Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദരാഞ്ജലികൾ, അഭിനയത്തിന്റെ പ്രിയപ്പെട്ട ഡോക്ടർ ഷിവാഗോ...

Omar Sharif ഒമർ ഷരീഫ്

‘‘ഞാൻ അഭിനയിച്ച സിനിമയിൽ എന്റെ തന്നെ അഭിനയം കണ്ട് ‘ആഹാ കൊള്ളാമല്ലോ’ എന്നും പറഞ്ഞ് കയ്യടിക്കാൻ എനിക്കിഷ്ടമല്ല. നല്ല ഒരു നടനും അങ്ങനെ ചെയ്യാൻ സാധിക്കില്ല. അല്ലെങ്കിൽ പിന്നെ വല്ല നാർസിസിസ്റ്റും ആയിരിക്കണം. ഒരു നടൻ സാധാരണ കാഴ്ചക്കാരെപ്പോലെയാവണം ഓരോ സിനിമയും വിലയിരുത്തേണ്ടത്. അല്ലെങ്കിൽ നിങ്ങൾ സിനിമ കാണില്ല, നിങ്ങളെ മാത്രമേ കാണൂ...’

‘എന്റെ തല, എന്റെ ഫുൾഫിഗർ’ എന്ന മട്ടിൽ സിനിമാശാലകളിൽ സ്വയംപുകഴ്ത്തൽ കാഴ്ചകൾ നിറയ്ക്കുന്ന നടന്മാരുള്ള ഇക്കാലത്ത് ഒമർ ഷരീഫിന്റെ ഈ വാക്കുകൾ പ്രസക്തമാണ്. നിങ്ങൾ ഇപ്പോൾ എന്തുചെയ്തുകൊണ്ടിരിക്കുന്നോ അതിലേക്കു മാത്രമായിരിക്കണം നിങ്ങളുടെ മുഴുവൻ ശ്രദ്ധയും എന്നു പറഞ്ഞ് നടനലോകത്ത് വിസ്മയങ്ങൾ തീർത്ത ആ നടൻ ഒടുവിൽ എൺപത്തിമൂന്നാം വയസ്സിൽ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. ഡോ.ഷിവാഗോ ആയും ലോറൻസ് ഓഫ് അറേബ്യയിലെ ഷെരിഫ് അലിയായും ഹോളിവുഡിന്റെ ഹൃദയം കീഴടക്കിയ ഒമർ അഭിനയത്തിന്റെ കാര്യത്തിൽ കണ്ടുപഠിക്കേണ്ടതും ജീവിതത്തിൽ ഒരിക്കലും പകർത്താൻ പാടില്ലാത്തതുമായ പല പാഠങ്ങളും നമുക്കു പകർന്നു നൽകിയാണ് കഴിഞ്ഞ ദിവസം യാത്രയായത്. അഞ്ച് ഓസ്കറുകൾ നേടിയെടുത്ത ഡോ.ഷിവാഗോ പുറത്തിറങ്ങിയതിന്റെ അൻപതാം വാർഷികവേളയിലാണ് ഒമർ ഷെരീഫിന്റെ വിടവാങ്ങലെന്നതും ശ്രദ്ധേയം.

ഈജിപ്തിലെ അലക്സാണ്ട്രിയയിൽ ഒരു ധനിക റോമൻ കാത്തലിക് കുടുംബത്തിൽ 1932 ഏപ്രിൽ 10നായിരുന്നു ജനനം. മൈക്കേൽ ഷാൽഹൂബ് എന്നായിരുന്നു മാതാപിതാക്കളിട്ട പേര്. ചെറുപ്പം മുതലേ പഠനത്തിൽ മിടുക്കൻ. കണക്കിലും ഫിസിക്സിലും ബിരുദമെടുത്ത ശേഷം അച്ഛനെ ബിസിനസിൽ സഹായിക്കാൻ നിൽക്കേണ്ടി വന്നു മൈക്കേലിന്. അച്ഛനാകട്ടെ പേരുകേട്ട തടിക്കച്ചവടക്കാരൻ. എന്നാൽ അച്ഛന്റെ ബിസിനസിനു കാവൽ നിൽക്കാതെ അഭിനയം തലയ്ക്കു പിടിച്ച മൈക്കേൽ ലണ്ടനിലേക്കു വണ്ടി കയറി. അവിടെ റോയൽ അക്കാദമി ഓഫ് ഡ്രാമാറ്റിക് ആർടിൽ നിന്ന് അഭിനയം പഠിച്ച് മടങ്ങിയെത്തിയ മൈക്കേലിന് ഈജിപ്ഷ്യൻ സിനിമ സമ്മാനിച്ചത് ഏതൊരു തുടക്കക്കാരനെയും മോഹിപ്പിക്കുന്ന വേഷമായിരുന്നു. അക്കാലത്ത് മിഡിൽ ഈസ്റ്റിലെ സ്റ്റാർ നടിയായിരുന്ന ഫാതെൻ ഹമാമയോടൊപ്പം ‘ദ് ബ്ലേസിങ് സൺ(1954)’ എന്ന ചിത്രത്തിലെ നായകവേഷം. സ്ക്രീനിലെ പ്രണയം പുറംലോകത്തും തുടർന്നതോടെ തൊട്ടടുത്ത വർഷം തന്നെ ഫാതെനും മൈക്കേലും വിവാഹിതരായി. ഇസ്‌ലാം മതത്തിലേക്ക് അദ്ദേഹം മാറുകയും ചെയ്തു, ഒമർ ഷെരീഫ് എന്ന പേരും സ്വീകരിച്ചു. 19 വർഷത്തെ ആ ദാമ്പത്യം 1974ൽ വേർപിരിഞ്ഞു. അക്കാലത്ത് പൗരുഷത്വത്തിന്റെ ഹോളിവുഡ് പ്രതീകമായിരുന്ന ഒമർ പിന്നീടൊരിക്കലും വിവാഹം ചെയ്തില്ല. ഫാതെനുമൊത്തുള്ള പ്രണയത്തിലും ജീവിതത്തിലും അത്രമാത്രം സന്തോഷവാനായിരുന്നു താനെന്നായിരുന്നു ഒമർ അന്നുപറഞ്ഞത്.

actor Omar Sharif, center, playing the role of the Cuban revolutionary Ernesto (Che) Guevra

ബ്ലേസിങ് സണ്ണിനു ശേഷം ഒട്ടേറെ ഈജിപ്ഷ്യൻ ചിത്രങ്ങളിൽ ഒമർ അഭിനയിച്ചു. അതിനിടെ ഗോഹ(1958) എന്ന ഫ്രഞ്ച് ചിത്രത്തിലൊരു വേഷവും ചെയ്തു. ലോറൻസ് ഓഫ് അറേബ്യയിലെ വീരനായ ഷെരീഫ് അലിയെ അന്വേഷിച്ചു നടന്ന സംവിധായകൻ ഡേവിഡ് ലീനിന്റെ കണ്ണിൽ ഒമർ പെടുന്നത് അതുവഴിയാണ്. അങ്ങനെ 1962ൽ ചീറിയടിക്കുന്ന മണൽക്കാറ്റിലൂടെ കുതിരയോടിപ്പിച്ച് ഹോളിവുഡിന്റെ മനസിലേക്ക് ഒമർ ഷരീഫ് എന്ന നടൻ ആദ്യമായി പാഞ്ഞെത്തി. മികച്ച സഹനടനുള്ള ഓസ്കർ നോമിനേഷൻ കൂടി ചിത്രത്തിലെ അഭിനയത്തിനു ലഭിച്ചതോടെ കൊളംബിയ സ്റ്റുഡിയോയുമായി ഒമർ കരാറും ഒപ്പിട്ടു.

സോഫിയ ലോറനുമൊത്ത് ‘ദ് ഫോൾ ഓഫ് ദ് റോമൻ എംപയർ’ എന്ന ചിത്രത്തിലായിരുന്നു അടുത്ത വരവ്. ഇൻഗ്രിഡ് ബെർഗ്മാനുൾപ്പെടെ ഹോളിവുഡിലെ ഒരുവിധപ്പെട്ട എല്ലാ സ്റ്റാർ നായികമാരോടുമൊപ്പം തുടർന്ന് ഒമറിനെ ലോകം കണ്ടു. ബിഹോൾഡ് എ പെയിൽ ഹോഴ്സ്, ദ് യെല്ലോ റോൾസ്–റോയ്സ് തുടങ്ങിയ ചിത്രങ്ങളായിരുന്നു 1964ലിറങ്ങിയത്. തൊട്ടടുത്ത വർഷം ജെങ്കിസ് ഖാൻ എന്ന ചിത്രത്തിലെ ടൈറ്റിൽ റോൾ. അതേവർഷം തന്നെയാണ് ലോകം മുഴുവൻ ഒമറിന്റെ പ്രശസ്തിയെത്തിച്ച ഡോ.ഷിവാഗോയുടെ വരവ്. റഷ്യൻ വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ‍ കഥ പറഞ്ഞ ആ ചിത്രം ആ വർഷം അഞ്ച് ഓസ്കറുകളും നേടിയെടുത്തു. ദ് നൈറ്റ് ഓഫ് ദ് ജനറൽസ്, ഫണ്ണി ഗേൾ, മേയർലിങ്, ദ് അപ്പോയിന്റ്മെന്റ് എന്നീ ചിത്രങ്ങൾക്കൊപ്പം ചെഗുവേരയുടെ ജീവിതകഥ പറഞ്ഞ ‘ചെ’യിലും അദ്ദേഹത്തെ പിന്നീട് ലോകം കണ്ടു.

എന്നാൽ തനിക്കു ചേർന്ന റോളുകൾ തിരഞ്ഞെടുക്കുന്നതിലെ പരാജയം ഒമറിന്റെ ഹോളിവുഡ് ജീവിതത്തിന് തിരശീലയിടാൻ വരെ പോന്നതായിരുന്നു. സിനിമകൾ പലതും തിയേറ്ററുകളിൽ തകർന്നു. ഒമറിന് പഴയ പോലെ അതിഗംഭീരമായ അഭിനയമൊന്നും പുറത്തുകാണിക്കാനാകുന്നില്ലെന്ന് വിമർശകർ വിധിയെഴുതി. പിന്നീട് സീരിയലുകളിലാണ് അദ്ദേഹത്തെ കണ്ടത്. അതിനിടെ ചൂതാട്ടത്തിന്റെ മായികലോകത്തിലേക്ക് കാൽതെറ്റി വീണ ഒമറിന് അതുവരെ സിനിമയിൽ നിന്നു സമ്പാദിച്ചതെല്ലാം അവിടെ തുലച്ചു കളയേണ്ടി വന്നു. ചൂതാട്ടത്തിന് പണം കണ്ടെത്താൻ മൂന്നാംകിട സിനിമകളിലെ ചെറിയ റോളുകൾ വരെ സ്വീകരിച്ചതോടെ ലോകം അംഗീകരിച്ച ഒരു വലിയ നടന്റെ പതനത്തിനു തുടക്കമാവുകയായിരുന്നു. ഒരിക്കൽ 7.5 ലക്ഷം പൗണ്ട് ഒരൊറ്റ ചൂതാട്ടത്തിന്റെ പേരിൽ കളഞ്ഞുകുളിച്ചതോടെ ഒമർ ഏകദേശം പാപ്പരായി എന്നു തന്നെ പറയാം. ആയിടെ പാരിസിൽ ഒരു പൊലീസുകാരനോട് അപമര്യാദയായി പെരുമാറിയതിനും മറ്റും കേസുകളും വന്നു. അപ്പോഴേക്കും മികച്ച നടൻ എന്നതിൽ നിന്ന് മികച്ചൊരു ചൂതാട്ടക്കാരൻ എന്ന ലേബലിലേക്ക് അദ്ദേഹം മാറ്റപ്പെട്ടിരുന്നു. പിന്നീട് ഈജ്പ്തിൽ വിശ്രമകാലം.

Omar Sharif

പക്ഷേ 2003ൽ പുറത്തിറങ്ങിയ ‘മിസ്റ്റർ ഇബ്രാഹിം’ എന്ന ഫ്രഞ്ച് ചിത്രത്തിലെ അഭിനയത്തിന് വെനീസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരം നേടിയതോടെ വിസ്മൃതിയിലാണ്ടുപോയ ആ നടനെ ലോകം വീണ്ടുമോർത്തു. പല ലോകമാധ്യമങ്ങളിലും അഭിമുഖങ്ങളും ഫീച്ചറുകളുമെല്ലാമായി ഒമർ ആഘോഷിക്കപ്പെട്ടു. ഒടുക്കം മറവിരോഗത്തിന്റെ കാണാക്കയത്തിലേക്ക്... അവിടെ നിന്ന് മരണത്തിലേക്ക്...

പ്രിയപ്പെട്ട ഡോ.ഷിവാഗോ. മൂക്കിന്റെ അറ്റത്തിനു പോലും സൗന്ദര്യം പോരെന്നു പറഞ്ഞ് പ്ലാസ്റ്റിക് സർജറിക്ക് കോടികൾ മുടക്കുന്ന ഹോളിവുഡ് സ്റ്റാറുകൾ വിലസുന്ന ഇക്കാലത്ത് വിടവുള്ള പല്ലുകൾ കൊണ്ടുള്ള ചിരിയ്ക്കും പൗരുഷത്വത്തിന്റെയും പ്രണയത്തിന്റെയും സൗന്ദര്യമുണ്ടെന്ന് ലോകത്തിനു കാണിച്ചുതന്നത് നിങ്ങളാണ്. നിങ്ങൾക്കും നിങ്ങൾ സമ്മാനിച്ച നടനത്തിലെ ആ അഭൗമ സൗന്ദര്യത്തിനും യാത്രാമൊഴി...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.