Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണമില്ലാത്ത വില്ലന്‍

balan-k-nair

തിരശ്ശീലയില്‍ രണ്ടുകൂട്ടരെയാണ് നാം കാണുന്നത്. ഒന്ന് താരങ്ങളാണ്. മറ്റൊന്ന് നടീനടന്മാരും. മിന്നുന്നത് താരങ്ങളാണ്. അവര്‍ മിന്നിമറഞ്ഞുപോവും. പക്ഷെ നല്ല നടീനടന്‍മാര്‍ ആ നഭസ്സില്‍ എന്നും കത്തിജ്വലിച്ചു നില്‍ക്കും. ബാലന്‍ കെ നായര്‍ താരമായിരുന്നില്ല, നടനായിരുന്നു, നല്ല നടന്‍. ബാലന്‍.കെ.നായര്‍ വിടപറഞ്ഞിട്ട് ആഗസ്ത് 26ന് 15 വര്‍ഷം തികയുന്നു.

കടന്നുവന്ന കാലത്ത് അയാള്‍ കാഴ്ചയില്‍ ഒരു ലോറി ഡ്രൈവറെ പോലെ തോന്നിച്ചു. ചുണ്ടില്‍ മുറിബീഡിയുമായി കൈലി കയറ്റിക്കുത്തി അയാള്‍ ക്രുദ്ധനായി പെരുമാറി. കാമവും ക്രൌര്യവും അയാളുടെ മുഖത്തു പെട്ടന്ന് പരക്കും. ചിരിക്കുമ്പോള്‍ കണ്ണുകള്‍ വല്ലാതെ ചെറുതാവും. ആരെയും അകറ്റിനിര്‍ത്തുന്ന പ്രകൃതം. വില്ലന്‍ വേഷങ്ങള്‍ക്ക് പറഞ്ഞുണ്ടാക്കിയ പോലെ തോന്നിച്ചു അയാള്‍. പക്ഷെ പിന്നീട് വേഷങ്ങളുടെ അതിരുകളെല്ലാം നിഷ്പ്രയാസം അയാള്‍ വകഞ്ഞുമാറ്റി. ചതിയനേയും കൊലപാതകിയേയും വേട്ടക്കാരനേയും കെട്ടിയാടിയ ദേഹം അതേ ലാഘവത്തോടെ നിസ്സാഹയനേയും ദയാലുവിനെയും എടുത്തണിഞ്ഞു. ഇത്രയും വിരുദ്ധമായ സ്വഭാവ വിശേഷങ്ങള്‍ ഒരേ പോലെ ആവിഷ്കരിച്ച നടന്‍മാര്‍ മലയാളത്തില്‍ വിരളമാണ്. അതു തന്നെയാണ് ബാലന്‍ കെ നായര്‍ ഇന്നും ഒരേ സമയം പേടിപ്പിക്കുന്നതും വേദനി പ്പിക്കുന്നതുമായ ഓര്‍മ്മയായി നമ്മുടെ മനസ്സില്‍ നിറയുന്നത്.

കോഴിക്കോട്ടെ സജീവമായിരുന്ന നാടകസമിതികളില്‍ നിന്നാണ് ഈ നടന്‍ സിനിമ യിലെത്തുന്നത്. ചെറിയ വേഷങ്ങള്‍ ചെയ്തിരുന്ന ബാലന്‍ കെ നായര്‍ 1971 ല്‍ പുറത്തിറങ്ങിയ 'മാപ്പുസാക്ഷി എന്ന ചിത്ത്രിലൂടെ ശ്രദ്ധിക്കപ്പെട്ടു. വില്ലന്‍ വേഷങ്ങളാണ് ആദ്യകാലത്ത് സിനിമയില്‍ അധികവും കിട്ടിയത്. എഴുപതുകളുടെ അവസാ നത്തില്‍ തിരക്കുള്ള വില്ലനായി അദ്ദേഹം. എം എന്‍, നമ്പ്യാരോ, ജോസ് പ്രകാശോ ബാലന്‍ കെ നായരോ വില്ലനാവാതെ മലയാള സിനിമ ഇല്ലെന്ന മട്ടായി. ഈ വില്ലന്‍ ടൈപ്പുകള്‍ കുറേക്കാലം മുഴച്ചുനില്‍ക്കുകയും ചെയ്തു. ക്രൂരതയുടെ ആള്‍രൂപമായി ബാലന്‍ കെ തിരശ്ശീലയില്‍ നിറഞ്ഞാടി. ബലാല്‍സംഗവും അറുകൊലയും കൊള്ളയും തീവെപ്പും തട്ടിക്കൊണ്ടുപോവലും കണ്ണ് ചൂഴ്ന്നെടുക്കലും ഒക്കെയായി വിലസുന്ന ക്രൂരന്‍. തലയറുത്തിട്ടാല്‍ വാലു പിടയ്ക്കുന്ന സ്വഭാവം. ബാലന്‍ കെയുടെ ചിരി പോലും കുടിലത തോന്നിക്കുന്നതായിരുന്നു. വില്ലന്‍ചിരിയുടെ പ്രതീകമായി നാം ഇപ്പോഴും കാണുന്നത് ബാലന്‍ കെ യുടെ ആ ചിരിയാണ്.

Mohanlal and Balan K Nair Action Scene

ആരോടും മറുത്തു പറയാത്ത പ്രകൃതമായിരുന്നു ബാലന്‍ കെയുടേത്. അതുകൊ ണ്ടാണ് ഈ ടൈപ്പ് കഥാപാത്രങ്ങളെ മടുത്തിട്ടും വീണ്ടും വീണ്ടും എടുത്തണിഞ്ഞത്. വില്ലന്‍ വേഷത്തില്‍ തകര്‍ത്തഭിനയിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് ഓപ്പോളിലെ വേഷം ബാലന്‍ കെ നായരെ തേടിയെത്തുന്നത്. 'പുറമെ പരുക്കന്‍- അകമെ ശുദ്ധന്‍ -വ്യക്തിത്വത്തിലെ ഈ പ്രത്യേകതയാണ് ബാലന്‍ കെ നായര്‍ക്ക് ഓപ്പോളിലെ എക്സ് മിലിട്ടിറിക്കാരന്റെ വേഷം നല്‍കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് എം ടി വാസുദേവന്‍ നായര്‍ പറഞ്ഞിട്ടുണ്ട്. ഒറ്റത്തടിയായി ജീവിക്കുന്ന പരുക്കനായ മുന്‍ പട്ടാളക്കാരന്‍ പൂ പോലുള്ള പെണ്‍കുട്ടി (മേനക)യെ വിവാഹം കഴിക്കുകയാണ്. പ്രായത്തില്‍ വളരെ അന്തരമുണ്ട് അവര്‍ തമ്മില്‍. മധ്യവയ്സകന്റെ ആര്‍ത്തിപൂണ്ട കാമവും പട്ടാളക്കാരന്റെ ചിട്ടകളും മലനിരയില്‍ ചോര നീരാക്കി പണിയെടുക്കന്ന ഒരു കര്‍ഷകന്റെ പ്രതീക്ഷാനിര്‍ഭരമായ ജീവിതവും എല്ലാം നിറഞ്ഞതായിരുന്നു ആ കഥാപാത്രം.

balan-k-nair-still

ചെറിയ ചലനങ്ങളില്‍ പോലും കൃത്യതയാര്‍ന്ന അഭിനയം കാഴ്ച വെച്ച ബാലന്‍ കെ നായര്‍ക്ക് 1980 ലെ ഭരത് പുരസ്കാരം ലഭിച്ചു. രാജ്യത്തെ ഏറ്റവും മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ബാലന്‍ കെയെ കൂടുതല്‍ വ്യത്യസ്തമായ വേഷങ്ങളിലാണ് കണ്ടത്. 'ഈനാടിലെ സഖാവ് കൃഷ്ണപിള്ള, 'ടി പി ബാലഗോപാലന്‍ എം എ യിലെ നായികയുടെ അച്ഛന്‍, 'ആള്‍ക്കൂട്ടത്തില്‍ തനിയേയിലെ മാധവന്‍ നായര്‍, 'ചാട്ടയിലെ കാളവേലു, 'ആര്യനിലെ ഉന്തുവണ്ടിക്കാരന്‍, '1921 ലെ ബീരാന്‍, 'ആരണ്യ കത്തിലെ പോലീസുകാരന്‍, 'അബ്കാരിയിലെ ചാത്തുണ്ണി, 'അമരത്തിലെ പിള്ളേച്ചന്‍ തുടങ്ങി നിരവധി വേഷങ്ങള്‍. കുടിലനായ കഥാപാത്രങ്ങളില്‍ നിന്ന് ആര്‍ദ്രതയുള്ള കഥാപാത്രങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ കൂടുമാറ്റം വിസ്മയകരമായിരുന്നു.

Balan K. Nair in VAYANADAN THAMPAN

'ഒരു വടക്കന്‍ വീരഗാഥയിലെ വലിയ കണ്ണപ്പച്ചേകവര്‍ എടുത്തപറയേണ്ട ഒരു കഥാപാത്രമാണ്. സ്വന്തം മകനെ പോലെ കരുതി വളര്‍ത്തിയ മരുമകനെ കൊല്ലാന്‍, പേരമക്കളെ അനുഗ്രഹിച്ചയക്കുന്ന കണ്ണപ്പച്ചേകവര്‍- അങ്കം പലതു ജയിച്ച വീരയോദ്ധാവിന്റെ യുദ്ധവീര്യവും പകയും പോലെതന്നെ സ്നേഹവും വാത്സല്യവും ബാലന്‍ കെ നായര്‍ അതില്‍ അനശ്വരമാക്കി.

മുസ്ലീം കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ആസാമാന്യമായ വഴക്കം ബാലന്‍ കെ നായര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ആര്യനിലെ ഉന്തുവണ്ടിക്കടക്കാരനും കടവിലെ തോണിക്കാരനും മികച്ച ഉദാഹരണങ്ങളാണ്. കടവ് ആയിരുന്നു അവസാന ചിത്രം. 'മാപ്പു സാക്ഷിയി ല്‍ മുറിബീഡി തുപ്പി ലോറിയില്‍ നിന്ന് ചാടിയിറങ്ങിയ ക്രൂരനായ ഡ്രൈവര്‍ ഒടുവില്‍ സ്നേഹം നിറച്ചുവിളമ്പിയാണ് 'കടവിലെ തോണിക്കാരനായി അകലേക്ക് തുഴഞ്ഞകന്നത്.

സിനിമാഭിനയത്തില്‍ ബാലന്‍ കെ ക്ക് തുണയായത് നീണ്ടകാലത്തെ നാടകാഭിനയം തന്നെ. പക്ഷെ നാടകത്തിലെ ഹൃദയബന്ധം സിനിമയിലും തുടര്‍ന്നുപോന്നു. അവിടെ യാണ് പിഴച്ചത്. പ്രതിഫലം കണക്കുപറഞ്ഞ് വാങ്ങാന്‍ കൂട്ടാക്കിയില്ല. തരാത്ത വരോട് പരാതി പറയാനും പോയില്ല. അതിനാല്‍ കിട്ടിയ തുകയേക്കാളധികമായിരുന്നു ഒരിക്കലും മാറിക്കിട്ടാത്ത വണ്ടിച്ചെക്കുകള്‍.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.