Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോഹി കടന്നുപോയിട്ട് ആറു വര്‍ഷം

Lohithadas

നാട്ടുപാതകളുടെ നേരുറവകളില്‍ നിന്ന്, കഥപറച്ചിലിന്റെ നാട്ടുവഴക്കങ്ങളില്‍ നിന്നു കഥകളുടെ മഹിത സഞ്ചയവുമായി ലോഹിതദാസ് കടന്നു പോയിട്ട് ജൂണ്‍ 28ന് വര്‍ഷം ആറ്. ലോഹിത ദാസിനോടൊപ്പം വിടപറഞ്ഞത് കോളാമ്പിപ്പൂക്കളുടെ മണവും ചന്ദനക്കുളിരും ഇളനീര്‍ മധുരവുമുള്ള കഥകളുടെ ഹൃദയസ്പന്ദനങ്ങള്‍   കൂടിയായിരുന്നു.

കഥകള്‍ തനിയാവര്‍ത്തനങ്ങളല്ലാതാവുമ്പോഴും മണ്ണിനെയറിഞ്ഞ് പഴയ നാട്ടുവഴികളിലൂടെത്തന്നെയാണ് ലോഹിതദാസ് സഞ്ചരിച്ചത്. നമ്മുടെ കണ്ണില്‍പെടാതെ നടവഴിക്കരികിലെ പൊന്തക്കാടുകളില്‍ കിടന്ന ജീവിതങ്ങള്‍ ലോഹിതദാസിനെ തേടി വരികയായിരുന്നു. നമ്മുടെ ചുറ്റും നടന്നു നമ്മളറിയാത്ത നമ്മുടെ കഥയാണ് ലോഹിതദാസ് പറഞ്ഞത്. യുക്തിയുടെ കടുംപിടുത്തങ്ങള്‍ ലോഹിതദാസ് കഥകളില്‍ ഉണ്ടായിരുന്നില്ല. വൈകാരിക തീക്ഷ്ണതകളില്‍ കഥകള്‍ അദ്ദേഹത്തില്‍ സംഭവിക്കുകയായിരുന്നു. അത് മനുഷ്യ ജീവിതത്തെ പറ്റിയുള്ള ജൈവ പ്രാര്‍ഥനകളായി. മനുഷ്യ ജീവിതത്തിന്റെ പച്ചയായ യുക്തി ഹീനതകളെയാണ് ലോഹിതദാസ് കണ്ടെത്തിയത്. അതില്‍ കത്തിക്കയറിയ വിപ്ലവമുണ്ടായിരുന്നില്ല, പാരമ്പര്യത്തോടുള്ള കലഹമുണ്ടായിരുന്നില്ല. വിധി നിയോഗങ്ങളുടെ യാദൃശ്ചികതകളില്‍ ലോഹിതദാസ് കഥാപാത്രങ്ങള്‍ക്ക് എവിടെയും അമാനുഷികനാവാന്‍ കഴിയുമാ യിരുന്നില്ല. ജീവിതം ജീവിച്ചു തന്നെ തീര്‍ക്കുവാനാണ് അദ്ദേഹം തന്റെ കഥകളെ അനുവദിച്ചത്.

നാടകക്കാരനായിട്ടായിരുന്നു ലോഹിതദാസിന്റെ തുടക്കം. എന്നാല്‍ തോപ്പില്‍ ഭാസിയെപ്പോലെയോ എസ്.എല്‍ പുരം സദാനന്ദനെ പോലെയോ നാടകം ലോഹിതദാസിനെ പരിണയിച്ചില്ല. എന്നാല്‍ ഇവര്‍ക്കു സിനിമയില്‍ നേടാവുന്ന തിലെത്രയോ അധികം ലോഹിതദാസ് നേടുകയും  ചെയ്തു. തനിയാവര്‍ത്തന മായിരുന്നു ലോഹിതദാസിന്റെ ആദ്യ ചിത്രം. പാരമ്പര്യത്തെ കുറ്റപ്പെടുത്തുന്ന നിരവധി സിനിമകള്‍ അതിനു മുന്‍പേ മലയാളത്തില്‍ വന്നിട്ടുണ്ട്. അത് ഒന്നുകില്‍ പരിഹാസമോ, തിരുത്തലുകള്‍ക്കു വേണ്ടിയുള്ള മുറവിളികൂട്ടലോ ആയിരുന്നു. എന്നാല്‍ അന്ധവിശ്വാസത്തിന്റെ ബലിക്കല്ലില്‍ ജീവിതം ഹോമിക്കേണ്ടി വന്ന മമ്മുട്ടിയുടെ കഥാപാത്രം തനിയാവര്‍ത്തനമായില്ല. അതില്‍ ജീവിതത്തിന്റെ തുറന്നു പറച്ചിലാണ് ഉണ്ടായിരുന്നത്. പാരമ്പര്യവാദിയായ തിലകന്റെ കഥാപാത്രത്തോടു പോലും നമുക്കു വെറുപ്പ് തോന്നുന്നില്ല. ഒട്ടും നാടകീയമായിരുന്നില്ല തനിയാവര്‍ ത്തനം. തീര്‍ത്തും ജീവിതമായിരുന്നു അത്.

Lohithadas

കഥാപാത്രങ്ങളുടെ വേദന ലോഹിതദാസിന്റെയും വേദനയായിരുന്നു. അതില്‍ കൂടുവിട്ടു കൂടുമാറി മനുഷ്യന്റെ ഹൃദയസത്യം തേടിയാണ് അദ്ദേഹം അലഞ്ഞത്. കച്ചവട സിനിമയുടെ ചട്ടക്കൂടില്‍ നില്‍ക്കുമ്പോഴും ലോഹിതദാസിന്റെ കഥാപാത്രങ്ങളില്‍ മനുഷ്യമഹത്വത്തിന്റെ നന്മയുണ്ടായിരുന്നു. അതിനാലാണ് അമരത്തിലും കിരീടത്തിലും ഹിസ്ഹൈനസ് അബ്ദുള്ളയിലുമെല്ലാം വില്ലനെന്നോ നായകനെന്നോ ഭേദമില്ലാതെ നമ്മള്‍ കഥാപാത്രങ്ങളെ നെഞ്ചിലേറ്റിയത്. ലോഹിതദാസിന്റെ ഒരു കഥാപാത്രവും പൂര്‍ണ്ണനായ വില്ലനും നായകനുമായിരുന്നില്ല. സാധാരണക്കാരനായ മനുഷ്യനെപ്പോലെ ആ കഥാപാത്രങ്ങളേയും ഇരുളും വെളിച്ചവും പങ്കിട്ടെടുത്തിരുന്നു.

ഭൂതക്കണ്ണാടിയിലൂടെ തേടിയെത്തിയ സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ ലോഹിത ദാസിന്റെ സിനിമാജീവിതത്തിലെ വഴിത്തിരിവായിരുന്നു. ഒരു സംവിധായകനെന്ന നിലയില്‍ നല്ല സിനിമയുടെ ഒരു പൂക്കാലം സൃഷ്ടിക്കാന്‍ അദ്ദേഹത്തിനു കഴിയു മായിരുന്നു. എന്നാല്‍ കച്ചവട സിനിമയുടെ നാലതിരുകളില്‍ സ്വയം വലിച്ചുകെട്ടി യതിലൂടെ മലയാളത്തിന് നഷ്ടമായത് മണ്ണിന്റെ മണമുള്ള എത്രയോ ചിത്രങ്ങ ളായിരുന്നു.

ജീവിതത്തിന്റെ കണ്ണീര്‍പ്പാടങ്ങളില്‍ നിന്നായിരുന്നു സിനിമയുടെ മരുപ്പച്ചയിലേയ്ക്ക് ലോഹിതദാസ് നടന്നു കയറിയത്. അതുകൊണ്ട് അതുവരെ സിനിമയ്ക്ക് അന്യമായിരുന്ന ജീവിതങ്ങളില്‍ ആകുലതയോടെ തന്റെ ഭൂതക്കണ്ണാടിവച്ചു നോക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അതുവരെ മാറ്റിനിര്‍ത്തപ്പെട്ട ജീവിതങ്ങള്‍ മലയാളത്തിന്റെ വെള്ളിത്തിരയിലേയ്ക്ക് ധൈര്യപൂര്‍വം കടന്നുവന്നു. അമരം, കന്മദം, സല്ലാപം തുടങ്ങിയ ചിത്രങ്ങള്‍ ആരും തിരിഞ്ഞു നോക്കാ നില്ലാത്തവന്റെ കഥകളാണ് പറഞ്ഞത്. കടപ്പുറത്തിന്റെ ഉപ്പുപുരണ്ട ഭാഷയായിരുന്നില്ല അമരത്തെ ശ്രദ്ധേയമാ ക്കിയത്. പ്രതി കൂലാവസ്ഥകളോട് പോരടിക്കുന്ന സാധാരണ മനുഷ്യന്റെ ആത്മവീ ര്യമാണ് അമരം. ഈ പോരാട്ടത്തിന്റെ വിയര്‍പ്പുകറ പുരണ്ട പെണ്‍രൂപമായി രുന്നു കന്മദത്തില്‍ നാം കണ്ടത്. യേശുദാസാവാന്‍ ശ്രമിക്കുന്ന ദിലീപിലൂടെ അതിജീവ നത്തിന്റെ പ്രതിസന്ധികളെ ലോഹിതദാസ് മനോഹരമായി വരച്ചുവച്ചു.

മലയാളമണ്ണിന്റെ ചെപ്പുകിലുക്കങ്ങള്‍ കേള്‍പ്പിച്ചാണ് ലോഹിതദാസിന്റെ തിരക്ക ഥകള്‍ നമ്മുടെ നെഞ്ചില്‍ കയറിപ്പറ്റിയത്. കഥയുടെ ആ നാട്ടുവഴികളില്‍ ഇരുള്‍ വീഴുകയാണ്. ആകുലതകള്‍ നിറഞ്ഞ മനുഷ്യ ജന്മത്തിന്റെ കഥപറയാന്‍ ഒരു പൂക്കാലം പോലെ, പൂത്തിരുവാതിര പോലെ അയാള്‍ തിരിച്ചു വന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.