Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഴയ വിജയ്; പുതിയ ‘തെറി’

theri-review

അച്ഛന് വേണ്ടി പ്രതികാരത്തിന് ഇറങ്ങുന്ന മകൻ, അനിയത്തിക്കായി പോരാടുന്ന ചേട്ടൻ, കാമുകിയെ വില്ലനിൽ നിന്നും സംരക്ഷിക്കുന്ന കാമുകൻ ഇത്തരം സ്ഥിരം വിജയ് ഫോർമുലകള്‍ കോർത്തിണക്കി ഒരുക്കിയിരുന്ന ഒന്നാന്തരം ഇളയദളപതി ചിത്രം. പുതുമകളൊന്നും അവകാശപ്പെടാനില്ലെങ്കിലും മാസ് എന്റർടെയ്നർ പ്രതീക്ഷിച്ചുപോകുന്ന പ്രേക്ഷകനെ ഈ ചിത്രം നിരാശനാക്കില്ല.

പുലി എന്ന പാളിപ്പോയ പരീക്ഷണത്തിൽ നിന്ന് തെറിയിലെത്തുമ്പോൾ വിജയ് വീണ്ടും പഴയ കുപ്പിയിലേക്ക്. രാജാ റാണിയിലൂടെ യുവസംവിധായകരിൽ മികവുറ്റ സംവിധായകനെന്ന് പേരെടുത്ത അറ്റ്‍ലി തെറിയിലൂടെ വിജയ് ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്തുന്ന ചിത്രം നൽകുന്നു.

ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നാണ് തെറി ആരംഭിക്കുന്നത്. കേരളത്തിലെ ഒരു ചെറിയ പട്ടണത്തിൽ ബേക്കറിക്കച്ചവടം നടത്തുകയാണ് ജോസഫ് കുരുവിള. ആറുവയസുകാരി മകൾ നിവിയാണ് ജോസഫിന് ഈ ലോകത്ത് ഏറ്റവും പ്രിയപ്പെട്ടത്. സന്തോഷത്തോടെ പോകുന്ന ഇരുവരുടെയും ജീവിതത്തിൽ ചെറിയൊരു പ്രശ്നമുണ്ടാകുന്നു. എന്നാൽ ആ പ്രശ്നം കൊണ്ടെത്തിക്കുന്നത് ജോസഫ് കുരുവിള എന്ന വിജയ്കുമാറിന്റെ ഫ്ലാഷ്ബാക്കിലേക്കാണ്.

പറഞ്ഞു പഴകിയ പൊലീസ്കഥ തന്നെയാണ് തെറിക്കും പറയാൻ ഉള്ളത്. ഫ്ലാഷ്ബാക്കിൽ ഒരു പ്രതികാരവും ക്രൂരനായ വില്ലനും. അവിടെയും ഇവിടെയുമായി കുറച്ച് സാമൂഹികപ്രതിബദ്ധത കൂടി കൊണ്ടുവരാൻ അറ്റ്ലി ശ്രമിക്കുന്നു.

അറ്റ്ലിയാണ് യഥാർത്ഥത്തിൽ നിരാശപ്പെടുത്തിയത്. അജിത്തിന്റെ യെന്നൈ അറിന്താലിനോട് (ഗൗതം മേനോന്റ പൊലീസ് ചിത്രങ്ങളെല്ലാം) സാമ്യം തോന്നുന്ന പ്രമേയം. സിനിമയുടെ തുടക്കം തന്നെ പ്രേക്ഷകന് കഥാഗതി മനസ്സിലാകുന്നു. പിന്നീട് ഒരേ ട്രാക്കിലാണ് കഥ മുന്നോട്ട് പോകുന്നത്. അറ്റ്ലി തന്നെയാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.

vijay-theri സംവിധായകൻ അറ്റ്ലിക്കൊപ്പം വിജയ്

കഥ കുറച്ച് ഇഴയുമ്പോൾ ഒരു മാസ്സ് ആക്ഷൻ സീൻ കൊണ്ടുവന്ന് ആരാധകരെ തൃപ്തിപ്പെടുത്തുന്നു. ഇടവേളയിലെ പഞ്ച്സീൻ , വികാരനിർഭരമായ രംഗങ്ങള്‍ ഇവയെല്ലാം കൃത്യമായി ആവിഷ്കരിക്കാൻ അറ്റ്ലിക്ക് സാധിച്ചു. ഗാനരംഗങ്ങളുടെ കൊറിയോഗ്രാഫിയും ദൃശ്യാവതരണവും സംവിധായകൻ ശങ്കറിൽ നിന്നും പകർന്നു കിട്ടിയതുപോലെ തോന്നി. അത്രമനോഹരമായി ചെയ്തിരിക്കുന്നു.

സിനിമയിൽ ഒരു സർപ്രൈസ് ഫാക്ടർ, ട്വിസ്റ്റ് കൊണ്ടുവന്നിരുന്നെങ്കിൽ കുറച്ചുകൂടി മികച്ചതാക്കാമായിരുന്നു. എന്നിരുന്നാലും വിജയ് ആരാധകരെ പൂർണമായി തൃപ്തിപ്പെടുത്താൻ തെറിയിലൂടെ സംവിധായകന് സാധിച്ചു. മാത്രമല്ല മസാലരംഗങ്ങളൊന്നും ഉൾപ്പെടുത്താതെ കുടുംബങ്ങള്‍ക്ക് രസിക്കുന്ന രീതിയിലും സിനിമ ഒരുക്കാൻ കഴിഞ്ഞിട്ടുണ്ട്. വലിയൊരു സൂപ്പർസ്റ്റാറിന്റെ ഡേയ്റ്റ് കിട്ടിയപ്പോൾ പരീക്ഷണത്തിന് മുതിരാതെ ഒരു എന്റർടെയ്നർ സമ്മാനിക്കാനാകും അറ്റ്ലി ശ്രമിച്ചിട്ടുണ്ടാകുക. മക്കളെ നന്നായി വളർത്തുന്ന അച്ഛനും മോശമായി വളർത്തുന്ന അച്ഛനും തമ്മിലുളള പോരാട്ടമെന്ന് തെറിയെ വിശേഷിപ്പിക്കാം

theri-vijay

സ്നേഹസമ്പന്നനായ അച്ഛനായും സത്യസന്ധനായ കരുത്തുറ്റ പൊലീസ് ഓഫീസറായും വിജയ് കഥാപാത്രത്തോട് നീതിപുലർത്തി. ആക്ഷൻ, ഡാൻസ്, ഡയലോഗ് ഡെലിവറി എന്നിവയിൽ കയ്യടി വാങ്ങി വിജയ് സ്ക്രീനിൽ തകർത്താടുന്നു. ആരാധകരെ രസിപ്പിക്കുന്ന മികച്ച രസികൻ ആണ് താനെന്ന് ഒന്നുകൂടി ഊട്ടിയുറപ്പിക്കുകയാണ് ‌തെറിയിലൂടെ വിജയ്.

വില്ലനായി എത്തുന്ന സംവിധായകൻ മഹേന്ദ്രന്റെ അഭിനയമാണ് സിനിമയുടെ മറ്റൊരു പ്ലസ് പോയ്ന്റ്. നായകനൊത്ത വില്ലനെ തന്നെയാണ് അറ്റ്ലി കണ്ടെത്തിയത്. കോമഡി പറഞ്ഞ് മൊട്ട രാജേന്ദ്രനും മുറി മലയാളം പറഞ്ഞ് ആമി ജാക്സണും അമ്മ വേഷത്തിലെത്തിയ രാധികയും സിനിമയിൽ തിളങ്ങുന്നു. മലയാളിയായ ബാസ്റ്റിന്റെ വില്ലൻ വേഷവും ശ്രദ്ധനേടി.

Theri Official Trailer | 2K | Vijay, Samantha, Amy Jackson | Atlee | G.V.Prakash Kumar

മുൻപിറങ്ങിയ ചിത്രങ്ങളെ അപേക്ഷിച്ച് സമാന്തയ്ക്ക് അഭിനയിക്കാൻ കുറച്ച്കൂടി അവസരം നൽകിയ സിനിമ കൂടിയാണ് തെറി. അത് നന്നായി വിനിയോഗിക്കാനും താരത്തിന് കഴിഞ്ഞു. ബേബി നൈനികയാണ് തെറിയിലെ മറ്റൊരു ആകർഷണഘടകം. വിജയ്‌യും ബേബി നൈനികയും തമ്മിലുള്ള കെമിസ്ട്രി മനോഹരമായി ചിത്രത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്.

ചിത്രത്തിലെ മറ്റൊരു പ്രധാനആകർഷണമാണ് ജി. വി പ്രകാശിന്റെ സംഗീതം. പശ്ചാത്തലസംഗീതവും പാട്ടും ഒന്നിനൊന്നുമെച്ചം. പശ്ചാത്തലസംഗീതമാണ് ചിത്രത്തെ മറ്റൊരു തലത്തിൽ മുന്നിട്ടു നിർത്തുന്നത്.

ജോർജ് സി വില്യംസിന്റെ ഛായാഗ്രഹണം തെറിയെ ‘ടെറിഫിക്ക്’ ആക്കുന്നു. ആക്ഷൻ രംഗങ്ങളിലുള്ള അദ്ദേഹത്തിന്റെ കാമറ ചലനങ്ങൾ ‘കത്തി’ സിനിമയിലൂടെ നമ്മൾ കണ്ടിട്ടുണ്ട്. റൂബന്റെ എഡിറ്റിങ് എടുത്തുപറയേണ്ടതാണ്. രണ്ടേ മുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ചിത്രം ഒരുഘട്ടത്തിൽ പോലും പ്രേക്ഷകനെ മുഷിപ്പിക്കുന്നില്ല.

ചുരുക്കത്തിൽപ്പറഞ്ഞാൽ ഒരു മാസ് എന്റർടെയ്നർ. അത്ഭുതങ്ങൾ നടക്കുമെന്ന അമിതപ്രതീക്ഷയില്ലാതെ പോയാൽ കുട്ടികളും കുടുംബങ്ങളും അടങ്ങുന്ന എല്ലാത്തരം പ്രേക്ഷകർക്കും, ഇളയദളപതിയുടെ ആരാധകർക്കൊപ്പം രസിച്ചിരുന്ന് കാണാവുന്ന ചിത്രമാണ് തെറി.

വാൽക്കഷ്ണം: പത്ത് പേരെ ഒറ്റയ്ക്ക് അടിക്കാൻ ഹൾക്കിനും അയൺമാനും സ്പൈഡർമാനും മാത്രമേപറ്റൂ എന്നു വിശ്വസിക്കുന്നവർക്ക് മറ്റൊരു ചിത്രത്തിന് ടിക്കറ്റെടുക്കാം.

Your Rating: