Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ.ടി.സി. അബ്ദുള്ളയുടെ അവസാനചിത്രം ‘ട്രിപ്പ്’

trip-movie ആര്യ രമേഷും കെ.ടി.സി. അബ്ദുള്ളയും

സിനിമയിലെ ചെറുവേഷങ്ങളിലൂടെയും പിന്നണിയിലെ സ്നേഹം തുളുമ്പുന്ന ഇടപെടലുകളിലൂടെയും പ്രിയങ്കരനായിരുന്ന നടന്‍ കെ.ടി.സി.അബ്ദുള്ളയുടെ അവസാന ചിത്രം ‘ട്രിപ്പ്’ നിർമാണം അവസാനഘട്ടത്തിൽ. സുഡാനി ഫ്രം നൈജീരിയ, അറബിക്കഥ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായിരുന്നു അബ്ദുള്ള. എം.ആർ. ഉണ്ണിയും അൻവർ അബ്ദുള്ളയും രചനയും സംവിധാനവും നിർവഹിക്കുന്ന ‘ട്രിപ്പി’ലും മികച്ച വേഷം തന്നെയാണ് അബ്ദുള്ളയുടേത്. കഴിഞ്ഞ നവംബർ 17നാണ് അബ്ദുള്ള വിടവാങ്ങുന്നത്. മരിക്കുന്നതിനു മുമ്പേ അദ്ദേഹം ഭാഗമായുള്ള രംഗങ്ങള്‍ ട്രിപ്പ് സിനിമയുടെ അണിയറപ്രവര്‍ത്തകർ പൂർത്തിയാക്കിയിരുന്നു.

കുടുംബപശ്ചാത്തലത്തിൽ ഇന്ത്യൻ യുവത്വത്തിന്റെ ആത്മസംഘർഷം ആവിഷ്‌ക്കരിക്കുന്ന ത്രിഭാഷാ ചിത്രമാണ് ട്രിപ്പ്. മലയാളത്തിൽ നിർമിക്കുന്ന ചിത്രം രാജ്യാന്തര പ്രേക്ഷകരെ മുന്നിൽ കണ്ടുകൊണ്ട് ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തുന്നുണ്ട്. 

അച്ഛന്റെ നിർബന്ധം മൂലം ബാല്യവും കൗമാരവും അന്യവൽക്കരിക്കപ്പെട്ട ഉണ്ണിയെന്ന യുവാവിന്റെ ജീവിതാഖ്യാനമാണ് പ്രമേയം. ബഹുസ്വഭാവങ്ങളുള്ള ജീവിത പശ്ചാത്തലങ്ങളുടെ കലർന്നൊഴുകൽ കൊണ്ട് ട്രിപ്പ് നവദൃശ്യാനുഭവമാകും. ട്രാവൽ, ഇൻവെസ്റ്റിഗേഷൻ മൂവികളുടെ സ്വഭാവ സന്നിവേശം അസാധാരണമായ പുതുമയാകുമെന്നും പ്രതീക്ഷിക്കുന്നു. 

trip-movie-1 ട്രിപ്പിന്റെ ചിത്രീകരണ വേളയിൽ സംവിധായകരായ എം.ആർ. ഉണ്ണി, അൻവർ അബ്ദുള്ള, ഛായാഗ്രാഹകൻ മുഹമ്മദ് എ, അസോസിയേറ്റ് ഡയറക്ടർ നവാസ് അലി തുടങ്ങിയവർ.

കണ്ണൂർ മുഴുപ്പിലങ്ങാട്, കോഴിക്കോട്, ചമ്രവട്ടം, കോട്ടയം എന്നിവിടങ്ങളിലാണ് ചിത്രീകരണം. കെ.ടി.സി. അബ്ദുള്ള അവസാനമായി അഭിനയിച്ച ട്രിപ്പിൽ ആര്യ രമേഷ്, റെജിൻ രാജ , കല്യാൺ ഖന്ന, വിനിത ആർ. നാഥ്, രാജീവൻ വെള്ളൂർ, രാജീവ് മോഹൻ, ആർ. ഗിരീഷ് കുമാർ, ജ്യുവൽ ബേബി, മാസ്റ്റർ ഗൗതം തുടങ്ങിയ പുതുമുഖങ്ങൾ പ്രധാന വേഷങ്ങളിലെത്തും. 

കെ. ജയകുമാർ, ഒ.വി. ഉഷ, റഫീക്ക് അഹമ്മദ്, അൻവർ അബ്ദുള്ള എന്നിവരുടെ വരികൾക്ക് ഈണവും പശ്ചാത്തല സംഗീതവും ജാസി ഗിഫ്റ്റാണ് ഒരുക്കുന്നത്. ഛായാഗ്രഹണം മുഹമ്മദ് എ, ചിത്രസന്നിവേശം റിൻജു ആർ, ലൈൻ പ്രൊഡ്യൂസർ സന്തോഷ് പി. തമ്പി, അസോസിയേറ്റ് ഡയറക്ടർ നവാസ് അലി, അസിസ്റ്റന്റ്  ഡയറക്ടർ , ശ്രീകാന്ത്, ശബ്ദവിന്യാസം ടി.ആർ. കൃഷ്ണനുണ്ണി.

trip-movie-2 ആര്യ രമേഷും കല്യാൺ ഖന്നയും

കലാസംവിധാനം അനീഷ് ഗോപാൽ, ചമയം മിറ്റ ആന്റണി, വസ്ത്രാലങ്കാരം ജയരാജ് ഷൊർണ്ണൂർ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, പ്രൊഡക്‌ഷൻ എക്‌സിക്യൂട്ടീവ് പ്രതീഷ് കൃഷ്ണൻ , യൂണിറ്റ് മാനേജർ സി. .സുരേഷ് കുമാർ, പി.ആർ.ഒ. ജി. ശ്രീകുമാർ, സ്റ്റുഡിയോ ചിത്രാഞ്ജലി. മാർച്ച് അവസാനവാരം ചിത്രം തീയറ്ററിലെത്തും.