Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റാസ്പുട്ടിൻ: മനസ്സിൽ പൊട്ടാൻ റെഡിയായ ലഡു

rasputin

മലയാളികളുടെ കപടസദാചരത്തിനെതിരെയുള്ള അമിട്ടു പൊട്ടിക്കലാണ് നവാഗതനായ ജിനു ജി. ഡാനിയേലിന്‍റെ റാസ്പ്പുട്ടിന്‍. ഇതൊരു മാസ് സിനിമയല്ല, ഉദ്വേഗഭരിതമായ രംഗങ്ങളോ അപ്രതീക്ഷിത ട്വിസ്റ്റുകളോ ഇല്ല. പക്ഷേ മനസ്സ് നിറഞ്ഞു ചിരിക്കാനുള്ള ഒട്ടേറെ നര്‍മ്മ മൂഹുര്‍ത്തങ്ങള്‍ ഈ സിനിമയിലുണ്ട്. എന്‍റര്‍ടെയിന്‍മെന്‍റിനും കോമഡിക്കും പ്രധാന്യം നല്‍കുന്ന ഒരു കൊച്ചു ചിത്രമാണിത്. 

2013ല്‍ ചിത്രീകരണം പൂര്‍ത്തിയായി സെന്‍സര്‍ സര്‍ട്ടിഫിക്കറ്റും കിട്ടിയ ചിത്രമാണ് റാസ്പ്പുട്ടിന്‍. സാങ്കേതികമായ കാരണങ്ങളാല്‍ രണ്ടു വര്‍ഷത്തോളം പെട്ടിയിലിരിക്കേണ്ടി വന്നില്ലായിരുന്നെങ്കില്‍ ചിത്രത്തിനു റിലീസിങിനു മുമ്പേ മികച്ച സ്വീകാര്യത ലഭിക്കുമായിരുന്നു. 2013ലെ ട്രെന്‍ഡില്‍ മികച്ച വിജയം നേടാനുള്ള ചേരുവകളൊക്കെ ചിത്രത്തിലുണ്ട്. 2015ലും ചിത്രം കൈകാര്യം ചെയ്യുന്ന വിഷയത്തിനു പ്രസക്തി നഷ്ടപ്പെടുന്നില്ല. ന്യൂ ജനറേഷന്‍ കാലത്തെ ബന്ധങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. 

vinay

റഷ്യന്‍ രാഞ്ജിയുടേത് ഉള്‍പ്പടെ നിരവധി സുന്ദരിമാരുടെ ഉറക്കം കെടുത്തിയ ദുര്‍മന്ത്രവാദി റാസ്പ്പുട്ടിനെ ആത്മീയ ഗുരുവായി കണ്ട് സ്ത്രീ ഹൃദയങ്ങള്‍ കീഴടക്കാന്‍ ഇറങ്ങി പുറപ്പെടുന്ന ചെറുപ്പക്കാരുടെ കഥയാണിത്. പഴതൊലി കോമഡിയുടെ ട്രാക്കില്‍ നിന്ന് മാറി സഞ്ചരിച്ച് ആക്ഷേപഹാസ്യത്തിനു കൂടി ഇടം നല്‍കിയാണ് ചിത്രത്തിലെ നര്‍മരംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 

ചിത്രത്തിന്‍റെ ഹൈലൈറ്റ് വിനയ് ഫോര്‍ട്ടിന്‍റെ നായക കഥാപാത്രം സുശീലന്‍ തന്നെയാണ്. സ്ത്രീ വിഷയത്തില്‍ അത്ര വിദഗ്ദനല്ലാത്ത നാണംകുണിങ്ങിയായ ഐടി പ്രഫഷണലിന്‍റെ വേഷം വിനയ് ഹൃദ്യമാക്കി. ഒരിക്കല്‍ കൂടി താനൊരു സിംപിള്‍ ആന്‍റ് പവര്‍ഫുള്‍ ആക്ടറാണെന്ന് അടിവരയിടുന്നു ഈ ഫോര്‍ട്ട്കൊച്ചിക്കാരന്‍. ശ്രീനാഥ് ഭാസിയും അജു വര്‍ഗീസുമാണ് വിനയ് യുടെ സ്പ്പോര്‍ട്ടിങ് റോളുകളില്‍ എത്തുന്നത്. 

ശ്രീനാഥ് ഭാസി ന്യൂജെന്‍ ബ്രോയായി കത്തിനിന്നിരുന്ന സമയത്ത് ചിത്രീകരണം പൂര്‍ത്തിയായ ചിത്രമാണ് റാസ്പ്പുട്ടിന്‍. ഭാസിയുടെ ചിരപരിചിതമായ വേഷം തന്നെയാണ് റാസ്പ്പുട്ടിനിലെ രാധ. എങ്കിലും ആവര്‍ത്തന വിരസതയില്ലാതെ നര്‍മ രംഗങ്ങള്‍ കയ്യടക്കത്തോടെ അവതരിപ്പിക്കാന്‍ ഭാസിക്കു കഴിഞ്ഞിട്ടുണ്ട്.  അജു വര്‍ഗീസിന്‍റെ ഗോപാലന്‍, ജഗദീഷ് ഉള്‍പ്പടെ പലരും അവതരിപ്പിച്ചു അരോജകമാക്കിയ പൊട്ടന്‍ കണ്ണാടിക്കാരന്‍റെ അവര്‍ത്തനം മാത്രമാണ്.

vinay-aju

വിപ്ലവകാരിയായ അച്ഛന്‍റെ വേഷത്തില്‍ ജോയ് മാത്യുവും ഏഷണിക്കാരന്‍ വാച്ച്മാന്‍റെ വേഷത്തില്‍ സുനില്‍ സുഖദയും മികച്ച പ്രകടനം പുറത്തെടുക്കുന്നു. നായികമാര്‍ക്കു കാര്യമായ പ്രധാന്യമില്ലാത്ത ചിത്രത്തില്‍ വന്ദന മേനോനും അര്‍ച്ചന ഗുപ്തയും സ്രിതയും സ്രിന്തയുമൊക്കെ വന്നു പോകുന്നു.  

കഥയേക്കാളും തിരക്കഥയേക്കാളും മികച്ചു നില്‍ക്കുന്നത് ചിത്രത്തിലെ സംഭാഷണങ്ങളാണ്. ദ്വായര്‍ഥമുള്ള ചില ന്യൂജെന്‍ ഡയലോഗുകളുണ്ടെങ്കിലും അവ ഒരിക്കലും അതിരുവിടുന്നില്ല. റോബി എബ്രാഹിമിന്‍റെ സംഗീതത്തില്‍ സച്ചിന്‍ വാരിയര്‍ ആലപിച്ച പറയാതെ എന്ന ഗാനം അടുത്തകാലത്തിറങ്ങിയ മികച്ച മെലഡികളിലൊന്നാണ്. താളവട്ടത്തിനു വേണ്ടി രഘുകുമാറും രാജാമണിയും ചേര്‍ന്നു ഈണമിട്ട പൊന്‍വീണേ എന്ന ഗാനം ചിത്രത്തിനു വേണ്ടി റോബി റ്രീക്രീയേറ്റ് ചെയ്തിട്ടുണ്ട്. സിതാരയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. 

srindha

തന്നെയൊന്നും ഒരു പെണ്ണിനും ഇഷ്ടപ്പെടാന്‍ കഴിയില്ല എന്നു കരുതുന്ന സ്വന്തം പ്രണയം പോലും തുറന്നു പറയാന്‍ കഴിയാത്ത ഭീരുവായ സുശീലനിലൂടെ  കഥ പുരോഗമിക്കുന്നു. വിശുദ്ധ പ്രണയത്തിനൊന്നും ഈ കാലത്ത് പ്രസക്തിയില്ല പകരം ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുക എന്ന ഫിലോസഫിയാണ് നല്ലതെന്നു ഉപദേശിക്കുന്ന കൂട്ടുകാരന്‍റെ വാക്ക് കേട്ടു അല്‍പം ദൂരം സുശീലന്‍ സഞ്ചരിക്കുന്നുണ്ട്. എന്നാല്‍ പ്രലോഭവങ്ങളെ അതിജീവിച്ച് അയാള്‍ സ്വയം കണ്ടെത്തുന്നിടത്ത് സിനിമ ശുഭമായി പര്യായവസാനിക്കുന്നു.    ബാല്യകാല സുഹൃത്തും വിവാഹിതയുമായ അമ്പിളിയോട് അതിരവിട്ടു അടുക്കാനുള്ള അവസരം ലഭിക്കുമ്പോള്‍ സുശീലന്‍ പറയുന്ന ഡയലോഗിനു ഏറെ പ്രസക്തിയുണ്ട്. നിലാവില്‍ കുളിച്ചു നില്‍ക്കുന്ന ചന്ദ്രനെ ചൂണ്ടികാട്ടി അയാള്‍ പറയുന്നു ‘‘അമ്പിളി എപ്പോഴും എനിക്ക് എത്തിപിടിക്കാന്‍ കഴിയാത്തത്രേ അകലത്തില്‍ ഉണ്ടായാല്‍ മതി’’ 

താല്‍ക്കാലിക സുഖം തേടി അല്‍പ ആയുസുള്ള ബന്ധങ്ങളിലേക്ക് എടുത്തു ചാടാനോ അതോ സ്വയം തിരിച്ചറിയാനും കണ്ടെത്താനും കഴിയുന്നതുവരെ കാത്തിരിക്കണോ എന്ന ചോദ്യം പ്രേക്ഷകനു നല്‍കി സംവിധായകന്‍ ഫൈനല്‍ കട്ട് പറയുന്നു.  നമ്മുടെയൊക്കെ മനസ്സില്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടാന്‍ തയ്യാറായി നില്‍ക്കുന്ന ആ ലഡുവില്ലേ അതു തന്നെയാണ് റാസ്പ്പുട്ടിന്‍...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.