Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൻ താമരക്കുളത്തിന്റെ മൾട്ടിസ്റ്റാർ ചിത്രം; അച്ചായൻസ് ടൈറ്റിൽ ലോഗോ

achayans

ആടുപുലിയാട്ടം എന്ന ചിത്രത്തിന് ശേഷം കണ്ണൻ താമരക്കുളത്തിനൊപ്പം ജയറാം വീണ്ടും. അച്ചായൻസ്‌ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സിനിമയുടെ ടൈറ്റിൽ ഡിസൈൻ പുറത്തിറങ്ങി. ജയറാം, പ്രകാശ് രാജ്, ഉണ്ണി മുകുന്ദൻ, ആദിൽ, സഞ്ജു ശിവറാം എന്നിവരാണ് സിനിമയിലെ നായകന്മാർ.

അഞ്ച്‌ നായകന്മാരുള്ള ഈ സിനിമയുടെ പ്രധാന പ്രത്യേക നായകപക്ഷത്തുള്ളവർ തന്നെ പ്രതിനായകന്മാരുമാകുന്നു എന്നതാണ്. ദേശീയ അവാർഡ്‌ ജേതാവ്‌ പ്രകാശ്‌ രാജ്‌ നീണ്ട ഇടവേളയ്ക്ക്‌ ശേഷം വീണ്ടും മലയാളത്തിൽ അഭിനയിക്കുന്നു എന്നതും മറ്റൊരു പ്രത്യേകത. ‘പ്രകാശ് രാജ് അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത് സംവിധാനത്തിൽ ശ്രദ്ധ ചെലുത്തുകയായിരുന്നു. മാത്രമല്ല സെലക്ടീവ് ആയാണ് ചിത്രങ്ങളും തിരഞ്ഞെടുക്കുന്നത്. ഫോണിൽ കൂടി കഥ കേട്ട ഉടൻ ചിത്രത്തിൽ അഭിനയിക്കാൻ താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു.–കണ്ണൻ താമരക്കുളം പറഞ്ഞു.

തെന്നിന്ത്യയിലെ മുൻനിര നായികയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഹാപ്പി വെഡ്ഡിങിലൂടെ ശ്രദ്ധേയയായ അനു സിത്താരയാണ് മറ്റൊരു നായിക. സിനിമയുടെ തിരക്കഥ സച്ചി-സേതു കൂട്ടുകെട്ടിലെ സേതുവാണ്. ‌ കോമഡിയും സസ്പെൻസും നിറഞ്ഞ ഒരു ഫൺ ത്രില്ലർ മൂഡിൽ പോകുന്ന ചിത്രമായിരിക്കും അച്ചായൻസ്. പ്രദീപ് നായർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് രതീഷ് വേഗ സംഗീതം നിർവഹിക്കുന്നു. ഫോർട്ട്കൊച്ചി, വാഗമൺ, കുട്ടിക്കാനം, കമ്പം, തേനി, ഹൈദരാബാദ്‌ എന്നിവിടങ്ങളിലായി പൂർത്തിയാക്കും.