ഈ പേരിട്ടാൽ പിന്നെ എങ്ങനെ വൈകാതിരിക്കും? തീവണ്ടി എത്തുന്നു

ഏറെ കാത്തിരുപ്പിനു ശേഷം പ്രദർശനത്തിനെത്തുന്ന ടൊവീനോ തോമസിന്റെ തീവണ്ടി പ്രീ–റിലീസ് പ്രൊമോ എത്തി. ചിത്രം വെള്ളിയാഴ്ച പ്രദർശനത്തിനെത്തും. വൈകിയാണെങ്കിലും റിലീസ് തീയതി പ്രഖ്യാപിച്ചത് ആഘോഷമാക്കുകയാണ് ആരാധകർ. 

വൈകി സംഭവിക്കുന്ന കാര്യങ്ങൾക്ക് ഇതിലും നല്ല പേര് കിട്ടാനില്ലെന്നാണ് ആരാധകരുടെ കമന്റ്. ഇന്ത്യൻ റയിൽവേയുടെ പോലെ വൈകി ഓടിയാലും നന്നായി ഓടട്ടെയെന്ന് ആരാധകർ ആശംസിക്കുന്നു. ഇത്തവണയെങ്കിലും പറ്റിക്കരുതെന്ന് അഭ്യർത്ഥിക്കുന്നവരും കുറവല്ല. 

നേരത്തെ റിലീസിങ് തീയതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതെല്ലാം പല കാരണങ്ങൾ മൂലം മാറ്റി വയ്ക്കുകയായിരുന്നു. ഓണച്ചിത്രങ്ങൾ പ്രളയം മൂലം മാറ്റി വച്ചതും ചിത്രത്തിന്റെ റിലീസ് വൈകിപ്പിച്ചു. ചിത്രത്തിന്റെ പ്രീ–റിലീസ് പ്രൊമോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

ചിത്രത്തിലെ ജീവാംശമായി എന്ന് തുടങ്ങുന്ന ഗാനം ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. വമ്പൻ പ്രതീക്ഷയോടെയാണ് ആരാധകർ തീവണ്ടിയ്ക്കായി കാത്തിരിക്കുന്നത്. ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംയുക്ത മേനോനാണ് നായിക. ആഗസ്റ്റ് സിനിമാസാണ് ചിത്രത്തിന്റെ നിർമാണം.