Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂപ്പർ താരങ്ങളിലെ നടനവൈ​ഭവം ചൂഷണം ചെയ്ത സംവിധായകന്‍

Lohitadas

ചില പ്രത്യേകതരം ചിത്രങ്ങളുടെ മാത്രം ബ്രാൻഡ് അംബാസഡർ ആയി മമ്മൂട്ടി മാറിയ ഒരു കാലമുണ്ടായിരുന്നു. ‘മമ്മൂട്ടി,സ്യൂട്ട് കേസ്, ബേബിശാലിനി’ചിത്ര​ങ്ങൾ എന്നായിരുന്നു അവ ഒരു കാലത്ത് വിശേഷിപ്പിക്കപ്പെട്ടിരുന്നത്.ചില ചിത്രങ്ങളിൽ ഇൗ കൂട്ടുകെട്ട് വൻവിജയങ്ങൾ കൊയ്തതു കൊണ്ടുണ്ടായ ദുര്യോഗം. പിന്നെ അത്തരം സിനിമകളിൽ മാത്രം അഭിനയിക്കേണ്ട ഗതികേട് മമ്മൂട്ടിക്കുണ്ടായി. ആവർത്തനവിരസത കൊണ്ടാകാം പല ചിത്രങ്ങളും വേണ്ടത്ര വിജയിക്കാതെ പോകുകയും ചെയ്തു. ഒരു നടനെന്ന നിലയിലും താരമെന്ന നിലയിലും മമ്മൂട്ടിയുടെ അപ്രമാദിത്തം ചോദ്യം ചെയ്യപ്പെട്ട കാലം.

ഇൗ സാഹചര്യത്തിലായിരുന്നു ‘തനിയാവർത്തനം’ എന്ന സിബി മലയിൽ ചിത്രത്തിൽ അഭിനയിക്കാൻ മമ്മൂട്ടി സമ്മതിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് അതു വരെ നാടകരംഗത്ത് മാത്രം അറിയപ്പെട്ടിരുന്ന ലോഹിതദാസ്. ‌ തനിയാവർത്തനത്തിലെ ബാലൻ മാസ്റ്റർ എന്ന ദുരന്തനായകകഥാപാത്രം മമ്മൂട്ടി എന്ന നടന്റെ അഭിനയചാതുരി മുഴുവൻ വെളിപ്പെടുത്താനാകുന്ന കഥാപാത്രമായി. ചിത്രം നിരൂപകപ്രശംസ മാത്രമല്ല ബോക്സ് ഒാഫിസിൽ ഹിറ്റാകുകയും ചെയ്തു.

മമ്മൂട്ടിയുടെ ഇമേജ് മാറ്റിമറിച്ചു ആ കഥാപാത്രം. ലോഹിതദാസിന്റെ തൂലികയുടെ കരുത്ത് പ്രേക്ഷകരും സിനിമാലോകവും ആദ്യമായി തിരിച്ചറിഞ്ഞു.

ഭൂതകണ്ണാടി എന്ന ചിത്രത്തിലെ വിദ്യാധരൻ

പിന്നീട് മമ്മൂട്ടിയുടെ അഭിനയപാടവം വ്യക്തമാക്കി തന്ന വിചാരണ, മൃഗയ, അമരം, പാഥേയം , സാഗരം സാക്ഷി, വാൽസല്യം, കൗരവർ, ഉദ്യാനപാലകൻ തുടങ്ങിയ എത്ര സിനിമകളിലാണ് അദേഹത്തിന് അനുയോജ്യമായ കഥാപാത്രങ്ങളെ ലോഹിതദാസ് തയാറാക്കി നൽകിയത്. ആദ്യമായി സംവിധായകന്റെ പട്ടം കെട്ടിയപ്പോഴും ലോഹിതദാസ് നായകനാക്കിയത് മമ്മൂട്ടിയേയായിരുന്നു. ഭൂതകണ്ണാടി എന്ന ആ ചിത്രത്തിലെ വിദ്യാധരൻ എന്ന വാച്ച് റിപ്പയറിങ് കട നടത്തുന്ന ആളെ ചിത്രം കണ്ടവരാരും മറക്കില്ല.

താരമെന്ന നില ഭദ്രമായിരിക്കുമ്പോഴും മികച്ച നടനെന്ന ഉയർന്ന തലത്തിലേക്ക് എത്താൻ ആഗ്രഹിക്കുകയും ​അതിനായി ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ നിഷ്കർഷ പുലർത്തുകയും ചെയ്തിരുന്ന കാലമുണ്ടായിരുന്നു മോഹൻലാലിനും. സ്വന്തമായി ചലച്ചിത്രനിർമാണം ലാൽ ആരംഭിച്ചതും ലോഹിതദാസിന്റെ തിരക്കഥയിലൂടെ ആയിരുന്നു. സംവിധായകൻ സിബി മലയിൽ തന്നെ. ഹിസ് ഹൈനസ് അബ്ദു​ള്ള എന്ന ആ ചിത്രം സൂപ്പർ ഹിറ്റായി. അതോടൊപ്പം തന്നെ സിബി മലയിൽ ലോഹിതദാസ് കൂട്ടുകെട്ടിൽ രൂപമെടുത്ത ദശരഥം, കിരീടം തുടങ്ങിയ ചിത്രങ്ങളിലും വ്യത്യസ്ത വേഷങ്ങൾ മോഹൻല ാൽ കൈകാര്യം ചെയ്തു. വാടകയ്ക്ക് ഗർഭ പാത്രം നൽകുന്ന സ്ത്രീയുടെ മനോവികാരങ്ങളായിരുന്നു ദശരഥത്തിന്റെ മൂലകഥ. കിരീടമാകട്ടെ അബദ്ധത്തിൽ തെരുവിലെ ദാദയായി മാറുന്ന യുവാവിന്റെ കഥ പറഞ്ഞു.

മോഹൻലാലിനു ഭരത് അവാർഡ് ആദ്യമായി നേടി കൊടുത്ത ഭരതത്തിലെ നായകവേഷവും ലോഹിതദാസിന്റെ സൃഷ്ടി തന്നെയായിരുന്നു. കമലദളം, ധനം തുടങ്ങിയ ചിത്രങ്ങളും ലോഹിതദാസിന്റെ തിരക്കഥയിൽ ലാൽ അഭിനയിച്ചതാണ്. ലോഹിതദാസ് സംവിധാനവും നിർവഹിച്ച കന്മദം എന്ന ചിത്രത്തിലും ലാലിനു മികച്ച കഥാപാത്രമായിരുന്നു.

l3

ബാലചന്ദ്രമേനോൻ അഭിനയിച്ച കുടുംബപുരാണവും സസ്നേഹവും സത്യൻ അന്തിക്കാട് ഒരുക്കിയത് ലോഹിതദാസിന്റെ‌ തിരക്കഥയിൽ നിന്നു തന്നെ. സൂപ്പർ ഹിറ്റായ ഇൗ ചിത്രങ്ങൾ ഇടവേളയിൽ മേനോനിലെ അഭിനേതാവിനെ മലയാളിക്ക് ഒാർമിപ്പിച്ച വേഷങ്ങളായിരുന്നു

സുന്ദർദാസിന്റെ ആദ്യചിത്രമായ സല്ലാപത്തിൽ ദിലീപിനും കിട്ടി അഭിനയസാധ്യത ഏറെയുള്ള ഒരു യുവ ആ​ശാരിച്ചെറുക്കന്റെ വേഷം. അത് ഒരുക്കി കൊടുത്തതും ലോഹിതദാസ് തന്നെ.പിന്നീട് ലോഹിതദാസ് സംവിധായകനായി മാറിയപ്പോഴും ദിലീപിനു നൽകി മികച്ച ചില വേഷങ്ങൾ. ജോക്കറിലെയും സൂത്രധാരനിലെയും വേഷങ്ങൾ ദിലീപിന്റെ വേറിട്ട കഥാപാത്രങ്ങളായി ഇന്നു നിലനിൽക്കുന്നുണ്ടല്ലോ. ഒാർമച്ചെപ്പിലെ ഉപനായകവേഷവും ദിലീപ് ശ്രദ്ധേയമാക്കി.

ജയറാമിനെ നായകനാക്കി സിബി മലയിൽ മാലയോഗം ഒരുക്കിയപ്പോഴും സത്യൻഅന്തിക്കാട് തൂവൽക്കൊട്ടാരം ഒരുക്കിയപ്പോഴും അതിന്റെ തിരക്കഥകൾ തീർത്തത് ലോഹിതദാസായിരുന്നു. പിന്നീട് സത്യൻ തന്നെ സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലും അഭിനയസാധ്യത ഏറെ ​ഉള്ള കഥാപാത്രത്തെ ആണ് ലോഹിതദാസ് ജയറാമിനു വേണ്ടി ഒരുക്കിയത്. അദേഹം സംവിധായകനായപ്പോഴും ജയറാമിനു നൽകി ഒരു നല്ല വേഷം. കാരുണ്യത്തിലെ ജോലി തേടി നടക്കുന്ന യുവാവിനെ മറന്നുകാണില്ല മലയാളികളാരും.

ജയറാം, ലോഹിതദാസ്

സുരേഷ് ഗോപി ചിത്രങ്ങൾ തോക്കും ഇടിയും കൊണ്ട് നിറഞ്ഞിരുന്ന കാലത്താണ് ജോസ് തോമസ് സംവിധാനം ചെയ്ത സാദരം എന്ന ചിത്രത്തിൽ വളരെ വ്യത്യാസമുള്ള കഥാപാത്രം അദേഹത്തിനു േവണ്ടി ലോഹിതദാസ് തയാറാക്കിയത്.

ധനം,ഭരതം, അമരം, ആധാരം, ചകോരം തുടങ്ങിയ ചിത്രങ്ങളിലൂടെ മുരളി എന്ന നടന്റെ വില്ലനല്ലാത്ത മുഖവും അഭിനയകുശലതയും വെളിപ്പെട്ടു എങ്കിൽ അതിനും നന്ദി പറയേണ്ടത് ലോഹിതദാസ് എന്ന എഴുത്തുകാരനോടു തന്നെ.

ഇന്ന് ലോഹിതദാസ് മരിച്ചിട്ട് ആറുവർഷം തികയുന്ന വേളയിൽ സൂപ്പർ താരങ്ങളിലെ നടനവൈ​ഭവം പൂർണമായും ചൂഷണം ചെയ്യാൻ ഉതകുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ച തിരക്കഥാകൃത്ത് എന്ന ഖ്യാതി ലോഹിതദാസിന് അവകാശപ്പെട്ടതു തന്നെയാണെന്ന് നിസ്സംശയം ചൂണ്ടിക്കാട്ടാം. ഇപ്പോൾ ആവർത്തനവിരസത കൊണ്ട് സൂപ്പർ താര​ങ്ങളുടെ ചിത്രങ്ങൾക്ക് പഴയ വിജയങ്ങൾ ​ആവർത്തിക്കാൻ കഴിയാതെ പോകുമ്പോഴും ലോഹിതദാസ് എന്ന രചയിതാവിന്റെ വേർപാട് ഉണ്ടാക്കിയ വിടവിന്റെ പ്രസക്തി മലയാളി പ്രേക്ഷകൻ കൂടുതൽ തിരിച്ചറിയുന്നുണ്ടാകും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.