Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊമ്പൻ മീശയ്ക്കു പിന്നിലെ ഹാസ്യം മറഞ്ഞിട്ട് പത്ത് വർഷം

ci-paul സി.ഐ. പോൾ

കൊമ്പൻ മീശയ്‌ക്കു പിന്നിൽ ഹാസ്യം ഒളിപ്പിച്ച നടൻ. അതായിരുന്നു സി.ഐ. പോളിനുള്ള വിശേഷണം. ആദ്യകാലങ്ങളിൽ വില്ലൻ വേഷമിട്ട ശേഷം പിന്നീട് ഹാസ്യവും തനിക്കു വഴങ്ങുമെന്നു തെളിയിച്ച് സ്വഭാവ നടനായും ശ്രദ്ധ നേടിയ സി.ഐ. പോളിന്റെ പത്താം ചരമ വാർഷികം കടന്നുപോയത് ആരാരുമറിയാതെ. കരിപുരണ്ട ജീവിതങ്ങൾ, ഇത്തിക്കരപ്പക്കി, ജംബുലിഗം, പൂച്ചയ്‌ക്കൊരു മൂക്കുത്തി, കളിക്കളം, ആര്യൻ, ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്, ദ് കിങ്, പകൽപ്പൂരം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്‌ത് പ്രേക്ഷകരുടെ മനസിൽ സ്ഥിര പ്രതിഷ്ഠ നേടിയാണ് പോൾ വിടപറഞ്ഞത്. കോട്ടയം, ശകുന്തള, കൊല്ലം യൂണിവേഴ്‌സൽ എന്നീ നാടകസംഘങ്ങളിലും പ്രവർത്തിച്ചു. 

ഒട്ടേറെ നാടകങ്ങളിലും മുന്നൂറോളം സിനിമകളിലും ഏറെ സീരിയലുകളിലുമായി നിരവധി ഉജ്വല കഥാപാത്രങ്ങളെ അനശ്വരമാക്കിയ പോൾ 1962ൽ സി.എൽ. ജോസിന്റെ ‘ഈ രക്‌തത്തിൽ തീയുണ്ട്’ എന്ന നാടകത്തിലൂടെയാണ് അരങ്ങേറ്റം നടത്തിയത്. അന്ന് പോളിന് പതിനെട്ടു തികഞ്ഞിട്ടില്ല. അവിസ്‌മരണീയമായിരുന്നു ആ അഭിനയം. തുടർന്ന് അധ്യാപക നിയമനത്തിനു കോഴ വാങ്ങുന്നതിനെതിരായ എന്റെ ‘തീപിടിച്ച ആത്മാവി’ലെ മൈക്കിൾ, ‘കറുത്ത വെളിച്ച’ത്തിലെ ജയിൽപുള്ളിയായ ദേവസ്യ, ‘വിഷക്കാറ്റി’ലെ സീനിയർ ഡോക്‌ടർ ‘മണൽക്കാടി‘ലെ ഡിസ്‌ട്രിക്‌ട് ജഡ്‌ജ്, ‘കരിഞ്ഞമണ്ണി’ലെ പട്ടാളക്കാരൻ തുടങ്ങി ഒട്ടേറെ വ്യത്യസ്‌ത കഥാപാത്രങ്ങളെയാണ് പോൾ അവതരിപ്പിച്ചത്.

thrissur-old-poul.jpg.image.784.410 സി.ഐ. പോൾ കുട്ടിക്കാലത്തു തന്റെ നാടക അവതരണത്തിനിടെ. സ്ത്രീ വേഷത്തിലിരിക്കുന്നതാണു പോൾ

നാടകത്തിൽനിന്നു സിനിമയിലേക്ക്

പോൾ സിനിമയിലഭിനയിക്കാനും കാരണമായത് ജോസിന്റെ നാടകമാണ്. ‘മണൽക്കാട്’ എന്ന നാടകത്തിലെ 50കാരനായ ജില്ലാ ജഡ്‌ജിയുടെ വേഷം 21കാരനായ പോളാണ് അഭിനയിച്ചത്. ‘ഭൂമിയിലെ മാലാഖ‘ ചലച്ചിത്രമാക്കിയ തോമസ് പിക്‌ച്ചേഴ്‌സിന്റെ ഉടമ പി.എ. തോമസ് മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങിനായി അന്ന് തൃശൂരിലുണ്ട്. അദ്ദേഹം മുതുകുളം രാഘവൻ പിള്ളയോടൊപ്പം ‘മണൽക്കാട് ‘നാടകം കണ്ടു.കോളിളക്കം സൃഷ്‌ടിച്ച മറിയക്കുട്ടി കൊലക്കേസ് ആസ്‌പദമാക്കി ‘മാടത്തരുവി’ എന്ന സിനിമ നിർമിക്കാൻ തോമസ് തീരുമാനിച്ച സമയം കൂടിയായിരുന്നു അത്. ഒരു ദിവസം മദ്രാസിൽനിന്ന് ഒരു ഫോൺ. സി.ഐ. പോളിനെ തേടിയായിരുന്നു അത്. ആ സിനിമയിലെ മുഖ്യകഥാപാത്രമായ വൈദികന്റെ റോളിലേക്കായിരുന്നു ആ ക്ഷണം.

സി.ഐ. പോളിനെക്കുറിച്ച് സഹോദരൻ സി.ഐ. ഇയ്യപ്പൻ അനുസ്മരിക്കുന്നു

‘കുട്ടിക്കുറുമ്പനായ പോളിനെ നല്ല അച്ചടക്കമുള്ള മര്യാദക്കാരനാക്കാൻ നന്നേ ചെറുപ്പത്തിൽ അപ്പൻ ഇയ്യപ്പൻ എൽത്തുരുത്ത് കൊവേന്തയിൽ കൊണ്ടു ചെന്നാക്കി. പോളിന്റെ അഭിനയമിടുക്ക് അറിഞ്ഞ് അവിടെ ചുമതലയിലുണ്ടായിരുന്ന പുരോഹിതൻ പോളിനു വേണ്ട പ്രോൽസാഹനങ്ങൾ നൽകി. സ്കൂൾ അവധിക്ക് പോൾ വീട്ടിൽ വരുമ്പോൾ വീട്ടിൽ നാടകം കളിക്കുക എന്നത് ഒരു പതിവായിരുന്നു. കട്ടിലുകൾ കൂട്ടി ഇട്ട് സ്റ്റേജും പുതപ്പുകൾ തുന്നിക്കെട്ടി കർട്ടനും ഇട്ടായിരുന്നു നാടകക്കളി. 

സഹോദരി റോസിലിയും അനുജനായ ഞാനുമായിരുന്നു കൂടെ ഉള്ള അഭിനേതാക്കൾ. വീടിന് അയൽപക്കത്തുള്ള വീട്ടിലെ അമ്മമാരും കുട്ടികളും കാഴ്ചക്കാരായും ഉണ്ടാകും. പുത്തൻപള്ളിയിലെ ഭക്തസംഘടനകളുടെ വാർഷികത്തോടനുബന്ധിച്ച് പള്ളി അങ്കണത്തിലെ വേദിയിൽ 1957–ൽ അരങ്ങേറിയ ‘തകർന്ന ജീവിതം’ എന്ന നാടകത്തിലെ അഭിനയത്തോടെയാണ് സി.ഐ. പോൾ എന്ന നടൻ വീടിനു പുറത്ത് പൊതുജനത്തിനു മുന്നിൽ തന്റെ അഭിനയ അരങ്ങേറ്റം കുറിച്ചത്. 13 വയസുകാരനായ പോൾ ആ നാടകത്തിൽ ഒരു അമ്മാമയുടെ വേഷത്തിലാണ് അഭിനയിച്ചത്. കാണികളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന അമ്മ മേരി മകൻ പോളിന്റെ അന്നത്തെ അഭിനയത്തെ കുറിച്ച് ഓർത്ത് പറയുമായിരുന്നു.’

Your Rating: