Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിംഗ് ലയർ ഫസ്റ്റ്ലുക്ക് പോസ്റ്റർ കാണാം

ദിലീപ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കിംഗ് ലയറിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഒരു നുണയന്റെ കഥ എന്ന ടാഗ്‌ലൈൻ ആണ് ചിത്രത്തിന്റേത്. മനോരമ ഓൺലൈൻ വഴിയാണ് പോസ്റ്റർ പുറത്തിറങ്ങിയത്.

2 കണ്ട്രീസ് എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഈ വർഷം ദിലീപ് ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് കിംഗ് ലയർ. 22 വർഷങ്ങൾക്ക് ശേഷം സിദ്ദിഖ്–ലാൽ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ്.

സിദ്ദിഖ് തിരക്കഥയെഴുതി ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഡോണയാണ് നായിക. പ്രേമം സിനിമയിലൂടെ മലയാളിപ്രേക്ഷകന് പ്രിയങ്കരിയായി മാറിയ നടിയുടെ രണ്ടാമത്തെ മലയാളചിത്രമാണ് കിംഗ് ലയർ.

ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ജനപ്രിയനായകൻ എത്തുന്നത്. സിനിമയുടെ ചിത്രീകരണചിത്രങ്ങളോ ദിലീപിന്റെ ഗെറ്റപ്പോ ഇതുവരെയും പുറത്തുവന്നിട്ടില്ല. കേരളത്തിലും ദുബായിയിലുമായി ഒരു മാസത്തോളം ചിത്രീകരണം നടന്നിരുന്നു.

ബാലു വര്‍ഗീസ്, ആശ ശരത്ത്, ജോയ് മാത്യു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദീപക് ദേവാണ് സംഗീതം. ഇരുപതുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഹിറ്റ്മേക്കര്‍മാരായ സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമെന്ന നിലയിൽ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

ദിലീപിന്റെ കഴിഞ്ഞ വർഷം അവസാനം പുറത്തിറങ്ങിയ ടു കണ്ട്രീസ് സൂപ്പർഹിറ്റായിരുന്നു. റാംജിറാവ് സ്പീക്കിങ്ങിന്റെ നിർമാതാക്കളിലൊരാളായ ഔസേപ്പച്ചനാണു ചിത്രം നിർമിക്കുന്നത്. ഔസേപ്പച്ചൻ മൂവീസ് ഹൗസിന്റെ ബാനറിലാണ് നിർമാണം.

Your Rating: