Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീമന്ദുഡു; മഹേഷ് ബാബുവിന് ആശ്വാസമാകും

Srimanthudu Movie Poster

മഹേഷ് ബാബുവിന്റെ പുതിയ ചിത്രം ശ്രീമന്ദുഡു ആദ്യ ആഴ്ചയിൽ 101 കോടി രൂപ കലക്ഷനുമായാണു തിയറ്ററുകളി‍ൽ ഓടുന്നത്. കേരളത്തിൽ ചിത്രത്തിന്റെ തമിഴ് പതിപ്പായ സെൽവന്ദാനാണു പ്രദർശിപ്പിക്കുന്നത്. മഹേഷ് ബാബു, ശ്രുതി ഹാസൻ, ജഗപതി ബാബു, സമ്പത്ത്, സുകന്യ, ഷംന കാസിം, രാജേന്ദ്ര പ്രസാദ് തുടങ്ങി ദക്ഷിണേന്ത്യയിലെ പരിചിത മുഖങ്ങളാണ് സിനിമയിലേറെയും. വെടിക്കെട്ട് ഫൈറ്റ് സീനുകളും തട്ടുപൊളിപ്പൻ പാട്ടുകളും ചേർന്നു പതിവു മഹേഷ് ബാബു ചിത്രങ്ങൾക്കിടയിൽ നല്ലൊരു കഥയുണ്ടെന്നതാണു ചിത്രത്തെ മസാലക്കൂട്ടിൽ വ്യത്യസ്തമാക്കുന്നത്.

ദേവീശ്രീ പ്രസാദിന്റെ സംഗീതവും അനൽ അരശിന്റെ ആക്ഷനുമാണു ചിത്രത്തിന്റെ ഹൈലൈറ്റ്. മഹേഷ് ബാബു നിർമാണ രംഗത്തേക്കു ചുവടു വയ്ക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കോട്ട്രാല ശിവയാണ്. ഏറെ നാളായി വമ്പൻഹിറ്റുകളില്ലാതിരുന്ന മഹേഷ് ബാബുവിന് ചിത്രം ആശ്വാസമാകുമെന്നുറപ്പ്.

Mahesh Babu

ആർ കെ (ജഗതിപതി ബാബു) വൻ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയാണ്. മകൻ ഹർഷയെ (മഹേഷ് ബാബു) എല്ലാ ചുമതലകളും ഏൽപ്പിക്കണമെന്നാണു ആഗ്രഹമെങ്കിലും ഹർഷയ്ക്കു ബിസിനസിലൊന്നും ഒരു താൽപര്യവുമില്ല. സ്വന്തം കമ്പനിയിലെ ജീവനക്കാരോടു മമതയൊന്നും കാണിക്കാത്ത സ്വഭാവമാണു ആർകെയ്ക്കെങ്കിൽ അവരുടെ ബുദ്ധിമുട്ടുകളിൽ അറിഞ്ഞു സഹായിക്കുന്ന സ്വഭാവമാണ് ഹർഷയുടേത്. മകന്റെ തന്നിഷ്ട പ്രകാരമുള്ള ജീവതത്തിൽ ആർകെ തീർത്തും അസ്വസ്ഥനാണ്.

ജനങ്ങളെ സഹായിക്കണമെന്ന ലക്ഷ്യവുമായി നടക്കുന്ന ഹർഷ റൂറൽ ഡവല്പമെന്റ് കോഴ്സ് പഠിക്കുന്ന ചാരുശീലയെ (ശ്രുതി ഹാസൻ) പരിചയപ്പെടുന്നു. ചാരുവിന്റെ കോളജിൽ അതേ കോഴ്സിനു ചേരുന്ന ഹർഷ വൈകാതെ ചാരുവുമായി പ്രണയത്തിലാകുന്നു. എന്നാൽ കോടീശ്വരനായ ആർകെയുടെ മകനാണു ഹർഷയെന്നറിയുന്നതോടെ ചാരുശീല അയാളിൽ നിന്നകലാൻ ശ്രമിക്കുന്നു. കാരണമന്വേഷിക്കുന്ന ഹർഷയോട് ദേവർകോട്ട എന്ന ഗ്രാമത്തിന്റെ കഥ പറയുന്നു ചാരുശീല. കേന്ദ്രമന്ത്രിയും (മുകേഷ് റിഷി) അദ്ദേഹത്തിന്റെ ഗുണ്ടയും (സമ്പത്ത്) കാരണം നാടുവിടേണ്ടി വന്ന ഗ്രാമവാസികളെ തടയാൻ ശ്രമിക്കുന്ന തന്റെ പിതാവിന്റെ ദുരവസ്ഥ ചാരു വിവരിക്കുന്നു. ഗ്രാമത്തിലെ ജനങ്ങളുടെ ദുരിതത്തിനു ആർകെയുമായി എന്താണ് ബന്ധം, ചാരുവിന്റെ കഥ കേൾക്കുന്ന ഹർഷ ഇനിയെന്തു ചെയ്യുമെന്ന ചോദ്യങ്ങൾക്കു ചിത്രത്തിന്റെ രണ്ടാം പകുതി ഉത്തരം തേടുന്നു.

ഒക്കഡു (തമിഴിൽ വിജയ് നായകനായ ഗില്ലി ), പോക്കിരി ( തമിഴിൽ അതേ പേരിൽ വിജയ് റീമേക്ക് ചെയ്തു ) അത്താഡു, ബിസിനസ്മാൻ എന്നീ സിനിമകൾ വൻ ഹിറ്റുകളായിരുന്നെങ്കിലും കഴിഞ്ഞ കുറച്ചു വർഷങ്ങളായി മഹേഷ് ബാബുവിന്റെ ട്രാക്ക് റെക്കോഡ് വളരെ മോശമാണ്. തെലുങ്കിലെ രണ്ടാം സ്ഥാനം കൈവിടുമോ എന്ന ആശങ്കൾക്കു നടുവിൽ ശക്തമായ തിരിച്ചു വരവാണു സെൽവന്ദാനിലൂടെ മഹേഷ് ബാബു നടത്തിയിരിക്കുന്നത്. ശ്രുതി ഹാസൻ സൗന്ദര്യത്തിനൊപ്പം തന്നെ അഭിനയവും എത്തിച്ചിരിക്കുന്നു. നൃത്തരംഗങ്ങളിലും മഹേഷ് ബാബുവിന്റെ ഒപ്പം നിൽക്കുന്ന പ്രകടനമാണ് ശ്രുതി കാഴ്ചവയ്ക്കുന്നത്.

Mahesh - Sruthi

മാസ് മൂവിയായി ചിത്രത്തെ ഉയർത്തുന്നതിൽ മതിയുടെ ക്യാമറ വഹിക്കുന്ന പങ്ക് ചില്ലറയല്ല. ഹീറോയിസത്തിന്റെ കൊടുമുടിയിൽ നായകനെ എത്തിക്കാൻ ഫ്രെയിമുകൾക്കു കഴിയുന്നു. ആദ്യ പകുതിയിലെ ഇഴച്ചിലാണു ചിത്രത്തിന്റെ മാർക്ക് കുറയ്ക്കുന്നത്. കല്യാണ വീട്ടിലെ ഫൈറ്റ് സീനും കേന്ദ്രമന്ത്രിയെ കാണാൻ ഹർഷ ഡൽഹിയിൽ ചെല്ലുന്ന സീനും മികച്ചതാണെങ്കിൽ രണ്ടാം പകുതിയിലാണു ചിത്രം സർപ്രൈസുകൾ കാത്തു വയ്ക്കുന്നത്.

2.45 മണിക്കൂർ ദൈർഘ്യമുള്ള ചിത്രം കുറേക്കൂടി എഡിറ്റ് ചെയ്യപ്പെടേണ്ടതായിരുന്നുവെന്നു പ്രേക്ഷകനു തോന്നാം. ഒരു ഗ്രാമം ദത്തെടുക്കുന്നുവെന്ന പറഞ്ഞാൽ ഷങ്കർ സിനിമയിലെ പോലെ പാലത്തിനു പെയിന്റടിക്കുകയല്ല, അവിടുത്തെ ജനങ്ങളെ ദത്തെടുക്കകയാണെന്ന പോലത്തെ ചില കയ്യടി നേടുന്ന ഡയലോഗുകളും ചിത്രത്തിലുണ്ട്. സാമന്തയ്ക്കൊപ്പം ബ്രഹ്മോൽസവമാണു മഹേഷിന്റെ അടുത്ത ചിത്രം. തമിഴിലെ ആദ്യ സ്ട്രെയിറ്റ് റിലീസിനാണു ഈ സിനിമയിലൂടെ മഹേഷ് ബാബു ഒരുങ്ങുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.