Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പച്ചപ്പിന്റെ കാഴ്ചകളുമായി ‘വള്ളീം തെറ്റി പുള്ളീം തെറ്റി’

rishi-vtpt ഋഷി (ഇടത്), വള്ളീം തെറ്റി പുള്ളീം തെറ്റി പോസ്റ്റർ

പാലക്കാടിന്റെ ഗ്രാമീണ വിശുദ്ധിയെ മലയാള സിനിമയ്ക്ക് എത്ര പകർത്തിയാലും മതിയാകില്ല. എത്രയെത്ര സിനിമകളിൽ പാലക്കാട് കാഴ്ചയുടെ കവിതയായിട്ടുണ്ട്. ഇപ്പോഴിതാ നവാഗത സംവിധായകൻ ഋഷി ശിവകുമാർ തന്റെ ആദ്യചിത്രമായ ‘വള്ളീം തെറ്റി പുള്ളീം തെറ്റി’ യുടെ ക്യാമറ പാലക്കാടിന്റെ പച്ചപ്പിലേക്കു തിരിച്ചു വച്ചിരിക്കുന്നു. കഥയുടെ ലോകത്തു പുകൾപെറ്റ തസറാക്കിന്റെ സൗന്ദര്യം കഥയ്ക്കിണങ്ങുമെന്നു ഋഷിയോട് ആദ്യം പറഞ്ഞതു ഗുരുവും ക്യമറാമാനുമായ എസ്. കുമാറായിരുന്നു.

സെറ്റുകൾ തേടിയുള്ള യാത്രകളെല്ലാം അവസാനിച്ചതാകട്ടെ പാലക്കാട്ടും. തസറാക്കിനടുത്തു കരിങ്കരപ്പുള്ളിയുടെ വയൽക്കാഴ്ചകൾക്കിടയിൽ തലയെടുപ്പുള്ള ബ്രിട്ടിഷ് പാലം യാക്കരപ്പുഴയ്ക്കു കുറുകെയുണ്ട്. അതിനോടു ചേർന്നാണു ‘വള്ളീം തെറ്റി പുള്ളീം തെറ്റി’യുടെ സെറ്റും ലൊക്കേഷനും. തൊണ്ണൂറുകളിൽ നടക്കുന്ന കഥയാണു പശ്ചാത്തലം. അക്കാലത്തെ ഒരു നാടൻ തിയറ്ററിലെ പ്രോജക്ടർ ഓപറേറ്ററുടെ നാടൻ വേഷത്തിലാണു നായകൻ കുഞ്ചാക്കോ ബോബൻ. പാലക്കാടിന്റെ പൊള്ളുന്ന വെയിലിലും ചിരിമായാതെ ചെറുപ്പക്കാരായ സിനിമാസംഘത്തിനൊപ്പം ആഹ്ലാദത്തിലാണു ചാക്കോച്ചൻ.

chakochan

‘ ഈ നാടിന്റെ പച്ചപ്പു പോലെ തന്നെ ലളിതമായൊരു കഥയാണീ സിനിമ. വലിയ അവകാശവാദങ്ങളൊന്നുമില്ല. ചെറിയൊരു സിനിമ. പാട്ടും കഥയും കുഞ്ചാക്കോ ബോബന്റെ സാന്നിധ്യവും തന്നെയാണിതിന്റെ ഹൈലൈറ്റ്. ഒപ്പം രഞ്ജി പണിക്കരും മനോജ് കെ.ജയനും പിന്നെ ഒട്ടേറെ പ്രമുഖ താരങ്ങളുടെ സാന്നിധ്യവും’, സംവിധായകൻ ഋഷിയുടെ വാക്കുകൾ. ചിത്രീകരണത്തിന്റെ തിരക്കുകൾക്കിടയിൽ ഒരുപറ്റം ചെറുപ്പക്കാരുടെ സംഘമാണിതിന്റെ പിന്നിലുള്ളതെന്നു തോന്നിപ്പിക്കുന്ന കളിചിരികൾ.

പുതുമ തേടുന്ന ഒരുസംഘം ചെറുപ്പക്കാർ. ക്യാമറാമാൻ കുഞ്ഞുണ്ണി എസ്.കുമാറും ഡിസൈനറും അഭിനേതാവുമായ സുബിനും അനീഷ് ജി മേനോനും എഡിറ്റർ ബൈജു കുറുപ്പും എല്ലാം ചേർന്ന സിനിമ സംഘത്തനൊപ്പം നായിക ശ്യാമിലി വീണ്ടുമെത്തുക ഈ മാസം ഒടുവിലാണ്. ബേബി ശ്യാമിലിയായി മലയാളികളെ വിസ്മയിപ്പിച്ച ശ്യാമിലി വീണ്ടും മലയാളത്തിലെത്തുന്നത് ചേച്ചിയുടെ നായകനായി തുടങ്ങിയ കുഞ്ചാക്കോ ബോബനോടൊപ്പം തന്നെ എന്നുള്ളതും കൗതുകം തന്നെ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.