Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാടിന്റെ മർമമറിഞ്ഞവൻ ശിഖാമണി

shikamani-review

വില്ലന്‍, കോമഡി വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ടതാരമായി മാറിയ ചെമ്പന്‍ വിനോദ് ആദ്യമായി നായകവേഷത്തിലെത്തുന്ന ചിത്രമെന്ന നിലയിലാണ് ശിഖാമണി തിയറ്ററുകളിലെത്തിയത്. നവാഗതനായ വിനോദ് ഗുരുവായൂർ തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നമ്മൾ അറിയാതെയും കാണാതെയും പോകുന്ന ജീവിതങ്ങളുടെ കഥയാണ് പറയുന്നത്. അതിഭാവുകത്വമോ അസാധാരണത്വമോ ഇല്ലാതെ വഴിയരികിൽ ഒറ്റപ്പെട്ടു പോകുന്നവരെ പ്രതിനിധാനം ചെയ്യുന്ന ഒരു സാമൂഹികചിത്രം.

Shikhamani Official Trailer HD

വനമധ്യത്തിലൂടെ കിലോമീറ്ററോളം നീണ്ടുകിടക്കുന്ന റെയില്‍വേയുടെ ഗ്യാങ്‌മാനാണ്‌ ശിഖാമണി. കൂടുതലൊന്നും സംസാരിക്കാത്ത വല്ലാത്തൊരു പ്രകൃതം. കാടിന്റെ മർമറിയാവുന്നവൻ എന്നാണ് എല്ലാവരും അവനെ വിളിക്കുന്നത്. അലറിവരുന്ന ഒറ്റയാൻ പോലും ശിഖാമണിയെ അനുസരിക്കും.

അങ്ങനെ ഒരുദിവസം കാട്ടിലൂടെയുള്ള റെയില്‍പ്പാളത്തില്‍ ഒരു പെണ്‍കുട്ടി പരുക്കുപറ്റി കിടക്കുന്നതു ശിഖാമണി കാണുന്നു. ഒട്ടേറെ ദുരൂഹതനിറഞ്ഞ ഈ പെൺകുട്ടിയുടെ കടന്നുവരവോടെ ശിഖാമണിയുടെ ജീവിതം തന്നെ മാറുകയാണ്.

shikhamani

ആദ്യ സംവിധാനസംരംഭമെന്ന നിലയിൽ സംവിധായകനായ വിനോദ് ഗുരുവായൂർ തിരക്കഥയോട് പൂർണമായും നീതിപുലർത്തിയിട്ടുണ്ട്. വിനോദ് തന്നെയാണ് തിരക്കഥയും. നവാഗത സംവിധായകന്റെ സിനിമയിലുണ്ടായേക്കാവുന്ന പാകപ്പിഴവുകൾ അവിടെവിടെയായി കാണാൻ കഴിഞ്ഞു.

ഊഹിച്ചെടുക്കാവുന്ന ചിത്രത്തിന്റെ കഥാഗതിയും രസികന്മാരായ താരസാന്നിധ്യം ഉണ്ടായിരുന്നിട്ടും ചിത്രത്തിൽ ഹ്യൂമറിന് ഒട്ടും പ്രാധാന്യം നൽകാതിരുന്നതും സാധാരണപ്രേക്ഷകരെ കുറച്ചെങ്കിലും നിരാശപ്പെടുത്തിയേക്കാം.

shikhamani-official-trailer

വില്ലനായും കോമഡി നടനായും നമുക്ക് പരിചിതനായ ചെമ്പന്റെ വേറിട്ടൊരു അഭിനയമാണ് ശിഖാമണിയുടെ മറ്റൊരു ആകർഷണം. ടൈറ്റിൽ കഥാപാത്രത്തെ സമ്മർദങ്ങളൊന്നുമില്ലാതെ മികച്ചതാക്കാൻ ചെമ്പന് സാധിച്ചു.

ദേവികയെന്ന കഥാപാത്രത്തെ തന്നാലാകും വിധം ഭംഗിയാക്കാൻ നായികയായി എത്തിയ മൃദുല മുരളിയ്ക്ക് കഴിഞ്ഞു. മുകേഷും സായ്‌കുമാറും ജെ ഡി ചക്രവര്‍ത്തിയും തങ്ങളുടെ വേഷം ഭംഗിയാക്കി. സുധീര്‍ കരമന, നോബി, ബാലാജി, മനുരാജ്‌, ഗോകുലന്‍, കോട്ടയം പ്രദീപ്‌, സുനില്‍ സുഖദ, ചിന്നു കുരുവിള എന്നിവരും ഈ ചിത്രത്തിലെ താരങ്ങളാണ്‌.

കാടിന്റെ മനോഹാരിത ഒട്ടും ചോർന്നുപോകാതെ മനോഹരമായ ഫ്രെയിമുകൾ ഒപ്പിയെടുക്കാൻ മനോജ് പിള്ളയുടെ ക്യാമറയ്ക്ക് കഴിഞ്ഞു. സുധീപ്‌ പഴനാടിന്റെ സംഗീതം സിനിമയോട് ചേർന്ന് നിൽക്കുന്നു.

വിദ്യാഭ്യാസം വെറും കച്ചവടാകുന്ന കാലം സൃഷ്ടിക്കുന്ന ഭീഷണികളെക്കുറിച്ചും ചിത്രം പ്രതിപാദിക്കുന്നുണ്ട്. ഈ സിനിമ എത്രത്തോളം പ്രേക്ഷകരിലെത്തുമെന്നറിയില്ലെങ്കിലും യാഥാര്‍ത്ഥ്യങ്ങളിലേക്കാകണം കാമറ തുറന്നുവെയ്ക്കേണ്ടതെന്ന തത്വത്തെ ശിഖാമണി ശരിവയ്ക്കുന്നു.

Your Rating: