Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വീറ്റ് മാംഗോ ട്രീ

salt-mango-tree-review

ഒരുപാട് വലിയ സിനിമകൾക്കിടയിൽ ഒരു നല്ല കൊച്ചു ചിത്രം. അതാണ് സാൾട്ട് മാംഗോ ട്രീ. വെള്ളിമൂങ്ങയെ ഒറ്റയ്ക്ക് സ്വർണമൂങ്ങയാക്കി മാറ്റിയ ബിജു മേനോൻ കൃത്യം 1 വർഷത്തിനു ശേഷം നായകനായെത്തിയ ചിത്രം അതിഭാവുകത്വങ്ങളോ അപൂർവതകളോ ഇല്ലാത്ത സാധാരണക്കാരന്റെ ജീവിതത്തോട് ചേർന്നു നിൽക്കുന്ന സിനിമയാണ്.

സ്വന്തം കുട്ടിയെ ഉന്നതനിലവാരമുള്ള സ്കൂളിൽ ചേർക്കാൻ കഷ്ടപ്പെടുന്ന ഒരു സാധാരണക്കാരനായ കുടുംബനാഥന്റെ കഥയാണ് ചിത്രം പറയുന്നത്. ഇംഗ്ലീഷ് അറിയാത്ത അച്ഛൻ മകനു വേണ്ടി സ്കൂളിൽ അഡ്മിഷന് വേണ്ടിയെത്തുമ്പോൾ നേരിടേണ്ടി വരുന്നത് വലിയ പരീക്ഷ‌ണവും പരീക്ഷകളും.

suhasini

സർക്കാർ സ്കൂളുകളിൽ ചേർക്കാതെ മകനെ ഇംഗ്ലീഷ് മീഡിയത്തിൽ മാത്രമേ ചേർക്കൂ എന്ന് വാശി പിടിക്കുന്ന അച്ഛനമ്മമാരെക്കുറിച്ചാണ് ഈ ചിത്രം. മകന്റെ അഡ്മിഷന് മാതാപിതാക്കളുടെ പഠിപ്പും പത്രാസും നോക്കി മാർക്കിടുന്ന സ്കൂള്‍ അധികൃതരെയും കച്ചവടമായിത്തീർന്ന ഇന്നത്തെ വിദ്യാഭ്യാസരീതിയുടെ ഉള്ളറകളും സിനിമ തുറന്നുകാട്ടുന്നു.

അരവിന്ദ് എന്ന ഗൃഹനാഥനായി ബിജുമേനോൻ കൈയ്യടി നേടുന്നു. ബിജു മേനോന്റെ പെട്ടന്നുള്ള കോമഡി നന്പറുകൾ തന്നെയാണ് പ്രേക്ഷകരെ സിനിമയിലേക്ക് കൂടുതൽ അടുപ്പിക്കുന്നതും. നായിക ലക്ഷ്മിപ്രിയ ചന്ദ്രമൗലി മിതത്വമാർന്ന പ്രകടനമാണ് കാഴ്ചവച്ചത്. മനു എന്ന അഞ്ചു വയസുകാരനായി എത്തിയ മാസ്റ്റർ വർക്കിയാണ് ഏവരെയും ഞെട്ടിച്ചത്. മികച്ച അഭിനയപ്രകടനമാണ് കുഞ്ഞുവർക്കി ചിത്രത്തിൽ കാഴ്ചവച്ചത്.

vinod-biju

കോമഡിയുടെ കാര്യത്തിൽ ബിജു മേനോനൊപ്പം ജാലിയൻ കണാരൻ എന്ന കണാരൻ ഹരീഷ് കലക്കിയെന്ന് തന്നെ പറയാം. അദ്ദേഹത്തിന്റെ കൗണ്ടറുകളായിരുന്നു സിനിമയുടെ രസകരമായ നിമിഷങ്ങൾ. സൈജു കുറുപ്പ്, പാരിസ് ലക്ഷ്മി, സുനിൽ സുഖദ, പ്രദീപ് കോട്ടയം, സുധീർ കരമന, സരയു ഇവരെല്ലാം തങ്ങളുടെ ചെറിയവേഷങ്ങൾ മനോഹരമായി ചെയ്തു. അതിഥി വേഷത്തിലെത്തിയ സുഹാസിനിയും ചെറുതാണെങ്കിലും ഓർമയിൽ തങ്ങി നിൽക്കുന്ന ഒരു കഥാപാത്രത്തെ സമ്മാനിച്ചു.

ഹഷീം അബ്ദുൾ വഹാബിന്റെ ഗാനങ്ങൾ മികച്ചു നിൽക്കുന്നു. ബിജിബാലിന്റെ പശ്ചാത്തല സംഗീതം ചിത്രവുമായി ഇണങ്ങിച്ചേർന്നു. വിഷ്ണു ശര്‍മയുടെ ഛായാഗ്രഹണവും സിനിമയുടെ എടുത്തുപറയേണ്ട പ്രത്യേകതയാണ്. പ്രത്യേകിച്ചും കാറ്റുമേൽ എന്ന ഗാനത്തിലെ ഗ്രാമഭംഗിയൊക്കെ അതിമനോഹരമായി പകർത്തിയിരിക്കുന്നു.

varky

വളരെ ചെറിയൊരു കഥ. ഇന്നത്തെ സമൂഹത്തിൽ ഏറെ ചർച്ച ചെയ്യുന്നൊരു വിഷയവും. അത്തരമൊരു കഥാതന്തുവിനെ രണ്ടരമണിക്കൂറിൽ കൊണ്ടുവരുമ്പോളുണ്ടാകുന്ന ഒരു വലിച്ചിൽ ചിത്രത്തിലുടനീളം കാണാം. എന്നാൽ സിനിമയോട് നൂറുശതമാനം നീതിപുലർത്തിയ സംവിധായകൻ രാജേഷ് നായരുടെ പ്രയത്നം അഭിനന്ദനമര്‍ഹിക്കുന്നു. വിനോദ് വിജയകുമാറിന്റെയും വിനോദ് ജയകുമാറിന്റെയുമാണ് തിരക്കഥ.

കുട്ടികളുമായി ധൈര്യമായി കാണാവുന്ന, ഈ ചിത്രം കുടുംബപ്രേക്ഷകർക്ക് തീർച്ചയായും ഇഷ്ടപ്പെടുന്ന, യുവാക്കളെയും വലുതായി നിരാശപ്പെടുത്താത്ത ചിത്രമാണ് . ഒരപേക്ഷ മാത്രം മറ്റൊരു വെള്ളിമൂങ്ങ പ്രതീക്ഷിച്ചു പോവാതിരുന്നാൽ മതി. അത്തരം പ്രതീക്ഷകൾ മാറ്റി നിർത്തിയാൽ സാൾട്ട് മാംഗോ ട്രീ, ഒരു സ്വീറ്റ് മാംഗോ ട്രീ ആയി നിങ്ങൾക്ക് അനുഭവപ്പെടും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.