Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാം നായകനാകുന്ന ആക്ഷൻ ചിത്രം കാ-വിയൻ പ്രദർശനത്തിന്

kaviyan

തമിഴ് സിനിമയിലെ യുവനിര നായകരിൽ ശ്രദ്ധേയനാണ് ഷാം. 12ബി,അൻപേ അൻപേ, ഉള്ളം കേക്കുമേ, ഇയർക്കൈ,കിക്ക് എന്നിങ്ങനെ ഏതാനും സിനിമകളിലേ നായകനായിട്ടുള്ളു എങ്കിലും അവയെല്ലാം ശ്രദ്ധിക്കപ്പെട്ട സിനിമകളായിരുന്നു. വളരെ സെലക്ടീവായി തിടുക്കമില്ലാതെ സിനിമകൾ തിരഞ്ഞെടുക്കുന്ന ഷാം ചെറിയ ഒരു ഇടവേളയ്ക്കു ശേഷം നായകനായി അഭിനയിക്കുന്ന "കാ-വിയൻ"എന്ന പുതിയ സിനിമയ്ക്ക് ഒട്ടേറെ സവിശേഷതകളാണുള്ളത്.

നവാഗതനായ സാരഥിയാണ് രചനയും സംവിധാനവും. പൂർണമായും അമേരിക്കയിൽ വെച്ച് ചിത്രീകരിച്ച ഇൻവെസ്റ്റിഗേഷൻ ആക്ഷൻ ത്രില്ലറാണ് ഇത്.

ഹോളിവുഡിലെ പ്രശസ്ത താരങ്ങളും സാങ്കേതിക വിദഗ്ദ്ധരും ചിത്രത്തിനു വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. ഹോളിവുഡ് നടനായ ജസ്റ്റിൻ വികാസ് വില്ലനായി അഭിനയിയ്ക്കുന്നു. ചിത്രത്തിലെ റിസ്ക്കിയായ ഒരു സംഘട്ടനം രംഗവും കാർ ചേസിങ്ങ് രംഗവും ലാസ് വേഗാസിലെ ജന തിരക്കുള്ള തെരുവുകളിൽ വെച്ചാണ് ചിത്രീകരിച്ചിരിയ്ക്കുന്നത്. സ്റ്റണ്ട് ശിവയാണ് സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.

'മനം കൊത്തി  പറവൈ' എന്ന സിനിമയിലൂടെ തമിഴിലും ശ്രദ്ധേയയായ മലയാളി ആത്മീയയാണ് "കാ-വിയനി"ൽ ഷാമിന്റെ ജോഡി. ശ്രീദേവി കുമാർ, ശ്രീ നാഥ് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എൻ.എസ്.രാജേഷ് കുമാർ ഛായാഗ്രഹണവും ശ്യാം മോഹൻ സംഗീത സംവിധാനവും നിർവഹിച്ചിരിയ്ക്കുന്നു. ഷാമിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രം 2എം സിനിമാസിന്റെ ബാനറിൽ നിർമിച്ചിരിക്കുന്നത് മലയാളിയായ കേ.വി.ശബരീഷാണ്.