Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സു സു സുന്ദര വാത്മീകം

sudhi-valmeekam-review

രണ്ടു മണിക്കൂർ 11 മിനിറ്റ് നീളുന്ന സന്തോഷം. ‌വേദനയുടെ ചെറു കണികകൾ, അവയെ അപ്പപ്പോൾ തുടച്ചു മാറ്റുന്ന സന്തോഷത്തിന്റെ കുഞ്ഞലകൾ, പുഞ്ചിരികൾ, കണ്ണുനീരിന്റെ നനവ്, കാമ്പുള്ള ഒരു പാഠം. അതാണ് സു സു സൂധീ വാത്മീകം.

വിക്കുള്ള ഒരാളെയെങ്കിലും നമുക്ക് എല്ലാവർക്കും പരിചയം കാണും. ഇൗ സിനിമ കണ്ടു കഴിയുമ്പോൾ ആ വ്യക്തിയോട് അറിയാതെയെങ്കിലും ഒരു സ്നേഹവും ബഹുമാനവും ഒക്കെ തോന്നിപ്പോകും. വിക്കുള്ള ഒരു വ്യക്തിയുടെ കഥയാണ് ഇൗ ചിത്രത്തിന്റെ പ്രമേയം. അദ്ദേഹത്തിന്റെ കുടുംബം, പ്രണയം, ജോലി, വിവാഹം അങ്ങനെ നേരിടേണ്ടി വരുന്ന എല്ലാ വെല്ലുവിളികളെയും പ്രതിസന്ധികളെയും ചിത്രത്തിൽ കാണിച്ചിരിക്കുന്നു.

jayasurya-aju

ഒട്ടും ബോറടിക്കാത്ത ചിത്രമെന്നു വേണമെങ്കിൽ സു സുവിനെ വിശേഷിപ്പിക്കാം. പ്രേക്ഷകന്റെ ക്ഷമയെ ആവോളം പരീക്ഷിക്കാമായിരുന്ന ഒരു പ്രമേയത്തെ ഇങ്ങനെ മാറ്റിയതിൽ രഞ്ജിത് ശങ്കർ എന്ന സംവിധായകന്റെ കരവിരുത് പ്രകടമാണ്. ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയുള്ള സിനിമ. സംഗീതത്തിലും സംസാരത്തിലും കഥാപാത്രങ്ങളിലും മെയ്ക്കിങ്ങിലും ഒക്കെയുണ്ട് ആ നിഷ്കളങ്കത. പ്രേക്ഷകരെ പ്രചോദിപ്പിക്കുന്ന ഒരുപാട് സിനിമകൾ മലയാളത്തിലും അന്യഭാഷകളിലുമായി ഇറങ്ങിയിട്ടുണ്ട്. സ്വദേശ്, 3 ഇഡിയറ്റ്സ്, താരെ സമീൻ പാർ അടുത്തിടെയിറങ്ങിയ മിലി വരെ അക്കൂട്ടത്തിൽ പെട്ടതാണ്.

അതേ ഗണത്തിലേക്കാണ് സു സു വും എത്തുന്നതെങ്കിലും അവയ്ക്കൊന്നുമില്ലാത്ത ചില പ്രത്യേകതകൾ സുസുവിനുണ്ട്. താഴ്ചകളെയും തിരിച്ചടികളെയും ആദ്യം കാണിച്ച് പിന്നീട് നായകന്റെ സ്വപ്നതുല്യമായ മാറ്റത്തയെും നേട്ടത്തെയും കാണിക്കുന്നതിനു പകരം അവ രണ്ടിനെയും ഇഴ ചേർത്താണ് സംവിധായകൻ ഇൗ സിനിമയിൽ കാണിച്ചിരിക്കുന്നത്. സ്വന്തം കുറവുകളെ തിരിച്ചറിയുന്നതും അതിനെ മറികടക്കുന്നതും വിജയം കൈവരിക്കുന്നതുമൊക്കെ ഉപരിപ്ലവമായി മാത്രം പറഞ്ഞു പോകുകയല്ല മറിച്ച് വളരെ ആഴത്തിൽ പറഞ്ഞു മനസ്സിലാക്കിത്തരുന്നു രഞ്ജിത് ശങ്കർ.

jayasurya

മോഹൻലാലിനും മമ്മൂട്ടിക്കും പിൻഗാമിയെ തിരയുന്ന മലയാള സിനിമ ജയസൂര്യ എന്ന നടനെ ആ സ്ഥാനത്തേക്ക് പരിഗണിച്ചിട്ടുണ്ടോ എന്നറിയില്ല. ഇല്ലെങ്കിൽ, ഇനിയെങ്കിലും അതിന് മുതിർന്നില്ലെങ്കിൽ ആ നടനോട് കാട്ടുന്ന വലിയ അനീതിയായിരിക്കും അത്. മറ്റു യുവനടന്മാരെ വാ തോരാതെ പുകഴ്ത്തുന്നവർ ജയസൂര്യ എന്ന നടനെ ഒഴിവാക്കുന്നതെന്തെന്നും വ്യക്തമല്ല. ‌വിക്കുള്ള കഥാപാത്രമായി അഭിനയിക്കുമ്പോൾ ഒാവർ അക്ടിങ് ആവാനുള്ള സാധ്യത വളരെക്കൂടുതലാണ്. എന്നാൽ ഒട്ടും ഒാവർ ആവാതെ മിതത്വം പാലിച്ചു ജയസൂര്യ സുധിയെ അവിസ്മരണീയമാക്കി.

ആദ്യ പകുതിയിലെ പുതുമുഖ നായികയായ സ്വാതിയും രണ്ടാം പകുതിയിൽ നിറഞ്ഞു നിൽക്കുന്ന ശിവദയും നായികമാരെന്ന ‘പേരിൽ’ മാത്രമൊതുങ്ങാതെ നല്ല പ്രകടനം തന്നെ കാഴ്ച വച്ചു. ഒപ്പം അജു വർഗീസ്, ടിജി രവി, കെപിഎസി ലളിത, മുത്തുമണി, ഇർഷാദ് അങ്ങനെ നീണ്ട അഭിനയ നിര മികച്ചു നിന്നു. മുകേഷായി തന്നെ എത്തിയ മുകേഷ് ‘അന്തസ്സിനൊത്ത’ പ്രകടനം കാഴ്ച വച്ചു. ബിജിപാലിന്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളും മികച്ചു നിന്നു. വിനോദ് ഇല്ലമ്പള്ളിയുടെ ഛായാഗ്രഹണം സുധിയുടെ ഭംഗിയും നേരത്തെ പറഞ്ഞ നിഷ്കളങ്കതയും വർധിപ്പിച്ചു.

ranjith-jayasurya

ചെറിയ ചെറിയ കുറവുകളുടെ പേരിൽ അവനവിനേലേക്കു തന്നെ ഒതുങ്ങേണ്ടി വന്നവരുടെ സിനിമയാണ് സുധീ വാത്മീകം. അങ്ങനെ പല കാരണങ്ങളാൽ ഒതുങ്ങിപ്പോകുന്നവരെ പരിചയമുണ്ടെങ്കിൽ പണം ഏറെ മുടക്കി കൗൺസിലിങ് സെന്ററുകളിൽ കൊണ്ടു പോകുന്നതിനു പകരം ഇത്തരം സിനിമകൾ കാണിക്കുകയാണ് വേണ്ടത്. ഒരു കൗൺസിലർക്കു പറഞ്ഞു കൊടുക്കാവുന്നതിലും പകർന്നു കൊടുക്കാവുന്നതിലും അധികമുണ്ട് സു സുവിൽ.

പ്രേമവും മൊയ്തീനും അന്തോണിയും പോലെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ചില ചിത്രങ്ങൾ ഇക്കൊല്ലം വന്നെങ്കിലും കുടുംബമായി കാണാവുന്ന, സന്തോഷിക്കാവുന്ന ഒരു നല്ല സിനിമ ഇറങ്ങിയിട്ട് നാളുകളായി. എന്നാൽ സു സു ആ അപവദാത്തിനുള്ള മറുപടിയാണ്. കുട്ടികളും കുടുംബവുമായി ധൈര്യമായി കാണാൻ പോകാവുന്ന, നിങ്ങളെ ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന, സന്തോഷിപ്പിക്കുന്ന, നിങ്ങൾക്ക് പ്രചോദനമാകുന്ന ഒരു കൊച്ചു ചിത്രം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.