Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലി പോലെ വന്നത് എലി

puli-review

മല പോലെ വന്നത് എലി പോലെ പോയി എന്ന പഴഞ്ചൊല്ല് ഇളയദളപതിയുടെ ‘പുലി’യുടെ കാര്യത്തില്‍ അക്ഷരംപ്രതി ശരി. പുലി വരുന്നേ പുലി വരുന്നേ എന്നു പറഞ്ഞിട്ട് വന്നത് വെറും എലി തന്നെ. വിജയ് ആരാധകരും സിനിമാപ്രേക്ഷകരും ആവേശത്തോടെ കാത്തിരുന്ന പുലി പ്രേക്ഷകരെ നിരാശപ്പെടുത്തും.

തികച്ചും സാങ്കല്‍പ്പികമായൊരു കഥ. അതിനാല്‍ തന്നെ ലോജിക്ക് ഒന്നും പ്രേക്ഷകര്‍ ചിന്തിക്കരുത്. ഒരു ലോജിക്കുമില്ലാത്ത കഥയാണെന്നത് മറ്റൊരു രസം. പൗരാണിക കാലമാണ് കഥയുടെ പശ്ചാത്തലം. അവിടെ വേതാളക്കോട്ട ഭരിക്കുന്ന ദുര്‍മന്ത്രവാദിനിയായ യവനറാണി. രാഞ്ജിയുടെ ദുര്‍ഭരണത്തില്‍ നിന്നും ഗ്രാമീണരെ സംരക്ഷിച്ച് രാജ്യത്തെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന മരുധീരന്‍.

മരുധീരന്‍ വേതാള കോട്ടയില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമൊക്കെയാണ് രണ്ടര മണിക്കൂറില്‍ പുലിയില്‍ ആവിഷ്കരിച്ചിരിക്കുന്നത്. കോരിത്തരിപ്പിക്കുന്ന ആക്ഷന്‍രംഗങ്ങളോ ഇടിവെട്ട് ഡയലോഗുകളോ ഒന്നും തന്നെ സിനിമയിലില്ല. ഫാന്‍റസി ചിത്രമെന്ന് അവകാശപ്പെടുന്നതുകൊണ്ട് ഇഷ്ടം പോലെ അതിമാനുഷിക പ്രകടനങ്ങളുണ്ട്.

puli-2

സംസാരിക്കുന്ന പക്ഷിയും, ആമയും, രാക്ഷസനുമൊക്കെ സിനിമയിലെ കഥാപാത്രങ്ങളാണ്. സിനിമയുടെ ആദ്യ പകുതി പൂര്‍ണമായും നിരാശപ്പെടുത്തിയപ്പോള്‍ രണ്ടാം പകുതി ശരാശരി നിലവാരം പുലര്‍ത്തി. തമ്പി രാമയ്യ, ഇമ്മന്‍ എന്നിവരുടെ കോമഡി യാതൊരു നിലവാരവും പുലര്‍ത്തിയിട്ടില്ല. രണ്ടാം പകുതിയുടെ അവസാനത്തോടടുക്കുമ്പോള്‍ കുറച്ചെങ്കിലും സിനിമ മെച്ചപ്പെടുന്നു.

ഗ്രാഫിക്സുകളുടെ അമിതമായ ഉപയോഗം വേറൊരു തരത്തില്‍ പ്രേക്ഷകനെ അലോസരപ്പെടുത്തും. ഗ്രാഫിക്സിനോ വിഷ്വല്‍ ഇഫക്റ്റിസിനോ എന്തിന് സാക്ഷാല്‍ ഇളയദളപതിയ്ക്ക് പോലും ഈ സിനിമയെ കാര്യമായി രക്ഷപ്പെടുത്താനായില്ല. ഒരു ബ്രഹ്മാണ്ഡചിത്രമെന്ന വിശേഷണവുമായാണ് ചിമ്പു ദേവന്‍ ഒരുക്കിയ പുലി എത്തിയത്. എന്നാല്‍ ബ്രഹ്മാണ്ഡം ഏത് തരത്തിലാണെന്ന് സംവിധായകന്‍ വിശദീകരിക്കേണ്ടിയിരിക്കുന്നു. ആദ്യ ചിത്രമായ ഇംസൈ അരസന്‍ 23ാം പുലികേശി ഒരു മികച്ച ചിത്രമാണ്. തുടര്‍ന്നുള്ളതും ഇത്തരം പരീക്ഷണചിത്രങ്ങള്‍ തന്നെയായിരുന്നു. എന്നാല്‍ പുലിയില്‍ ഇതുപാളിയെന്ന് തന്നെ പറയേണ്ടി വരും.

ഒരിക്കലും ബാഹുബലി പോലൊരു സിനിമയുമായി പുലിയെ താരതമ്യപ്പെടുത്തുന്നില്ല. എന്നാല്‍ അണിയറക്കാര്‍ അവകാശപ്പെടുന്ന ഈ 118 കോടി എവിടെയാണ് ചിലവാക്കിയതെന്ന് ഒരുപിടിയുമില്ല. തിരക്കഥ ഇല്ലായ്മ തന്നെയാണ് സിനിമയുടെ പ്രധാനപോരായ്മ. അവിടെയും ഇവിടെയുമൊക്കെ തവളയെയും ആമയെയുമൊക്കെ കാണിച്ച് സ്ഥലം തികയ്ക്കുകയാണ്. കുട്ടികളെ ഉദ്ദേശിച്ചാണെങ്കില്‍ കൂടി കാര്‍ട്ടൂണ്‍ ചാനല്‍ നമ്മുടെ നാട്ടിലും ഇഷ്ടം പോലെയുണ്ടെന്ന് സംവിധായകന്‍ ഓര്‍ക്കേണ്ടതായിരുന്നു.

vijay-puli

മരുധീരൻ എന്ന യോദ്ധാവായി വിജയ് മികച്ചു നില്‍ക്കുന്നു. വാൾപ്പയറ്റിലും നൃത്തരംഗങ്ങളിലുമൊക്കെ വിജയുടെ പ്രകടനം പ്രശംസനീയം തന്നെ. എന്നാല്‍ ഇത്തരം വേഷങ്ങള്‍ തനിക്കിണങ്ങുമോ എന്നത് വിജയ് ഒന്നുകൂടി ഇരുത്തി ചിന്തിക്കേണ്ടിയിരിക്കുന്നു. കത്തിയും തുപ്പാക്കിയും പോക്കിരിയും ഗില്ലിയുമൊക്കെയായി പ്രേക്ഷകരെ ആവേശപ്പെടുത്തിയ വിജയ് തന്നെ മതിയെന്ന് ചിലരെങ്കിലും പറയും. മേനീപ്രദര്‍ശനത്തിനും ഗാനരംഗങ്ങള്‍ക്കും മാത്രമാണ് ശ്രുതി ഹാസനും ഹന്‍സികയും.

യവനറാണിയെ അവതരിപ്പിക്കുന്ന ശ്രീദേവി കഥാപാത്രത്തോട് നീതി പുലർ‌ത്തുന്ന അഭിനയം കാഴ്ചവച്ചിരിക്കുന്നു. വില്ലന്‍ കിച്ചാ സുദീപും അഭിനയത്തിന്‍റെ കാര്യത്തില്‍ കൈയ്യടി അര്‍ഹിക്കുന്നു. അതിഥിതാരമായി എത്തിയ പ്രഭുവും തന്‍റെ വേഷം ഭംഗിയാക്കിയിട്ടുണ്ട്.

puli-trailer

2014 നവംബറില്‍ ഷൂട്ടിങ്ങ് ആരംഭിച്ച പുലി വിജയിയുടെ അന്‍പത്തിയെട്ടാമത് ചിത്രം കൂടിയാണ്. തായ്‌ലന്‍ഡില്‍ നിന്നുളള സ്റ്റണ്ട് കൊറിയോഗ്രാഫര്‍ യോങ് ആണ് പുലിയുടെ ആക്ഷന്‍ രംഗങ്ങളുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശങ്കര്‍ ചിത്രം ഐയുടെ കലാസംവിധാനം നിര്‍വഹിച്ച ടി. മുത്തുരാജ് ആണ് പുലിയുടെ കലാസംവിധായകന്‍. ഐയില്‍ കണ്ട കലാമികവ് ഒരുഘട്ടത്തില്‍ പോലും പുലിയില്‍ കാണാനില്ല. ചൈതന്യ റാവുവിന്‍റെ വസ്ത്രാലങ്കാരം എടുത്തുപറയേണ്ടതു തന്നെയാണ്.

മികച്ച ഛായാഗ്രഹണം സിനിമയുടെ വിരസതയില്‍ നിന്ന് ആളുകളെ കുറച്ചെങ്കിലും ആശ്വസിപ്പിക്കും. സതുരംഗ വേട്ടൈ സിനിമയിലൂടെ ശ്രദ്ധേയനായ നടരാജന്‍ സുബ്രഹ്മണ്യന്‍ ആണ് ഛായാഗ്രഹണം. എല്ലാ സിനിമയിലും ഒരേ ഈണത്തിലുള്ള ഗാനങ്ങളുമായി ദേവീ ശ്രീ പ്രസാദ് വീണ്ടും എത്തുന്ന സിനിമ കൂടിയാണ് പുലി. ബാഹുബലി, ഈഗ തുടങ്ങിയ ചിത്രങ്ങളുടെ സ്പെഷല്‍ ഇഫക്ടിന് പങ്കാളികളായിരുന്ന മകുതയാണ് വിഎഫ്എക്സ് കൈകാര്യം ചെയ്തിരിക്കുന്നതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

പുലി സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ പ്രതിഭകളും നേരത്തെ കഴിവുതെളിയിച്ചവരുമാണ്. എന്നാല്‍ അവരുടെ പ്രതിഭയുടെ പ്രതിഫലനം ഒന്നും തന്നെ ഈ സിനിമയില്‍ കാണാനില്ല.

വാല്‍ക്കഷ്ണം: വിജയിയുടെ കടുത്ത ആരാധകരാണെങ്കില്‍പ്പോലും സ്വന്തം റിസ്കില്‍ പുലിയ്ക്കു കയറുക.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.