Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണു നിറയ്ക്കുന്ന കറുപ്പിന്റെ കഥ

queen-of-katwe

കണ്ണു നിറയ്ക്കുന്ന കറുപ്പിന്റെ കഥയാണു ക്വീൻ ഓഫ് കാട്‌വെ. ദുർഗന്ധം വമിക്കുന്ന ഓടയിൽ നിന്നു കറുപ്പിന്റെയും വെളുപ്പിന്റെയും കളങ്ങൾ ചാടിക്കടന്നു നേട്ടങ്ങൾ സ്വന്തമാക്കിയ ഒരു പെൺകുട്ടിയുടെ കഥ. സലാം ബോംബെ, മിസിസിപ്പി മസാല, വാനിറ്റി ഫെയർ തുടങ്ങിയ സിനിമകൾ തയാറാക്കിയ മീര നായരുടെ അതിമനോഹരമായ ഒരു സിനിമ. അതിജീവനത്തിന്റെ സുന്ദരമായ രംഗങ്ങൾ നിറഞ്ഞ ഒരരു കഥ, ഏറെ ലളിതമായി പറയുന്നുവെന്നതു തന്നെയാണു അതിന്റെ ഏറ്റവും വലിയ പ്രത്യേകത.

യുഗാണ്ടയിലെ കാട്‌വെ എന്ന ചേരിയിൽ നിന്നു ഉയർത്തെഴുന്നേറ്റു വന്ന ഫിയോന മുട്സിയുടെ കഥയാണു ക്വീൻ ഓഫ് കാട്‌വെ. യഥാർഥ സംഭവത്തെ സിനിമയിലേക്കു പറിച്ചു നടുമ്പോൾ പൊടിക്കു ചേർക്കേണ്ട മസാലകളൊന്നുമില്ലാത്ത ഒരു സുന്ദരൻ സിനിമ. യുഗാണ്ടയിലെ കംപാലയിലുള്ള കാട്‌വെ എന്ന നഗരത്തിലാണു പത്തു വയസുകാരി ഫിയോനയും അമ്മയും സഹോദരൻ ബ്രയാനും അനുജത്തിയ്ക്കുമൊപ്പം താമസിക്കുന്നത്. പിതാവ് എയ്ഡ്സ് രോഗം വന്നു മരിച്ചതിനെത്തുടർന്നു ഇവരുടെ കുടുംബം ഏറെ കഷ്ടത്തിലാണ്. വീടിന്റെ വാടക നൽകാനുള്ള നിവൃത്തിപോലുമില്ല. ബ്രയാനും ഫിയോനയും പച്ചക്കറികൾ വിറ്റു ലഭിക്കുന്ന പണം കൂടിയാണ് ഇവരുടെ വീടിന്റെ വരുമാനം. പണമില്ലാത്തതിനാൽ മക്കളെ സ്കൂളിൽ വിടാൻ പോലും അമ്മ ഹാരിയറ്റിനു സാധിക്കുന്നില്ല.

queen-of-katwe-1

പ്രദേശത്തെ സ്പോർട്സ് മിനിസ്ട്രിയിൽ പരിശീലകനായി റോബർട്ട് കടൻഡെ എത്തുന്നതോടെയാണു കഥ മാറുന്നത്. ഫുട്ബോൾ പരിശീലകനായി എത്തുന്ന അദ്ദേഹം ഒരു എൻജിനീയർ കൂടിയാണ്. എൻജിനീയറായി ജോലി ലഭിക്കുന്നതു വരെ താൽക്കാലിക ഇടത്താവളമെന്ന നിലയിലാണ് അദ്ദേഹം കാട്‌വെയിൽ എത്തുന്നത്. ഫഉട്ബോൾ താൽപര്യമില്ലാത്ത കുട്ടികൾക്കു വേണ്ടി അദ്ദേഹം ചെസ് പരിശീലിപ്പിക്കാൻ തുടങ്ങുന്നു. ബ്രയാൻ അദ്ദേഹത്തിന്റെ ചെസ് അക്കാദമിയിലെ മികച്ച താരങ്ങളിലൊരാളാണ്. ജോലിക്കിടയിൽ നിന്നു ബ്രയാൻ പലപ്പോഴും മുങ്ങുന്നത് എവിടേക്കെന്നു തിരക്കിയാണു ഫിയോന ചെസ് അക്കാദമിയിൽ എത്തുന്നത്.

അവിടെ ഭക്ഷണവും ഉണ്ടെന്നറിയുന്നതോടെ അവൾക്കു സന്തോഷമാകുന്നു. ചേരിയുടെ വൃത്തിയില്ലായ്മ നിറഞ്ഞ ഫിയോനയെ അടുത്തിരുത്താൻ കുട്ടികൾ തയാറാകുന്നില്ല. പക്ഷെ റോബർട്ടിന്റെ നിർബന്ധത്തിനു വഴങ്ങി ഒരു പെൺകുട്ടി ഫിയോനയ്ക്കു ചെസിന്റെ പാഠങ്ങൾ പറഞ്ഞു നൽകുന്നു. കാലാൾ കളങ്ങൾ മുന്നോട്ടു കയറി എതിരാളിയുടെ ഭാഗത്തെത്തുമ്പോൾ രാജ്ഞിയായി മാറുന്ന കാഴ്ച ഫിയോനയ്ക്കു കൗതുകമാകുന്നു. അതുപോലെ ജീവിതത്തിലും ചെസിലൂടെ നേട്ടങ്ങൾ സ്വന്തമാക്കാനാകുമെന്നു റോബർട്ട് അവൾക്കു പറഞ്ഞു നൽകുന്നു. തുടർന്നു ഫിയോന ചെസിൽ നേട്ടങ്ങൾ സ്വന്തമാക്കുന്നതും പഠനം ആരംഭിക്കുന്നതുമെല്ലാമാണു ക്വീൻ ഓഫ് കാട്്വെയുടെ കഥ.

Queen of Katwe - Official Trailer

സിനിമ മുന്നോട്ടു പോകുമ്പോൾ ഫിയോനയുടെ കുടുംബത്തിന്റെ പ്രശ്നങ്ങളും വീട് ഇല്ലാതാകുന്നതും വിജയം ഫിയോനയെ ഹരം പിടിപ്പിക്കുന്നതും തോൽവിയിൽ നിന്നു കരുത്ത് ഉൾക്കൊള്ളുന്നതുമെല്ലാം കാണാം. ചെസിലൂടെ നേടിയെടുത്ത വീട്ടിലേക്കു തന്റെ അമ്മയുമൊത്തു മാറുന്നതിലാണു സിനിമ അവസാനിക്കുന്നത്. ഫിയോനയുടെ യഥാർഥ ജീവിതത്തെ കേന്ദ്രമാക്കി ടിം കോതേഴ്സ് എഴുതിയ ദി ക്വീൻ ഓഫ് കാട്‌വെ: എ സ്റ്റോറി ഓഫ് ലൈഫ്, ചെസ് ആൻഡ് വൺ എക്സ്ട്രാ ഓർഡിനറി ഗേൾസ് ഡ്രീം ഓഫ് ബിക്കമിങ് എ ഗ്രാൻഡ്മാസ്റ്റർ എന്ന പുസ്തകമാണു സിനിമയുടെ അടിസ്ഥാനം.

വില്യം വീലറുടെ തിരക്കഥയും മീര നായരുടെ സംവിധാനവും ഏറെ സുന്ദരവും ലളിതവുമാണെന്നു തന്നെ പറയാം. കഥയിൽ ഒരുപാടു പൊടിപ്പും തൊങ്ങലുമൊന്നും ചേർത്തിട്ടില്ല. ലളിതമായ കഥയ്ക്കു അതിസുന്ദരമായ ദൃശ്യഭാഷ്യം ചമയ്ക്കാൻ മീര നായർക്കു സാധിച്ചിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിലെ തെരുവുകളഉടെ അവസ്ഥ കൃത്യമായി മീര ഇതിൽ ചിത്രീകരിച്ചിട്ടുണ്ട്. കറുപ്പ് നിറത്തിന്റെ ഉള്ളിലെ വിശുദ്ധിയും ചില വേദനകളുമെല്ലാം ഇതിൽ കാണാം. ജീവിതത്തിന്റെ അരക്ഷിതാവസ്ഥയും അവരുടെ പോരാട്ടവും ചെറിയ സന്തോഷങ്ങളുമെല്ലാം സിനിമയുടെ കേന്ദ്രമാകുന്നു. ഒരു മൽസരത്തിൽ എതിരാളിയാകുന്ന പെൺകുട്ടിയില‍് നിന്നാണു ഗ്രാൻഡ്മാസ്റ്ററായാൽ സ്റ്റൈപ്പൻഡ് ലഭിക്കുമെന്നും മറ്റുമുള്ള വിവരങ്ങൾ ഫിയോന അറിയുന്നത്. തന്റെ കുടുംബത്തിന്റെ വേദനയും മറ്റും മാറ്റുകയെന്ന മോഹത്തോടെയാണു പിന്നീട് അവൾ ജീവിക്കുന്നത്. ചെറിയ തോൽവിയെപ്പോലും ശരിയായി കണ്ണുനീരോടെ നേരിടേണ്ടി വരുന്ന ഫിയോനയിൽ നിന്നുള്ള വളർച്ചയുമെല്ലാം സിനിമയിൽ കാണാം.

മാഡിന നൽവാങ്ങയാണു ഫിയോനയെ അവതരിപ്പിക്കുന്നത്. പരിശീലകൻ റോബർട്ട് കറ്റാഡെയായി എത്തുന്നതു ലിങ്കൺ, ദി ബട്‌ലർ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്ത ഡേവിഡ് ഓയ്‌ലാവോയാണ്. ട്വൽവ് ഇയേഴ്സ് ഇൻ എ സ്ലേവ് എന്ന ചിത്രത്തിലൂടെ ഓസ്കർ അവാർഡ് സ്വന്തമാക്കിയ ലുപിത യോങ്ഗോയാണു ഫിയോനയുടെ അമ്മ നാക്കു ഹാരിയറ്റിനെ അവതരിപ്പക്കുന്നത്.

ഒരു സ്പോർട്സ് സിനിമ എന്നതിനേക്കാളുപരി ഒരു അതിജീവനത്തിന്റെ കഥ കൂടി പറയുന്നുണ്ട് ക്വീൻ ഓഫ് കാട്‌വെ. ചേരിയുടെ കറുത്ത കളങ്ങൾ ചാടി വിജയത്തിന്റെ കളങ്ങൾ വെട്ടിയെടുത്ത കഥ. ഛായാഗ്രഹണം, കഥ, തിരക്കഥ, പശ്ചാത്തല സംഗീതം എന്നിവയിലെല്ലാം സിനിമ മികവുകാട്ടുന്നു. കുട്ടികളെ കൂട്ടി തീർച്ചായായും കാണേണ്ട ചിത്രമെന്നും പറയാം ഇത്. മലയാളത്തിൽ കൃത്യമായ ഇടവേളകളിൽ പുറത്തെത്തുന്ന ‘ഉപദേശസിനിമകളുമായി’ താരതമ്യപ്പെടുത്തുമ്പോൾ ഇതേറെ മുകളിലാണ്. പതിവു ഹോളിവുഡ് മസാലകളൊന്നും ഇല്ലെന്നതു നിരാശയായി കാണേണ്ട. പുലിമുരുകൻ, തോപ്പിൽ ജോപ്പൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്കിടെ കാട്‌വെയിലെ രാജ്ഞിയെ കാണാൻ ശ്രമിക്കുന്നതും നന്നായിരിക്കും. ഒരിക്കലും അതു നിങ്ങളെ നിരാശപ്പെടുത്തില്ല.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.