Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിയന്ത്രണമില്ലാത്ത ഷീ ടാക്സി

അന്തവും കുന്തവും ഇല്ലാത്ത ഒരു അവധിക്കാലയാത്രയാണ് സജി സുരേന്ദ്രന്റെ ഷീ ടാക്സി. ഇടക്കിടെ ബ്രേക്ക് ഡൌണായി ഇഴഞ്ഞും വലിഞ്ഞും നീങ്ങുന്ന ചിത്രം പ്രേക്ഷകന്റെ ക്ഷമയെ ചില്ലറയൊന്നുമല്ല പരീക്ഷിക്കുന്നത്. അനൂപ് മേനോന്റെ ടൈപ്പ് അഭിനയവും സൂരാജ് വെഞ്ഞാറമൂടിന്റെ ഓള്‍ഡ് സ്റ്റോക്ക് കോമഡിയുമെല്ലാം വിരസതയുടെ ആക്കം കൂട്ടുന്നു. നോബി മാര്‍ക്കോസിന്റെ സ്വതസിദ്ധമായ കോമഡിയും ഗണേഷ് കുമാറിന്റെ മണ്ടന്‍ പൊലീസ് വേഷവുമാണ് അല്‍പമെങ്കിലും ചിരിക്കു വക നല്‍കുന്നത്.

ഷീ ടാക്സി എന്ന പേര് കേട്ടിട്ട് ഇതൊരു സ്ത്രീപക്ഷ സിനിമയോ നായിക കേന്ദ്രികൃത കഥയോ ആണെന്ന് തെറ്റിധരിക്കരുത്. കാവ്യയുടെ കഥാപാത്രം ടാക്സി ഡ്രൈവറാണെന്നത് ഒഴിച്ചാല്‍ ഷീ ടാക്സി എന്ന പേരും സിനിമയും തമ്മില്‍ കാര്യമായ ബന്ധങ്ങളില്ലെന്നു തന്നെ പറയാം.

ബുദ്ധ വിഹാരങ്ങളെക്കുറിച്ചു ഗവേഷണം നടത്താന്‍ എത്തുന്ന വനിതാ സംഘത്തിന്റെ ടാക്സി ഡ്രൈവറായിട്ടാണ് കാവ്യയുടെ യാത്ര. ബാങ്ക് കവര്‍ച്ച നടത്തിയ ശേഷം നാട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അനൂപ് മേനോന്റെ സംഘവും കാവ്യ മാധവന്റെ സംഘവും യാത്രക്കിടെ കണ്ടുമുട്ടുന്നതിലൂടെയാണ് കഥ പുരോഗമിക്കുന്നത്. കാണാതായ ഏറെ വിലമതിക്കുന്ന ഒരു ബുദ്ധിസ്റ്റ് പെയിന്റിങാണ് യാത്ര സംഘങ്ങളെ ബന്ധിപ്പിക്കുന്ന ഘടകം. ഈ ഘടകങ്ങളെ കുറ്റമറ്റ രീതിയില്‍ കൂട്ടിയിണക്കാന്‍ കൃഷ്ണപൂജപരക്ക് കഴിയുന്നണ്ടെങ്കിലും ചിത്രത്തിലൂടെനീളം തിരക്കഥയുടെ കെട്ടുറപ്പ് ചോദ്യം ചെയ്യപ്പെടുന്നു. അവസാന പകുതിയില്‍ പ്രിയദര്‍ശന്റെ വെട്ടം പോലെയുള്ള സിനിമകളില്‍ കണ്ടു പഴകിയ ഹോട്ടല്‍ ഓട്ടം-ചാട്ടം കോമഡി രംഗങ്ങള്‍ മടുപ്പിക്കുന്നു.

kavya-anoop

നായകനും നായികയും തമ്മില്‍ എന്തെങ്കിലും ബന്ധം വേണമെന്നുള്ളതുകൊണ്ട് രണ്ടാം പകുതിയില്‍ ഒരു ഭൂതകാല പ്രണയം പൊടി തട്ടിയെടുക്കുന്നുണ്ട്. എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍ പോലെ ഏച്ചു കെട്ടിയ ഈ പ്രണയരംഗങ്ങള്‍ മുഴച്ച് നില്‍ക്കുന്നു. കാവ്യയുടെ ദേവയാനി എന്ന കഥാപാത്രവും പ്രേക്ഷകരുടെ മനസ്സില്‍ തട്ടാതെ പോകുന്നു.

ബിജിപാല്‍ ഈണം നല്‍കിയ ചിത്രത്തിലെ ഒരു ഗാനം പോലും ആസ്വാദകരെ സ്പര്‍ശിക്കാതെ കടന്നു പോകുന്നു. അതേ സമയം പശ്ചാത്തല സംഗീതത്തില്‍ അദ്ദേഹം ഒരിക്കല്‍ക്കൂടി മികവ് പുലര്‍ത്തുന്നു. അനില്‍ നായരുടെ ഛായഗ്രഹണമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മഞ്ഞുപൊഴിക്കുന്ന ഹിമാലയന്‍ താഴ്വരകളുടെയും വയനാടാന്‍ചുരങ്ങളുടെയും ചാരുത നഷ്ടപ്പെടുത്താതെ ഫ്രെയിമിലേക്ക് പകര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. ബെല്‍കൂപ്പ, ഷിംല തുടങ്ങിയ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളും പ്രേക്ഷകനു മികച്ച ദൃശ്യ അനുഭവം സമ്മാനിക്കുന്നു.

അവതരണത്തിലോ പ്രേമയത്തിലോ ഒരുതരത്തിലുമുള്ള പുതുമകള്‍ അവകാശപ്പെടാന്‍ സംവിധായകന് കഴിയുന്നില്ല. ലക്ഷ്യബോധമില്ലാത്ത ഒരു യാത്രക്കൊടുവില്‍ സഡന്‍ ബ്രേക്കിട്ട് നിര്‍ത്തിയ അനുഭവമാണ് സിനിമ കണ്ടിറങ്ങുമ്പോള്‍ പ്രേക്ഷകന് ഉണ്ടാകുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.