Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരിങ്കുന്നം സ്മാഷെസ്; റിവ്യു വായിക്കാം

karinkunnam-sixex

ഇടിമുഴക്കം തീർക്കുന്ന സർവീസുകളും ദിഗന്തങ്ങൾ നടുക്കുന്ന സ്‌മാഷുകളും ആർപ്പുവിളിക്കുന്ന കാണികളും അവിസ്‌മരണീയമാക്കിയ ഒരു വോളിബോൾ കാലമുണ്ടായിരുന്നു, കേരളത്തിൽ. കായികപ്രേമികളുടെ സിരകളിൽ ലഹരി പടർത്തിയ എഴുപതുകളിലെ വോളിബോൾ മത്സരങ്ങൾ ജനകീയമാകാൻ കാരണം ജിമ്മി ജോർജെന്ന ഇതിഹാസമായിരുന്നു. ഓരോ സ്മാഷിലും മലയാളിക്കരുത്ത് ഉൾച്ചേർത്ത പേരാവൂരുകാരൻ ജിമ്മി ജോർജിനുള്ള സമർപ്പണമായാണ് ദീപു കരുണാകൻ കരിങ്കുന്നം സിക്സസ് എന്ന ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

തലമുറ വ്യത്യാസമൊന്നുമില്ലാതെ സ്പോർട്സ് സിനിമയുടെ സർവ്വ ആവേശവും നിറഞ്ഞ നല്ലൊരു ചിത്രമാണ് കരിങ്കുന്നം സിക്സസ്. പൂര്‍ണമായും വോളിബോൾ പശ്ചാത്തലമാക്കിയ ചിത്രം. ഒരു മത്സരച്ചൂടിന്റെ ആവേശമത്രയും സിനിമയിൽ കൊണ്ടുവരാനായിട്ടില്ലെങ്കിലും ഇത്തരമൊരു പ്രമേയം തിരഞ്ഞെടുത്ത് അത് അവതരിപ്പിക്കാൻ സംവിധായകൻ കാണിച്ച ധൈര്യം അഭിനന്ദനാർഹം.

ക്രിക്കറ്റോ ഫുട്ബോളോ പോലെ അത്ര ജനകീയമല്ലെങ്കിലും വോളിബോൾ എന്ന കായികയിനത്തെ നെ‍ഞ്ചിലേറ്റുന്ന ഒരുപാട് കായികപ്രേമികൾ ഇപ്പോഴുമുണ്ട്. നാട്ടിൻപുറങ്ങളിലും മറ്റും ഇപ്പോഴും ആവേശമൊരുക്കുന്ന കാഴ്ചതന്നെയാണ് വോളിബോൾ മൽസരങ്ങൾ.

karinkunnam-sixes-1.jpg.image.784.410

ആ പ്രചോദനത്തിൽ നിന്നാണ് വോളിബോൾ താരവും കോച്ചുമായ എബിയുടെ മനസിൽ വോളിബോൾ പ്രീമിയർ ലീഗ് (വിപിഎൽ) എന്നൊരു ആശയം ഉടലെടുക്കുന്നത്. ഐപിഎല്‍, ഐഎസ്എല്‍ മത്സരങ്ങൾ പോലെ വലിയൊരു കാൻവാസിലേക്ക് വോളിബോളിനെയും എത്തിക്കുക, തന്റെ കരിങ്കുന്നം സിക്‌സസ് എന്ന ടീമിനെ അതേ ലീഗില്‍ കളിപ്പിച്ച് വിജയം നേടുക. ഇതൊക്കെയാണ് എബിയുടെ ലക്ഷ്യം.

manju-movie

എന്നാൽ അപ്രതീക്ഷിതമായി എബിയുടെ ജീവിതത്തിലുണ്ടാകുന്ന ഒരു സംഭവം കാര്യങ്ങൾ തകിടം മറിക്കുന്നു. തുടർന്ന് ഭർത്താവിന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ മുന്നിട്ടിറങ്ങുന്ന എബിയുടെ ഭാര്യ വന്ദനയിലൂടെയാണ് കരിങ്കുന്നം സിക്സസ് ആരംഭിക്കുന്നത്. സ്വന്തമായി ടീം ഉണ്ടാക്കാൻ അവസാനം തടവുപുള്ളികളെവരെ ആശ്രയിക്കേണ്ടി വരുന്നുണ്ട് വന്ദനയ്ക്ക്. ഇത്തരത്തിൽ അവർ നേരിടേണ്ടി വരുന്ന കനത്ത പ്രതിസന്ധികളിലൂടെ ചിത്രം മുന്നോട്ട് പോകുന്നു.

മത്സരങ്ങൾ ബിസിനസും പണവും മാത്രമായി ഒതുങ്ങുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളും അതിലെ രാഷ്ട്രീയവും ചതിയുമെല്ലാം ഈ സിനിമ കാണിച്ചുതരുന്നുണ്ട്. മികച്ച പ്രമേയമാണെങ്കിൽക്കൂടി തിരക്കഥയുടെ കെട്ടുറപ്പില്ലായ്മ സിനിമയെ കാര്യമായി ബാധിച്ചിട്ടുണ്ട്. പ്രത്യേകിച്ചും സിനിമയുടെ ക്ലൈമാക്സിനോട് അടക്കുമ്പോള്‍ അതു വ്യക്തമാകുന്നു. അരുണ്‍ലാല്‍ രാമചന്ദ്രന്റെതാണ് തിരക്കഥ.

biju

ഒരു വോളിബോള്‍ കോച്ചിന്റ ശരീര ഭാഷയിലേക്ക് മഞ്ജു മാറിയെന്ന് തന്നെ പറയാം. വന്ദന എന്ന കഥാപാത്രത്തെ അനായാസമായി അവതരിപ്പിച്ചിരിക്കുന്നു. ചെറിയ വേഷമാണെങ്കിലും അനൂപ് മേനോനും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.

കരുത്തുകൊണ്ടും സ്‌മാഷിന്റെ ശക്‌തി കൊണ്ടും ബാബു ആന്റണി തന്റെ വേഷം ഗംഭീരമാക്കി. വില്ലൻ ടച്ചുള്ള നെല്‍സനായി സുരാജ് വീണ്ടും കാണികളെ ഞെട്ടിച്ചു. ശശാങ്കനായി എത്തിയ സുധീര്‍ കരമന, സുദേവ് നായര് ‍(ഇക്രു), ബൈജു (ലാലു), സന്തോഷ് കീഴാറ്റൂർ (വാസുദേവൻ‍), ജേക്കബ് ഗ്രിഗറി (ബ്രൂണോ), പത്മരാജ് രതീഷ് (മൊഹ്സിന്‍) ആഫ്രിക്കന്‍ വംശജനായ കെവിൻ എന്നിവരെല്ലാം തങ്ങളുടെ വേഷം ഭംഗിയാക്കി.

manju-biju

മണിയന്‍പിള്ള രാജു, വിജയകുമാര്‍, നന്ദു, ശ്രീജിത്ത് രവി, മണിക്കുട്ടന്‍, സാനിയ, വിവേക് ഗോപന്‍, റനീഷ്, മദന്‍മോഹന്‍, നിര്‍മാതാവ് ഷാജി നടേശന്‍, സംവിധായകരായ ശ്യാമപ്രസാദ്, മേജര്‍ രവി എന്നിവരും ചിത്രത്തിലെ താരങ്ങളാണ്. സിനിമയ്ക്ക് ആവേശം കൂട്ടുന്ന മറ്റൊരു ഘടകം രാഹുൽ രാജിന്റെ പശ്ചാത്തല സംഗീതമാണ്. ഒരു സ്പോർട്സ് സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും കോർത്തിണക്കിയ സംഗീതമാണ് ചിത്രത്തിനായി രാഹുൽ ഒരുക്കിയത്.

വോളിബോൾ മത്സരങ്ങളിലെ സ്വാഭാവികത അതേപടി നിലനിർത്തി ദൃശ്യങ്ങൾ ഒരുക്കിയ ജയകൃഷ്ണ ഗുമ്മഡിയുടെ ഛായാഗ്രഹണ മികവ് സിനിമയ്ക്കു മുതൽക്കൂട്ടാണ്. എന്നാൽ എഡിറ്റിങ്ങിൽ സംഭവിച്ച ചില പാകപ്പിഴകൾ ചിത്രത്തിന്റെ ആസ്വാദനത്തെ ബാധിച്ചു. സാങ്കേതികമായ ചില കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിച്ചിരുന്നെങ്കിൽ ചിത്രം മറ്റൊരു തലത്തിലെത്തിയേനെ.  

നിങ്ങൾക്കും റിവ്യു എഴുതാം...കേരളാ ടാക്കീസ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

Your Rating: