Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിഗൂഡതയുടെ നീരാളിക്കൈകൾ

spectre-review

ഡൈ അനദർ ഡേയിലൂടെ യഥാർഥ ജയിംസ് ബോണ്ട് മരണമടഞ്ഞെന്ന് വിശ്വസിക്കുന്ന ഒരുപാട് ആരാധകർ ഇപ്പോഴും ഉണ്ട്. ഷോൺ കോണറിയും പിയേഴ്സ് ബ്രോസ്നനും വരെ അരങ്ങ് തകര്‍ത്ത ബോണ്ട് കുപ്പായം ഡാനിയൽ ക്രെയിഗിന് ചേരില്ലെന്ന വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് 24ാമത് ബോണ്ട് ചിത്രമായ സ്പെക്ട്ര എത്തിയത്.

എന്നാൽ എല്ലാ വിമർശനങ്ങളെയും പൊളിച്ചടുക്കിയാണ് സാം മെൻഡിസും ഡാനിയല്‍‌ ക്രെയ്ഗും സ്പെക്ട്രയുമായി എത്തിയിരിക്കുന്നത്. ഇരമ്പി പായുന്ന സൂപ്പർ കാർ ചേസ്, മാദക സൗന്ദര്യം വരിയുന്ന സർപ്പസുന്ദരികൾ, ജിപ്സിയെപ്പോലെ ലോകം ചുറ്റുന്ന നായകൻ, പല രാജ്യങ്ങളുടെ വർണ്ണക്കാഴ്ചകൾ. അത്യാധുനിക ടെക് ഗാഡ്ജറ്റുകളും വോഡ്ക മാർട്ടിനിയും, ഡി ബി 10 ആസ്റ്റൺ മാർട്ടിൻ.....ആരെങ്കിലും പേര് ചോദിച്ചാൽ മാത്രം പറയുന്ന മാസ് ഡയലോഗ്...ജെയിംസ് ബോണ്ട്‌ ചിത്രങ്ങൾക്ക് മാത്രം അവകാശപ്പെടാവുന്ന എല്ലാ സവിശേഷതകളും കോർത്തിണക്കിയ ചിത്രം.

പൂർവ മാതൃകകളെ ഉല്ലംഘിക്കുന്ന ചിത്രങ്ങളാണ് സാം മെൻഡിസ് എന്ന സംവിധായകന്റെ ശൈലി .സ്കൈഫോൾ എന്ന ചിത്രം തന്നെ അര നൂറ്റാണ്ടായി നാം കണ്ടു പരിചയിച്ച ബോണ്ട്‌ ചിത്രങ്ങളിൽ നിന്നും ആഖ്യാനത്തിലും, കഥാഗതിയിലും വ്യത്യസ്തമായിരുന്നു. സ്പെക്ട്രയും കണ്ടു പരിചയിച്ച കാഴ്ചകൾക്കപ്പുറം പുതുമകൾ തേടിയുള്ളൊരു സഞ്ചാരമാണ്.

bond

സ്കൈഫോളിന് ശേഷം നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ബാക്കിയായ ഒരു കടം ചെയ്തു തീർക്കാനായി പുറപ്പെടുന്ന ബോണ്ട്‌ , വർഷങ്ങളായി തന്റെ ജീവിതവും ദുരിതവും പ്രിയപ്പെട്ടവരുടെ മരണവുമെല്ലാം സ്പെക്ട്ര എന്ന രഹസ്യ സംഘടന രചിച്ച തിരക്കഥയായിരുന്നു എന്ന് ഞെട്ടലോടെ തിരിച്ചറിയുന്നു. സ്പെക്ട്രയിലെ നിഗൂഡത ചുരുളഴിക്കാനായി ബോണ്ട്‌ നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

വില്ലനെ അവന്റെ മടയിൽ പോയി പിടിക്കുന്ന ധീരനായകനിൽ നിന്നും, ഒളിച്ചിരിക്കുന്ന നായകനെ തേടി വരുന്ന വില്ലൻ എന്ന പ്രകടമായ കഥഗതിയിലെ മാറ്റം സ്കൈഫോളിൽ നാം കണ്ടു. അതിനു തുടർച്ചയെന്നോണം കൊടുങ്കാറ്റിൽ ഉലയുന്ന പട്ടം പോലെ ഭൂതകാലം വേട്ടയാടുന്ന നായകനെയാണ് സ്പെക്ട്രയിലും കാണാനാകുക. സർപ്പ സുന്ദരികളെ തന്റെ കരിസ്മ കൊണ്ട് കീഴടക്കുന്ന പഴയ ബോണ്ടിനെ കാണാൻ കഴിയില്ല.

jamesbond

ക്രിസ്റ്റഫ് വാൾട്സ് എന്ന ഇതിഹാസതാരത്തിന്റെ വില്ലൻ പ്രകടനമാണ് സ്പെക്ട്രയുടെ പ്രധാനസവിശേഷത. എന്നാൽ ഇത്രവലിയൊരു നടനെ കിട്ടിയിട്ടും അദ്ദേഹത്തെ കൃത്യമായി ഉപയോഗിക്കാൻ സംവിധായകന് സാധിച്ചില്ല. ലിയ സീഡോക്സ്‌ ആണ് ഇത്തവണത്തെ ബോണ്ട്‌ ഗേൾ. പഴയ 'മലേന' സുന്ദരി മോണിക്ക ബെല്ലുച്ചിയ്ക്ക് ചിത്രത്തിൽ കാര്യമായൊന്നും ചെയ്യാനില്ല.

spectre-stills

നോളന്റെ ഇന്റർസ്റ്റെല്ലാറിന് ക്യാമറ ചലിപ്പിച്ച സ്വീഡിഷ് ഛായാഗ്രാഹകൻ ഹൊയ്തേ വാൻ ആണ് ഛായാഗ്രഹണം. ചിത്രത്തിൻറെ വിഷ്വൽസ്, രംഗസജ്ജീകരണം, പശ്ചാത്തല സംഗീതം എന്നിവ അതീവ ഹൃദ്യമാണ്. പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിലെത്തിക്കുന്ന ഒന്നാം പകുതിയും അൽപം പതിഞ്ഞ രണ്ടാം പകുതിയുമുള്ള സ്പെക്ട്ര ഇത്തവണയും ബോണ്ട് ചിത്രങ്ങളിൽ പുതുമ നിലനിർത്തിയിട്ടുണ്ട്. സ്പെക്ട്ര ജയിംസ്‌ ബോണ്ട്‌ ആരാധകർക്കും സാദാ പ്രേക്ഷകർക്കും തൃപ്തികരമായ ഒരു കാഴ്ചയായിരിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.