Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്നേഹം കൊണ്ട് അലുക്കിട്ട ആ കുഞ്ഞുടുപ്പുകൾ...

കാവ്യാ മാധവൻ കാവ്യാ മാധവൻ

ലക്ഷ്യ എന്ന ഓൺലൈൻ വസ്ത്രവ്യാപാര സംരംഭത്തിന്റെ അമരക്കാരി എന്ന പുതിയ റോളിലാണ് കാവ്യ. തനിക്കു പ്രിയപ്പെട്ട രണ്ട് സമ്മാനക്കുപ്പായങ്ങളെയും അവ സമ്മാനിച്ചവരെയും കുറിച്ച് കാവ്യ എഴുതുന്നു.

എന്റെ കുട്ടിക്കാലത്തിന്റെ ആദ്യത്തെ ഓർമകളിലൊന്ന് ഒരു മഴവില്ലിനുള്ളിൽപ്പെട്ട കുട്ടിയാണ്. ഏഴല്ല, എഴുപതോ എഴുന്നൂറോ നിറങ്ങൾ... അത് സുപ്രിയയായിരുന്നു. നീലേശ്വരത്ത് അച്ഛൻ നടത്തിയിരുന്ന തുണിക്കട. ഓർമയുറച്ച കാലം മുതൽ ഞാനാ നിറങ്ങളാണ് കണ്ടിരുന്നത്. വീടിന്റെ ഭാഗമായിത്തന്നെയായിരുന്നു കട. ഒരു വാതിൽ കടന്നാൽ അതിനുള്ളിലെത്താം. കുഞ്ഞായിരുന്നപ്പോൾ അമ്മ എന്നും എന്നെ കുളിപ്പിച്ച് അണിയിച്ചൊരുക്കി ആ വാതിലിലൂടെ അച്ഛനെ ഏൽപ്പിക്കും. പിന്നെ കടയ്ക്കുള്ളിലാണ് എന്റെ ലോകം. പുതിയ തുണിയുടെ മണവും ശ്വസിച്ച് നടക്കാം. ഓടിക്കളിക്കാം. ക്ഷീണിക്കുമ്പോൾ അച്ഛന്റെ മടിയിലിരുന്ന്, കടയിലെത്തുന്നവരെയും റോഡിലൂടെ പോകുന്നവരെയും കാണാം. പുതിയ സ്റ്റോക്ക് എത്തുമ്പോഴാണ് എനിക്കു ജോലിയേറുക. പൊട്ടിച്ചു വച്ചിരിക്കുന്ന പെട്ടികളിൽനിന്ന് ഒരേ നിറത്തിലുള്ള തുണിത്തരങ്ങൾ ഒരുമിച്ചാക്കിവയ്ക്കും. ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട് ഞാനതിന്. കുറച്ചുകൂടി വലുതായിക്കഴിഞ്ഞാണ് എനിക്കു കാര്യം മനസിലായത്; ഞാൻ പല സൈസിലുള്ള ഉടുപ്പുകളും മറ്റും നിറം മാത്രം നോക്കിയാണ് ഒരുമിച്ച് അടുക്കിയിരുന്നത്. അതുപിന്നെ ശരിയാക്കിയെടുക്കാൻ അച്ഛൻ എത്ര പാടുപെട്ടിരിക്കും? കടയിൽ ആരെങ്കിലും വരുമ്പോൾ അച്ഛനെന്നെ വിളിച്ച് ‘മോളേ, ആ സാരിയിങ്ങെടുക്കൂ, ആ ഉടുപ്പെടുക്കൂ എന്നൊക്കെ പറയാൻ ഞാൻ എത്ര കൊതിയോടെ കാത്തിരുന്നിട്ടുണ്ട്.

അമ്മയ്ക്കും അച്ഛനുമൊപ്പം കാവ്യ അമ്മയ്ക്കും അച്ഛനുമൊപ്പം കാവ്യ

അച്ഛന്റെ അച്ഛന്റെ അച്ഛനാണ് സുപ്രിയ തുടങ്ങിയത്. പുള്ളിക്കാരന് ആ പേര് എവിടെനിന്നു കിട്ടിയെന്ന് ഞങ്ങൾക്കാർക്കും ഇന്നുമറിയില്ല. കുടുംബത്തിൽ ആർക്കു ഇല്ലാത്തൊരുപേര്. നീലേശ്വരത്ത് ആദ്യമായി ഒരു ഡ്രസ് ഡോളിനെ കൊണ്ടുവന്നത് സുപ്രിയയിലാണ്. മദ്രാസിൽനിന്ന്. ഷർമിള ടാഗോറിനെപ്പോലെ മുടിയൊക്കെ പുട്ടപ്പ് ചെയ്ത് ഉയർത്തിവച്ച ഒരു സുന്ദരിപ്രതിമ. വെള്ളിയാഴ്ചകളിലാണ് അതിനെ പുതിയ സാരിയുടുപ്പിക്കുന്നത്. അമ്മ അതിനെ സാരിയുടുപ്പിച്ച് കടയുടെ മുന്നിലെ കണ്ണാടിക്കൂട്ടിൽവച്ചുകഴിഞ്ഞാൽപ്പിന്നെ എന്റെ പ്രകടനമുണ്ടാവും. ഞാൻ അതിന്റെ കൈയിൽപ്പിടിച്ച് പ്രതിമയെപ്പോലെ നിൽക്കും. ചിലപ്പോൾ കയ്യിൽ കുടയോ പാവക്കുട്ടിയോ കാണും. കുറേനേരം അനങ്ങാതെനിന്നിട്ട് പിന്നെ പോസ് മാറ്റും. അക്കാലമായപ്പോഴേക്കും ഞങ്ങൾ കടയോടുചേർന്നുള്ള തറവാട്ടിൽനിന്ന് കുറച്ചുദൂരേക്ക് താമസം മാറ്റിയിരുന്നു. എല്ലാ വെളളിയാഴ്ചയും പ്രതിമയെ സാരിയുടുപ്പിക്കാൻ കടയിൽപ്പോകുന്ന അമ്മയ്ക്കൊപ്പം ഞാനും ചേട്ടനും ഉണ്ടാവും. വൈകിട്ട് വിജയലക്ഷ്മി ടാക്കീസിൽനിന്ന് ഒരു സിനിമയും കണ്ടാണ് മടക്കം.

എനിക്ക് അന്നൊരു പാവക്കുട്ടിയുണ്ടായിരുന്നു. അമ്മാവൻ ദുബായിൽനിന്ന് കൊണ്ടുവന്നതാണ്. സ്വിച്ചിട്ടാൽ അതിന്റെ കമ്മലിൽ ലൈറ്റ് കത്തും. അതിന്റെ ഉടുപ്പു മുഷിഞ്ഞപ്പോൾ പുതിയൊരു ഉടുപ്പു വേണമെന്നതായിരുന്നു അന്നത്തെ വലിയ ആഗ്രഹം. ശേഖരേട്ടന്റെ ഗ്ലാമർ ടെയ്‌ലേഴ്സിന്റെ പരിസരത്തൊക്കെ കുറേ കറങ്ങിനടന്ന് കുറെ ജീൻസിന്റെ കഷണങ്ങൾ സംഘടിപ്പിച്ചു. അതുകൊണ്ട് ഉടുപ്പുതുന്നി. അമ്മയുടെ നൈറ്റിയുടെ സ്ലീവ് മുറിച്ച് പാവാടയുമുണ്ടാക്കി. അതൊന്നും ആരും പഠിപ്പിച്ചിട്ടല്ല. തനിയെ ചെയ്യുന്നതാണ്. അന്നുതുടങ്ങിയതാവണം ഉടുപ്പുകളോടും ചമയങ്ങളോടുമുള്ള ഇഷ്ടം. എന്നാലും എനിക്കിപ്പോഴും ഡ്രസ് തിരഞ്ഞെടുക്കുന്നത് അമ്മയാണ്. ഒരാളെ ഏറ്റവും ഭംഗിയിൽ കാണാനാഗ്രഹിക്കുന്നത് അയാളുടെ അമ്മയാവില്ലേ? എന്റെ അമ്മ തിരഞ്ഞെടുത്ത ഉടുപ്പുകളാണ് എന്റെ ഭംഗിയും ആത്മവിശ്വാസവുമെല്ലാം. എനിക്കേറ്റവും പ്രിയപ്പെട്ട ഉടുപ്പ് അമ്മ തുന്നിത്തന്നതാണ്. എനിക്ക് ഒരുവയസുള്ളപ്പോൾ. വാടാമല്ലി നിറത്തിലുള്ള ആ കുഞ്ഞുടുപ്പ് എന്റെ പെട്ടിയിൽ ഇപ്പോഴുമുണ്ട്. ഒരുപാടു സന്തോഷം തോന്നുമ്പോൾ ഞാനതെടുത്ത് കുറേനേരം അതിൽനോക്കിയിരിക്കും. സിനിമയിലെത്തി സ്വന്തമായി പൈസ കിട്ടിയപ്പോൾ ഞാൻ അമ്മയുടെ പിറന്നാളിന് കുറേ സാരികൾ വാങ്ങിക്കൊടുത്തു. അതു കയ്യിൽ വാങ്ങിയപ്പോൾ അമ്മയുടെ മുഖത്തെ സന്തോഷവും അഭിമാനവും ഇപ്പോഴുമെന്റെ കണ്ണിലുണ്ട്.

ശീമാട്ടിയമ്മ; സ്നേഹത്തിന്റെ വർണക്കുപ്പായങ്ങളും

നിറഞ്ഞ സ്നേഹത്തിന് നിറയെ ഭംഗിയുള്ള ഒരു രൂപമുണ്ടെങ്കിൽ അത് ശീമാട്ടിയമ്മയായി. എനിക്ക് അമ്മയും അമ്മൂമ്മയും ബെസ്റ്റ്ഫ്രണ്ടുമൊക്കെയായിരുന്നു ശീമാട്ടിയമ്മയെന്നു ​ഞാൻ വിളിക്കുന്ന സീതാലക്ഷ്മി തിരുവെങ്കിടം. ബീനാ കണ്ണന്റെ അമ്മ. ശീമാട്ടിയമ്മയുമായുള്ള കൂട്ടുവഴിയാണ് ​ഞാൻ ബീനാന്റിയുമായി അടുക്കുന്നത്. 2003 ൽ കോട്ടയത്ത് മാമ്മൻ മാപ്പിള ഹാളിൽ ഒരു നൃത്തപരിപാടിക്കെത്തിയതായിരുന്നു ഞാൻ. സംഘാടകരിലൊരാൾ മേക്കപ്പിനിടെ ഗ്രീൻറൂമിലെത്തി, ‘ഒരാൾക്കെന്നെ കാണാൻ ആഗ്രഹമുണ്ട് അങ്ങോട്ടു ചെല്ലാമോ’ എന്നു ചോദിച്ചു. മേക്കപ്പിനിടെ എങ്ങനെയാണു പോവുക? ഇങ്ങോട്ടുവന്നോട്ടെ എന്നു ഞാൻ പറഞ്ഞു. ആളെത്തിയപ്പോൾ പ്രായമുള്ള ഒരമ്മ. നൃത്തവേഷത്തിലായതിനാലാണ് അങ്ങോട്ടു വരാൻ മടിച്ചതെന്നും പ്രായമുള്ള ആളാണെന്നറിഞ്ഞിരുന്നെങ്കിൽ വന്നേനേയെന്നും പറഞ്ഞ് ക്ഷമ ചോദിച്ചപ്പോൾ സാരമില്ലെന്ന് നിറഞ്ഞ ചിരിയോടെ മറുപടി. ഒരു സുന്ദരിയമ്മ. കുലീനത നിറഞ്ഞ പെരുമാറ്റം. അമ്മയെ കണ്ടതും എല്ലാവർക്കും ബഹുമാനം. പിന്നെയാണ് അറിഞ്ഞത് അത് ശീമാട്ടിയിലെ ബീനാകണ്ണന്റെ അമ്മയാണെന്ന്.

സീതാലക്ഷ്മി തിരുവെങ്കിടത്തോടൊപ്പം കാവ്യ സീതാലക്ഷ്മി തിരുവെങ്കിടത്തോടൊപ്പം കാവ്യ

ഒരുപാടുകാലത്തെ അടുപ്പമുള്ള ഒരാളെപ്പോലെയാണ് അമ്മ എന്നോടു സംസാരിച്ചത്. എന്റെ ഉടുത്തുകെട്ട് കണ്ട് കുറച്ചുകൂടി നിറങ്ങളൊക്കെയാവാം എന്ന് അഭിപ്രായവും പറഞ്ഞു. കുറച്ചുകഴിഞ്ഞപ്പോൾ ഒരാൾ ഒരു വലിയ പൊതിയുമായി വന്നു. തുറന്നപ്പോൾ നല്ല ഭംഗിയുളള കുറെയേറെ സാരികൾ. പല മെറ്റീരിയലിൽ, പല നിറത്തിലും ഡിസൈനിലുമുള്ളത്. ശീമാട്ടിയമ്മ പറഞ്ഞ് എടുപ്പിച്ചതാണത്രേ. അതിൽനിന്ന് കറുപ്പും ഓറഞ്ചും കലർന്ന ഒരെണ്ണം മാത്രമെടുത്ത് വില അന്വേഷിച്ചപ്പോൾ കൊണ്ടുവന്ന ആൾ ചിരിച്ചുകൊണ്ടുപറഞ്ഞു, അതുമുഴുവൻ എനിക്കുള്ളതാണെന്ന്. ശീമാട്ടിയമ്മയുടെ സമ്മാനം. സത്യത്തിൽ ഞാൻ അമ്പരന്നുപോയി. ആദ്യമായി കാണുന്ന ഒരാൾക്ക് ഇത്രവലിയ സമ്മാനം. പിന്നെ ഞങ്ങൾ വലിയ കൂട്ടായി. പ്രായത്തിലും സ്ഥാനത്തിലും പദവിയിലും ഏറെ മുതിർന്നയാളായിട്ടും എന്നോട് കളിക്കൂട്ടുകാരിയെന്ന മട്ടിലാണ് പെരുമാറിയിരുന്നത്. എടോ, താൻ എന്നൊക്കെയായിരുന്നു എന്നെ വിളിക്കാറ്.

കിലുക്കം കിലുകിലുക്കത്തിന്റെ ഷൂട്ടിങ് ഊട്ടിയിൽ നടക്കുന്നതിനിടെ ഒരുദിവസം എന്നെ വിളിച്ച് ‘താൻ എവിടെയാടോ’ എന്നു ചോദിച്ചു. ‘ഊട്ടിയിലാണമ്മാ’ എന്നു പറഞ്ഞപ്പോൾ ‘ഞാനങ്ങോട്ടു വരുന്നു, എനിക്കു തന്നെ കാണണം’ എന്നു പറഞ്ഞു. ‘കുറേ ദൂരമില്ലേ അമ്മാ, ഞാൻ നാട്ടിലെത്തിയിട്ട് അങ്ങോട്ടു വരാം’ എന്നു പറഞ്ഞപ്പോൾ ‘സാരമില്ലെടോ ഞാൻ വരാം’ എന്നായിരുന്നു മറുപടി. പിറ്റേന്ന് രണ്ട് വണ്ടി ലൊക്കേഷനിലെത്തി. ഒന്നിൽ അമ്മ. മറ്റതിൽ സഹായികളും അമ്മയുടെ സാധനങ്ങളും എനിക്കു കുറേ സമ്മാനങ്ങളും.

ഒരുദിവസം ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ എനിക്ക് ശീമാട്ടിയമ്മയെ വിളിക്കണമെന്നു തോന്നി. ഫോണിന്റെ അപ്പുറത്ത് ഉറക്കച്ചടവിൽ അമ്മയുടെ ശബ്ദം: ‘ഞാനുറങ്ങാൻ കിടന്നെടോ’. ‘സാരമില്ലമ്മാ, ഞാൻ നാളെ വിളിക്കാം’ എന്നു പറഞ്ഞ് ഫോൺവച്ചു. പിറ്റേന്ന് രാവിലെ അച്ഛനാണ് എന്നെ വിളിച്ചുണർത്തിയത്. ശീമാട്ടിയമ്മ പോയി എന്നു മാത്രം പറഞ്ഞു.

kavya3 കാവ്യാ മാധവൻ

കാൽക്കൽനിന്ന് നിറഞ്ഞ കണ്ണുകളോടെ ഞാൻ കണ്ടു, എന്നെ പേരക്കുട്ടിയെപ്പോലെ സ്നേഹിച്ച ആ അമ്മ പ്രകാശമൊട്ടുമണയാത്ത മുഖവുമായി ശാന്തയായി ഉറങ്ങുന്നു. ഓർക്കുമ്പോൾ ഇപ്പോഴും എന്റെ കണ്ണുനീറുന്നുണ്ട്.

ഇന്ന്, ലക്ഷ്യയുടെ നടത്തിപ്പുകാരിയുടെ റോളിൽ നിൽക്കുമ്പോൾ എന്റെയോർമയിൽ രണ്ടു വസ്ത്രങ്ങളുണ്ട്; ഒന്നാം വയസിൽ എന്നെ അമ്മയിടുവിച്ച ആ വാടാമല്ലി നിറമുള്ള കുഞ്ഞുടുപ്പും ആദ്യം കാണാനെത്തിയപ്പോൾ ശീമാട്ടിയമ്മ സമ്മാനിച്ച കറുപ്പും ഓറഞ്ചും കലർന്ന ആ സാരിയും. തുന്നിച്ചേർത്ത കുറേ തുണിക്കഷണങ്ങൾ ഭംഗിയുള്ള വസ്ത്രമാകുന്നത് അതിന്റെ നിറപ്പകിട്ടുകൊണ്ടോ ഡിസൈൻ കൊണ്ടോ മാത്രമല്ലെന്നും അതു സമ്മാനിച്ചയാളിന് ധരിക്കുന്നയാളിനോടുള്ള സ്നേഹം കൊണ്ടുകൂടിയാണെന്നും അവയെന്നെ ഓർമിപ്പിക്കുന്നുണ്ട്; സ്നേഹത്തിന്റെ തൊങ്ങലുള്ള ആ ഉടുപ്പുകൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.