Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരിച്ചറിയണം പെണ്ണിന്റെ 'നോ'; പിങ്ക് റിവ്യു

pink-moviereview-1

സമകാലിക ഇന്ത്യന്‍ സാമൂഹിക-രാഷ്ട്രീയ മനോഭാവങ്ങള്‍ക്കു നേരെയാണ് അനിരുദ്ധ റായ് ചൗധരിയുടെ പിങ്ക് എന്ന ചിത്രം ക്യാമറ തിരിച്ചുപിടിക്കുന്നത്. 2009-ല്‍ Antaheen(Endless Wait...) എന്ന ബംഗാളി ചിത്രത്തിലൂടെ മികച്ച സിനിമക്കുള്ള ദേശീയ പുരസ്‌കാരം നേടിയ സംവിധായകന്‍, തന്റെ ബോളിവുഡ് അരങ്ങേറ്റം അവിസ്മരണീയമാക്കുന്നു. പറഞ്ഞു പഴകിയ ഒരു വിഷയത്തെ സംഭാഷണങ്ങളിലൂടെയും ചലച്ചിത്രമെന്ന മാധ്യമത്തിന്റെ സാധ്യതകളിലൂടെയും സംവിധായകന്‍ മറികടക്കുന്നു. അതുകൊണ്ടു തന്നെ ആവര്‍ത്തന വിരസതയുണ്ടാക്കുന്ന സ്ത്രീശാക്തീകരണ മുദ്രവാക്യങ്ങളേക്കാള്‍ ശക്തമായി ആശയ സംവേദനം നടത്താന്‍ ഈ സിനിമക്കു സാധിച്ചു.

പിങ്ക് എന്ന പേരിലൂടെ തന്നെ സംവിധായകന്‍ സിനിമയുടെ രാഷ്ട്രീയം പങ്കുവെക്കുന്നു. ഒരു പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടെയും ജനനത്തിന്റെ സൂചകങ്ങളായി യഥാക്രമം പിങ്കും ബ്യൂവും വര്‍ണ്ണങ്ങള്‍ മാറുന്നിടത്തു നിന്നു തുടങ്ങുന്നു പിങ്കിന്റെ രാഷ്ടീയം. പിങ്കിനെ സ്‌ത്രൈണ വര്‍ണമായി ആരോപിക്കുന്നതുപോലെ പലതും സ്ത്രീയിലേക്കും ആരോപിക്കുകയും അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന സാമൂഹിക നിര്‍മ്മിതി (social construction)യെയാണ് സിനിമ ചോദ്യം ചെയ്യുന്നത്. പേരു സൂചിപ്പിക്കുന്നതുപോലെ ഇതൊരു സ്ത്രീപക്ഷ സിനിമയാണ് എന്നാല്‍ സ്ത്രീപക്ഷപാത സിനിമയല്ലതാനും. സ്ത്രീകളോട് സമൂഹം പുലര്‍ത്തി പോരുന്ന മനോഭാവങ്ങള്‍ സ്ത്രീയെ വിധിക്കാന്‍ സമൂഹം കണ്ടെത്തുന്ന വിചിത്രമായ കാരണങ്ങള്‍ ഇവയൊക്കെയാണ് സിനിമ ചോദ്യം ചെയ്യുന്നത്.

pink-moviereview

മീനല്‍ അറോറ, ഫലക്ക് അലി, ആന്‍ഡ്രിയ എന്നീവരുടെ സഹനത്തിന്റെയും ആത്മാഭിമാനത്തിനു വേണ്ടി അവര്‍ നടത്തുന്ന പോരാട്ടത്തിന്റെയും കഥയാണ് പിങ്ക്. പണത്തിന്റെയും സ്വാധീനത്തിന്റെയും മുന്നില്‍ നീതി നിഷേധിക്കപ്പെടുന്ന ഈ പെണ്‍കുട്ടികള്‍ക്കു വേണ്ടി ദീപക്ക് സെഗാള്‍ എന്ന വയോധികനായ അഭിഭാഷകന്‍ നടത്തുന്ന പ്രതിരോധത്തിന്റെ കഥകൂടിയാണ് പിങ്ക്.

ഒരു നീശാപാര്‍ട്ടിക്കിടെ തന്നോട് അപമാര്യദയായി പെരുമാറുകയും ലൈംഗികവേഴ്ചക്കു നിര്‍ബന്ധിക്കുയും ചെയ്യുന്ന രാജ് വീര്‍ സിങെന്ന യുവാവിനെ പ്രാണരക്ഷാര്‍ത്ഥം തലയ്ക്കു അടിച്ചു പരുക്കേല്‍പ്പിക്കേണ്ടി വരുന്നു മീനല്‍ എന്ന പെണ്‍കുട്ടിക്ക്. പണവും സമൂഹത്തില്‍ സ്വാധീനവുമുള്ള രാജ് വീര്‍ സിങും കൂട്ടുകാര്‍ക്കും തങ്ങളുടെ തെറ്റ് അംഗീകരിക്കുന്നില്ല എന്നു മാത്രമല്ല മറിച്ച് മീനലിനെയും സുഹൃത്തുകളെയും നിരന്തരം ഭീക്ഷണിപ്പെടുത്തുകയും ശാരീരകമായും മാനസികമായും തളര്‍ത്തുകയും ചെയ്യുന്നു.

PINK | Official Trailer | Amitabh Bachchan | Shoojit Sircar | Taapsee Pannu

രാജ് വീറിന്റെയും സുഹൃത്തുകളുടെയും അതിക്രമങ്ങള്‍ക്കെതിരെ പരാതിപ്പെടുന്ന മീനലിനും സുഹൃത്തുകള്‍ക്കും നീതി നിഷേധിക്കപ്പെടുന്നു. പകരം അവര്‍ക്കെതിരെ വധശ്രമത്തിനും കേസ് ചാര്‍ജ് ചെയ്യുന്നു. നീതിനിഷേധത്തില്‍ രാജ് വീറിനും സുഹൃത്തുകള്‍ക്കും ഒത്താശ ചെയ്യുന്നത് ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥായാണെന്നതും പ്രസക്തമാണ്. പുരുഷനെയല്ല മറിച്ച് പുരുക്ഷ കേന്ദ്രീകൃതമായ സമൂഹത്തെയും അതില്‍ നിന്നു ഉടലെടുക്കുന്ന സാമൂഹിക നിര്‍മ്മിതിയെയുമാണ് സിനിമ പ്രശ്‌നവത്ക്കരിക്കുന്നത്.

സമൂഹം ഒന്നടങ്കം അവരെ തെറ്റുകാരെന്നു വിധിയെഴുതുമ്പോഴും അവര്‍ക്കു വേണ്ടി ഒറ്റയാന്‍ പോരാട്ടം നടത്താന്‍ ദീപക് സെഗാള്‍ എന്ന അഭിഭാഷകന്‍ മുന്നോട്ട് വരുന്നു. ദീപക്ക് സെഗാള്‍ ഒരു പ്രതീകമാണ്. ഒറ്റപ്പെട്ടതെങ്കിലും നീതി നിഷേധത്തിനെതിരെ ഉയരുന്ന അവസാനത്തെ ആളികത്തലുകളുടെ പ്രതിനിധിയാണ് അയാള്‍. പതിഞ്ഞ താളത്തില്‍ തുടങ്ങി പതുക്കെ പതുക്കെ ശക്തി പ്രാപിച്ച് ക്ലൈമാക്‌സില്‍ കൊടുമുടി കേറുന്ന ശൈലിയാണ് ഈ ചിത്രത്തിലും അനിരുദ്ധ ചൗധരി പിന്തുടരുന്നത്. ആദ്യ പകുതി സംഭവ പരമ്പരകളിലൂടെയും കഥാപാത്ര അവതരണത്തിനു വേണ്ടി മാറ്റിവെക്കുന്ന സംവിധായകന്‍. രണ്ടാം പകുതിയില്‍ സിനിമ പൂര്‍ണമായും ഒരു കോര്‍ട്ട് ഡ്രാമയായി മാറുന്നു.

pink-moviereview-4

ഇന്ത്യന്‍ സിനിമയിലെ ബിഗ് ബിയെന്ന വിശേഷണത്തിനു താന്‍ സര്‍വ്വതാ യോഗ്യനാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നു അമിതാഭ് ബച്ചന്‍. പ്രായം 75നോട് അടുക്കുപ്പോഴും ഇനിയും ഒരുപാട് അങ്കങ്ങള്‍ക്കു തനിക്ക് ബാല്യമുണ്ടെന്നു സാക്ഷ്യപ്പെടുത്തുന്നു പിങ്കിലെ അദ്ദേഹത്തിന്റെ അഭിഭാഷക വേഷം.

ബച്ചന്റെ ദീപക്ക് സെഗാള്‍ ഒരു സൂപ്പര്‍ ഹീറോയല്ല. ആരോഹണ അവരോഹണങ്ങളുള്ള കഥാപാത്രത്തെ അതേ തരംഗദൈര്‍ഘ്യത്തോടെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിയുന്നു. മീനല്‍ അറോറയായി വേഷമിടുന്ന തപ്‌സി പാനുവും ഫലക്ക് അലിയായി വേഷമിടുന്ന കീര്‍ത്തി കുല്‍ഹരിയും സിനിമയില്‍ ഉടനീളം നിറഞ്ഞുനില്‍ക്കുന്നു. ആന്‍ഡ്രിയ താരിയങ് എന്ന പുതുമുഖം അതേ പേരുള്ള നോര്‍ത്ത് ഈസ്‌റ്റേണ്‍ പെണ്‍കുട്ടിയായിട്ടാണ് വേഷമിടുന്നത്. ഒരു നോര്‍ത്ത് ഈസ്‌റ്റേണ്‍ പെണ്‍കുട്ടിയായതു കൊണ്ടു മാത്രം ഒരു ശരാശരി ഇന്ത്യന്‍ പെണ്‍കുട്ടി അനുഭവിക്കുന്നതിന്റെ എത്രയോ മടങ്ങ് അപമാനമാണ് താന്‍ സഹിക്കേണ്ടി വന്നി്ടുള്ളതെന്നു ആന്‍ഡ്രിയ പറയുമ്പോള്‍ പ്രേക്ഷകരുടെ നെഞ്ച് കുലുക്കുന്ന സംഭാഷണമായി അതുമാറുന്നു. ന്യായധിപനായി വേഷമിടുന്ന ദ്രിതിമാന്‍ ചാറ്റര്‍ജിയും രാജ് വീര്‍ സിങിന്റെ അഭിഭാഷകനായി വേഷമിടുന്ന കഥാപാത്രവും ഏറെ മികച്ച് നില്‍ക്കുന്നു. സിനിമയുടെ മൂഡിനൊപ്പം സഞ്ചരിക്കുന്ന പശ്ചാത്തല സംഗീതമാണ് മറ്റൊരു ഹൈലൈറ്റ്.

2010ലെ തൃശൂര്‍ രാജ്യന്തര ചലച്ചിത്രമേളയിക്കിടെ അവിചാരിതമായിട്ടാണ് Antaheen(Endless Wait...) എന്ന ബംഗാളി ചിത്രം കാണുന്നത്. സാമ്പത്തിക പരാധീനത കാരണം തൃശൂര്‍ ചലച്ചിത്രമേളക്കു തിരശീല വീണെങ്കിലും ആറു വര്‍ഷങ്ങള്‍ക്കിപ്പുറവും ആ ചലച്ചിത്രകാവ്യം നിരന്തരം വേട്ടയാടുന്നു. അന്ന് മനസ്സില്‍ ആരാധനയോടെ ചേകേറിയ പേരാണ് അനിരുദ്ധ റായ് ചൗധരിയുടേത്. ഓണം ബോക്‌സ് ഓഫിസില്‍ മലയാള ചിത്രങ്ങള്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നതു മൂലം എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങീ ചുരുക്കം സെന്ററുകളില്‍ മാത്രമാണ് പിങ്ക് പ്രദര്‍ശനത്തിന് എത്തിയത്.

അനിരുദ്ധ ചൗധരിയെന്ന സംവിധായകനോടുള്ള ആരാധനയും വിശ്വാസവുമാണ് കാതങ്ങള്‍ താണ്ടി പിങ്ക് കാണാന്‍ പ്രേരിപ്പിച്ചത്. പ്രതീക്ഷകള്‍ അസ്ഥാനത്തായില്ല. പിങ്ക് തിയറ്ററികത്തും പുറത്തും പ്രേക്ഷകനെ കൊത്തിവലിക്കും വേട്ടായാടും. എല്ലാ സ്ത്രീകളും നിശ്ചയമായും കണ്ടിരിക്കേണ്ട ചിത്രം, എല്ലാ പുരുഷന്‍മാരും നിര്‍ബന്ധമായും.

സൗമ്യവധത്തില്‍ ഗോവിന്ദചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട വാദപ്രതിപാദങ്ങള്‍ മാധ്യമങ്ങളില്‍ ചൂടുപിടിക്കുകയാണ്. വധശിക്ഷക്കു അനുകൂലമായും പ്രതികൂലമായും വാദിക്കുന്നവര്‍. കോടതിക്കു മുന്നില്‍ വികാര പ്രകടനങ്ങള്‍ക്കല്ല മറിച്ച് തെളിവുകള്‍ക്കാണ് മുന്‍തൂക്കമെന്നു വാദിക്കുന്നവര്‍. തെളിവുകള്‍ സമര്‍ത്ഥിക്കാന്‍ പ്രോസീക്യൂഷനു കഴിയാതെ പോയെന്നു വാദിക്കുന്നവര്‍. വാദപ്രതിപാദങ്ങള്‍ക്കൊടുവില്‍ നമ്മള്‍ എത്തിച്ചേരുന്ന നിഗമനങ്ങള്‍ എന്തായാലും ഒരു ചോദ്യം മാത്രം അവശേഷിക്കുന്നു. ഒരു പെണ്‍കുട്ടിയുടെ മാനത്തിന് ഈ ഇന്ത്യാ മഹാരാജ്യം കല്‍പ്പിക്കുന്ന വിലയെന്താണ്. പിങ്ക് ഉയര്‍ത്തിപ്പിടിക്കുന്നതും ഇതേ ചോദ്യമാണ്.

നിര്‍ഭയ, സൗമ്യ, മീനല്‍ അവര്‍ക്കു പേരുകള്‍ പലതാണെന്ന് മാത്രം. ഒരു പെണ്‍കുട്ടി ഒറ്റക്കു യാത്ര ചെയ്താല്‍, രാത്രിയില്‍ ആണ്‍സുഹൃത്തിനൊപ്പം സഞ്ചരിച്ചാല്‍, നിശാപാര്‍ട്ടിയില്‍ പങ്കെടുത്താല്‍, അല്‍പ്പം മോഡേണായി വസ്ത്രാധരണം നടത്തിയാല്‍ തന്റെ ശരീരം നിങ്ങള്‍ക്കു ഭോഗിക്കാന്നുള്ളതാണെന്ന് സൂചനകളാണ് അതെന്ന് വിധിക്കുന്ന പുരുഷകേന്ദ്രീകൃത സമൂഹത്തിന്റെ വികലമായ മനോഭാവത്തിലേക്കാണ് പിങ്ക് രക്തം ചൊരിയുന്നത്. ഒരു സ്ത്രീ അവള്‍ അമ്മയാവട്ടെ, സഹോദരിയാകട്ടെ, മകളാകട്ടെ, സുഹൃത്താകട്ടെ അവളുടെ അരുത് (NO) എന്ന മറുപടിയുടെ അര്‍ഥം അരുതെന്ന് തന്നെയാണെന്നും അതിനു വഴങ്ങുക, കീഴ്‌പ്പെടുക എന്നീ അര്‍ഥതലങ്ങളിലെന്നും ആ 'നോ' യെ ഇനിയെങ്കിലും നമ്മള്‍ ബഹുമാനിക്കാന്‍ പഠിക്കണമെന്നും ഉറക്കെ വിളിച്ചു പറയുന്നു പിങ്ക്.  

Your Rating: