Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിൽവാലെ ഒരു ആഘോഷക്കാഴ്ച

dilwale-review

എന്തിനോ വേണ്ടി ചിതറിപ്പായുന്ന വെടിയുണ്ടകൾ , എവിടെ നിന്നൊക്കെയോ ആകാശത്തിലൂടെ പാഞ്ഞു തല കീഴായി മറിയുന്ന കാറുകൾ, നാടകീയതയുടെ അമിത സന്നിവേശം ജനിപ്പിക്കുന്ന കഥാ പശ്ചാത്തലവും രംഗ സജ്ജീകരണവും... രോഹിത് ഷെട്ടി ചിത്രങ്ങളുടെ സ്ഥിരം ചേരുവകൾ ഇതൊക്കെയാണ്. പതിവ് മസാല ചേരുവകളിൽ അൽപ്പം നൊസ്റ്റാൾജിയയും കൂടി ചേർത്തൊരുക്കിയ ചിത്രമാണ് ദിൽവാലെ. 20 വർഷം പൂർത്തിയാകുന്ന DDLJ ക്കുള്ള ആദരമായിട്ടാണ് ചിത്രം സമർപ്പിച്ചിരിക്കുന്നത്.

dilwale

ആക്ഷനും കോമഡിയും പ്രണയവും സമാസമം ചേർത്ത് ഒരു പക്കാ എന്റർടെയ്നറായി സംവിധായകന്‍ ചിത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. നായകൻ തന്റെ പഴയ പ്രണയിനിയെ കാണുന്നു. വില്ലന്റെ കടന്നു വരവിൽ അവളെ നഷ്ടമാകുന്നു. പ്രതിബന്ധങ്ങൾ മറികടന്ന് അവസാനം അവളെ സ്വന്തമാക്കുന്നു. പ്രണയ ചിത്രങ്ങളുടെ പതിവ് ഫോർമുല തന്നെയാണ് ദിൽവാലെയും പിന്തുടരുന്നത്.

എന്നിരുന്നാലും ദൃശ്യാവിഷ്കാരത്തിൽ ദിൽവാലേ മികച്ചു നിൽക്കുന്നു. അതിനോടൊപ്പം ഷാരൂഖ്‌-കജോൾ പ്രണയജോഡികളുടെ അഭിനയപ്രകടനം ചിത്രത്തിന്റെ എടുത്തുപറയേണ്ട പ്രത്യകേതയാണ്. ഷാരുഖിന് പ്രണയ നായക പദവി നൽകിയ ചിത്രങ്ങൾ ഡിഡിഎൽജെ, കുച്ച് കുച്ച് ഹോത്താ ഹൈ, കഭി ഖുശി കഭി ഖം തുടങ്ങിയ ചിത്രങ്ങളിലെ സന്ദർഭങ്ങളും ഡയലോഗുകളും ദിൽവാലെയിൽ വീണ്ടും പുനരവതരിക്കുന്നുണ്ട്.

dilwale

വരുണ്‍ ധവാൻ ഊർജസ്വലമായ പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. കൃതി സനോണ്‍ ലുക്കിലും അഭിനയത്തിലും കൂടുതൽ പ്രതീക്ഷ നൽകുന്നു. റൊമാൻസിന്റെ ഇടവേളകളിൽ തമാശയുടെ അമിട്ടുമായി രംഗം കൊഴുപ്പിക്കാൻ ജോണി ലിവർ, വരുണ്‍ മിശ്ര, സഞ്ജയ്‌ ശർമ എന്നിവരെത്തുന്നു. ബോമൻ ഇറാനി, വിനോദ് ഖന്ന തുടങ്ങിയ താരങ്ങൾക്കും വലുതായി ഒന്നും ചെയ്യാനില്ല.

ഷാരൂഖ്‌ തന്നെയാണ് ചിത്രത്തിൻറെ ശ്രദ്ധാ കേന്ദ്രം. ഇതേഴാമത്തെ പ്രാവശ്യമാണ് രാജ് എന്ന പേരിൽ ഷാരൂഖ്‌ അഭിനയിക്കുനത്. അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങി വന്ന കജോളിന്റെ മാസ്മരിക സൗന്ദര്യത്തിനു ഇളക്കം തട്ടിയിട്ടില്ല എന്ന് മാത്രമല്ല മാറ്റ് കൂടിയിട്ടുണ്ട് താനും. അത്യുഗ്രന്‍ ആക്ഷൻ രംഗങ്ങളും ഗ്രാഫിക്സും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. പ്രീതത്തിന്റെ സംഗീതവും മികച്ചു നിൽക്കുന്നു.

Dilwale | Sneak preview

ഏറെ ആരാധകരുള്ള രോഹിത് ഷെട്ടി ചിത്രങ്ങളുടെ പതിവ് രീതികളോട് നീതി പുലർത്തുന്ന ദിൽവാലെ എന്നാൽ സാധാരണ പ്രേക്ഷകർക്ക് അത്ര രസിക്കാൻ ഇടയില്ല. കഥാപരമായി വലിയ പകിട്ട് ഇല്ലെങ്കിലും ഒരു മാസ്മസാല എന്റർടെയ്നറിന് വേണ്ടി തിയറ്ററുകളിലെത്തുന്ന ഷാരൂഖ്‌ ആരാധകർക്ക് ചിത്രം ആഘോഷക്കാഴ്ചയായിരിക്കുമെന്നു തീർച്ച.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.