Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിങ്കൾ മുതൽ വെള്ളിവരെ ക്ളീഷേകളോടെ..

thingal-muthal-velli-vare

കണ്ണൻതാമരകുളം-ജയറാം കൂട്ടുകെട്ടിന്റെ തിങ്കൾ മുതൽ വെള്ളിവരെ കാണാൻ കാരണങ്ങൾ ഒരുപാടായിരുന്നു. പേരു തന്നെ ആദ്യത്തെ കാരണം. മധുമോഹന്റെ മാനസിയിൽ തുടങ്ങി ചന്ദനമഴയിലും കറുത്തമുത്തിലും വരെ എത്തി നിൽക്കുന്ന സീരിയലുകളെ ആസ്പദമാക്കിയുള്ള സിനിമ എന്നുള്ളതായിരുന്നു രണ്ടാമത്തെ കാരണം, പിന്നെ മൂന്ന് ഗായികയായ റിമി ടോമി നായികയാവുന്നു. സീരിയൽ പശ്ചാത്തലമാക്കിയുള്ള ഒരു സിനിമ മലയാളത്തിൽ ഇതാദ്യമായതുകൊണ്ട് പ്രതീക്ഷകളും കൂടുതലായിരുന്നു. സീരിയൽ രംഗത്ത് സംവിധായകനുള്ള അനുഭവ സമ്പത്ത്, സീരിയിൽ രംഗത്തു പ്രവർത്തിച്ച അനൂപ് മേനോന്റെ സാന്നിധ്യം തിങ്കൾ മുതൽ വെള്ളിവരെ വീട്ടിലെ ടിവിയിലെ സാന്നിധ്യമായ മിനിസ്ക്രീൻ താരങ്ങളുടെ സാന്നിധ്യം ഇതെല്ലാം പുതുമയുള്ള ഒരു സിനിമ മലയാളത്തിന് നൽകുമെന്ന പ്രതീക്ഷയിൽ കയറുന്ന പ്രേക്ഷകനെ സംബന്ധിച്ച് സിനിമ ഒരൂ മെഗാദുരന്തമായിരിക്കും.

Manorama Online | Rimi Tomy speaks about Thinkal Muthal Velli Vare

കാരണം ഇതിൽ പുതുമയൊന്നുമില്ല. ജയറാം സിനിമകളുടെ സ്ഥിരം ചേരുവകളും കൂട്ടത്തിൽ ഒരു റിമി ടോമിയും അത്രേ ഒള്ളൂ സിനിമ. ആകെ വ്യത്യാസം ജയറാം ഇതിൽ സീരിയൽ രചയിതാവായ ജയദേവൻ ചുങ്കത്തറയാണ്. ജയദേവൻ ചുങ്കത്തറയിലൂടെ സീരിയലിലെ ക്ലീഷേകളെ പരമാവധി കളിയാക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. അത് ഒരുപരിധി വരെ വിജയിച്ചിട്ടുമുണ്ട്. രചയിതാവിനോടൊ നിർമാതാവിനോടോ ഉടക്കുന്ന സീരിയൽ താരത്തെ പിറ്റേ ദിവസത്തെ എപ്പിസോഡിൽ ശവമാക്കി പടമാക്കി മാലയിടുന്ന ഏർപ്പാടൊക്കെ സീരിയൽ കാണുന്ന പ്രേക്ഷകനെ ചിരിപ്പിക്കുന്ന രംഗങ്ങളാണ്.

ഒരിക്കലും വിവാഹമേ കഴിക്കില്ല എന്നു വിചാരിച്ച് ജീവിക്കുന്ന ജയദേവന്റെ ജീവിതത്തിലേക്ക് സീരിയൽ ഭ്രാന്തിയായ പുഷ്പവല്ലി കടന്നു വരുന്നതോടെ സിനിമയിലെ പുതുമയും നഷ്ടപ്പെടും. പിന്നെ സിനിമ പോകുന്നത് ജയറാം-ഉർവ്വശി കൂട്ടുകെട്ടിന്റെ മധുചന്ദ്രലേഖയുടെ അതേ ട്രാക്കിലാണ്. മധുചന്ദ്രലേഖയിൽ സ്നേഹം കൊണ്ട് നായകന് അസ്വസ്ഥതയുണ്ടാക്കുന്ന ഭാര്യയാണെങ്കിൽ ഇവിടെ സംശയം കൊണ്ട് അസ്വസ്ഥതയുണ്ടാക്കുന്ന ഭാര്യയാണ്. പുഷ്പവല്ലി കാരണം എഴുത്തു വരെ നിർത്തേണ്ട ഗതികേടിലേക്ക് ജയദേവനെ കൊണ്ടെത്തിക്കുന്നിടതാണ് സിനിമയുടെ ട്വിസ്റ്റ്. തുടക്കക്കാരിയെന്ന ആനുകൂല്യം റിമിയ്ക്ക് നൽകാമെങ്കിലും പലയിടത്തും പുഷ്പ്പവല്ലി പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കും. കടിഞ്ഞൂൽ കല്ല്യാണത്തിലെയും മധുചന്ദ്രലേഖയിലേയും ഉർവ്വശിയെ ചിലയിടങ്ങളിലെങ്കിലും ഓർമ്മവരുമെങ്കിലും അത് സംവിധായകന്റെ ബോധപൂർവ്വമായ ശ്രമത്തിന്റെ ഫലമല്ലേയെന്ന് പ്രേക്ഷകന് ഒന്ന് ചിന്തിച്ചു പോകും.

സീരിയലിനോട് കടുത്ത ഭ്രമമുള്ളവരാണ് സിരിയൽ കാണുന്ന സ്ത്രീപ്രേക്ഷകർ. പക്ഷെ അവരാരും ബാലമണിയോ, ദത്തുപുത്രിയോ കാണാൻ കിടപ്പറയിൽ നിന്ന് ഓടിവരുമെന്ന് തോന്നുന്നില്ല. സീരിയലിലെ പ്രിയപ്പെട്ട കഥാപാത്രം മരിച്ചാൽ ഉറപ്പായും അതിനെക്കുറിച്ച് ചർച്ചകൾ നടത്തും, ചിലപ്പോൾ ഇടിയപ്പത്തിന് ഉപ്പ് ഇടാൻ വരെ മറന്നെന്നിരിക്കും. പക്ഷെ അവരുടെ സീരിയൽ ഭ്രമത്തെ കാണിക്കാൻ ഇത്രത്തോളം അതിഭാവുകത്വത്തിന്റെ ആവശ്യമില്ലായിരുന്നു.

കൊച്ചി ഭാഷയും വള്ളുവനാടൻ ഭാഷയും വിട്ട് അനൂപ് മേനോൻ തിരുവനന്തപുരം ഭാഷ സ്വീകരിച്ചത് ഒഴിച്ചാൽ അദ്ദേഹത്തിനും കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. രചനാനാരായണൻ കുട്ടി ഇത്തവണയും കിട്ടിയ വേഷം ഭംഗിയായി തന്നെ കൈകാര്യം ചെയ്തു. സിനിമയിൽ നായകനു പ്രായമാകില്ല എന്നുള്ള വസ്തുത ഊട്ടി ഉറപ്പിക്കാനാവും ജയറാമിന്റെ അമ്മ വേഷങ്ങൾ ചെയ്ത കെ.പി.എസി.ലളിതയെ മുത്തശ്ശിയാക്കിയത്.

ജയറാം സിനിമകളുടെ സ്ഥിരം ചേരുവകൾ മാത്രം പ്രതീക്ഷിച്ചു ചെല്ലുന്ന പ്രേക്ഷകനെ സിനിമ ചിലപ്പോൾ രസിപ്പിച്ചേക്കാം. പക്ഷെ സീരിയലിലെ അതിഭാവുകത്വങ്ങൾ സിനിമയിൽ എറിക്കില്ല, സിനിമ കാണുന്ന പ്രേക്ഷന്റെ ഇഷ്ടങ്ങളും സീരിയൽ കാണുന്ന പ്രേക്ഷകന്റെ ഇഷ്ടങ്ങളും വ്യത്യസ്തമാണെന്ന് സംവിധായകൻ മനസ്സിലാക്കി തിങ്കൾ മുതൽ വെള്ളിവരെ ചെയ്തിരുന്നെങ്കിൽ ഒരുപക്ഷെ ഇതിലും നന്നാക്കാമായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.