Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതു നാട്ടിലെ ടാർസൻ; റിവ്യു വായിക്കാം

tarzan

കാട്ടിലെ ടെർമിനേറ്റർ എന്ന് ടാർസനെ വിശേഷിപ്പിക്കാം. കാടിന്റെ വന്യതയോടു പടവെട്ടി ജീവിക്കുന്ന ഇതിഹാസം. എഡ്ഗാര്‍ റൈസ് ബാറോസ് നൂറിലേറെ വര്‍ഷം മുന്‍പു സൃഷ്ടിച്ച ടാര്‍സന്‍ എന്ന സാങ്കല്‍പ്പിക കഥാപാത്രത്തെ പലവട്ടം പലരും പുനരാവിഷ്കരിച്ചിട്ടുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തേതാണ് ‍ഡേവിഡ് യേറ്റ്സിന്റെ ദ് ലെജൻഡ് ഓഫ് ടാർസൻ എന്ന സിനിമ.

THE LEGEND OF TARZAN - Official Trailer 2

എന്നാൽ കഥകളിൽ വായിച്ചും അനുഭവിച്ചുമറിഞ്ഞ അതേ ടാർസനാണ് അഭ്രപാളികളിലെത്തുന്നതെന്നു കരുതരുത്. കാടിന്റെ സ്വതസിദ്ധമായ നിഗൂഢതകളോടും നീതിശാസ്ത്രത്തോടുമാണ് ആ ടാർസൻ പൊരുതിയതെങ്കിൽ ഇവിടെ ഡേവിഡ് യേറ്റ്സ് സൃഷ്ടിച്ച ടാർസൻ മനുഷ്യന്റെ കുടിലതയ്ക്കെതിരെയാണ് പോരാടുന്നത്.

tarzan

ടാർസനെന്നു കേൾക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്ന ഒരു ചിത്രമുണ്ട്. ആനയോടും സിംഹത്തോടും വരെ പടവെട്ടി പരുവപ്പെട്ട രൂപം. എന്നാൽ ദ് ലെജൻഡ് ഓഫ് ടാർസൻ ആവിഷ്കരിക്കുന്നത് ടാർസന്റെ മറ്റൊരു മുഖമാണ്. ടാർസന്റെ വ്യക്തിജീവിതവും അയാൾക്ക് നേരിടേണ്ടിവരുന്ന പ്രതിസന്ധികളുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. അതായത് കാട്ടുമൃഗങ്ങളോട് ഏറ്റുമുട്ടുന്ന ക്ലീഷെ ടാർസനെയല്ല മറിച്ച് വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളെ നേരിടുന്ന ടാർസനെയാണ് ചിത്രത്തിൽ കാണാനാകുക.

jane

ടാർസൻ എന്ന ജോൺ ക്ലെയ്‌ട്ടൻ രണ്ടാമൻ, ഭാര്യ ജെയ്‌നുമൊത്ത് കാടുപേക്ഷിച്ച് ഇംഗ്ലണ്ടിൽ ജീവിതമാരംഭിച്ചിരിക്കുന്നു. ഗ്രേസ്‌റ്റോക്ക് കൊട്ടാരത്തിലെ ഇളമുറ രാജാവാണ് അയാൾ. അക്കാലത്താണ് ആഫ്രിക്കൻ കോംഗോ വിഭജിക്കപ്പെടുന്നതും അവിടെയുള്ള അമൂല്യമായ ധാതുസമ്പത്ത് രാജാവ് ലിയോപോൾഡ് കൈവശപ്പെടുത്തുന്നതും. അങ്ങനെ അടിമത്തവും അരാജകത്വവും ആഫ്രിക്കയെ നാശത്തിലേക്കു നയിക്കുന്നു. കാടുവെട്ടിപ്പിടിക്കാൻ രാജാവ് അയയ്ക്കുന്ന ക്യാപ്റ്റൻ ലിയോൺ റോമിന് കാര്യങ്ങള്‍ കൂടുതൽ എളുപ്പമാക്കാൻ അയാൾ തേടുന്നത് ആഫ്രിക്കയുടെ ദത്തുപുത്രനായ ടാർസനെയാണ്. അങ്ങനെ ടാർസൻ വീണ്ടും കാട്ടിലെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

ഹാരിപോട്ടർ സിനിമകളിലൂടെ പ്രശസ്തനായ സംവിധായകൻ ഡേവിഡ് യേറ്റ്സ് ആണ് സംവിധാനം. പുതുമയാർന്ന സംവിധാന ശൈലിയും ആവിഷ്കാരരീതിയും സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. ഭീതിപ്പെടുത്തുന്നതോ അശ്ലീലമോ ആയതൊന്നും ചിത്രത്തിലില്ല.

tarzan

ചിത്രത്തില്‍ ടാര്‍സനായി വേഷമിട്ടത് അലക്‌സാണ്ടര്‍ സ്‌കാര്‍സ്ഗഡാണ്. ആകാരഭംഗിയിലും സൗന്ദര്യത്തിലും ടാർസനെ വരച്ചുവച്ചതുപോലെ വേഷം അലക്‌സാണ്ടര്‍ ഗംഭീരമാക്കി. ആഫ്രിക്കന്‍ കാടുകളുടെ ഉള്ളറിഞ്ഞ് ചലിക്കുന്ന ക്യാമറ ചെയ്തിരിക്കുന്നത് ഹെൻറി ബ്രഹാം ആണ്. റൂബെർട്ട് ഗ്രെഗ്സൺ–വില്യംസിന്റെ പശ്ചാത്തല സംഗീതം ടാർസന്റെ മുതൽക്കൂട്ടാണ്.

waltz

ജെയ്‌ൻ ആയി അഭിനയിക്കുന്ന മാര്‍ഗരറ്റ് റോബിയാണ് ചിത്രത്തിന്റെ മറ്റൊരു ആകർഷണം. രൂപത്തിലും ഭംഗിയിലും മാർഗരറ്റ് മികച്ചുനിൽക്കുന്നു. ജോര്‍ജ് വാഷിങ്ടൻ ആയി എത്തിയ സാമുവല്‍ ജാക്‌സണ്‍ തന്റെ വേഷം മനോഹരമാക്കി. വില്ലനായ ലിയോണ്‍ റോമിന്റെ വേഷത്തിലെത്തിയ ക്രിസ്‌റ്റഫർ വാള്‍സ് തകര്‍ത്തെന്നുതന്നെ പറയാം. സ്പെക്ടറിലെ വില്ലൻ വേഷത്തേക്കാൾ ഒരുപടി മുകളിലാണ് റോം എന്ന കഥാപാത്രം.

samuel-alexander

പ്രേക്ഷകർക്ക് ഊഹിക്കാവുന്ന കഥാസന്ദർഭം, പ്രധാനകഥയിൽനിന്നു മാറി വരുന്ന ചില രംഗങ്ങൾ, തിരക്കഥയുടെ അച്ചടക്കമില്ലായ്മ, പലയിടത്തും ശരാശരി നിലവാരം മാത്രമുള്ള വിഎഫ്എക്സ് ഇവയൊക്കെ സിനിമയുടെ കുറവുകളായി തോന്നി. ഇത്ര വലിയൊരു കഥാപാത്രത്തെ വലിയൊരു കാൻവാസിൽ അവതരിപ്പിക്കുമ്പോൾ കുറച്ചുകൂടി ശ്രദ്ധിക്കാമായിരുന്നു.

ഇടക്കിടെ ഇഴഞ്ഞു നീങ്ങിയും ബോറടിപ്പിച്ചും ചിത്രം നിരാശപ്പെടുത്തുന്നുണ്ട്. ടാർസൻ കഥകളിലെ വായനാസുഖം കാഴ്ചകളിലൂടെ സിനിമ തന്നോ എന്നതും സംശയം. എന്നിരുന്നാലും ജംഗിള്‍ ബുക്ക്, ഹാരിപോട്ടർ സിനിമകൾ പോലെ കുട്ടികൾക്കും മുതിർന്നവർക്കും ഈ ചിത്രം ഇഷ്ടപ്പെടുമെന്ന് തീർച്ച.

Your Rating: