Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കബനിയുടെ ഗതി മാറ്റിയ ‘50 മീറ്റർ കയർ’

p-a-backer പി.എ. ബക്കർ

“ഞാൻ ജീവിതത്തിൽ ഒരിക്കൽ മാത്രമേ പള്ളിയിൽ പോയിട്ടുള്ളൂ, അത് പള്ളിയിൽ കിടന്നുറങ്ങിപ്പോയ എന്റെ ജ്യേഷ്ഠനെ വിളിക്കാനാണ്.”25 കൊല്ലം മുൻപു പി.എ. ബക്കറിന്റെ ചേതനയറ്റ ശരീരം മയ്യത്ത് നമസ്കാരത്തിനായി തൃശൂർ മണ്ണുത്തിക്കടുത്തുള്ള കാളത്തോട് മുസ്‌ലിം പള്ളിക്കകത്തു വച്ചപ്പോൾ ബക്കർ പണ്ടു പറഞ്ഞ വാക്കുകൾ ഞാനോർത്തുപോയി. ബക്കർ വീണ്ടും പള്ളിക്കകത്ത്‌ കയറിയിരിക്കുന്നു, രണ്ടാമതും അവസാനവുമായി. ബക്കർ മടങ്ങിയിട്ടു കാൽനൂറ്റാണ്ടായിരിക്കുന്നു. കാലത്തിന് എത്ര വേഗം. ഞാൻ മദ്രാസിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുമ്പോഴാണു ബക്കറെ പരിചയപ്പെടുന്നത്. 

ഞങ്ങളുടെ അധ്യാപകനായിരുന്ന പ്രഭാകരൻ സാറിന്റെ സുഹൃത്തായിരുന്ന ബക്കർ അവിടെ നിത്യസന്ദർശകനായിരുന്നു. എല്ലാ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകാരുടെയും സുഹൃത്തായിരുന്നു ബക്കർ. പുണെയിൽ നിന്നു സിനിമയിൽ ബിരുദം നേടി മലയാള സിനിമയുടെ പച്ചപ്പു തേടി മദിരാശിയിലെത്തുന്ന എല്ലാ ചെറുപ്പക്കാരുടെയും ഗോഡ്ഫാദർ ആയിരുന്നു അദ്ദേഹം. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു സിനിമ പഠിക്കാൻ ഭാഗ്യം കിട്ടാത്തതിനാൽ അതിനു ഭാഗ്യം ലഭിച്ചവരോട് അദ്ദേഹത്തിന് പ്രത്യേക വാത്സല്യമായിരുന്നു. ജോൺ ഏബ്രഹാം, കെ.ജി. ജോർജ്, രാമചന്ദ്രബാബു തുടങ്ങി ഒട്ടുമിക്ക പുണെ സന്തതികളുടെയും അഭയകേന്ദ്രമായിരുന്നതിനാൽ കോടമ്പക്കത്തുള്ള ബക്കറിന്റെ വീട് “പുണെ ഹൗസ്” എന്നാണ് അറിയപ്പെട്ടിരുന്നത്. 

ബക്കർ മാത്രമല്ല, അഹമ്മദ് മുസല്യാരുടെ മക്കളിൽ വിപ്ലവം സൃഷ്ടിച്ചത്. ബക്കറിന്റെ മൂത്ത സഹോദരി ഐഷ ഹിന്ദുവായ രാമൻ നായരെ പ്രണയിച്ച് വിവാഹം കഴിച്ച് മതപരിവർത്തനം നടത്തി ഉഷ എന്ന പേരു സ്വീകരിച്ചു. ചേച്ചിയുടെ വിപ്ലവകരമായ ഈ നടപടിക്ക് എല്ലാ പിന്തുണയും നൽകിയത് അനിയൻ ബക്കർ ആയിരുന്നു. രാമൻ നായരുടെ കുടുംബ സുഹൃത്തായിരുന്ന രാമു കാര്യാട്ടിലൂടെയാണു ബക്കർ സിനിമയിൽ എത്തുന്നത്‌. പ്രൊഡക്‌ഷൻ ബോയ്‌ ആയി തുടക്കം.

ബക്കറിന്റെ ഉള്ളിൽ എന്നും ഒരു വ്യത്യസ്ത സിനിമാ സങ്കൽപം ഉണ്ടായിരുന്നു. അങ്ങനെയാണ് പി.എൻ. മേനോന്റെ സംവിധാനത്തിൽ അദ്ദേഹം ‘ഓളവും തീരവും’ എന്ന സിനിമ നിർമിച്ചത്. മലയാള സിനിമയിലെ ആദ്യത്തെ ‘ന്യൂ വേവ്’ സിനിമ. 1970ലെ സംസ്ഥാന അവാർഡും മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാർഡും ചിത്രം കരസ്ഥമാക്കി. പിന്നീട് ഒരു സിനിമ സംവിധാനം ചെയ്യാനായിരുന്നു ബക്കറിന്റെ ശ്രമം. നക്സലൈറ്റ് വർഗീസിന്റെ ജീവിതവും മരണവും അദ്ദേഹത്തെ വല്ലാതെ സ്വാധീനിച്ചിരുന്നു. കയ്യിൽ പണം കുറവായിരുന്നതിനാൽ 16 എംഎമ്മിലാണ് ആദ്യം ചിത്രീകരണം തുടങ്ങിയത്. 

എന്നിട്ടും കുറച്ചുദിവസത്തെ ഷൂട്ടിങ് കഴിഞ്ഞപ്പോൾ പണം തീർന്നു. അതോടെ പടം അവിടെ നിന്നു. ഈ സമയത്താണു പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനത്തിനു ശ്രമിച്ച് പരാജയപ്പെട്ട് പവിത്രൻ മദ്രാസിലെത്തുന്നത്. മഹാരാജാസ് കോളജിൽ എന്റെ സമകാലികനായിരുന്ന പവിത്രനെ ഞാൻ ബക്കറിനു പരിചയപ്പെടുത്തി. ബക്കറിന്റെ കബനീ നദി സംരംഭത്തെക്കുറിച്ചു പവിത്രനും കേട്ടിരുന്നു. പവിത്രൻ ചിത്രം നിർമിക്കാമെന്ന് ഏറ്റു. പവിത്രൻ നിർമാതാവും ബക്കർ സംവിധായകനുമായി ‘കബനീ നദി ചുവന്നപ്പോൾ’ എന്ന സിനിമ അങ്ങനെ പിറവിയെടുത്തു. ഞാൻ അതിന്റെ സഹസംവിധായകനും ആയി. 

ചിത്രം പൂർത്തീകരിച്ച് സെൻസറിങ്ങിന‌ു തയാറായപ്പോഴാണു പുതിയ പ്രശ്നം. ചിത്രത്തിനു നീളം പോരാ. കഥാചിത്രമായി (ഫീച്ചർ ഫിലിം) പരിഗണിക്കാൻ ആവശ്യമായ നീളം പടത്തിനില്ല. കഥാചിത്രമല്ലെങ്കിൽ സബ്സിഡിയും കിട്ടില്ല, അവാർഡും കിട്ടില്ല. പവിത്രൻ ആകെ വിഷണ്ണനായി. ബക്കർ ചോദിച്ചു ‘നീളം എത്ര കുറവുണ്ട് ?’ ‘50 മീറ്റർ’. പവിത്രൻ പറഞ്ഞു. “ശരി 50 മീറ്റർ കയറു വാങ്ങിക്കൊണ്ടു വാ”... പവിത്രൻ 50 മീറ്റർ കയറു വാങ്ങിക്കൊണ്ടു വന്നു. ബക്കർ യൂണിറ്റുമായി ഒരു കുന്നിൻചെരിവിലേക്കു പോയി. കയറിന്റെ ഒരു തലയ്ക്കൽ നായകനെ കെട്ടി. മറുതലയ്ക്കൽ കയറിന്റെ അറ്റം പിടിച്ചുവലിച്ചുകൊണ്ടു നായിക കുന്നുകയറാൻ തുടങ്ങി. 

ക്യാമറ നായകനിൽ നിന്നു തുടങ്ങി കയറിലൂടെ സാവധാനം സഞ്ചരിച്ചു നായികയിൽ എത്തിയപ്പോഴേക്കും 50 മീറ്റർ നീളം തികഞ്ഞു. ഇതു നായികയുടെ മനോവിഭ്രാന്തി കാണിക്കുന്ന ഒരു രംഗമായി സിനിമയിൽ ഉൾപ്പെടുത്തി. സിനിമ പൂർത്തിയാക്കി. വെറും 68,000 രൂപ ബജറ്റിൽ പൂർത്തിയാക്കിയ ‘കബനീ നദി ചുവന്നപ്പോൾ’ 1975ലെ ഏറ്റവും നല്ല ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടി.

കാർട്ടൂണിസ്റ്റ് തോമസ്‌ നിർമിച്ച “മണിമുഴക്കം” ആയിരുന്നു ബക്കറിന്റെ രണ്ടാമത്തെ സിനിമ. ഹരി  നായകൻ. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എന്റെ ജൂനിയർ ആയിരുന്ന ശ്രീനിവാസൻ ഈ ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. 1976ലെ കേന്ദ്ര സംസ്ഥാന അവാർഡുകൾ മണിമുഴക്കം വാരിക്കൂട്ടി. അതോടെ ബക്കർ ഇന്ത്യയിലെ തന്നെ നവ സിനിമയുടെ പ്രധാന വക്താവായി. സംസ്ഥാന അവാർഡ് ചടങ്ങ് കോഴിക്കോട്ടായിരുന്നു. ഹോട്ടൽ അളകാപുരിയിൽ പ്രമുഖരെല്ലാം ഇരിക്കുമ്പോൾ കാലിൽ മന്തുള്ള ഒരു വൃദ്ധൻ വടിയും കുത്തിപ്പിടിച്ച് വേച്ചുവേച്ച് അങ്ങോട്ടു കടന്നുവന്നു. 

മലയാള സിനിമയുടെ ചരിത്രത്തിലെ രണ്ടാമത്തെ സിനിമയായ ‘മാർത്താണ്ഡവർമ’യിലെ നായകൻ ജയദേവൻ എന്ന ആണ്ടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ദയനീയാവസ്ഥ കണ്ട് പലരും സാമ്പത്തിക സഹായം നൽകിയെങ്കിലും ബക്കർ പറഞ്ഞു “ ഇതുപോരാ, ഇദ്ദേഹത്തിന് സ്ഥിരമായി സഹായം ലഭിക്കുന്ന സംവിധാനം ഉണ്ടാക്കണം”. എല്ലാവരും കൂടി അദ്ദേഹത്തെ, ഗെസ്റ്റ് ഹൗസിൽ തങ്ങുന്ന സാംസ്കാരിക മന്ത്രിയുടെ മുന്നിലെത്തിച്ചു. അങ്ങനെ സംസ്ഥാനത്ത് ആദ്യമായി അവശ കലാകാരന്മാർക്കുള്ള പെൻഷനു തുടക്കമായി. ആണ്ടി ആയിരുന്നു അതിന്റെ ആദ്യ ഗുണഭോക്താവ്. ചലച്ചിത്ര വിദ്യാർഥികൾക്കും ചരിത്രഗവേഷകർക്കും പഠിക്കാൻ കുറെ ചിത്രങ്ങൾ ആർക്കൈവ്സിൽ അവശേഷിപ്പിച്ച്, തിരശ്ശീലയ്ക്കു തീകൊളുത്തിയ ജീവിതമായിരുന്നു ബക്കർ.