Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭരതന്റെ ഓര്‍മകള്‍ക്ക് 17 വയസ്

bharathan

ആ വിരല്‍സ്പര്‍ശത്തില്‍ മലയാള സിനിമ അപൂവര്‍മായ സൌന്ദര്യ മണിഞ്ഞു. ഭരതന്‍ എന്ന പ്രതിഭയുടെ വിരല്‍ തൊട്ടപ്പോള്‍ 'ഭരതന്‍ ടച്ച് എന്ന മാസ്മരികത സിനിമയ്ക്കു സംഭവിക്കുകയായിരുന്നു. 'തകരയിലെ നായിക സുരേഖയെന്ന സാധാരണ പെണ്‍കുട്ടിയെ തികഞ്ഞ സൌന്ദര്യവതിയാക്കിയ 'ഭരതന്‍ ടച്ച് പിന്നീട് ചലച്ചിത്ര സംവിധായകര്‍ക്ക് പാഠപുസ്തകമായി. അശ്ളീലമില്ലാതെ സെക്സ് സുന്ദരമായി ചിത്രീകരിക്കാ മെന്ന് 1978ല്‍ 'രതിനിര്‍വേദത്തിലൂടെ മലയാളി അറിഞ്ഞു. '1979ല്‍ 'തകരയിലൂടെ മലയാള സിനിമ വീണ്ടും ഇതറിഞ്ഞു. ഇതേ ഭരതന്‍ ടച്ച് പിന്നീട് 'ചാട്ട, 'ലോറി, 'പറങ്കിമല തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് അപൂര്‍വ അനുഭവങ്ങളായി മാറി. മലയാള സിനിമയ്ക്ക് ആ അദ്ഭുത സ്പര്‍ശം നഷ്ടപ്പെട്ടിട്ട് ജൂലൈ 30ന് 17 വര്‍ഷം. 1998 ജൂലൈ 30നാണ് ഭരതന്‍ ചമയങ്ങളുപേക്ഷിച്ച് ഈ ലോകത്തോടു വിടവാങ്ങിയത്.

വടക്കാഞ്ചേരി എങ്കക്കാടു നിന്നു തുടങ്ങിയ ഭരതന്റെ പ്രയാണം മലയാള സിനിമയുടെ ചരിത്രം കൂടിയാണ്. ഭരതന്‍ സ്കൂള്‍ എന്നു സിനിമക്കാര്‍ പറയുന്ന സംവിധാനരീതി പിന്തുടര്‍ന്ന് സിബി മലയില്‍, കമല്‍, ലോഹിതദാസ്, ജയരാജ്, സത്യന്‍ അന്തിക്കാട് തുടങ്ങി ഒട്ടേറെ സംവിധായകര്‍ പിന്നീട് മലയാള സിനിമയില്‍ ചുവടുറപ്പിച്ചു. പത്മരാജനുമായുള്ള ഭരതന്റെ കൂട്ടുകെട്ട് ഇരുവര്‍ക്കും ഒരുപോലെ ഗുണകരമായി. പത്മരാജന്റെ തിരക്കഥയില്‍ 1974ല്‍ 'പ്രയാണം എന്ന ചിത്രം സംവിധാനം ചെയ്ത് വരവറിയിച്ച ഭരതന്റെ സിനിമകള്‍ നിറക്കൂട്ടുകള്‍ ചാര്‍ത്തിയ ചിത്രങ്ങളായിരുന്നു. മികച്ച ചിത്രകാരന്‍ കൂടിയായിരുന്ന ഭരതന് അങ്ങനെയല്ലാതെ സിനിമയെടുക്കാന്‍ കഴിയുമായിരുന്നില്ല.

Indra Neelimayolam - Vaishali

മധ്യവര്‍ത്തി സിനിമ എന്നത് മലയാള സിനിമയില്‍ ഇടക്കാലത്ത് തിളങ്ങി നിന്ന ഒരു ധാരയായിരുന്നു. ആ ധാരയ്ക്ക് അടിത്തറയിട്ടത് ഭരതനും പത്മരാജനുമാണ്. നായകനെ കണ്ട് സിനിമയെടുക്കുന്ന പഴയ പാരമ്പര്യം പൊളിച്ചെഴുതുകയാണ് ഭരതനും പത്മരാജനും ചെയ്തത്. 1979ല്‍ പുറത്തിറങ്ങിയ 'തകര എന്ന സിനിമയിലെ നായകന്‍ ബുദ്ധിമാന്ദ്യമുള്ള തകര എന്ന പയ്യനാണ്. അവന്റെ ചിന്തകളിലെ കൌതുകങ്ങളിലൂടെ കഥ ഇതള്‍ വിരിയുന്നു. ചിത്രം ശുഭപര്യവസായിയായി അവസാനിപ്പിക്കണമെന്നൊന്നും അക്കാലത്ത് ഇന്നത്തെപ്പോലെ ഒരു നിര്‍ബന്ധവു മില്ലായിരുന്നു.

റയില്‍പ്പാളത്തിലൂടെ പാഞ്ഞുവരുന്ന തീവണ്ടിക്കു മുന്നില്‍ ഒാടുന്ന തകരയുടെ മുഖം ഒാര്‍ത്ത് അക്കാലത്ത് ഒട്ടേറെ മനസ്സുകള്‍വേദനിപ്പിച്ചിരുന്നു. തകരയുടെ മരണത്തോടെ കഥ അവസാനിപ്പിക്കുകയായിരുന്നു അവിടെ. എന്നാല്‍ ഇതേ ചിത്രം 1992ല്‍ 'ആവാരം പൂഎന്ന പേരില്‍ തമിഴില്‍ എടുത്തപ്പോള്‍ ഭരതന്‍ വിട്ടുവീഴ്ച ചെയ്തു. തമിഴില്‍ ആ കഥാപാത്രത്തെ മരിക്കാന്‍ വിട്ടുകൊടുക്കാതെ ട്രെയിന്‍ നിര്‍ത്തിക്കുകയാണ് ഭരതന്‍ ചെയ്തത്. ആ സീനില്‍ ട്രെയിന്‍ ഒാടിക്കുന്നയാളായി ഭരതന്‍ തന്നെയാണ് അഭിനയിച്ചത്. തമിഴില്‍ നായകനെ കഥാന്ത്യത്തില്‍ കൊല്ലുന്നത് ജനങ്ങള്‍ക്കു പിടിക്കില്ലെന്ന സത്യം ഭരതന്‍ തിരിച്ചറിയുകയായിരുന്നു. എന്നാല്‍ കൂടുതല്‍ നിലവാരമുള്ള മലയാള സിനിമയില്‍ ഭരതന് അങ്ങനെ വിട്ടുവീഴ്ചകള്‍ വേണ്ടിവന്നിട്ടുമില്ല.

പത്മരാജന്റെ തിരക്കഥയില്‍ പ്രയാണം, രതിനിര്‍വേദം, തകര, ലോറി, ഈണം, ഒഴിവുകാലം എന്നീ ചിത്രങ്ങളാണ് ഭരതന്‍ സംവിധാനം ചെയ്തത്. രതിനിര്‍വേദം എന്ന ചിത്രം ലൈംഗികതയുടെ കണ്ണിലൂടെയല്ലാതെ കാണേണ്ട കാവ്യമാണ്. ഭരതനും പത്മരാജനും മാത്രം എഴുതാന്‍ കവിയുന്ന കാവ്യം.

bharathan-lalitha

വൃദ്ധരെ നായകരാക്കിയാലും ചിത്രം വിജയിക്കുമെന്ന് ഭരതന്റെ 'ഒരു മിന്നാമിനുങ്ങിനെ നുറുങ്ങുവെട്ടം എന്ന ചിത്രം തെളിയിച്ചു. വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടുപോകലിന്റെ വേദന ചിത്രീകരിച്ച ഈ ചിത്രം സാമ്പത്തിക വിജയമായിരുന്നു.

ഭരതന്‍ 'ആരവം എന്ന ചിത്രം 1980ല്‍ എഴുതി സംവിധാനം ചെയ്തത് വലിയ പരീക്ഷണമായിരുന്നു. പ്രതാപ് പോത്തന്‍, ബഹദൂര്‍, വേണു നാഗവള്ളി, കെപിഎസി ലളിത തുടങ്ങിയവര്‍ അഭിനയിച്ച ഈ ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടു. എന്നാല്‍ ആ വര്‍ഷം തന്നെ 'ചാമരം എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ച് ആ ചിത്രം വന്‍ വിജയമാക്കാന്‍ ഭരതനു കഴിഞ്ഞു. 1981ല്‍ ചാട്ട, പാര്‍വതി, നിദ്ര, പറങ്കിമല, 1982ല്‍ മര്‍മരം, ഒാര്‍മയ്ക്കായി, പാളങ്ങള്‍ തുടങ്ങിയ ഭരതന്‍ ചിത്രങ്ങള്‍ പുറത്തുവന്നതോടെ മലയാളി സിനിമയില്‍ ഭരതന്‍ ഒരു സിംഹാസനം തീര്‍ത്തുകഴിഞ്ഞിരുന്നു.

ആരവം എന്ന ചിത്രത്തില്‍ ഒരു വയലിനിസ്റ്റിന്റെ വേഷം അഭിനയിക്കാന്‍ യഥാര്‍ഥ വയലിനിസ്റ്റിനെ തന്നെ വേണമെന്ന് ഭരതന് നിര്‍ബന്ധമായിരുന്നു. അങ്ങനെ കണ്ടെത്തിയ വയലിനിസ്റ്റ് ആണ് പിന്നീട് പ്രശസ്ത സംഗീതസംവിധായകനായി മാറിയ ഒൌസേപ്പച്ചന്‍. ഒൌസേപ്പച്ചന്‍ 'ആരവത്തില്‍ വയലിനിസ്റ്റിന്റെ വേഷം നന്നായി അഭിനയിച്ചു. പിന്നീട് 'കാതോടു കാതോരം എന്ന ചിത്രത്തില്‍ ഭരതനോടൊപ്പം സംഗീതസംവിധാനം നിര്‍വഹിച്ചത് ഒൌസേപ്പച്ചനാണ്. ഭരതന്റെ 'ചിലമ്പ്, 'പ്രണാമം, 'ഒരു സായാഹ്നത്തിന്റെ സ്വപ്നം എന്നീ ചിത്രങ്ങളിലും ഒൌസേപ്പച്ചന്‍ സംഗീതസംവിധാനം നിര്‍വഹിച്ചു.

Kudayolam Bhoomi Kudatholam Kuliru- Thakara

നാലേ നാലു നടീനടന്മാരെ മാത്രം വച്ച് ചിത്രമെടുക്കാനാവുമോ? ഇല്ലെന്ന് മറ്റെല്ലാവരും പറഞ്ഞാലും അതു സാധ്യമാണെന്ന് ഭരതന്‍ 'താഴ്വാരത്തിലൂടെ തെളിയിച്ചു. മോഹന്‍ലാല്‍, സുമലത, ശങ്കരാടി, സലിം ഘോസ് എന്നിവര്‍ മാത്രമാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ചിത്രത്തിന്റെ ഭൂരിഭാഗത്തും ഇൌ നാലു പേരെ മാത്രമേ കാണൂ. എങ്കില്‍പോലും ശ്വാസമടക്കിപ്പിടിച്ചാണ് പ്രേക്ഷകര്‍ ഈ ചിത്രം കണ്ടത്. ഭരതന്റെ സംവിധാനപ്രതിഭയുടെ തെളിവാണ് ഈ ചിത്രം.

ഭരതന്‍ ചിത്രങ്ങള്‍ക്ക് രണ്ടുവട്ടം ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1975ല്‍ മലയാളത്തിലെ മികച്ച ചിത്രമായി ഭരതന്റെ 'പ്രയാണവും 1992ല്‍ തമിഴിലെ മികച്ച ചിത്രമായി ഭരതന്റെ 'തേവര്‍മകനും തിരഞ്ഞെടുക്കപ്പെട്ടു. പൊതുവേ താരങ്ങളെ കേന്ദ്രീകരിച്ചു ചിത്രമെടുക്കാത്ത ഭരതന്‍ പക്ഷേ 'തേവര്‍മകനില്‍ രണ്ടു വലിയ താരങ്ങളുടെ സംഗമമാണ് അവതരിപ്പിച്ചത്. ശിവാജി ഗണേശനും കമല്‍ഹാസനും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.