Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉറുമ്പുകൾ ഉറങ്ങാതെ കാത്തിരിക്കുന്നു, നിങ്ങളെ...

Urumbukal Urangarilla

ടിക്കറ്റിനു കാത്തുനിൽക്കെ ഒരു കൂട്ടം സിനിമാസ്നേഹികളുടെ ചർച്ചയിൽ നിന്നാണ് ആ വാക്കുകൾ വീണുകിട്ടിയത്:‍‘ബിജുമേനോനും കുഞ്ചാക്കോ ബോബനുമായിരുന്നെങ്കിൽ പടം പൊരിച്ചേനെ..’ എന്ന്. എന്താണ് സംഗതിയെന്ന് ഒന്നുകൂടി ശ്രദ്ധിച്ചു. ചർച്ച ‘ഉറുമ്പുകൾ ഉറങ്ങാറില്ല’ എന്ന ചിത്രത്തെക്കുറിച്ചാണ്. അതിൽ ബിജുവും കുഞ്ചാക്കോയും വന്നിരുന്നെങ്കിലെന്ന ആഗ്രഹമാണവർ പങ്കുവച്ചത്. അങ്ങനെയൊക്കെ പറഞ്ഞാലും ഞങ്ങളെല്ലാം സിനിമയ്ക്കു കയറി. കാത്തിരുന്നു, ചിത്രം തുടങ്ങി.

നാട്ടിൻപുറത്ത് കുട്ടികൾക്കായൊരു ഡേ കെയർ സെന്റർ നടത്തുകയാണ് മാധവേട്ടനും രാധേച്ചിയും. ജീവിതസായാഹ്നത്തിൽ അവർക്ക് കൂട്ട് ആ കുട്ടികളാണ്. ഒപ്പം സഹായിയായി ഷീല എന്ന പെൺകുട്ടിയുമുണ്ട്. പിന്നെ എന്ത് ആവശ്യമുണ്ടെങ്കിലും വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ബാബുവിനെപ്പോലുള്ള അയൽക്കാരും. അതിനിടെയാണ് ആ സന്തോഷവാർത്ത, മാധവന്റെ ഒരേയൊരു മകൻ വിനോദ് നാട്ടിലേക്കെത്തുന്നു. കുറേ നാളായി അവനെ കണ്ടിട്ട്. വന്നാലുടൻ കല്യാണമാണ്. അവനെ കാത്തൊരു പെൺകുട്ടിയുമുണ്ട്. എല്ലാ ഒരുക്കങ്ങളും തുടങ്ങി മാധവനും ഷീലയും കാത്തിരുന്നു.

Urumbukal Urangarilla

പിന്നെ കാണുന്ന കഥ എല്ലാറ്റിൽ നിന്നും വ്യത്യസ്തമാണ്. കുറേ കള്ളന്മാരുടെ കഥ. തമാശകളും ഇടയ്ക്കൊക്കെ സങ്കടങ്ങളുമായി ആ ജീവിതങ്ങളും യാത്ര തുടരുന്നു. പക്ഷേ എവിടേയ്ക്കാണ് ഇവരുടെയെല്ലാം യാത്ര. എന്തെല്ലാമാണ് സംഭവിക്കാനൊരുങ്ങുന്നത്? എന്താണ് ഇടയ്ക്കിടെ സിനിമയിൽ ദൈവത്തിന്റെ ഇടപെടലെന്ന വണ്ണം മികച്ച ട്വിസ്റ്റുകളുണ്ടാകുന്നത്? ഇങ്ങനെ പ്രേക്ഷകനെ ആകാംക്ഷയുടെ സീറ്റിൻതുമ്പത്തിരുത്തി മുന്നേറുകയായിരുന്നു ജിജു അശോകന്റെ ‘ഉറുമ്പുകൾ ഉറങ്ങാറില്ല’.

കഥയ്ക്കും സംഭാഷണത്തിനുമൊപ്പം കഥാപാത്രങ്ങളും തിളങ്ങിയതോടെ പ്രേക്ഷകനെ മടുപ്പിക്കാതെ തന്നെയായിരുന്നു ചിത്രത്തിന്റെ യാത്ര. ചോരന്മാരുടെ കഥയാണിത്, അതുകൊണ്ടുതന്നെ ചോരപുരാണമെന്ന ഗ്രന്ഥമാണ് ചിത്രത്തിന്റെ അടിസ്ഥാനമൊരുക്കുന്നതും. ചിത്രത്തിന്റെ തിരക്കഥയൊരുക്കും മുൻപ് ഒട്ടേറെ കള്ളന്മാരെ കണ്ട് സംസാരിച്ചിരുന്നത്രേ ജിജു അശോകൻ. ജീവിതഗന്ധിയായ കാഴ്ചകളും സംഭാഷണങ്ങളുമൊരുക്കാൻ ഈ കൂടിക്കാഴ്ച സഹായിച്ചിട്ടുണ്ടെന്ന് ചിത്രത്തിലെ ഓരോ രംഗങ്ങളും തെളിയിക്കും, അതും നല്ല ‘ടഡാഷ്ട്’ തൃശൂർ ഭാഷയുടെ ബലത്തിൽ. കള്ളന്മാരുടെ ‘കമ്മ്യൂണിസം’ തിരിച്ചറിയാതെ ഭാവനയിൽ നിന്നു മാത്രം പിറവി കൊണ്ട മുൻകാല തസ്കര ചിത്രങ്ങളിൽ നിന്ന് ഉറുമ്പുകൾ ഉറങ്ങാറില്ല വേറിട്ടു നിൽക്കുന്നതും അതുകൊണ്ടാണ്.

കള്ളൻ ബെന്നിയായെത്തിയ ചെമ്പൻ വിനോദ് ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച കഥാപാത്രത്തെ അതിഗംഭീരമാക്കിയപ്പോൾ ഒപ്പം പഞ്ച് ഡയലോഗുകളുടെ പിന്തുണയുമായി വിനയ് ഫോർട്ടിന്റെ മനോജെന്ന കഥാപാത്രവും തിളങ്ങി. കൈവിട്ടു പോയേക്കാവുന്ന കഥാപാത്രങ്ങളെ കയ്യടക്കമുള്ള അഭിനയം കൊണ്ട് ഗംഭീരമാക്കിയിരിക്കുന്നു കേളുവാശാനായ സുധീർ കരമനയും ചൂടൻ രാജപ്പനായെത്തിയ ശ്രീജിത് രവിയും മുറിച്ചെവിയൻ കാർലോസായ കലാഭവൻ ഷാജോണും റോസ്‌ലിയായെത്തിയ തെസ്നിഖാനുമൊക്കെ. ഈ താരങ്ങൾ ശരിക്കും മിന്നിച്ചപ്പോൾ ഒപ്പം പിടിച്ചു നിൽക്കാൻ പാടുപെട്ടത് അജുവർഗീസും മുസ്തഫയും അനന്യയും ഇന്നസെന്റുമൊക്കെയായിരുന്നു. എന്നിരുന്നാൽപ്പോലും അഭിനയത്തിന്റെ കാര്യത്തിൽ ആരും ചീത്തപ്പേര് കേൾപ്പിക്കെല്ലന്നതുറപ്പ്. കഥാപാത്രങ്ങൾക്കെല്ലാം കൃത്യമായ പ്രാധാന്യമുള്ള ചിത്രത്തിൽ ഒരു നായകനെയോ നായികയെയോ ചൂണ്ടിക്കാട്ടാനാകില്ലെന്നതും വ്യത്യസ്തതയാണ്. വേണമെങ്കിൽ പറയാം, ചിത്രത്തിലെ നായകൻ (അതോ നായികയോ?) ഉറുമ്പുകളാണെന്ന്!!

Chemban - Sudheer

മികച്ച മൂന്നു പാട്ടുകളും ഗോപി സുന്ദറിന്റെ ഈണത്തിൽ ചിത്രത്തിലുണ്ട്. കഥാഗതിയ്ക്ക് അനുയോജ്യമായ പശ്ചാത്തല സംഗീതവും അദ്ദേഹം ഒരുക്കിയിരിക്കുന്നു. ടൈറ്റിലിനോടൊപ്പം തെളിയുന്ന ഉറുമ്പുകാഴ്ചകളിൽ നിന്നു തുടങ്ങുന്നു വിഷ്ണു നാരായണന്റെ ഛായാഗ്രഹണത്തെളിമ. ചിത്രത്തിന്റെ ആദ്യപകുതി ചടപടേന്നാണ് പോകുന്നത്. ലിജോ പോളാണ് എഡിറ്റിങ്. ഇന്റർവെല്ലിനപ്പുറത്താണ് കളി കാണാനിരിക്കുന്നതെന്ന് പറയുന്നെങ്കിലും ആദ്യപകുതിയുടെയത്ര ആവേശകരമല്ല രണ്ടാം പകുതി. പക്ഷേ ഇടയ്ക്ക് നഷ്ടപ്പെട്ട ത്രിൽ പിന്നെയും കയറിവരുന്നതു കാണാം. ക്ലൈമാക്സിൽ അതുവരെ കണ്ട കഥയുടെയും കാഴ്ചകളുടെയും ചുരുളഴിയുന്നതും രസകരമായ അനുഭവമാകും.

ചിത്രം തീർന്നിറങ്ങി.

പിന്നെയും ഒരു കാര്യം ബാക്കി: ഈ ചിത്രത്തിൽ ബിജുമേനോനെയും കു‍ഞ്ചാക്കോബോബനെയും പോലുള്ള വൻതാരങ്ങൾ വന്നിരുന്നെങ്കിലത്തെ അവസ്ഥ? എങ്കിൽ ഈ സിനിമ ഇവ്വിധത്തിൽ കാണാനാകില്ലെന്നത് ഉറപ്പ്. താരങ്ങളെക്കാൾ കഥയ്ക്കും തിരക്കഥയ്ക്കും പ്രാധാന്യം നൽകിയതാണ് ചിത്രത്തിന്റെ മികവും. ഒരു സാധാചിത്രം, അസാധാരണമായ കാഴ്ചകളോ കടിച്ചാൽ പൊട്ടാത്ത ഡയലോഗുകളോ കനപ്പെട്ട താരങ്ങളോ ഒന്നുമില്ലാതെ അത് മികവിന്റെ തിരശീലയിലേക്ക് പ്രൊജക്ട് ചെയ്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇപ്പോഴും നിങ്ങളുടെ അടുത്തുള്ള തിയേറ്ററിൽ ഒരുറുമ്പിനെപ്പോലെ കടിച്ചുതൂങ്ങി പൊഴിഞ്ഞുവീഴാതെ നിൽപുണ്ടാകണം ഈ സിനിമ. ആരവങ്ങളുടെയും ആഡംബരങ്ങളുടെയും സിനിമാക്കാഴ്ചകൾക്കിടയിൽ ഉറുമ്പുകൾക്കും അൽപസമയം മാറ്റിവയ്ക്കാവുന്നതേയുള്ളൂ. തിയേറ്റർ വിട്ടിറങ്ങുമ്പോൾ, ഒരു മോശം പടത്തിനാണല്ലോ ടിക്കറ്റെടുത്തതെന്ന് ഒരാളു പോലും പറയില്ലെന്നത് ഉറപ്പ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.