Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മമഴക്കാറുകള്‍ എങ്ങുപോയി..?

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച അമ്മ എന്ന ഖ്യാതി ഹിന്ദി സിനിമയായ 'മദര്‍ ഇന്ത്യ'യിലെ അമ്മയ്ക്ക് തന്നെ നല്‍കാം. നര്‍ഗീസ് ദത്ത് അനശ്വരമാക്കിയ ആ അമ്മയെ ഒാര്‍ത്തു കൊണ്ട് ഈ 'അമ്മ ദിന'ത്തില്‍ മലയാള സിനിമയിലെ ശ്രദ്ധേയമായ അമ്മ കഥാപാത്രങ്ങളെ കുറിച്ച് ചിന്തിക്കാം.

ശശികുമാര്‍ സംവിധാനം ചെയ്ത 'തൊമ്മന്റെ മക്കള്‍' എന്ന ചിത്രത്തിലെ അമ്മ കഥാപാത്രത്തിനു ജീവന്‍ പകര്‍ന്നത് കവിയൂര്‍ പൊന്നമ്മയായിരുന്നു. ഭാര്യമാരുടെ താളത്തിനു തുള്ളി പരസ്പരം സംഘട്ടനത്തിലേര്‍പ്പെടുന്ന മക്കളുടെ ഇടയില്‍ വീണ് അടി കൊണ്ട് മരിക്കുന്ന അമ്മ കേരളത്തിലെ സ്ത്രീകളെ ഏറെ കണ്ണീരിലാഴ്ത്തി. സത്യനും മധുവും കൊട്ടാരക്കര ശ്രീധരന്‍നായരുമഭിനയിച്ച തൊമ്മന്റെ മക്കള്‍ വര്‍ഷങ്ങള്‍ക്കു ശേഷം ശശികുമാര്‍ തന്നെ 'സ്വന്തമെവിടെ ബന്ധമെവിടെ 'എന്ന പേരില്‍ വീണ്ടും ചലച്ചിത്രമാക്കി. ജോസ്പ്രകാശും മോഹന്‍ലാലും ലാലു അലക്സും അച്ഛനും മക്കളുമായി വന്നപ്പോള്‍ അമ്മ വേഷം ചെയ്യാന്‍ എത്തിയത് കവിയൂര്‍ പൊന്നമ്മ തന്നെയായിരുന്നു.

kaviyoor-ponnamma

ശശികുമാര്‍ തന്നെ സംവിധാനം ചെയ്ത പ്രവാഹം എന്ന ചിത്രത്തിലും അമ്മയുടെ വേഷത്തിനു വലിയ പ്രാധാന്യമുണ്ടായിരുന്നു. പ്രേംനസീര്‍ നായകനായ ആ ചിത്രത്തില്‍ കവിയൂര്‍ പൊന്നമ്മ തന്നെയായിരുന്നു അമ്മ വേഷത്തില്‍. ജാതകദോഷത്തിന്റെ പേരില്‍ മകനെ ഉപേക്ഷിക്കേണ്ടിവരുന്ന അമ്മയുടെ വേഷം കവിയൂര്‍ പൊന്നമ്മ ഗംഭീരമാക്കി. ഉപേക്ഷിക്കപ്പെടുന്ന മകനായി പ്രേംനസീര്‍ എത്തി.

എ.വിന്‍സന്റ് സംവിധാനം ചെയ്ത തുലാഭാരം എന്ന ചിത്രത്തിലെ അമ്മ വേഷം ശാരദയുടേതായിരുന്നു. മക്കളെ ജീവനു തുല്യം സ്നേഹിക്കുന്ന അമ്മ ജീവിക്കാന്‍ നിവൃത്തിയില്ലാതെ ഒടുവില്‍ അവര്‍ക്ക് വിഷം കൊടുത്തു കൊല്ലുന്ന കഥയാണ് തുലാഭാരം പറഞ്ഞത്.

സിബി മലയില്‍ സംവിധാനം ചെയ്ത തനിയാവര്‍ത്തനം എന്ന ചിത്രത്തിലും സ്നേഹമയിയായ അമ്മ ഭ്രാന്തില്ലാത്ത മകനെ ഭ്രാന്തനാക്കുന്നത് കണ്ട് തീവ്രനൊമ്പരത്തോടെ അവനു വിഷം നല്‍കുന്നു. സ്വയം കഴിക്കുകയും ചെയ്യുന്നു. കവിയൂര്‍ പൊന്നമ്മ തന്നെ അമ്മ വേഷം ചെയ്തപ്പോള്‍ മമ്മൂട്ടിയായിരുന്നു മകന്റെ വേഷത്തില്‍.

sukumari

കെ.എസ്.സേതുമാധവന്‍ സംവിധാനം ചെയ്ത ചട്ടക്കാരി എന്ന ചിത്രത്തില്‍ മക്കളെ വല്ലാതെ സ്നേഹിക്കുന്ന രണ്ടമ്മമാരെ കണ്ടു. അവിവാഹിതയായിരിക്കെ ഗര്‍ഭിണിയായ മകളുടെ മാനം രക്ഷിക്കാന്‍ യത്നിക്കുന്ന അമ്മയായി സുകുമാരിയും, പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തില്‍ ഉപേക്ഷിക്കേണ്ടി വരുന്ന അമ്മയായി ലക്ഷ്മിയും മികച്ച അഭിനയം കാഴ്ചവച്ചു.

ഫാസില്‍ സംവിധാനം ചെയ്ത നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തില്‍ പത്മിനി അവതരിപ്പിച്ച നായികയുടെ മുത്തശ്ശി വേഷവും സ്നേഹത്തിന്റെ തീവ്രത മനസില്‍ സൂക്ഷിച്ച കഥാപാത്രമായിരുന്നു. മകളോടുണ്ടായിരുന്ന അതിരു കടന്ന സ്നേഹം തന്നെയാണ് മകളുടെ മകളിലേക്കും അവര്‍ പകരുന്നത്.

സിബി മലയില്‍ സംവിധാനം ചെയ്ത ദശരഥം എന്ന ചിത്രത്തിലും വ്യത്യസ്തതയാര്‍ന്ന അമ്മവേഷം കണ്ടു. ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി മറ്റൊരാളുടെ ബീജം ഉദരത്തില്‍ ചുമക്കുകയും ആ കുഞ്ഞിനു ജന്മം നല്‍കുകയും ചെയ്യുന്ന സ്ത്രീ. പക്ഷേ ആ കുഞ്ഞിനെ പിരിയാനാകാതെ വീര്‍പ്പുമുട്ടുന്ന സ്ത്രീ. അമ്മയുടെ നിഷ്കളങ്ക സ്നേഹത്തിന്റെ മറ്റൊരു ചിത്രമായിരുന്നു അത്. രേഖയാണ് ആ അമ്മവേഷം അവിസ്മരണീയമാക്കിയത്.

സിബി മലയില്‍ തന്നെ സംവിധാനം ചെയ്ത ആകാശദൂത് എന്ന ചിത്രത്തിലെ മാധവിയുടെ അമ്മ വേഷവും മറക്കാനാകാത്തതാണ്. രോഗിയായ താന്‍ മരിക്കും മുമ്പ് തന്റെ മക്കളെ സുരക്ഷിതമായ കരങ്ങളില്‍ എത്തിക്കാന്‍ പാടുപെടുന്ന അമ്മ ഇൌറനണിയിക്കാത്ത പ്രേക്ഷക നേത്രങ്ങള്‍ കേരളത്തില്‍ കുറവാണ്.

malayalam-mother-actresses

പത്മരാജന്‍ സംവിധാനം ചെയ്ത തിങ്കളാഴ്ച നല്ല ദിവസത്തിലെ അമ്മയെ ആര്‍ക്കെങ്കിലും മറക്കാനാകുമോ ? മക്കളെയും വീട്ടിലെ മൃഗങ്ങളെയും മരങ്ങളെയും ഒക്കെ സ്നേഹിക്കുന്ന അമ്മ. ഒടുവില്‍ തറവാട്ടില്‍ നിന്നിറങ്ങേണ്ടി വന്നപ്പോള്‍ ഹൃദയം തകര്‍ന്നു മരിക്കുന്ന അമ്മ. കവിയൂര്‍ പൊന്നമ്മ തന്നെയായിരുന്നു ഇൌ അമ്മയ്ക്ക് ജീവനേകിയത്.

രഞ്ജിത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലും രണ്ടമ്മ വേഷങ്ങള്‍ ശ്രദ്ധേയങ്ങളായി. ഭര്‍ത്താവിന്റെ മരണശേഷം മകനെ വളര്‍ത്തി വലിയ നിലയിലാക്കാന്‍ വേണ്ടി ജീവിച്ച ഒരമ്മ. രേവതിയ്ക്കായിരുന്നു ഇൌ അമ്മവേഷം. മകനായെത്തിയത് പൃഥ്വിരാജ്. മകളുടെ മകന്റെ പ്രണയത്തിനു സാക്ഷാല്‍ക്കാരമേകാന്‍ തറവാട്ടമ്മയുടെ മുഴുവന്‍ സ്നേഹവും വീറും പുറത്തെടുക്കുന്ന മറ്റൊരമ്മയായി കവിയൂര്‍ പൊന്നമ്മയും എത്തി.

സിബി മലയില്‍ സംവിധാനം ചെയ്ത എഴുതാപ്പുറങ്ങള്‍ എന്ന ചിത്രത്തിലും സ്നേഹത്തിന്റെ ഭിന്നഭാവങ്ങള്‍ പ്രകടിപ്പിക്കുന്ന രണ്ടമ്മമാരെ കാണാന്‍ കഴിയുന്നുണ്ട്. കുട്ടിയുടെ അവകാശത്തിനു വേണ്ടി പോരാടി ഭര്‍ത്താവിനോട് തോല്‍ക്കുകയും ഒടുവില്‍ കുട്ടിയെ പിരിയേണ്ടി വരുമെന്ന ദുഃഖം താങ്ങാനാകാതെ മരിക്കുകയും ചെയ്യുന്ന അമ്മ വേഷം അംബിക കൈകാര്യം ചെയ്തു. മാനഭംഗത്തിനിരയായെങ്കിലും അതിനു മുമ്പേ വയറ്റില്‍ വളരുകയായിരുന്ന കുഞ്ഞിനെ നശിപ്പിക്കാന്‍ ആവില്ലെന്ന് ശാഠ്യം പിടിക്കുകയും ആ കൊച്ചിനെ രക്ഷിക്കാനും വളര്‍ത്താനും വേണ്ടി അരുതാത്ത വഴികളിലൂടെ വരെ സഞ്ചരിക്കുന്ന അമ്മയായി പാര്‍വതിയും വേഷമിട്ടു.

ഫാസിലിന്റെ എന്റെ സൂര്യപുത്രിക്ക് എന്ന ചിത്രത്തില്‍ തന്റെ കുഞ്ഞിന്റെ അച്ഛന്റെ സല്‍പേരു നിലനിര്‍ത്താന്‍ കുഞ്ഞിനെ അനാഥയെ പോലെ വളര്‍ത്തേണ്ടി വരുന്ന അമ്മയുടെ ഹൃദയവേദനയും പ്രേക്ഷകര്‍ കണ്ടു. ശ്രീവിദ്യ അമ്മയായും അമല മകളായും ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടു.

ഇങ്ങനെ സ്നേഹത്തിന്റെ മധുരവുമായി എത്രയെത്ര അമ്മമാര്‍ മലയാളത്തിന്റെ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടു. പുതുതലമുറയ്ക്ക് ഹരം പിടിപ്പിക്കുന്നതൊന്നും ഇത്തരം സ്നേഹത്തില്‍ ഇല്ലാത്തതു കൊണ്ടാണോ വെള്ളിത്തിരയില്‍ നിന്ന് ഇൌ നിര്‍മലസ്നേഹം പകര്‍ന്നു നല്‍കിയ അമ്മവേഷങ്ങള്‍ പുറത്താകുന്നത് ?

ഈ മാതൃദിനത്തില്‍ ഈ ചോദ്യത്തിനുള്ള ഉത്തരം തേടല്‍ ന്യൂജനറേഷന്റെ കടമയാകട്ടെ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.