Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉരുളയ്‌ക്കുപ്പേരി: ഞാൻ കൽപന

kalpana-actress-main

ഞാനെഴുതിയ സത്യങ്ങൾ അവർക്കിഷ്‌ടപ്പെട്ടോ ഇല്ലയോ എന്നെനിക്കറിയണ്ട. ഞാനെഴുതും. ഇനി ഇവളുമാരു കാണിക്കുന്നതും ഞാനെഴുതും. എന്നിൽക്കൂടി - എന്റെ ശിരസ്സിൽ ചവിട്ടിയാണിവരു നടികളായത്. എന്റെ സൗന്ദര്യം വച്ചാണ് ഇവരു മിടുക്കികളായത്.

‘‘കൽപനയെക്കാൾ പൊക്കം കലാരഞ്‌ജിനിക്കും ഉർവശിക്കുമുണ്ട്. കൽപനയെക്കാൾ വണ്ണം രണ്ടുപേർക്കും കുറവാണ്. ഉർവശി കൽപനയെപ്പോലെയാണെങ്കിലും താടി വ്യത്യാസമുണ്ട്. കലാരഞ്‌ജിനിക്ക് കൽപനഛായയുണ്ടെങ്കിലും കുറച്ചുകൂടി കൊച്ചുമുഖമാണ്...‘-എങ്ങനെയുണ്ട്. എന്നെവച്ച് ഇവളുമാരു സുന്ദരികളാവുകയാണ്.

അതിന്റെ വാശിക്കു ഞാൻ വണ്ണം കുറയ്‌ക്കുന്നു. താടി അടിച്ചുപരത്തുന്നു. മുഖം എക്‌സർസൈസ് ചെയ്‌തു കൊച്ചാക്കുന്നു. കാണട്ടെ ഇവളുമാര്...

ഒന്നു ചോദിച്ചോട്ടെ, ദേഷ്യപ്പെടരുത്. വയസ്സാകുന്നത് ആർക്കെങ്കിലും ഇഷ്‌ടമുള്ള കാര്യമാണോ? എന്താ കൽപനയ്‌ക്ക് ഇഷ്‌ടമുള്ള കാര്യമാണോ? അതുപോലെയാ ഞങ്ങൾക്കും. ഇഷ്‌ടമല്ല. ഒ.കെ. ശരിയായ ഉത്തരം. വളരെ കറക്‌ട്. ചെറുപ്പക്കാരുടെ കാര്യമല്ല. വയസ്സായവരുടെ കാര്യമാ പറയുന്നത്. വയസ്സായല്ലോ എന്നൊന്നും പറഞ്ഞുകൂടാ, വയസ്സായവരോട്. അപ്പോ ചാടി അവരു നമ്മുടെ തോളിൽക്കേറും. ആർക്കാടീ വയസ്സായത്? നിന്റെ തന്തയ്‌ക്കാ എന്നു പച്ചയ്‌ക്കു മുഖത്തുനോക്കി പറയും...’’ (പുസ്‌തകത്തിന്റെ താളുകളിൽ ഒരു കുസൃതിച്ചിരി മുഴങ്ങി)

കൽപനയ്‌ക്കെന്താ, ആത്മകഥയെഴുതാനുള്ള പ്രായമായോ...?

’ആത്മകഥയെഴുതിയാൽ പ്രായം പുറത്താകും. എനിക്ക് അതു നാൽപ്പതിനടുത്തുണ്ട്. അതു മറച്ചാലും മറച്ചുവച്ചില്ലേലും പ്രായമാകുമ്പോൾ പ്രായമാകും. ഇനി ഒരു കല്യാണത്തിന് ഉദ്ദേശ്യമില്ല. നോ പ്രോബ്ലം.’’’

നടി കൽപനയുടെ ‘ഞാൻ കൽപന’ എന്ന ആത്മകഥ അപ്പാടെ ഇങ്ങനെയാണ്. വഴക്കാളിപ്പെണ്ണ് പണ്ട് കുട്ടിക്കാലത്തു വീട്ടിലും നാട്ടിലും ഒപ്പിച്ച കുസൃതിത്തരങ്ങൾ. കൂടെപ്പിറപ്പുകളെ അടിച്ചും നുള്ളിയും കരഞ്ഞും അടി മേടിച്ചുകൂട്ടിയും ഒടുവിൽ സംവിധായകൻ അനിലിന്റെ ജീവിതത്തിന്റെ ഫ്രെയിമിൽ വീഴുന്നതുവരെയുള്ള മുഹൂർത്തങ്ങൾ സിനിമയിലെന്നപോലെ ചിരി പരത്തി കൽപന എഴുതുകയാണ്.

മലയാളത്തിലെ ഒരു നടി ആത്മകഥ എഴുതുന്നത് ആദ്യമാണെന്ന മുഖവുരയോടെ കൽപന പറഞ്ഞു: ‘‘ഞാൻ ഒരു കള്ളവും എഴുതിയിട്ടില്ല. പിന്നെ, അശോക ചക്രവർത്തിയുടെ ചരിത്രംമാത്രം നമ്മൾ വായിച്ചാൽ മതിയോ...? കൽപന ചെയ്‌തതും ആളുകൾ വായിക്കണം, പഠിക്കണം...’’ (കൽപന രണ്ടു വാക്കു സംസാരിച്ചാൽ മൂന്നാമത്തേതു തട്ട്’ ആയിരിക്കും.)

കുട്ടിക്കാലംമുതൽ കല്യാണംവരെയുള്ള ഓർമകളാണു കൽപന പങ്കുവയ്‌ക്കുന്നത്. ‘’ഒരു ‘പിരി’ പോയപോലെയാണ് എന്റെ സ്വഭാവമെന്നു എല്ലാവരും പറയുന്നു. പുസ്‌തകം വായിച്ചാൽ നിങ്ങൾക്കുമതു മനസ്സിലാകും. പക്ഷേ, ഒന്നോർക്കണം, നാറാണത്തുഭ്രാന്തനും സോക്രട്ടീസുമൊക്കെ ഇങ്ങനെ ‘പിരി’ പോയവരാണ്...’’

മിനിമോളെയും പൊടിമോളെയും (കൽപനയും ഉർവശിയും) പണ്ട് കുട്ടിക്കാലത്ത് സിനിമയിൽ അഭിനയിക്കാൻ മദ്രാസിൽ കൊണ്ടുപോയി. നടി ജയഭാരതിയുടെ കുട്ടിക്കാലം അഭിനയിക്കാൻ പൊടിമോളും അവരുടെ കൂട്ടുകാരിയായ നടി കനകദുർഗയുടെ കുട്ടിക്കാലം കൽപനയ്‌ക്കും.

കൽപനതന്നെ പറയട്ടെ: ‘‘’ഞങ്ങളു രണ്ടുപേരും നിൽക്കുന്ന ഷോട്ടിൽ കണ്ടാൽ തിരിച്ചറിയാത്ത ഇരട്ട പോലിരിക്കുന്നുവെന്നു ക്യാമറാമാന്റെ ഫസ്‌റ്റ് കംപ്ലയിന്റ്. ഡയറക്‌ടർ ഓടിപ്പോയി ക്യാമറയിൽ നോക്കി എന്നെ സൈറ്റടിച്ചു. അതേ ഒരുപോലിരിക്കുന്നു. രണ്ടുപേരും ഒരേ ഛായയിലിരിക്കുന്നത് ഡിസ്‌ക്വാളിഫിക്കേഷനാണെന്ന് അന്നാണെനിക്കു മനസ്സിലായത്. അമ്മ ചെയ്‌ത വേല. അച്‌ഛനതിൽ പങ്കു കാണില്ല. ആ പടത്തിലെ നായിക ജയഭാരതിച്ചേച്ചിയുടെ അച്‌ഛനായി അഭിനയിക്കുന്നത് ഉമ്മറങ്കിളാണ്. മകളെയും വളർത്തി വിഭാര്യനായിക്കഴിയുന്ന സന്മാർഗനിഷ്‌ഠനായ ഒരു വക്കീൽ, ഈ ക്യാരക്‌ടറിൽ ഞാൻ അഭിനയിച്ചാൽ ഉമ്മറങ്കിളിനു ചീത്തപ്പേരു വരുമെന്ന്. മകളുടെ പ്രിയപ്പെട്ട കൂട്ടുകാരിയായി വീട്ടിൽ വരുന്ന ഈ പെൺകുട്ടിയെ കാണുമ്പോൾ ജനങ്ങൾ അദ്ദേഹത്തിന്റെ ചാരിത്രത്തെ ചോദ്യം ചെയ്യുമെന്ന്...!!! ’’ (ചുരുക്കത്തിൽ പൊടിമോൾമാത്രം അഭിനയിച്ചു).’

അന്നു കൽപന അമ്മയോട് ഒരു ചോദ്യം ചോദിച്ചു: ‘‘ഞങ്ങളെ ഒരേ ഛായയിലെന്തിനാ പ്രസവിച്ചേ? എല്ലാവരും ഒരുപോലിരിക്കുന്നുവെന്നു പറഞ്ഞ് ആക്ഷേപിക്കുന്നു. പല രൂപത്തിൽ പ്രസവിക്കാൻ അമ്മ ഒന്നു ശ്രമിക്കാത്തതെന്താ? ഒന്നു സായിപ്പിനെപ്പോലെ, ഒന്നു നീഗ്രോ പോലെ, ഒന്നു ഗൂർഖാപോലെ‘ - ബാക്കി പറയാൻ അമ്മ സമ്മതിച്ചില്ല. അമ്മ മൂങ്ങയുടെ കണ്ണുപോലെ തുറിപ്പിച്ച് എന്നോടു പറഞ്ഞു - ‘‘‘എനിക്ക് മനസ്സില്ലായിരുന്നു...’’‘

അരവിന്ദന്റെ ‘പോക്കുവെയിൽ‘’ എന്ന പടത്തിൽ നായികയായി രംഗപ്രവേശം ചെയ്‌ത കഥ പിന്നാലെ. ’അവാർഡ് പടത്തിൽ അഭിനയിച്ചത് ഒരു പെരുമയായി പറയല്ലേ കൽപനേ- ചിലരെങ്കിലും പിറുപിറുക്കുന്നുണ്ടാവും. സത്യം പറയട്ടെ, എനിക്കും അന്നു കാര്യമായിട്ടൊന്നും മനസിലായിട്ടില്ലായിരുന്നു. ഒരു ടേപ്പ് റിക്കോർഡറും തൂക്കി ഹീറോയിൻ നടക്കുന്നു. ഇതാണോ ഹീറോയിൻ? പല വേഷങ്ങളിലൊരു പാട്ടും ഒരു ലൗവും ഒക്കെ വേണ്ടേ? എന്റെ നായികാപദവിയിലെ ആദ്യത്തെ നായകൻ ആരാണെന്നറിയണ്ടേ ? ഊഹിച്ചാൽ കിട്ടത്തില്ല, ഒരിക്കലും. സൂപ്പർതാരം ബാലചന്ദ്രൻ ചുള്ളിക്കാട് കഥയിൽ ഹീറോ (കഥയുണ്ടോ?).

മനസിന്റെ താളം തെറ്റിയ ഒരു യുവാവ്. പച്ചയ്‌ക്കു പറഞ്ഞാൽ ഒരു വട്ടൻ. അന്നത്തെ ബാലുവേട്ടനെ കണ്ടാൽ ആരാകിലും മിഴിയുള്ളവർ നോക്കിനിന്നുപോകും. സൗന്ദര്യമല്ല. ആ ശരീരം അസ്‌ഥികൾ പെറുക്കിവച്ച് സിമന്റ് തേക്കുമ്പോലെ തൊലി തേച്ചുപിടിപ്പിച്ചു വാർത്തെടുത്ത ആ ശരീരം വളർന്ന്, പൊക്കമുള്ള ഒരു ചെറുപ്പക്കാരൻ. ആരോടും വലിയ മമതയില്ലാത്ത ഒരു മുഖം. തുറിച്ച രണ്ടു കണ്ണുകൾ. എല്ലാത്തിലും ഒരലക്ഷ്യം, ഒരശ്രദ്ധ. ഇതുതന്നെയായിരുന്നു പടത്തിലെ ക്യാരക്‌ടറും. അഭിനയിക്കേണ്ട, ബാലുവേട്ടൻ വെറുതെ നിന്നാൽ മതി. (ബാലുവേട്ടനെന്നോടു ക്ഷമിക്കണം). എനിക്ക് അന്നു തോന്നിയ ഭാവങ്ങൾ എഴുതിയെന്നേയുള്ളൂ.അതിൽ ബാലുവേട്ടന്റെ അമ്മയും അച്‌ഛനുമായി എന്റെ അമ്മയും അച്‌ഛനും (ചവറ വി.പി നായരും വിജയലക്ഷ്‌മി നായരും) തന്നെയായിരുന്നു അഭിനയിച്ചത്. നാലു ക്യാരക്‌ടേഴ്‌സുള്ള ഒരു പടം. രാജ്യാന്തരതലത്തിൽ പല അവാർഡുകൾ വാരിക്കൂട്ടുമെന്നൊരിക്കൽപ്പോലും എനിക്ക് ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല.’

സാക്ഷാൽ തിരുവിതാംകൂർ മഹാരാജാവിനെ ‘അങ്കിൾ’ എന്നു വിളിക്കാൻ ‘ധൈര്യം’ കാട്ടിയ കഥയും കൽപന പറയുന്നു.‘ഹിസ് ഹൈനസ് ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിനെ എന്റെ ഈ രണ്ടു കണ്ണുകൊണ്ടും കണ്ടിട്ടുണ്ട്. മദ്രാസിലുള്ള തമ്പുരാന്റെ കൊട്ടാരത്തിൽവച്ച്. പോരാത്തതിന് ‘അങ്കിളേ’യെന്നു വിളിച്ചു ഞാൻ സംസാരിക്കുകയും ചെയ്‌തു. പഴകിയ വിധവും സംസാരവുമൊന്നും രാജാവും പ്രജയും തമ്മിലുള്ള ബന്ധമായിട്ടല്ല. ഒരു വലിയ അമ്മാവനായി മാത്രം സ്‌നേഹിച്ച പൊന്നുതമ്പുരാൻ.’

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.