Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ടിരിക്കണം ഇൗ കൺട്രീസിനെ

two-countries Two Countries Movie Still

‘കൺട്രിത്തരം’ പേരിൽ മാത്രമുള്ള, മനസ്സു നിറയ്ക്കുന്ന ചിരിക്കൊപ്പം നല്ല ചിന്തയും നല്ല കഥയുമുള്ള ആഘോഷചിത്രമാണ് 2 കൺട്രീസ്. കുടുംബങ്ങൾക്കും കുട്ടികൾക്കും ഇഷ്ടപ്പെടുന്ന പ്രേക്ഷകന് കാശു മുതലാവുന്ന ഒരു ക്ലീൻ ഫൺ എന്റെർടെയിനർ.

വിവാഹമാണ് ഒരു പുരുഷന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബിസിനസ്സ് ഡീൽ എന്നു വിശ്വസിക്കുന്ന ഉല്ലാസ്. ദേഹമനങ്ങി പണി ചെയ്യാതിരിക്കാനുള്ള ഉല്ലാസിന്റെ വേലത്തരങ്ങളിലെ പങ്കാളിയായ അവിനാശ്. സാഹചര്യവശാൽ ഉല്ലാസിനു വിവാഹം ചെയ്യേണ്ടി വരുന്ന ലേയ എന്ന പെൺകുട്ടി. ഇവരുടെ ഒക്കെ ജീവിതമാണ് 2 കൺട്രീസ് എന്ന സിനിമ പറയുന്നത്.

ലോജിക്കില്ലാത്ത സീനുകൾ, നിലവാരമില്ലാത്ത കോമഡികൾ എന്നൊക്കെ പറഞ്ഞ് ദിലീപ് സിനിമകളെ പലപ്പോഴും പലരും വിമർശിച്ചിട്ടുണ്ട്. എന്നാൽ 2 കൺട്രീസ് എന്ന ചിത്രം അതിനൊക്കെ അപവാദമാണ്. ഇതിൽ അങ്ങനെ വലിയ ലോജിക്കില്ലായ്മകളില്ല. വെറുതെ കോമഡികൾ ഉണ്ടാക്കാനായി ഹാസ്യരംഗങ്ങൾ കുത്തിക്കയറ്റിയിട്ടുമില്ല.

നല്ല കഥ തന്നെയാണ് ഇൗ ചിത്രത്തിന്റെ അടിത്തറ. അതിൽ പണിതുയർത്തിയിരിക്കുന്ന നല്ല തിരക്കഥ. ആ തിരക്കഥയിൽ ആവശ്യാനുസരണം കോമഡിയും സെന്റിമെന്റ്സും പാട്ടും ഒക്കെ ഇഴ ചേർത്ത് ഉൗടും പാവും നെയ്തെടുത്തിരിക്കുന്നു. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന് മനസ്സ് നിറയുന്ന അനുഭവം.

Dileep - I Me Myself

ഉല്ലാസ് ആയി ദിലീപ് മികച്ച പ്രകടനം കാഴ്ച വച്ചു. ദിലീപ് ആ പഴയ അതേ ഉൗർജസ്വലതയോടെയും സ്വാഭാവിക നർമങ്ങളോടോയും തിരിച്ചെത്തിയിരിക്കുന്നു ഇൗ സിനിമയിൽ. നായികാ പ്രാധാന്യം ഉള്ള സിനിമയിൽ മംമ്ത തന്റെ കഥാപാത്രത്തോട് 100 ശതമാനം നീതി പുലർത്തി.

അജു വർഗീസും, വിജയരാഘവനും, ജഗദീഷും, സുരാജും, മുകേഷും, അശോകനും, ലെനയും, സ്രിന്ദയും ഒക്കെ മികച്ചു നിന്നു. ഒരു നല്ല കഥാപാത്രത്തെ അവതരിപ്പിച്ച റാഫി തനിക്ക് ചിരി എഴുതാൻ മാത്രമല്ല അഭിനയിച്ചു പ്രതിഫലിപ്പിക്കാനും സാധിക്കുമെന്ന് തെളിയിച്ചു.

സാധാരണ റാഫി–ഷാഫി ചിത്രങ്ങളിൽ തമാശയാണ് നായകനെങ്കിൽ ഇവിടെ നേരെ തിരിച്ച് കഥയാണ് നായകൻ. സംവിധായകനായ ഷാഫി റാഫിയുടെ കഥയെ കളർഫുൾ ആയി തന്നെ അവതരിപ്പിച്ചിരിക്കുന്നു. ഗോപി സുന്ദർ സിനിമയുടെ മൂഡിനനുസരിച്ചുള്ള ഗാനങ്ങളും പശ്ചാത്തല സംഗീതവുമൊരുക്കി.

Mamta Mohandas - Exclusive Interview

ഇൗ ക്രിസ്മസ് കാലത്ത് കുടുംബവുമൊത്ത് ധൈര്യമായി കാണാൻ പോകാവുന്ന സിനിമയാണ് 2 കൺട്രീസ്. സ്ത്രീകൾക്കും കുട്ടികൾ‌ക്കും ദിലീപ് ചിത്രങ്ങൾ പണ്ടേ ഇഷ്ടമാണെങ്കിൽ, യുവാക്കളെയും മറ്റു വിഭാഗത്തിൽ പെട്ട പ്രേക്ഷകരെയും കൂടി ആകർഷിക്കുന്ന ഘടകങ്ങൾ ഇൗ സിനിമയിലുണ്ട്. മനസ്സു നിറഞ്ഞ് ചിരിച്ച് സന്തോഷിച്ച് കണ്ടിറങ്ങാൻ പറ്റിയ ഉത്സവചിത്രമാണ് 2 കൺട്രീസ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.