Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാണികള്‍ക്കും 'ഉത്തമവില്ലന്‍'

കേട്ടു പഴകിയ കഥയെ തെയ്യത്തിന്റെ പശ്ചാത്തലത്തില്‍ അല്ലറചില്ലറ മിനുക്കുപണികളൊക്കെ വരുത്തി പുനരവതരിപ്പിച്ച ചിത്രമാണ് ഉത്തമവില്ലന്‍. കമലഹാസന്‍ എന്ന ഇതിഹാസനടന്റെ ഭാവാഭിനയം ഒഴിച്ചാല്‍ പറയത്തക്ക മേന്‍മകളൊന്നും ഇൌ ചിത്രത്തിനില്ല.

തമിഴ് സിനിമാലോകത്തെ സൂപ്പര്‍സ്റ്റാര്‍ മനോരഞ്ജനെയും രാജഭരണകാലത്തെ കലാകാരനായ മൃത്യുഞ്ജനെയും (ഉത്തമന്‍) കമലഹാസന്‍ അവതരിപ്പിക്കുന്നത് അതുല്യ നടനവൈഭവത്തോടെയാണ്. യഥാര്‍ഥ ജീവിതത്തില്‍ കമലഹാസന്റെ ഗുരു സ്ഥാനീയനും യശശരീരനുമായ കെ ബാലചന്ദറിനുള്ള ആദരവുകൂടിയാണ് ഉത്തമവില്ലന്‍. മാര്‍ഗദര്‍ശി എന്ന സംവിധായകന്റെ വേഷത്തില്‍ അതുല്യ പ്രകടനമാണു അദ്ദേഹം നിര്‍വഹിച്ചിരിക്കുന്നത് (യഥാര്‍ഥ ജീവിതത്തിലും മാര്‍ഗദര്‍ശിയായിരുന്നതിനാല്‍) കെ ബാലചന്ദര്‍ കൈപിടിച്ചുയര്‍ത്തിയ നാസറും പ്രധാനവേഷത്തിലെത്തുന്നുവെന്നതു ശ്രദ്ധേയം‍

uthamavillain-movie-stills

സൂപ്പര്‍സ്റ്റാര്‍ മനോരഞ്ജന്‍ മാരകരോഗത്തിന്റെ പിടിയിലാണ്. മരണം കാത്തുകിടക്കുന്ന, എന്നാല്‍ വളരെ ഉത്സാഹിയായ നായകന്റെ മോഹമാണ് തന്റെ ഗുരുവായ മാര്‍ഗദര്‍ശിയുടെ സംവിധാനത്തില്‍ അവസാനത്തെ ചിത്രം പൂര്‍ത്തിയാക്കണമെന്ന്. ആ സിനിമയുടെ പേരാണ് ഉത്തമവില്ലന്‍. തന്നെ അനശ്വരനാക്കാനുള്ള അവസാന സിനിമയില്‍ നായക കഥാപാത്രം പലവട്ടം മരണത്തെ അതിജീവിക്കുന്ന തെയ്യം കലാകാരനായ ഉത്തമനാണ്. നാട്ടുകാര്‍ ഉത്തമനെ മൃത്യുഞ്ജയനെന്നും വിളിക്കുന്നു. സിനിമയ്ക്കുള്ളിലെ സിനിമയില്‍ സൂപ്പര്‍ സ്റ്റാര്‍ ആയ മനോരഞ്ജന്റെയും അതുക്കും ഉള്ളിലെ സിനിമയിലെ നായകനായ മൃത്യുഞ്ജയന്റെയും കഥയിലൂടെ ഉത്തമവില്ലന്‍ മുന്നേറുന്നു.

uthama-villain-movie-stills

മനോരഞ്ജന്റെ ശിഥിലമായ കുടുംബബന്ധത്തിന്റെ വിരസരംഗങ്ങളും, മൃത്യുഞ്ജയന്റെ അരസികത്വം നിറഞ്ഞ തമാശകളും, നാടകം പോലുള്ള സീനുകളും സിനിമയുടെ ആസ്വാദനശേഷിയും കെട്ടുറപ്പും കുറയ്ക്കുന്നു. നായകന്റെ ആദ്യ പ്രണയത്തിലുണ്ടായ മകളുടെയും (പാര്‍വതി) വളര്‍ത്തച്ഛന്റെയും (ജയറാം) ആഗമനം സിനിമയെ എണ്‍പതുകളിലേക്കെത്തിക്കുന്നു. പാട്ടുകള്‍ ശരാശരി നിലവാരം പുലര്‍ത്തുന്നു. ആനിമേഷന്‍ ഇന്ത്യന്‍ സിനിമയുടെ നിലവാരത്തിനു മുകളിലാണ്.

Uttama Villain - Official Trailer

യഥാര്‍ഥ ജീവിതത്തില്‍ സ്വന്തം ഭാര്യയും (ഉര്‍വശി) മാനേജരും വില്ലനാവുമ്പോള്‍ സിനിമയ്ക്കുള്ളിലെ സിനിമയില്‍ രാജാവാണു വില്ലന്‍(നാസര്‍). കൊമേഡിയനായ വില്ലനായി നാസര്‍ രസിപ്പിക്കുന്നു. മനോരഞ്ജന്റെ കാമുകിയും ഡോക്ടറുമായി ആന്‍ഡ്രിയയും സിനിമാനടിയായി പൂജാകുമാറും അഭിനയിക്കുന്നു.

ശാംദത്തിന്റെ ഛായാഗ്രഹണവും ഗിബ്രാന്റെ സംഗീതവും സിനിമയിലെ മികച്ച ഘടകങ്ങളാണ്. വിജയ് ശങ്കറിന്റെ ചിത്രസംയോജനവും മോശമാക്കിയില്ല.

ശരാശരി തമിഴ് പടത്തേക്കാള്‍ നിലവാരം പുലര്‍ത്തുന്നെങ്കിലും കാണികളെ ആകര്‍ഷിക്കത്തക്ക ഒന്നും സിനിമയിലില്ല. എന്നാല്‍ ഗൌരവമായി സിനിമയെ സമീപിച്ചിട്ടുമില്ല. തെയ്യം എന്ന അനുഷ്ഠാനകലയുടെ ചമയങ്ങള്‍ മാത്രമെടുത്ത് ഒട്ടു കാമ്പില്ലാതെയാണു രമേശ് അരവിന്ദന്‍ ഉത്തമവില്ലനെ തയാറാക്കിയത്. വളരെ പ്രതീക്ഷകളുമായെത്തിയ ചിത്രം ചുരുക്കത്തില്‍ ഉത്തമനുമായില്ല എന്നാല്‍ വില്ലനുമായില്ലെന്നും പറയാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.