Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതത്തിന്റെ കെണിക്കണക്കുകൾ, പിന്നെയും; റിവ്യു

pinneyum-review

ചില നേരത്തെ തോന്നലുകളെയും തീരുമാനങ്ങളെയും പിന്തുടരുന്ന ചില മനുഷ്യർ ചെന്നുനിൽക്കുന്നത് അനിശ്ചിതത്വത്തിന്റെ പാറവിളുമ്പുകളിലാവും. അപ്പുറം മരണമോ ജീവിതമോ എന്നു നിശ്ചയമില്ലാത്ത കെണികൾ. തിരിച്ചിറങ്ങാനുള്ള വഴി ഇടിഞ്ഞുതൂർന്നിട്ടുണ്ടാവും. അങ്ങനെ പെട്ടുപോയ ചില മനുഷ്യരുടെ കഥയാണ് ‘പിന്നെയും’. അവരുടെ പ്രണയത്തിന്റെയും കാത്തിരിപ്പിന്റെയും കഥ. മരണത്തിന്റെയും മരണത്തെക്കാളും മൂർച്ചയുള്ള ഏകാന്തതയുടെയും കഥ.

എട്ടു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് വിശ്വപ്രസിദ്ധ ചലച്ചിത്രകാരൻ അടൂർ‍ ഗോപാലകൃഷ്ണൻ ഒരു ഫീച്ചർ ചിത്രവുമായെത്തുന്നത്. മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള ജോഡികളിലൊന്നായ ദിലീപും കാവ്യ മാധവനും അഞ്ചു വർഷത്തിനു ശേഷം ഒന്നിക്കുന്ന സിനിമ.

kavya-dileep-pinneyum

അടൂരിന്റെ ഏറ്റവും മികച്ച സിനിമകളിലൊന്ന് എന്നു പറയാനാവില്ലെങ്കിലും ‘പിന്നെയും’ നല്ല സിനികളുടെ പട്ടികയിലുണ്ടാവും. പ്രതിഭാധനനായ ഫിലിംമേക്കറുടെ കയ്യൊപ്പ് സിനിമയിലുണ്ട്.

Pinneyum | Official Trailer | Dileep, Kavya Madhavan, Adoor Gopalakrishnan | Manorama Online

പുരുഷോത്തമൻ നായര്‍ എന്ന തൊഴിൽരഹിതനും അഭ്യസ്തവിദ്യനുമായ യുവാവിന്റെയും അയാളുടെ ഭാര്യ ദേവിയുടെയും കഥയാണ് ‘പിന്നെയും’. ഒപ്പം, മറ്റു പലരുടെയും കഥ കൂടിയാണത്. സ്കൂൾടീച്ചറാണ് ദേവി. ഒരു മകളുമുണ്ട്. ദേവിയുടെ ശമ്പളവും അവളുടെ അച്ഛനും റിട്ടയേഡ് അധ്യാപകനുമായ പപ്പുപിള്ളയുടെ തുച്ഛമായ പെൻഷനും കൊണ്ടു ജീവിക്കുന്ന കുടുംബം കടന്നുപോകുന്ന ചില പ്രതിസന്ധികളാണ് സിനിമയുടെ കേന്ദ്രപ്രമേയം. വരുമാനമില്ലാതെ ജീവിതം വഴിമുട്ടുന്ന പുരുഷോത്തമൻ നായർക്ക് ഒടുവിൽ ഒരു ജോലി കിട്ടുന്നു. പക്ഷേ മനുഷ്യനിലെ ചില ഇരുണ്ട കൊതികളും ആർത്തിയും ജീവിതത്തിന്റെ വഴിമാറ്റിക്കളയും. പുരുഷോത്തമൻ നായരും അയാളുടെ ചുറ്റുമുള്ളവരും പെട്ടുപോകുന്ന അത്തരമൊരു പ്രലോഭനം അവരുടെ ലോകത്തെത്തന്നെ കീഴ്മേൽ മറിക്കുന്നു. അവിടെ ചുവടിളകിപ്പോകാതിരിക്കാനുള്ള, ചിലനേരം നിസ്സഹായമായിപ്പോകുന്ന ശ്രമങ്ങളിലാണ് അവരോരോരുത്തരും.

അടൂർ സിനിമകളുടെ പതിവുവേഗത്തിലാണ് ‘പിന്നെയും’ സഞ്ചരിക്കുന്നത്. മികച്ച തിരക്കഥയും ഒരു മാസ്റ്റർ ക്രാഫ്റ്റ്സ്മാന്റെ വിരലടയാളമുള്ള മേക്കിങ്ങുമുണ്ടെങ്കിലും സംഭാഷണങ്ങളിൽ ചിലയിടത്ത് അതിനാടകീയത തോന്നുന്നുണ്ട്. എം.ജെ. രാധാകൃഷ്ണന്റെ ക്യാമറ സിനിമയുടെ മനസ്സറിഞ്ഞതാണ്. നിഴലും വെളിച്ചവും തെളിച്ചവും കൊണ്ട് അദ്ദേഹം നമുക്കതു കാട്ടിത്തരുന്നു. ബിജിബാലിന്റെ പശ്ചാത്തല സംഗീതവും സിനിമയോടു ചേർന്നുതന്നെ നിൽക്കുന്നു.

kavya-dileep-pinneyum-1

അഭിനേതാക്കളുെട പ്രകടനം പലപ്പോഴും ഗംഭീരം തന്നെയാകുന്നു; പ്രത്യേകിച്ച് കാവ്യയും ഇന്ദ്രൻസും. മികച്ച അഭിനേതാക്കൾക്കു മാത്രമേ അടൂർ പലപ്പോഴും രണ്ടാമത് അവസരം കൊടുക്കാറുള്ളൂ. എന്തുകൊണ്ടാണു കാവ്യയെ രണ്ടാമതൊരു സിനിമയിലേക്കുകൂടി അടൂർ തിരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് ഉത്തരം അവരുടെ പ്രകടനം തന്നെയാണ്. സംഘർഷങ്ങളും സങ്കടങ്ങളും ഉള്ളിലൊതുക്കി ജീവിക്കുന്ന വീട്ടമ്മയുടെ രണ്ടു കാലഘട്ടങ്ങൾ സൂക്ഷ്മാഭിനയത്തിന്റെ മികവോടെയാണ് കാവ്യ അവതരിപ്പിക്കുന്നത്. ഇന്ദ്രൻസാകട്ടെ, മലയാളത്തിലെ മികച്ച നടന്മാരുടെ പട്ടികയിൽ തന്റെ പേര് ഒന്നുകൂടി ഉറപ്പിക്കുകയും ചെയ്യുന്നു. നെടുമുടി വേണുവും കെപിഎസി ലളിതയും വിജയരാഘവനും ദിലീപും സ്രിന്ദയുമൊക്കെ സ്വാഭാവികാഭിനയത്തിന്റെ ഭംഗി കാട്ടിത്തരുന്നുണ്ട്. ഒറ്റ രംഗത്തിൽ മാത്രമെത്തുന്ന നന്ദുവിന്റേത് തികഞ്ഞ കയ്യടക്കമുള്ള അഭിനയമാണ്.

indrans-pinneyum

അടൂരിന്റെ മുൻചിത്രങ്ങളിലുള്ള, വ്യക്തിയുടെയും സമൂഹത്തിന്റെയും മനഃശാസ്ത്ര, രാഷ്ട്രീയ പാഠങ്ങളൊന്നും അത്ര ശക്തമായോ വ്യക്തമായോ ‘പിന്നെയും’ കൈകാര്യം ചെയ്യുന്നില്ല. അതേസമയം കഥാപാത്രങ്ങളുടെ മനോനിലയിലേക്കും അവ രൂപപ്പെട്ട സാഹചര്യങ്ങളിലേക്കും ചില കിളിവാതിലുകൾ തുറന്നിടുന്നുമുണ്ട്. പല ചിത്രങ്ങളിലും അടൂര്‍ ഉപയോഗിച്ച ഉത്തര ഫ്യൂഡലിസ്റ്റ് കാലഘട്ടത്തിന്റെ ചില പശ്ചാത്തലസൂചനകൾ ഈ ചിത്രത്തിലുമുണ്ട്.

dileep-adoor-mg

‘പിന്നെയും’ നേരംപോക്കിനായി കാണാവുന്ന സിനിമയല്ല. കുടുംബചിത്രമെന്ന പേരിലെത്തുന്ന ചില സിനിമകളിലേതുപോലെ അതിവൈകാരികതയോ കണ്ണീരൊഴുക്കോ കടുകട്ടി സംഘർഷനിമിഷങ്ങളോ അതിലില്ലതാനും. ആവർത്തിക്കട്ടെ, ‘പിന്നെയും’ ഒരു അടൂർ ചിത്രമാണ്; പതിവുപോലെതന്നെ ജീവിതം പറയുന്ന ഒന്ന്. 

Your Rating: