Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേക്ഷകരുടെ സുൽത്താൻ; റിവ്യു വായിക്കാം

sultan-2

ഗോദയിലല്ല ജീവിതത്തോടാണ് സുൽത്താൻ മത്സരിക്കുന്നത്. കാളക്കൂറ്റന്റെ ചൂടും ചൂരും വാശിയുമുള്ള ഒരു സുൽത്താൻ. ഇടയ്ക്ക് അയാൾ നമ്മെ ആവേശത്തേരിലേറ്റും, പിന്നെ വികാരഭരിതരാക്കും ഇടയ്ക്കു ആർത്തു ചിരിപ്പിക്കും. എങ്കിലും ഒന്നുറപ്പ്, സിനിമ കണ്ടിറങ്ങുമ്പോൾ സുൽത്താൻ നിങ്ങളുടെ നെഞ്ചോടു ചേർന്നിട്ടുണ്ടാകും. വിജയ പരാജയങ്ങൾക്കിടയിലെ ഒരു ഗുസ്തിക്കാരന്റെ ജീവിതത്തിലേക്കാണു അലി അബ്ബാസ് സഫർ നമ്മെ കൊണ്ടു പോകുന്നത്.

ആക്ഷനും പ്രണയവും വികാരങ്ങളും സമം ചേർന്ന സൂപ്പർ ബ്ലോക്‌ബ്ലസ്റ്റർ ചിത്രം. ഇങ്ങനെ വിശേഷിപ്പിക്കാം സുൽത്താനെ. 170 മിനിട്ട് ദൈർഘ്യമുണ്ടെങ്കിലും സിനിമ ഒരിക്കലും പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്നില്ല. കഥയിലെ മികവും തിരക്കഥയുടെ കെട്ടുറപ്പുമാണ് പ്രേക്ഷകന്റെ സുല്‍ത്താനായി ഈ ചിത്രത്തെ മാറ്റുന്നത്.

sultan-3

സുൽത്താൻ അലി ഖാൻ‌ എന്നയാളുടെ ജീവിതത്തിലെ സംഭവബഹുലമായ മൂന്നു ഘട്ടങ്ങളെയാണ് സിനിമയിൽ ആവിഷ്കരിച്ചിരിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകനെ ആവേശഭരിതരാക്കുന്ന ചിത്രത്തിന് ആദ്യ പകുതി രണ്ടാം പകുതി എന്നൊരു വേർതിരിവ് പോലും സാധ്യമല്ല. ആസ്വാദനത്തിന്റെ രസച്ചരട് ഒരിടത്തു പോലും മുറിഞ്ഞു പോകുന്നില്ലെന്നത് തന്നെ കാരണം.

കൂട്ടുകാരോടൊപ്പം കൂട്ടു കൂടി കറങ്ങി നടന്ന് ജീവിതം ആഘോഷമാക്കുന്ന തനിനാട്ടുമ്പുറത്തുകാരനാണു സുൽത്താൻ. ജീവിതത്തെ പറ്റി ഒരു കാഴ്ച്ചപ്പാടും ഇല്ലാത്തയാൾ.  പട്ടണത്തിൽ നിന്നു പഠിച്ചു വന്ന ഗുസ്തി ചാമ്പ്യൻ ആർഫയോട് തോന്നുന്ന പ്രണയമാണ് സുൽത്താന്റെ ജീവിതം മാറ്റിയെഴുതുന്നത്. "ജീവിതത്തിൽ ഒരു ലക്ഷ്യവുമില്ലാത്ത കോമാളിക്ക് എന്നെ പ്രണയിക്കാൻ എന്ത് യോഗ്യത എന്ന" അർഫയുടെ ചോദ്യമാണ് അയാളുടെ ജീവിതത്തെ വഴിതിരിച്ചുവിടുന്നത്. പെട്ടന്നുള്ള സുൽത്താന്റെ മാറ്റങ്ങൾ അൽപം കടന്ന കൈയ്യായിപോയെങ്കിലും സിനിമയുടെ ഒഴുക്കിൽ പ്രേക്ഷകനത് മറന്നുപോകും.

sultan-1

സുൽത്താന്റെ ജീവിതത്തിൽ സംഭവിക്കുന്ന മറ്റൊരു മാറ്റത്തോടെയാണ് രണ്ടാം ഘട്ടം ആരംഭിക്കുന്നത്. ഗുസ്തി ഉപേക്ഷിച്ച് തന്നിലേയ്ക്കൊതുങ്ങുന്ന സുൽത്താനാണ് രണ്ടാം ഘട്ടത്തിലെത്തുന്നത്. അയാളുടെ ജീവിതത്തോട് തന്നെയുള്ള മത്സരമാണ് മൂന്നാം ഘട്ടം.  

ബജ്‍റംഗി ബായിജാൻ എന്ന സൂപ്പർഹിറ്റു ചിത്രത്തിനു ശേഷം സൽമാൻ ഖാൻ അഭിനയതീവ്രത കൊണ്ടു അതിശയിപ്പിക്കുന്ന ചിത്രം കൂടിയാണിത്. ഡ്യൂപ്പു പോലുമില്ലാതെ പൂർത്തിയാക്കിയ ഗുസ്തി രംഗങ്ങളിൽ ഒരു നടനപ്പുറം ശരിക്കും സൽമാനൊരു ഗുസ്തിക്കാരനായി മാറുന്നു. അത്രയേറെ ജീവസുറ്റ അഭിനയം. സല്‍മാന്‍ മാത്രമല്ല നായിക അനുഷ്ക ശർമയും വേഷം ഗംഭീരമാക്കി. മാസങ്ങൾ നീണ്ട പരിശീലനത്തിനു ശേഷമായിരുന്നു അനുഷ്കയും കാമറയ്ക്കു മുന്നിലെത്തിയത്.  ഒപ്പത്തിനൊപ്പം നിന്ന അഭിനയമായിരുന്നു അനുഷ്കയുടേതും.  സൽമാൻ–അനുഷ്ക കെമിസ്ട്രി അതിമനോഹരമായി സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നു. അവരുടെ പ്രകടനം തന്നെയാണ് സിനിമയുടെ ബലവും. സൽമാന്റെ സഹോദരനായി അഭിനയിച്ച അമിത് സദയും സുൽത്താന്റെ കോച്ചിന്റെ വേഷം അവതരിപ്പിച്ച രൺദീപ് ഹുഡയും ഒന്നിനൊന്നു മികച്ചത്.

sultan

സൂപ്പർതാരത്തിന്റെ ചിത്രമെന്നതിലുപരി സുൽത്താൻ സംവിധായകന്റെ സിനിമ കൂടിയാണ്. അർത്ഥഭരിതമായ സംഭാഷണങ്ങളും വികാരനിർഭരമായ നിമിഷങ്ങളും സുൽത്താനെ കൂടുതൽ പ്രിയങ്കരനാക്കുന്നുവെങ്കിൽ അതിന്റെ ക്രെഡിറ്റ് അലി അബ്ബാസ് സാഫിറിനുള്ളതാണ്. തഷൻ, ന്യൂയോർക്ക് തുടങ്ങിയ സിനിമകളുടെ സംവിധാന സഹായിയും മേരി ബ്രദർ കു ദുൽഹൻ, ഗൺഡേ എന്ന ചിത്രങ്ങളുടെ സംവിധായകനുമായ അലി അബ്ബാസ് സാഫിറിന്റെ സംവിധാന മികവ് എടുത്തു കാണിക്കുന്നുണ്ട് ചിത്രം. പ്രേക്ഷകന്റെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ചില സന്ദർഭങ്ങളുണ്ടെങ്കിലും അവ അലോസരപ്പെടുത്താത്തതും ഇതുകൊണ്ടു തന്നെ. രണ്ടാം പകുതിയും ക്ലൈമാക്സുമൊക്കെ പ്രെഡിക്റ്റബിൾ ആണെങ്കിലും സിനിമയെ അതു മോശമായി ബാധിക്കുന്നില്ല.

വിശാൽ ശേഖറിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും മികച്ചതു തന്നെ. പോളിഷ് കാമറമാൻ അർതുർ സുവാസ്കിയുടെ സിനിമാട്ടോഗ്രാഫിയും മികച്ചു നിൽക്കുന്നു. ശരിക്കും ഒരു ടീം വർക്കിന്റെ വിജയമാണ് സുൽത്താൻ. അഭിനേതാക്കളുടെ മികവും സംവിധായന്റെ കഴിവും തിരക്കഥയുടെ ബലവും കൂടിയപ്പോൾ പിറന്നത് ഒരു ബ്ലോക്ബ്ലാസ്റ്റർ തന്നെ. നൂറു കോടി ക്ലബിലാണോ അതോ റെക്കോർഡുകളെല്ലാം മറികടന്നാണോ സുൽത്താൻ വാഴാൻ പോകുന്നതു എന്നു കണ്ടറിയണം.

നിങ്ങൾക്കും റിവ്യു എഴുതാം...കേരളാ ടാക്കീസ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

Your Rating: