Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തനുവും കൊള്ളാം മനുവും കൊള്ളാം

tanu-weds-manu-returns

നാലുവർഷങ്ങൾക്കു ശേഷം തനുജ് ത്രിവേദിയും (കങ്കണ റണൗട്ട്) മനുശർമ്മയും (മാധവൻ) വീണ്ടും എത്തി. അവരോടൊപ്പം രാജാ അവസ്തിയും പാപ്പിയും പായലും ജാസിയുമെല്ലാം ഉണ്ടായിരുന്നു. ഇവരെയെല്ലാം വീണ്ടും ഒന്നിപ്പിച്ച് സംവിധായകൻ ആനന്ദ്‌ലാൽ റായിയും. 2011ൽ പുറത്തിറങ്ങിയ തനു വെഡ്സ് മനു പറഞ്ഞു തന്നത് വിഭിന്ന സ്വഭാവമുള്ളവർ പ്രണയിച്ച് വിവാഹിതരാകുന്ന കഥയായിരുന്നു. എല്ലാ പ്രണയസിനിമകളെയും പോലെ ശുഭം എന്ന് എഴുതികാണിച്ച് തനുവും മനുവും ലണ്ടനിലേക്ക് പോയി.

തനു വെഡ്സ് മനുവിന്റെ അവസാനം കണ്ട പ്രേക്ഷകർക്ക് അന്നു തന്നെ ആകാംഷയുണ്ടായിരുന്നു തലതിരിഞ്ഞപെണ്ണായ തനുവും ശാന്തസ്വഭാവക്കാരനായ മനുവും വിവാഹജീവിതത്തിൽ എങ്ങനെയായിരിക്കുമെന്ന്. തനുവിന്റെ സ്വഭാവം അനുസരിച്ച് എന്തായാലും വഴക്ക് ഉണ്ടാകുമെന്ന് തനു വെഡ്സ് മനു കണ്ടിറങ്ങിയ പ്രേക്ഷകർ പറഞ്ഞിരുന്നു. പറഞ്ഞതു പോലെ തന്നെ സംഭവിച്ചു തനു വെഡ്സ് മനു റിട്ടേൺസ് തുടങ്ങുന്നതു തന്നെ തനുവിന്റെയും മനുവിന്റെയും വഴക്കിലാണ്. നാലുവർഷത്തെ വിവാഹജീവതം ഇരുവർക്കും ഇടയിലെ പ്രണയം നഷ്ടമാക്കി. വഴക്കും വക്കാണവുമായി രണ്ടുപേരും നാട്ടിലേക്ക് തിരികെ എത്തുന്നു.

തനുവിനെ ഇനി സഹിക്കാൻ വയ്യേ എന്നു പറഞ്ഞ് മനു ഡിവോഴ്സ്പേപ്പർ അയക്കുന്നു. എന്നാൽ തനു പോയതിനു ശേഷം മനുവിന്റെ ജീവിതത്തിലേക്ക് തനുവിനെപ്പോലെ തന്നെയുള്ള വിദ്യാർഥിയായ കുസും വരുന്നു. തനുവിൽ എന്തെല്ലാം മനു പ്രതീക്ഷിച്ചോ അതെല്ലാമായിരുന്നു കുസും. പക്ഷെ കഥയുടെ അവസാനം മനു മനസ്സിലാക്കും കണ്ടാൽ ഒരുപോലെ ആണെങ്കിലും തനുവിനെക്കാൾ നല്ലത് കുസും ആണെങ്കിലും തനുവിനെപ്പോലെ തനു മാത്രമേയൊള്ളൂ എന്ന്.

tanu-weds-manu-images

യഥാർഥത്തിൽ കങ്കണയുടെ ചിത്രമാണിത്. മഹലിലെ പഴയ ബാറ്റസ്മാൻ തനുവായും ടോംബോയിയായ കുസുമായും കങ്കണ തിളങ്ങി. ഡൽഹിയിലെ നാട്ടുഭാഷ കുസുമിന്റെ നാവിന് വഴങ്ങിയത് ആനായാസമായിട്ടാണ്. ശരീരചലനങ്ങളിലും നോട്ടത്തിലും രീതികളിലുമെല്ലാം തനുവും കുസുമും വേറിട്ടു നിന്നു ഓരേ ആളുതന്നെയാണോ രണ്ടു കഥാപാത്രങ്ങളെയും ഒരുസിനിമയിൽ അഭിനയിച്ചിരിക്കുന്നതെന്ന് പ്രേക്ഷകന് പലപ്പോഴും സംശയം തോന്നും. കാരണം കങ്കണ എന്ന ഒറ്റ വ്യക്തിയെ അല്ല നമ്മൾ സ്ക്രീനിൽ കാണുന്നത്. തനും കസും എന്ന രണ്ടു വ്യക്തികളെയാണ്. തനുവായും കുസുമായുമുള്ള കങ്കണയുടെ പരകായ പ്രവേശം അത്ര മികച്ചതായിരുന്നു.

സിനിമയിലെ യഥാർത്ഥ ക്യൂൻ കങ്കണ തന്നെ. കങ്കണയുടെ പ്രഭാവത്തിൽ മാധവന് അൽപ്പം തിളക്കം മങ്ങിയെങ്കിലും പഴയ മനുശർമ്മയെ വീണ്ടും കാണാൻ സാധിച്ചതിൽ പ്രേക്ഷകനും സന്തോഷിക്കാം. വർഷങ്ങൾക്ക് ശേഷവും മനുശർമ്മയുടെ സ്വീറ്റ് ആൻഡ് ക്യൂട്ട് ചിരിക്ക് ഒരുമാറ്റവും ഇല്ല. അതോടൊപ്പം പഴയ സിനിമയിൽ കണ്ട ഉൾനാടൻ ഗ്രാമീണജീവിതവും വീണ്ടും അതേ നൈർമല്യത്തോടെ സംവിധായകന് പുനരാവിഷ്കരിച്ചിട്ടുണ്ട്. പണ്ടു കണ്ട ഓരോ കഥാപാത്രവും ഇതിലും മികച്ചു തന്നെ നിൽക്കുന്നു. പ്രത്യേകിച്ചും പഴയ വില്ലൻ രാജാ.

Tanu Weds Manu Returns | Official Trailer

ഏറ്റവും പ്രിയപ്പെട്ടത് നഷ്ടപ്പെടാൻ പോകുമ്പോഴുള്ള വിഷമം, ചെറിയ പ്രശ്നങ്ങളുണ്ടാക്കി നഷ്ടപ്പെടുത്തുന്നത് ഏറ്റവും വിലപ്പെട്ടതാണെന്ന് മനസ്സിലാക്കുമ്പോഴുള്ള കുറ്റബോധം, വഴക്കിടേണ്ടിയിരുന്നില്ലെന്ന ചിന്തയുമൊക്കെ പരസ്പരം വഴക്കടിച്ച് ജീവിതം നരകമാക്കുന്ന ദമ്പതികളിൽ ഉണ്ടാക്കുന്ന ചിത്രമാണ് മനു വെഡ്സ് തനു റിട്ടേൺസ്. രണ്ടു മണിക്കൂർ ചിരിപ്പിക്കുന്നതോടെ ഒരുപാടു ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ് ഈ ചിത്രം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.