Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമാശയല്ല, കഥ പറയുംപോലൊരു പ്രണയമാണ് നിറയെ...

tamasha-review

‘ഒരിത്തിരി നേരം കൂടി നിൽക്കാമോ എന്റെയടുത്ത്? വല്ലാതെ മിടിക്കുന്നുണ്ട് എന്റെയീ ഹൃദയം. കുറച്ചുനേരമെങ്കിലും നീയടുത്തുണ്ടെങ്കിൽ തെറ്റിപ്പോയ ഇതിന്റെ താളമെനിക്കൊന്ന് വീണ്ടെടുക്കാമായിരുന്നു. നീയടുത്തുണ്ടെങ്കിൽ മാത്രം...’

ആദ്യമായി ആ പെൺകുട്ടിയെ കാണുമ്പോൾ അവൻ അവളോടു പറഞ്ഞത് ഒരു നുണയായിരുന്നു. അല്ല, ഒരു കഥ. അല്ലെങ്കിൽത്തന്നെ കുട്ടിക്കാലം മുഴുവൻ കഥകളുടെ ചിറകിലേറി പറന്ന അവന് അങ്ങനെയേ പറയാൻ പറ്റുമായിരുന്നുള്ളു. അവനവളോട് പേരൊന്നും പറഞ്ഞില്ല. മറിച്ച് ഇങ്ങനെ പരിചയപ്പെടുത്തി: ‘മേം ഹൂം ഡോൺ...’ ഇന്റർപോളിനെ വെട്ടിച്ച് ഫ്രാൻസിലെ കോർസിക്കയിലേക്ക് കടന്നതാണവൻ. അവളും പറഞ്ഞു–‘ഞാനും അധോലോകത്തു നിന്നാണ്, മോന. ഇന്ത്യയിൽ നിന്ന് മുങ്ങിയതാണ്...’

പരസ്പരം പേരു പോലും പറയാതെ, നുണകൾ മാത്രംപറഞ്ഞ് അവരങ്ങനെ കോർസിക്ക മുഴുവൻ ചുറ്റാൻ തുടങ്ങി. ഏഴുദിന രാത്രങ്ങൾ. ഒരുനാൾ രാവിലെ ഒന്നും പറയാതെ പോകണമെന്നു കരുതിയതാണവൾ. പക്ഷേ തിരികെപ്പോയി. അവനെ കണ്ടു, ചുണ്ടോടു ചുണ്ടു ചേർത്തു. ഇനിയൊരിക്കലും കാണില്ലെന്നു പറഞ്ഞു. യാത്രയായി. എന്നിട്ടും അവർ പരസ്പരം കണ്ടു. നാലു വർഷങ്ങൾക്കു ശേഷം. അക്കാലത്തിനിടെ ‘ഡോൺ’ വേദ് വർധൻ സാഹ്നിയായി മാറി. ഡോണിന്റെ അധോലോക കൂട്ടുകാരി മോനയാകട്ടെ താര മഹേശ്വരിയായും.

tamasha-movie

ബോളിവുഡിലെ മസാലക്കൂട്ടത്തിനൊപ്പമോ അതോ ബുദ്ധി കൊണ്ട് സിനിമ നിർമിക്കുന്നവരുടെ കൂട്ടത്തിലോ? എതിൽ ഉൾപ്പെടുത്തും ഇംതിയാസ് അലിയെ എന്നു പറയാൻ ബുദ്ധിമുട്ടാണ്. ഇപ്പറഞ്ഞ ബോളിവുഡ് പതിവുകളെല്ലാം ഇംതിയാസിലുണ്ട്. എല്ലാവരും പറയുന്ന പ്രണയമാണ് പറയാറുമുള്ളത്. പക്ഷേ അതിലെല്ലാം തനതായ ഒരു ശൈലി കാത്തുസൂക്ഷിക്കുന്നുണ്ട് അദ്ദേഹം. അത് പലർക്കും ദഹിക്കാത്തതാണ്–വൈകാരികതയുടെ തീച്ചൂളയിലിട്ട് കഥാപാത്രങ്ങളെ വട്ടംകറക്കുന്ന ഒരുതരം ഭ്രാന്തൻ രീതി. അതുപക്ഷേ ജബ് വി മെറ്റിൽ കാണാൻ പറ്റില്ല. തുടർന്നു വന്ന ലവ് ആജ് കലിലും റോക്ക് സ്റ്റാറിലും ഹൈവേയിലും പക്ഷേ വ്യക്തമായിരുന്നു. ഏറ്റവും പുതിയ ചിത്രമായ ‘തമാശ’യിലും ഇംതിയാസ് വഴിമാറിയിട്ടില്ല.

ranbir-deepika

ഇത്തവണ പക്ഷേ തന്റെ മുൻചിത്രങ്ങളുടെയെല്ലാം ഒരു ആകെത്തുകയാണ് അദ്ദേഹം ‘തമാശ’യായി മാറ്റിയിരിക്കുന്നത്. ചിലപ്പോഴൊക്കെ ചിത്രത്തിലെ നായകൻ രൺബീർ കപൂറിന്റെ മുൻചിത്രങ്ങളായ വെയ്ക്ക് അപ് സിദ്, യേ ജവാനി ഹേ ദിവാനിയെയൊക്കെപ്പോലും തമാശ ഓർമിപ്പിച്ചെക്കാം. പക്ഷേ ഇതെല്ലാം പറഞ്ഞ് വെറുതെ തള്ളാനുള്ളതല്ല ഈ ചിത്രം. മറിച്ച് കഥയിൽ മാത്രമേയുള്ളൂ സാമ്യം, ആ കഥ പറഞ്ഞിരിക്കുന്ന രീതി തനി ഇംതിയാസ് സ്റ്റൈലാണ്. ഈ സംവിധായകന്റെ ചിത്രങ്ങളോട് ഒരു പ്രത്യേക പ്രേമം മനസിൽ സൂക്ഷിക്കുന്നവർക്ക് വിരുന്നായിരിക്കും ‘തമാശ’. രചനയിലും സംവിധാനത്തിലും അത്രമാത്രം വൈവിധ്യങ്ങളാണ് അദ്ദേഹം കാത്തുവച്ചിരിക്കുന്നത്. എന്നാൽ പ്രണയത്തിന്റെയും ജീവിതത്തിന്റെയും തിരശീലയിലെ ആഘോഷം പ്രതീക്ഷിച്ചെത്തുന്നവരെ തമാശ നിരാശപ്പെടുത്തിയേക്കാം.

രൺബീർ കപൂർ–ദീപിക പദുക്കോൺ ജോഡിയുടെ വെള്ളിത്തിരയിലെ കൂട്ടുകെട്ട് സൂപ്പർ ഹിറ്റാണ്. അതിവിടെ തുടരുന്നുമുണ്ട്. അഭിനയത്തിൽ ഇരുവരും ഒരുപടി മുന്നിലേക്കു തന്നെയാണ് നടപ്പ്. ക്ലോസ് അപ് ഷോട്ടുകളാൽ നിറയുന്ന ‘തമാശ’യിലെ ഭൂരിപക്ഷം സീനുകളിലും കാഴ്ചാസൗന്ദര്യത്തിലും അഭിനയത്തിലും ഇരുവരും തമ്മിലുള്ള ‘രസതന്ത്രം’ അതിന്റെ മുഴുവൻ സിനിമാറ്റിക് ഭംഗിയോടെ പ്രേക്ഷകനു മുന്നിലെത്തുന്നു. ഇവിടെ ‘യേ ജവാനി’യും ‘ബച്നാ യേ ഹസീനോ’യുമെല്ലാം സമ്മാനിച്ച കഥാപാത്രആവർത്തനത്തിന്റെ ബാധ്യത ഒഴിപ്പിച്ചെടുക്കേണ്ട ചുമതല പോലുമുണ്ടായിരുന്നു ഇരുവർക്കും. തന്റെ ഇഷ്ടപ്രകാരമല്ലാതെ മറ്റുള്ളവർക്കു വേണ്ടി ജീവിക്കാൻ തയാറാകുന്ന ചെറുപ്പക്കാരന്റെ റോളുകൾ ഒട്ടേറെ നാളുകളായി കൊണ്ടുനടക്കുന്ന രൺബീറിനു തന്നെയായിരുന്നു അക്കാര്യത്തിൽ പേടിക്കേണ്ടിയിരുന്നതും. ആവർത്തനം പരമാവധി ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും ചിത്രത്തിന്റെ അവസാന സീനിലെ രൺബീറിന്റെ നീളൻ കഥപറച്ചിലൊക്കെ എത്ര പേർക്ക് ദഹിക്കുമെന്ന് കണ്ടുതന്നെയറിയണം. പക്ഷേ സ്വപ്നം കാണുന്ന ജീവിതത്തെ മാറ്റിവച്ച് പല സാധാരണക്കാരെയും പോലെ ഇഷ്ടമില്ലാത്ത ജോലിയുടെ കോമാളി വേഷവും കെട്ടി നടക്കേണ്ടി വരുന്നവന്റെ വ്യഥകൾ മുഴുവൻ രൺബീറിന്റെ അഭിനയത്തിൽ ഭദ്രമായിരുന്നു.

tamasha

ഇതിനെല്ലാം ഒപ്പം എടുത്തുപറയേണ്ടത് രവി വർമന്റെ ഛായാഗ്രഹണമാണ്. ഒരു യാത്രയിൽ മനുഷ്യൻ മാത്രമല്ല കാടും കാറ്റും ഇലകളും പോലും കഥാപാത്രങ്ങളാകുന്നതെങ്ങനെയൊന്നു കാണിച്ചു തരും അദ്ദേഹം. അതിന് കൂട്ടായി കോർസിക്ക, സിംല, കൊൽക്കത്ത, ഡൽഹി എന്നിവിടങ്ങളിലെ കിടിലൻ ലൊക്കേഷനുകളും. രവി വർമന്റെ ക്യാമറയിലൂടെ കാണുമ്പോൾ എന്തോ, എല്ലാറ്റിനും ഭംഗി മാത്രമേയുള്ളൂ. പതിവുപോലെ ആഘോഷത്തിന്റെ ആവേശവും പ്രണയത്തിന്റെ കൊല്ലുന്ന വേദനയും സമ്മാനിച്ച് എ.ആർ.റഹ്മാന്റെ സംഗീതവുമുണ്ട്. ഇർഷാദ് കാമിലിന്റെ വരികൾ പോലും ചിലപ്പോഴൊക്കെ ഇമ്പമുള്ള ഒരു തിരക്കഥ രചിക്കുന്നതുപോലെ. ആര്തി ബജാജാണ് ‘തമാശ’യുടെ എഡിറ്റിങ്.

പേരുപോലെ വെറും തമാശയല്ല ഈ സിനിമ. ചിത്രത്തിന്റെ ഒരു ഘട്ടത്തിൽ തന്റെ കൈവിടുവിച്ച് നടന്നകലാൻ ശ്രമിക്കുന്ന വേദിനെ തടയുന്നുണ്ട് താര. കൈവിടുവിച്ച് പോകാൻ ശ്രമിക്കുമ്പോഴൊക്കെ പിന്നെയും പിന്നെയും അവന്റെ കഴുത്തിൽ കൈകൾ ചുറ്റിവരിഞ്ഞ് തന്നിലേക്കടുപ്പിക്കുകയായിരുന്നു അവൾ. ഇത്രമാത്രം തീവ്രതയോടെ ഒരു പ്രണയിനി അവളുടെ പ്രിയപ്പെട്ടവനെ ചേർത്തു നിർത്തുന്നത് അടുത്ത കാലത്തൊന്നും ഒരു ചിത്രത്തിലും കാണാൻ കഴിഞ്ഞിട്ടില്ല. പതിയെ, ഒരുവാക്കുപോലും മിണ്ടാനാകാതെ കണ്ണുനീർ കൊണ്ടു മാത്രം പ്രേക്ഷകനോട് സംസാരിക്കുന്നുണ്ട് അന്നേരം വേദും താരയും. വേണമെങ്കിൽ നമുക്കും അവർക്കൊപ്പം ചേരാം. ഇരുട്ടിലിത്തിരി നേരം കരയാം. അല്ലെങ്കിൽ അത്രയൊക്കെ അവിടെ സംഭവിച്ചിട്ടും അവരെയൊന്നു നോക്കാൻ പോലും തയാറാകാതെയിരിക്കുന്ന ആ റസ്റ്ററന്റിലെ മറ്റു കാഴ്ചക്കാരെപ്പോലെ ‘യേ ക്യാ തമാശ ഹേ യാർ...’ എന്ന നിസ്സഹായതയോടെ തിയേറ്റർ വിട്ടിറങ്ങാം...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.