Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വില്ലന്‍ നായകനാകുന്ന ‘തനി ഒരുവന്‍’

thani-oruvan-review

ജയം രവിയുടെ സമീപകാല ചിത്രങ്ങൾ കണ്ടവരാരും വീണ്ടും ഒരു സിനിമയ്ക്കു അറിഞ്ഞു കൊണ്ടു തല വയ്ക്കില്ല. അത്രയ്ക്കു മോശം പ്രകടനമായിരുന്നു ചിത്രങ്ങൾ ബോക്സോഫീസിൽ കാഴ്ച വച്ചത്. എന്നാൽ ആരാധകരെയും സാധാരണ പ്രേക്ഷകരെയും ഒരു പോലെ ഞെട്ടിക്കുന്നതാണു രവിയുടെ പുതിയ ചിത്രമായ തനി ഒരുവൻ.

ജയം രവിയും നയൻതാരയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ അരവിന്ദ് സ്വാമിയുടെകിടിലൻ വില്ലൻ വേഷവും പ്രേക്ഷകരെ കാത്തിരിക്കുന്നു. ‘രഘുവനെ നിങ്ങള്‍ വില്ലനായേ കണ്ടിട്ടുള്ളൂ, ഹീറോ ആയി കണ്ടു നോക്കൂ’ എന്നു ധനുഷ് പറയുന്നതുപോലെ, അരവിന്ദ് സ്വാമിയുടെ സിദ്ധാര്‍ത്ഥ് അഭിമന്യു എന്ന വില്ലന്‍ നിങ്ങളെ കോരിത്തരിപ്പിക്കും.

nayanthara-jayam-ravi

നായകനൊപ്പം നിൽക്കുന്ന എന്നാൽ ചില സ്ഥലങ്ങളിൽ നായകനെ കടത്തിവെട്ടുന്ന സ്റ്റൈലിഷായ വില്ലനായി അരവിന്ദ് സ്വാമിയുടെ സിദ്ധാർത്ഥ് അഭിമന്യു തിളങ്ങുന്നു. ഐപിഎസ് ട്രെയിനിങ് സമയത്തു തന്നെ സമൂഹത്തിലെ തിൻമകൾക്കെതിരെ പോരാടുന്നവരാണു ജയം രവിയും മറ്റു നാലു പേരും. എല്ലാ ചെറിയ ക്രൈമുകൾക്കു പുറകിലും വലുതായ മറ്റെന്തോയുണ്ടെന്ന തോന്നലാണു മിത്രൻ ഐപിഎസിനെ (ജയം രവി) മുന്നോട്ടു നയിക്കുന്നത്. ‘നിങ്ങളുടെ ശത്രുവാരാണെന്നു പറയൂ, നിങ്ങൾ എത്രത്തോളം ശക്തനാണെന്നു ഞാൻ പറയാം’ എന്ന ആപ്തവാക്യത്തിൽ വിശ്വസിക്കുന്ന മിത്രൻ പല ചെറിയ സംഭവങ്ങളെയും തമ്മിൽ ബന്ധിപ്പിച്ചു അവയുടെ പിന്നിൽ മറഞ്ഞിരിക്കുന്ന രഹസ്യഉദ്ദേശങ്ങളെയും വൻതോക്കുകളെയും കണ്ടെത്തുന്നു.

കൂട്ടുകാരൊടൊപ്പം ഒാരോ കണ്ണികളുടെയും ചരിത്രം പരിശോധിക്കുന്ന മിത്രൻ ചെന്നു നിൽക്കുന്ന അവസാന പേരാണ് സിദ്ധാർത്ഥ് അഭിമന്യു. ഏറ്റവും ശക്തനായ എതിരാളിയെ തേടിയിരുന്ന മിത്രനു ലഭിക്കുന്ന സിദ്ധാർത്ഥ് അറിയപ്പെടുന്ന ശാസ്ത്രജ്ഞനും ബിസിനസ്മാനുമാണ്.ജനറിക് മരുന്നുകളുടെ വിൽപന തടയാൻ രാജ്യാന്തര ഗൂഡാലോചന നടത്തുന്ന സംഘത്തിന്റെ അമരക്കാരനാണ് സിദ്ധാർത്ഥ്.സിദ്ദാർത്ഥിനെ കുടുക്കാൻ എല്ലാ വഴികളും തേടുന്ന മിത്രൻ വൈകാതെ താൻ തേടുന്നയാൾ തന്റെ പിന്നാലെയാണെന്നു തിരിച്ചറിയുന്നു. ഒന്നിനു പുറകെ ഒന്നായി ട്വിസ്റ്റുകളുള്ള ചിത്രത്തിന്റെ രണ്ടാം പകുതി ശരിക്കും ഒരു റേസാണ്.

mohan-raja-aravind

കൂർമ്മ ബുദ്ധിയുള്ള രണ്ടു പേർ തമ്മിലുള്ള മൽസരം പ്രേക്ഷകർക്കു വിരുന്ന് ഒരുക്കുന്നു. ജയം രവിയുടെ കാമുകിയായി എത്തുന്ന മഹിമ (നയൻ താര) നിരാശപ്പെടുത്തുന്നില്ല. പതിവു ഗ്ലാം ഡോൾ വേഷങ്ങൾക്കിടയിൽ കുറച്ചെങ്കിലും കഥയുള്ള നായികയാണു നയൻസ് ഇത്തവണ. തമ്പി രാമയ്യ, നാസർ, ഗണേഷ് വെങ്കിട്ടരാമൻ, മുഗ്ദ ഗോഡ്സെ,വംശി കൃഷ്ണ എന്നിവരാണു ചിത്രത്തിലെ മറ്റു താരങ്ങൾ. സമീപകാലത്തു തമിഴിലിറങ്ങിയ പൊലീസ് സ്റ്റോറികളിൽ ഏറെ വ്യത്യസ്തത പുലർത്തുന്ന സിനിമയാണ് തനിഒരുവൻ.

Thani Oruvan - Official Trailer | Jayam Ravi, Nayanthara, Arvind Swamy

അരവിന്ദ് സ്വാമിയുടെ ഗംഭീര മടങ്ങി വരവ് ആഘോഷിക്കുന്ന ചിത്രം ചെറിയ തെറ്റുകൾ മാറ്റി നിർത്തിയാൽ ആസ്വദിക്കാവുന്ന ഒന്നാണ്. ജയം രവിയുടെ സഹോദരൻ സംവിധായകൻ മോഹൻ രാജയുടെ ഇതുവരെയുള്ളതിൽ മികച്ച ചിത്രവും ഇതായിരിക്കും. ജയത്തിനും സന്തോഷ് സുബ്രഹ്മണ്യത്തിനു ശേഷം ഒരു ജയം രവി ചിത്രം നേടുന്ന ഏറ്റവും മികച്ച ഒാപ്പണിങ് വീക്ക് കലക്ഷനുമായാണു തനി ഒരുവൻ മുന്നേറുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.