Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിടുക്കന്മാരല്ല, പക്ഷേ മടുപ്പിക്കില്ല

shajahanum-parikuttiyum

ഒരാഘോഷ ചിത്രത്തിനു വേണ്ട ചേരുവകൾ എല്ലാം ചേർന്ന തരക്കേടില്ലാത്ത ചിത്രം. അപാരമായ രുചി എന്നൊന്നും പറയാനൊക്കില്ലെങ്കിലും വിശന്നു വരുന്നവരുടെ മനസ്സു നിറയ്ക്കും ബോബൻ സാമുവലിന്റെ ഇൗ പെരുന്നാൾ സദ്യ.

ഒരു പെൺകുട്ടി. അവൾക്കു ചുറ്റും 3 പുരുഷന്മാർ. ഒന്നല്ല ഒരുപാട് കഥകൾ ഉരുത്തിരിയാവുന്ന പ്ലോട്ട്. സിനിമയും ആ സാധ്യതയെ വേണ്ടുവോളം ഉപയോഗിച്ചിട്ടുണ്ട്. പ്രണയം, ആക്ഷൻ, കാർ ചെയ്സ്, തട്ടിപ്പ് എല്ലാം ചിരിയുടെ മേമ്പൊടിയോടെ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ ഒന്നിലധികം ത്രെഡുകൾ കൈകാര്യം ചെയ്യുന്നതിനാൽ എന്തൊക്കെയോ കുറവുകൾ കാഴ്ചക്കാരന് അനുഭവപ്പെടും.

amala-paul-in-shajahanum-pareekuteem

തുടക്കം മുതൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ശൈലിയിലാണ് സംവിധായകൻ ചിത്രത്തെ ഒരുക്കിയിരിക്കുന്നത്. ഹാസ്യരംഗങ്ങളുടെയും ചില സസ്പെൻസ് കൂട്ടുകളുടെയും ഒപ്പം പശ്ചാത്തല സംഗീതത്തിന്റെയും ബലത്തിൽ ആദ്ദേഹത്തിനത് സാധിച്ചിട്ടുമുണ്ട്. ആദ്യ പകുതിയുടെ അവസാനഭാഗങ്ങളിലും പിന്നീട് രണ്ടാം പകുതിയിലും ചിത്രത്തിന് അൽപം ഇഴച്ചിൽ അനുഭവപ്പെടും. എന്നാൽ ക്ലൈമാക്സിൽ ട്വിസ്റ്റുകളും ചിരിയും ഒക്കെ ചേർന്ന് സിനിമയ്ക്ക് സേഫ് ലാൻഡിങ്ങിന് അവസരമൊരുക്കും.

കുഞ്ചാക്കോ ബോബനും ജയസൂര്യയും തങ്ങളുടെ റോളുകൾ നന്നായി അവതരിപ്പിച്ചു. തുടക്കത്തിൽ നിറഞ്ഞു നിന്നെങ്കിലും ക്ലൈമാക്സിൽ തീരെ അപ്രധാനമായി പോകുന്ന കഥാപാത്രമാണെങ്കിൽ കൂടി ‌അമല പോളും തന്റെ ഭാഗം മികച്ചതാക്കി. അജു വർഗീസും സുരാജ് വെഞ്ഞാറമ്മൂടും ചേർന്ന് ചിരിപ്പൂത്തിരിക്ക് തിരി കൊളുത്തി. സംവിധായകൻ റാഫിയുടെ അതിഥിവേഷം ഗംഭീരമായി. ദൈർഘ്യം കുറഞ്ഞ കഥാപാത്രമാണെങ്കിലും അദ്ദേഹത്തിന്റെ മസിൽ പിടിച്ചുള്ള അഭിനയവും ഡയലോഗ് ഡെലിവറിയും പ്രേക്ഷകനെ ചിരിപ്പിക്കും.

ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം സിനിമയ്ക്കു ചേരുന്നതാണ്. പക്ഷേ ഗാനങ്ങൾ ഏറെ ആകർഷിക്കില്ല. അനീഷ് ലാലിന്റെ ഛായാഗ്രഹണവും മികവുറ്റതാണ്. ആളുകളെ ഏങ്ങനെ രസിപ്പിക്കാമെന്ന് നന്നായി അറിയുന്ന ബോബൻ സാമുവലിന് ഇത്തവണയും പിഴച്ചിട്ടില്ല. പക്ഷേ റോമൻസ് പോലെ ഇതൊരു ഒരു ഫുൾ ഫൺ സിനിമയാക്കുന്നതിൽ പൂർണമായി വിജയിച്ചോ എന്നു സംശയം.

ദ്വയാർത്ഥം അതിന്റെ പാരമ്യത്തിലെത്തുന്ന ചില ‘ദയനീയ’ ഡയലോഗുകൾ സിനിമയലുണ്ട്. എന്തിനും ഏതിനും കത്തി വയ്ക്കാൻ നടക്കുന്ന സെൻസർ ബോർഡ് ഇതൊന്നും കാണുന്നില്ലേ ആവോ ? മികച്ച നർമരംഗങ്ങൾ തരാൻ കെൽപുള്ളവർ ആളുകളെ ചിരിപ്പിക്കാൻ ഇത്ര തരം താഴേണ്ടതുണ്ടോ ? ഇൗ രംഗങ്ങൾ കുടുംബപ്രേക്ഷകർക്ക് വളരെ അരോചകമായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

ചുരുക്കത്തിൽ ഷാജഹാനും പരീക്കുട്ടിയും ഒരു ഫൺ എന്റെർടെയിനറാണ്. ഒരാഘോഷത്തിനുള്ള വകുപ്പുകൾ എല്ലാമുണ്ട് സിനിമയിൽ. ചില പാകപ്പിഴകളും കല്ലുകടിയുമൊക്കെ ഇടയ്ക്ക് അനുഭവപ്പെടുമെങ്കിലും ഷാജഹാനെയും പരീക്കുട്ടിയെയും കണ്ടിരിക്കാം നമുക്ക്.

നിങ്ങൾക്കും റിവ്യു എഴുതാം...കേരളാ ടാക്കീസ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

Your Rating: