Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നു കേൾക്കാം ഇൗ ഉട്ടോപ്യൻ കഥ

utopiayile-rajavu-review

നാട്ടിലെ കിളികള്‍ക്ക് കാഷ്ടിക്കാന്‍ മാത്രമുള്ളതല്ല പ്രതിമകള്‍. ഓരോ പ്രതിമകള്‍ക്കും ഒരോ കഥ പറയാനുണ്ടാകും. കാലത്തിന്‍റെ ഓര്‍മകളില്‍ ഒരു പ്രതിമയായി തീര്‍ന്ന ഗാന്ധിയന്‍ പരമേശ്വരന്‍ പിള്ളയുടെ കഥാവിവരണത്തോടെയാണ് ഉട്ടോപ്യയിലെ രാജാവ് ആരംഭിക്കുന്നത്. കഥ പറയുന്നതോ യേശു ക്രിസ്തുവിനോടും. അതെ പേരുപോലെ ഒരു ഉട്ടോപ്യന്‍ കഥ. സാധാരണക്കാരനും നിഷ്കളങ്കനുമായ സി.പി സ്വതന്ത്രന്‍ എന്ന കഥാനായകന്റെയും അവന്റെ ചുറ്റുമുള്ള ചിലരുടെയും കഥ.

ആദ്യ പകുതിയില്‍ ചിരി പടര്‍ത്തി രണ്ടാം പകുതിയില്‍ കുറച്ച് പാകപ്പിഴകളോടെ മുന്നോട്ടു പോയി ക്ലൈമാക്സിൽ നന്നായി അവസാനിക്കുന്നു കമലിന്‍റെ മമ്മൂട്ടി ചിത്രമായ ഉട്ടോപ്യയിലെ രാജാവ്. 'കോക്രാങ്കര' എന്ന സാങ്കല്‍പിക ഗ്രാമവും അതില്‍ ഉട്ടോപ്യന്‍ ജീവിതശൈലിയുള്ള കുറെ മനുഷ്യരുടെയും രസകരമായി കഥയെ കമലും മമ്മൂട്ടിയും ചേർന്ന് വെള്ളിത്തിരയിൽ അവതരിപ്പിച്ചപ്പോൾ പ്രാഞ്ചിയേട്ടൻ 2 കണ്ട അനുഭൂതിയാവും ലഭിക്കുക.

ആവശ്യത്തിന് സ്വത്തുവകകളെല്ലാം ഉണ്ടായിട്ടും അനുഭവിക്കാന്‍ യോഗമില്ലാത്ത സി.പി സ്വതന്ത്രൻ തനിക്ക് നാട്ടിലൊരു വിലയില്ലാത്തതിന്‍റെ ഭയങ്കരമായ കുറച്ചില്‍ അനുഭവിക്കുന്നുണ്ട്. ഏതാണ്ടൊരു പ്രാഞ്ചിയേട്ടൻ ലൈൻ തന്നെ. പത്രത്തില്‍ ഫോട്ടോ വരാനും മറ്റുമായി ഓരോ തരികിട നമ്പറുകള്‍ ഇറക്കി അമളിപറ്റുമെങ്കിലും അതിൽ നിന്നൊന്നും പാഠം പഠിക്കാന്‍ സി.പി തയാറല്ല.

സ്വതന്ത്രനു ചുറ്റും കുറച്ചുകൂട്ടുകാരുമുണ്ട്. പണ്ടാണി, സഖാവ് തീക്കോയി അങ്ങനെ കുറച്ച് നാടന്‍ കഥാപാത്രങ്ങള്‍. കഥയിലെ വില്ലന്‍ പഞ്ചായത്ത് പ്രസിഡന്‍റ് സോമന്‍ തമ്പിയും. തമ്പിയില്‍ നിന്നും തന്‍റെ വസ്തുവും പ്രമാണവും നേടിയെടുത്ത് സ്വന്തം അച്ഛന്‍റെ പ്രതിമ കോക്രാങ്കരയില്‍ സ്ഥാപിക്കാന്‍ സ്വതന്ത്രന്‍ നടത്തുന്ന പരിശ്രമങ്ങളും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.

Mammootty In Utopiayile Rajavu

നന്നായി ചിരി പടര്‍ത്തിയ ആദ്യ പകുതിക്കൊപ്പം എത്താന്‍ രണ്ടാം പകുതിയ്ക്ക് ആകുന്നില്ല. പ്രധാനകഥയില്‍ നിന്ന് വ്യതിചലിച്ച് പോകുന്നതോടെ സിനിമയില്‍ അല്‍പ്പം ഇഴച്ചില്‍ അനുഭവപ്പെടും. എന്നാല്‍ ക്ലൈമാക്സില്‍ ആ പോരായ്മ സംവിധായകന്‍ പരിഹരിക്കുന്നുണ്ട്.

'ആമേന്‍' എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ പി.എസ്. റഫീഖിന്റേതാണ് രചന. ആമേനില്‍ മാജിക് റിയലിസം കൊണ്ടുവന്നപ്പോള്‍ ഇവിടെ ആക്ഷേപഹാസ്യമാണ് സംവിധായകനും തിരക്കഥാകൃത്തും സിനിമയിലൂടെ പങ്കുവക്കുന്നത്. ട്രീറ്റ്മെന്‍റിലെ വ്യത്യസ്തയാണ് സിനിമയുടെ മറ്റൊരു സവിശേഷത. അസംബന്ധമായ കെട്ടുകാഴ്ചകളും കഥാപാത്രങ്ങളുമൊക്കെ സിനിമയില്‍ വന്നുപോകുന്നു. കാക്കയായി എത്തുന്ന സലിം കുമാറും, സംസാരിക്കുന്ന കഴുതയുമൊക്കെ സിനിമയുടെ ഭാഗമാണ്.

കുറച്ചു കാലങ്ങളായി സിനിമാക്കാർക്ക് തൊടാൻ ധൈര്യം ഇല്ലാതിരുന്ന വിഷയങ്ങളായ രാഷ്ട്രീയവും ദൈവവിശ്വാസവും ഒക്കെ ഇൗ സിനിമയിലെ ആക്ഷേപഹാസ്യത്തിന് പാത്രമാകുന്നു. പുതുമയുള്ള രീതിയിൽ ആക്ഷേപ ഹാസ്യം നിറച്ചു മുന്നോട്ട് പോയ സിനിമ അവസാനഭാഗത്ത് ഒരു സാധാരണ സിനിമയുടെ ബന്ധനത്തിലായിപ്പോകുന്നു.

jewel-movie

ഗാന്ധിജിയുടെ രണ്ടാം ജന്മമായ നോട്ടുപിറവിയും നിയമസഭയിലെ ലഡുവിതരണവും കടിച്ചുപറിയുമൊക്കെ സിനിമയില്‍ രസകരമായി തന്നെ ആവിഷ്കരിച്ചിരിക്കുന്നു. നീല്‍ ഡി കുഞ്ഞയുടെ ഛായാഗ്രഹണം കോക്രാങ്കരയെ കൂടുതല്‍ മനോഹരമാക്കി കാണിക്കുന്നു. ഔസേപ്പച്ചന്‍റെ സംഗീതവും ചിത്രത്തിന്‍റെ ടൈറ്റില്‍ ഗാനവും ശ്രദ്ധേയം. എഡിറ്റിങില്‍ സിനിമയുടെ ദൈര്‍ഘ്യം ഒരു പോരായ്മയായി തോന്നി.

lolithan-mammmootty

സ്വതന്ത്രനായി മമ്മൂട്ടി മികച്ച പ്രകടനം തന്നെ കാഴ്ച വച്ചു. നായികയായെത്തിയ ജുവൽ മേരി മമ്മൂട്ടിക്ക് ഒത്ത ജോഡിയായി. ലോലിതന്‍, സുനില്‍ സുഗത, കെ.പി.എ.സി. ലളിത, ജോയ് മാത്യു, നോബി, ജയരാജ് വാര്യര്‍, ശശി കലിങ്ക, സുധീര്‍ കരമന, ശ്രീകുമാര്‍, സേതുലക്ഷ്മി എന്നീ താരങ്ങളും തങ്ങളുടെ വേഷങ്ങൾ മികച്ചതാക്കി.

അതിഗംഭീര സിനിമയെന്നു വിശേഷിപ്പിക്കാനാവില്ലെങ്കിലും ഉട്ടോപ്യൻ കഥ നിങ്ങളെ നിരാശപ്പെടുത്തില്ല. രണ്ടു പകുതികളെ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ ഏറ്റക്കുറച്ചിലുകൾ തോന്നിയേക്കാമെങ്കിലും ആകെത്തുകയിൽ ഉട്ടോപ്യയിലെ രാജാവ് ഒന്നു കാണാവുന്ന സിനിമയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.