Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്ലാവർക്കും കയറാം ഈ സ്കൂൾ ബസിൽ‌; റിവ്യു

school-bus

മണ്ണപ്പം ചുട്ടുനടക്കേണ്ട പ്രായത്തിൽ കാലിലൊരു തരി മണ്ണുപോലും പറ്റിക്കാതെ നാലുചുവരുകൾക്കുള്ളിൽ അടച്ചുപൂട്ടി വളർത്തുന്ന കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും കഥയാണ് സ്കൂൾ ബസ്. അജോ എന്ന ഒൻപത് വയസുകാരന്റെ സ്കൂൾജീവിത്തിലുണ്ടാകുന്ന അപ്രതീക്ഷിതമായ പ്രശ്നവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്.

മകൻ അജോ ആ പ്രശ്നം പറഞ്ഞിരുന്നെങ്കിൽ എന്ന് ഓർത്ത് അച്ഛനും അമ്മയും കരയുമ്പോൾ അവൻ അത് പറയാതിരുന്നിടത്താണ് ഞാനെന്ന അമ്മ തോറ്റുപോയതെന്ന് അമ്മ പറയുന്ന ഒരു രംഗമുണ്ട്. അതുതന്നെയാണ് സ്കൂൾബസ് എന്ന ചിത്രത്തിലൂടെ റോഷൻ ആൻഡ്രൂസും ബോബി–സഞ്ജയും പ്രേക്ഷകനോട് പറയാൻ ആഗ്രഹിക്കുന്നത്.

ഇന്നത്തെ കുട്ടികളിൽ‌ നിന്ന് കാലംകവരുന്ന ബാല്യകാലങ്ങളെയും മോഡേൺ രക്ഷകര്‍തൃത്വത്തിന്റെ നിയമങ്ങൾക്കിടയിൽ ഞെരിഞ്ഞമരുന്ന അവരുടെ സ്കൂൾ ജീവിതത്തെയുമാണ് സിനിമയിലൂടെ സംവിധായകൻ അവതരിപ്പിക്കുന്നത്. ഒരിക്കലും ഇതു കുട്ടികളുടെ സിനിമ മാത്രമാണെന്ന് തെറ്റിദ്ധരിക്കരുത്. അവരോടൊപ്പം തന്നെ എല്ലാതരത്തിലുമുള്ള പ്രേക്ഷകരും പ്രത്യേകിച്ച്, മാതാപിതാക്കൾ കണ്ടിരിക്കേണ്ട സിനിമയാണു സ്കൂൾ ബസ്‌.

സ്കൂളിൽ ഒരു പ്രശ്നമുണ്ടായാൽ അത് പേടികൂടാതെ തന്റെ അച്ഛനോടോ അമ്മയോടോ പറയാമെന്ന വിശ്വാസമില്ലാതെ അത് മനസ്സിൽ കൊണ്ടുനടന്ന് വീർപ്പുമുട്ടുന്ന ഒരുപാട് കുട്ടികൾ ഇന്നത്തെ തലമുറയിൽ ഉണ്ട്. ആ പ്രശ്നങ്ങൾ അവരെ കൊണ്ടെത്തിക്കുന്നതോ ഒരിക്കലും തീരാനാകാത്ത വലിയ പ്രശ്നങ്ങളുടെ നടുവിലേക്കും.

jayasurya-aparna

നോട്ട്ബുക്ക് എന്ന സിനിമയിൽ കൗമാരക്കാരുടെ ജീവിതത്തിലെ ഓരോ താളുകളുമാണ് സംവിധായകനും തിരക്കഥാകൃത്തും എഴുതിയിട്ടതെങ്കിൽ ഇവിടെ മനോഹരമായൊരു ബസ് യാത്രയിലൂടെ ബാല്യത്തിന്റെ സ്വപ്നങ്ങളെക്കുറിച്ചാണ് ഓർമപ്പെടുത്തുന്നത്.

ചിത്രത്തിന്റെ ഒന്നാം പകുതി രസിപ്പിച്ച് മുന്നോട്ട് പോകുമ്പോൾ രണ്ടാം പകുതി മറ്റൊരു തലത്തിലേക്ക് വഴിമാറുന്നു. കഥ ആവശ്യപ്പെടുന്ന സന്ദർഭങ്ങളെ തെല്ലും പിശുക്കില്ലാതെ ചേർത്തിട്ടുള്ളതിനാൽ കുറച്ച് ഇഴച്ചിൽ അനുഭവപ്പെടും. എന്നിരുന്നാലും എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിച്ചിരുത്തുന്ന സംവിധാനമികവ് ചിത്രത്തിലുടനീളം കാണാനാകും.

കാലികപ്രസക്തിയുള്ള വിഷയത്തെ രസകരവും ജീവസുറ്റതുമായി അവതരിപ്പിച്ചിരുക്കുകയാണ് ബോബിയും സഞ്ജയ്‌യും വീണ്ടും. നോട്ട്ബുക്കിന്റെ ഗൗരവസ്വഭാവവും സങ്കീർണതയും സ്കൂൾ ബസിൽ കാണാൻ കഴിയില്ല.

roshan

അജോ, ആഞ്ചു എന്നീ കുട്ടികളായി പുതുമുഖങ്ങളായ ആകാശും (ഈ സിനിമയുടെ ഛായാഗ്രാഹകൻ മുരളീധരന്റെ മകൻ) ആഞ്ചലീനയും (റോഷൻ ആൻഡ്രൂസിന്റെ മകൾ) തിളങ്ങിയെന്ന് തന്നെ പറയാം. പുതുമുഖങ്ങളെന്ന ഭയം തെല്ലുമില്ലാതെ തങ്ങളുടെ വേഷങ്ങൾ അതിഗംഭീരമാക്കി. മാതാപിതാക്കളായി എത്തിയ ജയസൂര്യയും അപർണയും സ്വാഭാവികമായ അഭിനയപ്രകടനത്തോടെ പ്രേക്ഷകശ്രദ്ധ കവരും. ചാക്കോച്ചന്റെ ആദ്യ പൊലീസ് വേഷം ഒട്ടും മോശമാക്കിയില്ല. സുധീര്‍ കരമന, വിജയകുമാര്‍, നന്ദു, നിർമാതാവ് അനൂപ് തുടങ്ങിവരും തങ്ങളുടെ വേഷം ഭംഗിയാക്കി.

chakochan

പികെ, ത്രീ ഇഡിയറ്റ്സ് തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ സി.കെ മുരളീധരന്റെ കാമറാചലനങ്ങൾ മികവുപുലർത്തുന്നു. ഉൾക്കാടുകളുടെ രംഗങ്ങൾ അതിമനോഹരം. കുറഞ്ഞ ചിലവിൽ ചിട്ടപ്പെടുത്തിയ ഗ്രാഫിക്സ് രംഗങ്ങള്‍ നീതിപുലർത്തി. ഗോപിസുന്ദറിന്റെ പശ്ചാത്തലസംഗീതം സിനിമയുടെ മൂഡിനൊത്ത് സഞ്ചരിക്കുന്നു.

അച്ഛന്റെയും അമ്മയുടെയും കുട്ടിക്കാലത്തെക്കുറിച്ച് നിങ്ങളുടെ മക്കൾ ചോദിക്കുമ്പോള്‍ ഓർത്തോർത്ത് പറയാൻ ഒരുപാട് കാര്യങ്ങളുണ്ട്. കുട്ടിയും കോലും കളിച്ചത്, മഴ നനഞ്ഞത്, മുട്ടുപൊട്ടിയത്, മാങ്ങ പറിച്ചത് അങ്ങനെ ഒരുപാട് ഒരുപാട്. പക്ഷേ, നമ്മുടെ കുട്ടികൾക്കോ? നമ്മുടെ മക്കളുടെ മനസ്സ് നമ്മൾ അറിയുന്നുണ്ടോ? ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരമാണ് സ്കൂൾ ബസ്. 

Your Rating: