Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജമ്മ അറ്റ് ഹാഹാ

rajamma-at-yahoo-movie

കാലത്തിനൊത്ത പേരുള്ള, പേരിലെ വ്യത്യസ്തത കഥയിലും ഒരു പരിധി വരെയുള്ള, സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന രണ്ട് സഹോദരങ്ങളുടെ നർമത്തിൽ ചാലിച്ച സിനിമയാണ് രാജമ്മ അറ്റ് യാഹൂ.

ചെറുപ്പത്തിൽ തന്നെ അച്ഛനും അമ്മയും നഷ്ടപ്പെട്ട രണ്ടു സഹോദരങ്ങളാണ് രാജമ്മയും യാഹുവും. യാതൊരു ബാധ്യതകളുമില്ലാതെ ഉള്ള ജീവിതം കള്ളും കുടിച്ച് ആഘോഷിച്ച് ജീവിക്കുന്ന മൈക്കിൾ രാജമ്മയും (കുഞ്ചാക്കോ ബോബൻ), വിഷ്ണു യോഹന്നാൻ അഥവാ യാഹുവും ( ആസിഫ് അലി). ബംഗ്ളാവ് പോലൊരു വീട് സ്വന്തമായുണ്ടെങ്കിലും ആധാരത്തിലുള്ള കുഴപ്പം മൂലം ഇവർക്ക് ഇത് വിൽക്കാനാകുന്നില്ല. അങ്ങനെ വിൽക്കാൻ കഴിയാത്ത വീട് വാടകയ്ക്ക് കൊടുക്കാൻ തീരുമാനിക്കുകയും, തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.

asif-kunchako

ചാക്കോച്ചൻ ആസിഫ് കൂട്ടുകെട്ട് തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഇരുവരുടെയും നർമങ്ങൾക്കൊപ്പം ഹരീഷ്‌ കെ.ആറിന്റെ തകർപ്പൻ കൗണ്ടറുകളും പ്രേക്ഷകനെ കയ്യിലെടുക്കുന്ന വില്ലനായെത്തിയ രഞ്ജി പണിക്കരുടെ സാന്നിധ്യവും ചിത്രത്തിന്റെ മികവാണ്. ചാക്കോച്ചൻ–ആസിഫ് അലി കൂട്ടുകെട്ടിൽ രസകരമായ നിമിഷങ്ങൾ ഒരുപാട് സിനിമയിൽ ഉണ്ട്.

ആസിഫിന്റെ നായികയായി എത്തിയ അനുശ്രീക്കും പ്രധാന നായികയായ നിക്കി ഗൽറാണിക്കും പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. സേതുലക്ഷ്മി, നോബി, അൻവർ ഷെരീഫ്‌, സൈജു കുറുപ്പ്‌, സ്നേഹ ശ്രീകുമാര്‍, മുത്തുമണി, കൈലാഷ്‌, മാമുക്കോയ, പട്ടാളം നായിക ടെസ ഇവരെല്ലാം ചെറിയവേഷങ്ങളിൽ വന്നുപോകുന്നു.

ലാൽ ജോസിന്റെ സഹായിയായിരുന്ന രഘുരാമവർമ്മയുടെ ആദ്യ സംവിധാനസംരംഭമാണ് രാജമ്മ അറ്റ് യാഹൂ. ഒരു നവാഗത സംവിധായകന്റെ ചില പോരായ്മകൾ ചിത്രത്തിൽ പ്രകടമാണെങ്കിലും അതു തൽക്കാലം മറക്കാം. കഥയുടെ ആവർത്തനവിരസതയാണ്പോരായ്മ.

kunchako-niki

എല്‍സമ്മയ്ക്കും പുള്ളിപ്പുലിക്കും തിരക്കഥയെഴുതിയ സിന്ധുരാജിന്റേതാണ് കഥ. കഥയുടെ കെട്ടുറപ്പില്ലായ്മ തിരക്കഥയെ ബാധിച്ചിരിക്കുന്നു. സംഗീതവും പശ്ചാത്തലസംഗീതവും കൈകാര്യം ചെയ്ത ബിജിപാൽ നിരാശപ്പെടുത്തിയില്ല. എസ്. കുമാറിന്‍റെ ഛായാഗ്രഹണം കോഴിക്കോട് നഗരത്തെ മനോഹരമാക്കി കാണിക്കുന്നു.

രാജമ്മ അറ്റ് യാഹൂ എൽ ജെ ഫിലിംസിന്റെയൊ സിന്ധുരാജിന്റെയൊ അല്ലെങ്കിൽ അതിലെ അഭിനേതാക്കാളുടെയോ പ്രതാപത്തിന്റെ അടുത്തെത്തുന്ന ചിത്രമല്ല. എങ്കിലും പ്രതീക്ഷകളില്ലാതെ പോയാൽ ഒരു തവണ രസിപ്പിക്കും ഈ രാജമ്മയെയും കൂട്ടരും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.