Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേതത്തെ പ്രേക്ഷകൻ പ്രേമിക്കും; റിവ്യു

pretham-review

പ്രേതങ്ങൾ പൊതുവെ ശല്യക്കാരാണെന്നാണു കേട്ടുകേൾവി. മാത്രമല്ല അത്ഭുത സിദ്ധികളുമുണ്ട്. പക്ഷേ മരിച്ചു കഴിഞ്ഞാൽ നമ്മുടെ ആത്മാവിന് ഈ പറയുന്ന ശക്തിയൊന്നുമില്ലത്രേ. അല്ലറ ചില്ലറ പ്രശ്നങ്ങളൊക്കെയുണ്ടാക്കി പേടിപ്പിക്കുമെന്നല്ലാതെ ഉപദ്രവിക്കാനൊന്നും പ്രേതങ്ങൾക്ക് കഴിയില്ലെന്നാണ് മെന്റലിസ്റ്റ് ജോൺ ഡോൺബോസ്കോ പറയുന്നത്.

അങ്ങനെയൊരു പ്രേതത്തിന്റെ കഥയാണ് ഈ ‘പ്രേത’വും. കടൽത്തീരത്തുള്ള ഒരു വലിയ റിസോർട്ടിന്റെ ഉടമകളാണ് ഡെന്നിയും ഷിബുവും പ്രിയനും. ജോലി ചെയ്തു സമ്പാദിച്ച തുകയെല്ലാം സ്വരുക്കൂട്ടിയാണ് ഇവർ ഈ റിസോര്‍ട്ട് സ്വന്തമാക്കിയത്. അങ്ങനെ കാര്യങ്ങളെല്ലാം നന്നായി മുന്നോട്ടു പോകുമ്പോഴാണ് ചില അസ്വാഭാവിക സംഭവങ്ങൾ കണ്ടുതുടങ്ങുന്നത്.

മൂവർക്കും ഉണ്ടാകുന്ന ദുരനുഭവങ്ങളിലൂടെ റിസോർട്ടിൽ പ്രേതബാധ ഉണ്ടെന്ന് ഉറപ്പിക്കുന്നു. എന്നാൽ, പുറത്തറിഞ്ഞാൽ റിസോർട്ടിൽ ആരും വരില്ലെന്നതിനാൽ പള്ളീലച്ചനെ കൊണ്ടുവന്ന് ആരുമറിയാതെ വെഞ്ചരിക്കുന്നു. പക്ഷേ പ്രേതത്തിന് അവരെ വെറുതെ വിടാൻ ഉദ്ദേശ്യമില്ലായിരുന്നു. ആരും സഹായത്തിനില്ലാത്ത അവസ്ഥയിലാണ് അവരുടെ ജീവിതത്തിലേക്ക് മെന്റലിസ്റ്റ് ആയ ജോണിന്റെ പ്രവേശനം. തുടർന്ന് അപ്രതീക്ഷിതമായ സംഭവങ്ങളാണ് അവിടെ അരങ്ങേറുന്നത്.

pretham-movie

പ്രേതസിനിമകളിലെ സ്ഥിരം ഫോർമുലകളായ അലർച്ചയോ ആവാഹിക്കലോ ഒന്നുമില്ല. എന്നാൽ പേടിക്കാൻ അത്യാവശ്യം വേണ്ടതൊക്കെയുണ്ടുതാനും. സിനിമയുടെ ആദ്യപകുതി നർമത്തിൽ ചാലിച്ച് രസകരമായി മുന്നോട്ടു പോകുമ്പോൾ രണ്ടാം പകുതി മുതൽ പേടിയോട് അടുക്കുന്നു. ആദ്യ പകുതിയിലെ തമാശകൾ പലതും പ്രേക്ഷകനെ കയ്യിലെടുക്കുന്നതും സിനിമയോടു കൂടുതൽ അടുപ്പിക്കുന്നതുമാണ്.

ജയസൂര്യയ്ക്കൊപ്പമുള്ള രഞ്ജിത് ശങ്കറിന്റെ മറ്റു രണ്ടു ചിത്രങ്ങൾ പോലെ, കെട്ടുറപ്പുള്ള ഒരു തിരക്കഥ ഇല്ലാതെപോയതു പോരായ്മയായിത്തോന്നി. പ്രേത സിനിമ എന്നതിലുപരി കാലികപ്രാധാന്യമുള്ള വിഷയം കൂടി പ്രമേയത്തിന്റെ ഭാഗമാക്കാൻ സംവിധായകനു സാധിച്ചു. ഒരു ഹൊറർ ത്രില്ലറിനു വേണ്ട എല്ലാ ചേരുവകളും ഉള്ള സിനിമയുടെ ക്ലൈമാക്സ് കുറച്ചു കൂടി മികച്ചതാക്കാമായിരുന്നു. ഒാരോ സിനിമ കഴിയും തോറും സംവിധായകനെന്ന നിലയിൽ രഞ്ജിത് ശങ്കർ മികവിന്റെ പടവുകൾ കയറുകയാണെന്ന് ഉറപ്പിക്കുന്നുണ്ട് പ്രേതം.

pretham

ഒരു മെന്റലിസ്റ്റിനെ ആദ്യമായി മലയാളസിനിമയിൽ അവതരിപ്പിച്ച ജയസൂര്യയുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. ശരീരഭാഷയിലും സംസാരത്തിലും നിഗൂഢതയൊളിപ്പിച്ച ജോൺ ഡോൺബോസ്കോ ജയസൂര്യയുടെ മറ്റൊരു മികച്ച കഥാപാത്രമാകുന്നു. പ്രേമത്തിലെ ഗിരിരാജൻ കോഴിക്കു ശേഷം ഉഗ്രൻ പ്രകടനമാണ് ഷറഫുദ്ദീൻ കാഴ്ചവെച്ചിരിക്കുന്നത്. അജു വർഗീസ്, ഗോവിന്ദ് പത്മസൂര്യ, ധര്‍മജന്‍ ബോള്‍ഗാട്ടി, പേളി മാണി, ഹരീഷ് പേരടി, ശ്രുതി രാമചന്ദ്രന്‍, ദേവൻ, വിജയ് ബാബു എന്നിവരും തങ്ങളുടെ വേഷം ഭംഗിയാക്കി.

jayasurya-pretham

ജിത്തു ദാമോദറിന്റെ ഛായാഗ്രഹണം ഹൊറർ സിനിമയ്ക്കു വേണ്ട ലുക്ക് ആൻഡ് ഫീൽ നൽകുന്നതിൽ വിജയിച്ചിട്ടുണ്ട്. ജസ്റ്റിൻ ജോസിന്റെ സൗണ്ട് ഡിസൈനും മിക്സിങ്ങും പ്രേതത്തെ കൂടുതൽ പേടിപ്പിക്കുന്നതാക്കുന്നു. ആനന്ദ് മധുസൂദനന്റെ സംഗീതവും പശ്ചാത്തലസംഗീതവും ചിത്രത്തോട് നീതിപുലർത്തി.

പേരു പോലെ േപടി മാത്രമല്ല പ്രേതം. മറിച്ച് ചിരിയും ചിന്തയും ഒപ്പം കുറച്ചു പേടിയും ചേർന്ന ഒരു മികച്ച ഫൺ എന്റർടെയ്നറാണ് ചിത്രം. കുട്ടികളും കുടുംബവുമായി കാണാവുന്ന ഒരു ഫുൾ യൂത്ത്ഫുൾ സിനിമ.

വാൽകഷ്ണം: ചത്താലും ഇനി മെന്റലിസം പഠിച്ചിട്ടേ ബാക്കിക്കാര്യമൊള്ളൂ !

നിങ്ങൾക്കും റിവ്യു എഴുതാം...കേരളാ ടാക്കീസ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

Your Rating: