Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് പത്മിനിയുടെ കഥ, റാണിയുടേയും...

rani-padmini-review

സമാനതകളില്ലാത്ത ജീവിതം നയിക്കുന്നവരാണ് റാണിയും പത്മിനിയും. ഡൽഹിയിലെ രണ്ടു വ്യത്യസ്ത കോണുകളിൽ ജീവിക്കുന്ന അവർ കണ്ടുമുട്ടുന്നത് ഒരു യാത്രയ്ക്കിടെയാണ്. ഹിമാലയൻ റാലിക്കുപോയ ഭർത്താവിനെ തേടിയുള്ള പത്മിനിയുടെ (മഞ്ജു വാര്യർ) യാത്രയിൽ റാണി (റിമ കല്ലിങ്കൽ) കൂട്ടാകുന്നു, അങ്ങനെ അവർ റാണിപത്മിനിയാകുന്നു. പ്രേക്ഷകരെ വിരസതയിലേയ്ക്ക് തള്ളി വിടാത്തൊരു ഫീല്‍ ഗുഡ് ചിത്രമാണ് റാണി പത്മിനി.

ഹിമാലയൻ കാർ റാലിക്കു സമാന്തരമായി റാണിയും പത്മിനിയും നടത്തുന്ന യാത്രയും അവർ നേരിടുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പത്മിനി കാർ റാലിയിൽ പങ്കെടുക്കുന്ന ഭർത്താവിനെ തേടിയാണ് യാത്രതിരിക്കുന്നതെങ്കിൽ റാണി ഗുണ്ടാ ഗ്യാങ്ങിൽ നിന്ന് സ്വയം രക്ഷിക്കുന്നതിനുള്ള ഓട്ടമാണ്. റോഡ് മൂവി ഗണത്തിൽ പെടുത്താവുന്ന ഒരു ചിത്രം.

rani-padmini-poster

ഗാനത്തിലൂടെ തുടങ്ങുന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ വളർ‌ച്ചയും സ്വഭാവ സവിശേഷതയും ഗാനത്തിലൂടെ തന്നെയാണ് പ്രേക്ഷകർ മനസിലാക്കേണ്ടത്. പഴയകാല ബോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിക്കുന്ന, ഗാനത്തിലൂടെ കഥാപാത്രത്തെ കുട്ടിക്കാലം കടത്തിവിടുന്ന വിദ്യ ആഷിഖ് അബുവും സമർഥമായി ഉപയോഗിച്ചിട്ടുണ്ട്. പത്മിനിയുടെ വിവാഹം അവതരിപ്പിക്കുന്ന രംഗത്തിന്റെ പ്രത്യേകത കാഴ്ച്ചക്കാരിൽ കൗതുകം സൃഷ്ടിക്കും.

Rani Padmini - Official Trailer l Manju Warrier l Rima Kallingal

ആദ്യ പകുതിയിലെ ഫ്ലാഷ് ബാക്കുകൾ അൽപം വിരസത സമ്മാനിക്കുന്നുണ്ടെങ്കിലും രണ്ടാം പകുതി കൂടുതൽ മികച്ചു നിൽക്കുന്നു. റാണിയായി റിമയും പത്മിനി ആയി മഞ്ജു വാര്യരും ഞെട്ടിപ്പിക്കുന്ന പ്രകടനം കാഴ്ച്ച വച്ചില്ലെങ്കിലും സിനിമ ആവശ്യപ്പെടുന്ന പൂർണതയിൽ അഭിനയിച്ചു ഫലിപ്പിക്കാൻ ഇരുവർക്കും കഴിഞ്ഞിട്ടുണ്ട്. തനി നാടൻ പെൺകുട്ടിയായി മഞ്ജു വാര്യർ എത്തുമ്പോൾ ആണിന്റെ ചങ്കൂറ്റമുള്ള പെൺകുട്ടിയായി റിമ എത്തുന്നു. ചിലയിടങ്ങളിൽ റിമ അവതരിപ്പിക്കുന്ന റാണിയുടെ ചങ്കൂറ്റം കാണികളെ ത്രസിപ്പിക്കുന്നുമുണ്ട്.

madhu-aashiq

എടുത്തുപറയേണ്ട കാര്യം ചിത്രത്തിന്റെ കാസ്റ്റിങ്ങാണ് പത്മിനിയുടെ ഭർത്താവ് ഗിരിയായി എത്തുന്ന ജിനു ജോസഫും, അമ്മായിഅമ്മയായി എത്തുന്ന സജിത മഠത്തിലും, ഗിരിയുടെ സുഹൃത്തും നാവിഗേറ്ററുമായി എത്തുന്ന കുതിരവട്ടം പപ്പുവിന്റെ മകൻ ബിനു പപ്പുവും ഗുണ്ടാതലവൻ രാജയായി ഹരീഷ് ഖന്നയുമെല്ലാം അവരുടെ റോളുകൾ ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്. മലയാളം ചാനലിൽ നിന്ന് റാലി റിപ്പോർട്ട് ചെയ്യാനെത്തുന്ന റിപ്പോർട്ടറുടെ റോളിൽ ദിലീഷ് പോത്തനും ക്യാമറാമാന്റെ വേഷത്തിലെത്തുന്ന സൗബിൻ സഹിനും കാഴ്ച്ചക്കാരിൽ ചിരി ഉണർത്തുന്നുണ്ടെങ്കിലും അവരില്ലെങ്കിലും കഥയ്ക്ക് കാര്യമായ കുഴപ്പങ്ങളൊന്നും സംഭവിക്കില്ലെന്നാണ് തോന്നിയത്.

ഒന്നരവർഷത്തിന് ശേഷം പുറത്തിറങ്ങുന്ന ആഷിഖ് അബു ചിത്രം സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ വിജയം തന്നെയാണ്. അച്ചടക്കത്തോടെ നന്നായി ഗൃഹപാഠം ചെയ്ത് എടുത്ത ചിത്രമാണ് റാണി പത്മിനി എന്ന് മനസിലാകുന്നുണ്ട്. അധികം കാമ്പില്ലാത്ത കഥയെ ഭേദപ്പെട്ട തിരക്കഥയാക്കി മാറ്റുന്നതിൽ ശ്യാം പഷ്കരനും രവിശങ്കറും വിജയിച്ചു എന്നു തന്നെ വേണം പറയാൻ. ഗാനങ്ങൾ അതിമനോഹരമെന്നൊന്നും പറയാൻ കഴിയില്ലെങ്കിലും ബിജിബാലിന്റെ പശ്ചാത്തല സംഗീതം മികച്ചതു തന്നെ. ഛായാഗ്രഹകൻ മധു നീലകണ്ഠൻ ഹിമാചലിന്റെ മനോഹാരിത മുഴുവൻ ക്യാമറയിൽ പകര്‍ത്തിയിട്ടുണ്ട്. ചിത്രം മിഴിവുറ്റതാക്കുന്നതിൽ മധു നീലകണ്ഠന്റെ ക്യാമറയ്ക്ക് വലിയ പങ്കുണ്ട്. സൈജു ശ്രീധരന്റെ എഡിറ്റിങ്ങും മികച്ചതു തന്നെ.

ഹോർലിക്സ് വാങ്ങുമ്പോൾ ഫ്രീ കിട്ടുന്നതല്ലാ പെണ്ണെന്നും ഭർത്താവിന്റെ വീട്ടിലെ നാലുചുവരുകള്‍ക്കുള്ളിൽ ഒതുങ്ങുന്നതല്ല അവളുടെ സ്വപ്നമെന്നുമൊക്കെ പറയുന്നുണ്ടെങ്കിലും സർവ്വം സഹയാണ് പത്മിനി. ആഷിഖ് അബുവിന്റെ ഏറ്റവും മികച്ച ചിത്രമെന്നൊന്നും പറയാനാകില്ലെങ്കിലും 22എഫ്കെ യ്ക്ക് ശേഷം പുറത്തിറങ്ങിയ ആഷിഖിന്റെ മികച്ചൊരു ചിത്രമാണ് റാണി പത്മിനി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.