെത്തുകയാണ് അദ്ദേഹം.

ആ മടക്കയാത്രയുടെ ഘട്ടങ്ങൾ പല സന്ദർഭങ്ങളിലായി പല ബിംബങ്ങളുടെ രൂപത്തിൽ തെളിഞ്ഞു വരുന്നു. ഒരു പക്ഷെ ഈ മടക്കയാത്രയാകാം മരണത്തെ മനോഹരമാക്കുന്നതെന്നു കൂടി സൂചിപ്പിക്കും വിധമാണ് കഥയുടെ ഗതി.

pava-7

എൺപതു വയസ്സുകാരനായ പാപ്പനായി മുരളി ഗോപി ഉജ്ജ്വല പ്രകടനം കാഴ്ച വയ്ക്കുന്നു. അദ്ദേഹത്തിന്റെ അന്തരംഗത്തിന്റെ പ്രതിഛായയായി അനൂപ് മേനോനും യഥാസമയങ്ങളിലായി വർക്കിച്ചന്റെ രൂപത്തിൽ എത്തുന്നുണ്ട്. പാപ്പന്റെ വലം കൈയ്യും സഹായിയുമായ കുഞ്ഞ് എന്ന കഥാപാത്രത്തിന്റെ രൂപത്തിൽ ഇന്ദ്രൻസും തിളങ്ങുന്നുണ്ട്.

pava-8

കല്ലായി അച്ചനായി പി. ബാലചന്ദ്രനും ഇട്ടിപ്പറമ്പിൽ അച്ചനായി ഷമ്മി തിലകനും നല്ല പ്രകടനം കാഴ്ചവയ്ക്കുന്നു. രൺജി പണിക്കർ, അശോകൻ, ഇടവേള ബാബു, കെ.പി.എ.സി. ലളിത, രഞ്ജിനി, ഗീത, പ്രയാഗ മാർട്ടിൻ തുടങ്ങിയ താരങ്ങളുടെ ഒരു നീണ്ട നിര തന്നെ അണിനിരക്കുന്നു.

ആനന്ദ് മധുസൂദനൻ ഈണം നൽകിയ ഗാനങ്ങൾ നേരത്തേ തന്നെ ജനപ്രിയമായിക്കഴിഞ്ഞു. സതീഷ് വർമ്മയും ബി.കെ. ഹരിനാരായണനും എഴുതിയ വരികൾ കഥയുടെ പശ്ചാത്ത ലത്തോട് ചേർന്ന് നില്ക്കുന്നതാണ്. ജയചന്ദ്രൻ പാടിയ ‘പൊടിമീശ മുളക്കണ...’ എന്ന ഗാനം അഭ്രപാളിയിൽ വേറിട്ടൊരു മനോഹാരിത കൊണ്ടു വരുന്നു.

pava-9

സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണം ഗ്രാമീണ സൗന്ദര്യം തെല്ലും ചോരാതെ നില നിർത്തുന്നു. അജീഷ് കഥാരചനയും തിരക്കഥയും സംഭാഷണവും നിർവഹിച്ചു. പാ.വ യിൽ സരളമായ ഭാഷയിൽ ഒരു ആഴമുളള തത്വം അവതരിപ്പിച്ചുകൊണ്ട് ചിത്രം തുടക്കം മുതൽ പ്രേക്ഷകരെ പിടിച്ചിരുത്തുന്നു. ആർഭാടങ്ങളും കോലാഹലങ്ങളുമൊന്നുമില്ലാതെ ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന പാ.വ കുടുംബസമേതം കാണാവുന്ന ഒരു ചിത്രമാണ്.
 

Your Rating: