Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടി. കെ പത്മിനിയുടെ ജീവിതം വെള്ളിത്തിരയിൽ; പത്മിനിയായി അനുമോള്‍

padmini-anumol

കേരളത്തില്‍ ജീവിച്ചിരുന്ന വിഖ്യാത ചിത്രകാരി ടി.കെ പത്മിനിയുടെ ജീവിതം ഇതാദ്യമായി ചലച്ചിത്രരൂപത്തിലാകുന്നു. ഇന്ത്യന്‍ ചിത്രകലയിലെ ഭാവിവാഗ്ദാനമായി ചിത്രകലാനിരൂപകരും പത്രമാധ്യമങ്ങളും അറുപതുകളില്‍ ഉയര്‍ത്തിക്കാട്ടിയ അതുല്യപ്രതിഭയായിരുന്നു ടി.കെ പത്മിനി. ഇരുന്നൂറിലധികം പെയിന്‍റിംഗുകളും ഡ്രോയിംഗുകളും അവശേഷിപ്പിച്ച് ഇരുപത്തൊമ്പതാം വയസ്സില്‍ പ്രസവത്തോടനുബന്ധിച്ച് നിര്യാതയായ പത്മിനിയും അവരുടെ ചിത്രങ്ങളും ക്രമേണ വിസ്മൃതിയിലാവുകയായിരുന്നു. പക്ഷേ മനുഷ്യരുടെ അവഗണനകളെ അതിജീവിച്ച് പത്മിനിയേയും പത്മിനിയുടെ ചിത്രങ്ങളേയും അവരുടെ പ്രതിഭ എക്കാലത്തും ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരുന്നു. ക്ഷണികമായിരുന്ന ആ പ്രതിഭാജീവിതത്തിന്‍റെ ദൃശ്യാവിഷ്കാരമാണ് പത്മിനി എന്നു പേരിട്ടിട്ടുള്ള ചിത്രം പറയുന്നത്.

ടി.കെ പത്മിനി മെമ്മോറിയല്‍ ട്രസ്റ്റിന്‍റെ ബാനറില്‍ ടി.കെ ഗോപാലന്‍ നിര്‍മ്മിക്കുന്ന പത്മിനിയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് എഴുത്തുകാരനും തിരക്കഥാകൃത്തുമായ സുസ്മേഷ് ചന്ത്രോത്ത് ആണ്. വയനാട്ടിലെ കര്‍ഷകരുടെ ജീവിതദുരന്തം പകര്‍ത്തിയ പൃഥ്വിരാജ് ചിത്രം 'പകല്‍', പ്രിയനന്ദനന്‍ സംവിധാനം ചെയ്ത 'മരിച്ചവരുടെ കടല്‍' എന്നീ ചിത്രങ്ങളുടെ തിരക്കഥ രചിച്ചിട്ടുള്ള സുസ്മേഷ് ചന്ത്രോത്തിന്‍റെ ആദ്യ സംവിധാനസംരംഭവുമാണ് പത്മിനി.

1940 മുതല്‍ 1969 വരെയുള്ള ഇരുപത്തിയൊമ്പത് വര്‍ഷത്തെ കേരളത്തിലെയും മദിരാശിയിലേയും പത്മിനിയുടെ ജീവിതമാണ് പത്മിനി എന്ന സിനിമയിലൂടെ പറയുന്നത്. പഴയകാലഘട്ടത്തെ അതേപടി പകര്‍ത്തിയിട്ടുള്ള പത്മിനി പോയകാല കേരളീയജീവിതത്തിന്‍റെ സാമൂഹികചിത്രവും പ്രേക്ഷകര്‍ക്ക് കാണിച്ചുകൊടുക്കുന്നു.

padmini-movie-anumol

ദേശീയ-സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള നിരവധി ചിത്രങ്ങളിലെ അഭിനേത്രി അനുമോളാണ് പത്മിനിയായി വേഷമിടുന്നത്. അനുമോളുടെ കരിയറിലെ ഏറ്റവും മികച്ചതും വെല്ലുവിളിയുണ്ടാക്കിയിട്ടുള്ളതുമായ വേഷമാണ് പത്മിനിയിലെ ചിത്രകാരിയുടേത്. ഈ ചിത്രത്തിനായി മാസങ്ങളോളം പ്രശസ്ത ചിത്രകാരന്‍ ടി. കലാധരന്‍റെ കീഴില്‍ ചിത്രകലാഭ്യസനം നടത്തിയ ശേഷമാണ് അനുമോള്‍ പത്മിനിയാകാനെത്തിയത്.

എല്ലാ എതിര്‍പ്പുകളേയും മറികടന്ന് പത്മിനിയെ ചിത്രകലാപഠനത്തിന്‍റേയും വരയുടെയും വിശാലലോകത്തേക്ക് ആനയിച്ച പത്മിനിയുടെ അമ്മാവന്‍ ടി.കെ ദിവകാരമേനോന്‍ ആയി പ്രമുഖ നടന്‍ ഇര്‍ഷാദും പത്മിനിയുടെ ഭര്‍ത്താവ് ചിത്രകാരന്‍ കൂടിയായ കെ. ദാമോദരനായി സഞ്ജു ശിവറാമും പത്മിനിയില്‍ വേഷമിടുന്നു. ജീവിച്ചിരിക്കുന്ന മനുഷ്യരെയാണ് ഈ ചിത്രത്തില്‍ ഇര്‍ഷാദും സഞ്ജു ശിവറാമും അവതരിപ്പിച്ചിട്ടുള്ളത്. ഏറെക്കാലത്തിനുശേഷം ഇര്‍ഷാദിനു ലഭിച്ചിട്ടുള്ള അഭിനയപ്രാധാന്യമുള്ള വേഷമാണ് പത്മിനിയിലേത്. മൂന്ന് പതിറ്റാണ്ടിന്‍റെ കാലപ്പകര്‍ച്ചകളിലൂടെ കടന്നുപോകുന്ന കഥാപാത്രമാണ് ഇര്‍ഷാദിന്‍റെത്. സഞ്ജു ശിവറാമിന്‍റെയും ഇതുവരെയുള്ള കരിയറിലെ വേറിട്ട വേഷമാണ് പത്മിനിയിലെ ദാമോദരന്‍ എന്ന ചിത്രകാരന്‍റേത്. തലശ്ശേരി ഭാഷ പറയുന്ന കഥാപാത്രമാണിത്.

പത്മിനിയെ മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്ട്സിലയക്കാന്‍ ഉത്സാഹിച്ചത് ടി.കെ ദിവാകരമേനോന്‍റെ സുഹൃത്തും കവിയുമായ ഇടശ്ശേരി ഗോവിന്ദന്‍ നായരാണ്. നവാഗതനായ സി.എന്‍ സുമേഷാണ് മധ്യവയസ്സിലുള്ള ഇടശ്ശേരിക്ക് തിരശീലയില്‍ ജീവിതം നല്‍കിയിട്ടുള്ളത്. കൂടാതെ കവി പി. കുഞ്ഞിരാമന്‍ നായരും വി.ടി ഭട്ടതിരിപ്പാടും സി.എന്‍ കരുണാകരനും നമ്പൂതിരിയും കഥാപാത്രങ്ങളായി ഈ സിനിമയിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഷാജു ശ്രീധറാണ് മഹാകവി കുഞ്ഞിരാമന്‍ നായരെ അവതരിപ്പിക്കുന്നത്. ഷാജുവിന്‍റെ അഭിനയജീവിതത്തിലെ ഏറ്റവും വേറിട്ട വേഷമായിരിക്കും മഹാകവിയുടേത്. ചിത്രകാരന്‍ സി.എന്‍ കരുണാകരന്‍റെ മകന്‍ ആയില്യന്‍ പത്മിനിയില്‍ സി.എന്‍ കരുണാകരന്‍റെ ചെറുപ്പമായി വേഷമിടുന്നു.

padmini-movie

വി.ടി ഭട്ടതിരിപ്പാടിന്‍റെ ബന്ധു കൂടിയായ പി.എന്‍ സൂര്യസാനു വി.ടി ഭട്ടതിരിപ്പാടിനേയും ഡോ.കൃഷ്ണദാസ് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയേയും അവതരിപ്പിക്കുന്നു. പത്മിനിയിലെ ചിത്രകാരിയെ ആദ്യം തിരിച്ചറിഞ്ഞ കലാധ്യാപകനായി മഹേഷിന്‍റെ പ്രതികാരം ഫെയിം അച്യുതാനന്ദന്‍ എത്തുന്നു. സംവിധായകന്‍ പ്രിയനന്ദനനാണ് പത്മിനിയിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പത്മിനിയുടെ കുട്ടിക്കാലം അവതരിപ്പിച്ചിട്ടുള്ളത് പത്മിനിയുടെ കുടുംബാഗം കൂടിയായ കുമാരി ടി.കെ ശാരികലക്ഷ്മിയാണ്. പത്മിനിയുടെ ഏറ്റവും ചെറിയ പ്രായത്തെ ഏഴുവയസ്സുകാരി അമുദയും തിരശ്ശീലയിലെത്തിക്കുന്നു. മറ്റ് അഭിനേതാക്കള്‍ : കെ. അംബിക, ജിജി ജോഗി, ടി.സി രാജേഷ്, ടി.കെ ശാന്തി, ലത സതീശന്‍, ഹസീന, ഹരിദാസ്, ഇന്ദിര ഹരിദാസ്, സബിന്‍ കെ.ലാല്‍, ടി. കെ രഘുനാഥന്‍ തുടങ്ങിയവര്‍. ശ്രീഹരി, ശ്രേയ, കപില, ചിത്രലേഖ എന്നീ കുട്ടികളും ചിത്രത്തില്‍ അഭിനയിക്കുന്നു.

സംസ്ഥാന, ദേശീയ പുരസ്കാരങ്ങള്‍ക്ക് അര്‍ഹമായ നിരവധി ഹിന്ദി,മറാത്തി,മലയാളം ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുള്ള മനേഷ് മാധവന്‍ ആണ് പത്മിനിയുടെ കാമറ. പൂനെ ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍നിന്നും ഛായാഗ്രഹണം പഠിച്ചിറങ്ങിയ മനേഷ് മാധവന്‍, പ്രശസ്ത ഫിലിം മേക്കര്‍ ജോഷി ജോസഫ് ഉള്‍പ്പെടെ നിരവധി പേരുടെ ഡോക്യുമെന്‍ററികള്‍ക്കും ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്. അസാധാരണമനസ്സും നിശ്ചയദാര്‍ഢ്യവുമുണ്ടായിരുന്ന പത്മിനിയുടെ ഭാവങ്ങള്‍ക്കും കേരളീയ പ്രകൃതിയുടെ ഋതുഭാവങ്ങള്‍ക്കും മനേഷിന്‍റെ കാമറ കൊടുത്തിരിക്കുന്ന അര്‍ത്ഥഭംഗി ചിത്രത്തെ വേറിട്ടതലത്തിലേക്കുയര്‍ത്തുന്നതാണ്.

padmini-movie-anumol-1

ദൃശ്യങ്ങള്‍ക്കൊപ്പം സംഗീതത്തിനും പാട്ടിനും ഏറെ പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രത്തിന് ശ്രീവല്‍സന്‍ ജെ.മേനോന്‍ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നു. മനോജ് കുറൂരാണ് ഗാനരചന. പൂര്‍ണമായും തത്സമയ ശബ്ദലേഖനത്തിലൂടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ള പത്മിനിയുടെ ലൊക്കേഷന്‍ സൗണ്ട് ലെനിന്‍ വലപ്പാടും അര്‍ജ്ജുന്‍ എന്‍. രമണും നിര്‍വ്വഹിച്ചിരിക്കുന്നു. സൗണ്ട് ഡിസൈന്‍ പ്രിന്‍സ് ജോര്‍ജ്ജ്, എഡിറ്റിംഗ് ബി.അജിത് കുമാര്‍. ടൈറ്റില്‍ ഭട്ടതിരി, ഡിസൈന്‍ റാസി, സുമേഷ്. നിര്‍മ്മാണ നിര്‍വ്വഹണം ഉത്തമന്‍ കാടഞ്ചേരി.

ചിത്രത്തില്‍ പത്മിനിയുടെ അപൂര്‍വ്വമായ പെയിന്‍റിംഗുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകസിനിമയില്‍ത്തന്നെ ആര്‍ട്ടിസ്റ്റുകളുടെ ജീവിതത്തെ ആസ്പദമാക്കി വിരളമായേ ചലച്ചിത്രസൃഷ്ടികളുണ്ടായിട്ടുള്ളൂ എന്നിടത്താണ് പത്മിനി സിനിമയുടെ മറ്റൊരു പ്രസക്തി. പത്മിനിയുടെ ജന്മഗ്രാമമായ കാടഞ്ചേരി, പോത്തന്നൂര്‍, ചെന്നൈ, പാലക്കാട്, തൃശൂര്‍, എറണാകുളം എന്നിവിടങ്ങളിലായി മൂന്ന് ഷെഡ്യൂളുകളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ 'പത്മിനി' മുംബൈയിലെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തീര്‍ത്ത് സെപ്തംബറില്‍ പ്രദര്‍ശന സജ്ജമാകും.  

Your Rating: