Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘തല’ മാത്രമുള്ള വേതാളം

vedalam-review

നായകനായ ‘തല’ ഉയർന്നു നിൽക്കുന്ന എന്നാൽ കഥയെന്ന ഉടൽ ശോഷിച്ചിരിക്കുന്ന ചിത്രമാണ് വേതാളം. ആരാധകരെ ആവേശഭരിതരാക്കുന്ന രംഗങ്ങൾ ആവോളമുള്ള എന്നാൽ മികച്ച കഥയോ കഥാ സന്ദർഭങ്ങളോ ഇല്ലാത്ത സിനിമ. മാസ് ഉണ്ട്. പക്ഷേ അത് ആരാധകർ എന്ന ഒറ്റ ക്ലാസിന് മാത്രം രസിക്കുന്ന ഒന്നാണ്.

ഒരു പ്രതികാരകഥയാണ് ചിത്രം പറയുന്നത്‌. സഹോദരിയെ സ്വന്തം ജീവനു തുല്യം സ്നേഹിക്കുന്ന സഹോദരൻ (ഗണേഷ്) ആയി അജിത്ത് എത്തുന്നു. വാക്കുകൊണ്ട് പോലും ആരെയും നോവിക്കാത്ത ഗണേഷിൽ നിന്ന് വേതാളം എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പ്രതികാരദാഹിയായി അജിത് മാറുന്നടിത്താണ് സിനിമ മറ്റൊരു തലത്തിലേക്ക് പ്രവേശിക്കുന്നത്.

രണ്ടര മണിക്കൂർ നീളുന്ന തല ദർശനം തന്നെ. ആരാധകർക്ക് ആഘോഷമാക്കാൻ അജിത്തിന്റെ കിടിലൻ പ്രകടനം. എന്നിരുന്നാലും വീരത്തിന് ശേഷം അജിത്തും ശിവയും ഒന്നിച്ച വേതാളം ഒരു ശരാശരി ചിത്രം മാത്രമാണ്.

ajith-lakshmi

അജിത് ചിത്രത്തിന്റെ ചേരുവകള്‍ തന്നെ അദ്ദേഹത്തിന്റെ ചിരിയും കോപവും ആക്ഷനും ഒക്കെയാണ്. അത്യുഗ്രൻ ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ ചിത്രം. കോമഡി, ആക്ഷൻ, സെന്റിമെന്റ്സ്, ഡാൻസ്, ഒന്നിലധികം വില്ലൻമാർ, ഒടുക്കം ചെറിയൊരു ട്വിസ്റ്റും. അങ്ങനെ ഒരു സൂപ്പർസ്റ്റാർ ചിത്രത്തിന്റെ അവശ്യം വേണ്ട ചേരുവകൾ ഒരു മാറ്റവുമില്ലാതെ വേതാളത്തിലും കുത്തി നിറച്ചിരിക്കുന്നു. നൂറുപേരെ ഒറ്റയ്ക്ക് നേരിടുന്ന നായകനും ബ്രഹ്മാണ്ഡവില്ലന്മാരും ഒക്കെ ക്ലീഷെകളായി മാറുന്നു.

അനിരുദ്ധിന്റെ പശ്ചാത്തല സംഗീതമാണ് വേതാളത്തിന് വീര്യം കൂട്ടുന്നത്. സ്റ്റണ്ട് സിൽവയുടെ ആക്ഷൻ കൊറിയോഗ്രഫി എടുത്തുപറയേണ്ടതാണ്. മറ്റൊരു ‘തല’ ചിത്രത്തിലും കാണാത്ത കിടിലൻ ഫൈറ്റ് രംഗങ്ങൾ വേതാളത്തിന്റെ പ്രത്യേകതയാണ്.

shruthi-ajith

ആരാധകർക്ക് പുറമെ കുടുംബപ്രേക്ഷകരെയും ലക്ഷ്യം വച്ചാണ് ശിവ വേതാളം ഒരുക്കിയിരിക്കുന്നതെങ്കിലും അത് എത്രത്തോളും ഫലം കണ്ടെന്ന് കാത്തിരുന്ന് കാണണം. ആദ്യം മെല്ലെപോകുന്ന ചിത്രം ആദ്യ പകുതിയ്ക്ക് മുൻപ് തന്നെ അതിന്റെ ട്രാക്കിലേക്ക് കയറുന്നു. എന്നാൽ ഇടയ്ക്കിടയ്ക്ക് ഒരു മെല്ലെപ്പോക്ക് പ്രേക്ഷകന് അനുഭവപ്പെടും. ഇന്റർവൽ പഞ്ച് കൃത്യമായി കൊണ്ടുവരാനായെങ്കിലും പിന്നീട് ചിത്രത്തിന്റെ താളം തെറ്റുന്നു.

സൂരിയുടെയും രാജേന്ദ്രന്റെയും കോമഡി അൽപം നിലവാരം പുലർത്തിയിട്ടുണ്ട്. കോവൈ സരള, ബാല സരവണന്‍, സ്വാമിനാഥന്‍, ശിവബാലന്‍ തുടങ്ങിയ ഹാസ്യതാരങ്ങൾ ഉണ്ടായിട്ടും ഹാസ്യരംഗങ്ങൾ നിലവാരത്തിലേക്ക് ഉയർന്നില്ല. ശ്രുതി ഹാസന് ഇത്തവണയും യാതൊന്നും ചെയ്യാനില്ല. മറ്റൊരാശ്വാസം ആവശ്യമില്ലാത്ത മേനീപ്രകടനം ഇല്ലെന്നതാണ്. അനിരുദ്ധിന്റെ ഗാനങ്ങളും മികച്ചു നിന്നു.

ആദി നാരായണനും ശിവയും ചേർന്നാണ് കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ സംഭാഷണങ്ങളൊക്കെ മികച്ചതായിരുന്നു. റൂബന്റെ ചിത്രസംയോജനവും വെട്രിയുടെ ഛായാഗ്രഹണവും ചിത്രത്തോട് നീതിപുലർത്തി.

ആക്ഷനും സംഗീതവും പിന്നെ തല സാന്നിധ്യവും ഒഴിച്ചു നിർത്തിയാൽ വേതാളം തീർത്തും സാധാരണമാണ്. അജിത്തിന്റെ ആരാധർക്കും അദ്ദേഹത്തോട് ഒരൽപമെങ്കിലും ഇഷ്ടം വച്ചു പുലർത്തുന്നവർക്കും ചിത്രം കൂടുതൽ രസിച്ചേക്കാം. എന്നാൽ മങ്കാത്തയോർത്ത് ആരും വേതാളത്തിനു പോകരുത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.