Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൊയ്തീന്റെ സ്വന്തം മുക്കം (കാഞ്ചനയുടെയും)

ennu-ninte-moideen-stills

കഥയല്ലേ എന്നു പറഞ്ഞുപോലും ആശ്വസിക്കാനാകാത്തതിനാലാണ് മൊയ്തീനും കാഞ്ചനയും ഹൃദയത്തിന് ഇത്ര ഭാരമാകുന്നത്. കാലം കൊണ്ടും സ്ഥലം കൊണ്ടും നമ്മോട് വളരെ അടുത്തോ തൊട്ടോ നിൽക്കുകയാണവർ. കേരളത്തിന്റെ ഏതു ഭാഗത്തുനിന്നും അര ദിവസത്തിൽതാഴെ യാത്രയേ മുക്കത്തേക്കുള്ളൂ. എന്നുവച്ചാൽ സിനിമയിൽനിന്ന് ആർക്കും അതിലെ ജീവിതത്തിലേക്ക് എളുപ്പത്തിൽ യാത്ര ചെയ്യാമെന്ന്. ഒറ്റവണ്ടി കയറി മൊയ്തീന്റെ ഓർമകളിലേക്കെത്താം. കാഞ്ചനമാലയെയും ഇരുവഞ്ഞിപ്പുഴയെയും നേരിൽക്കാണാം.

കാഞ്ചന കൊറ്റങ്ങലിന് ആരായിരുന്നു ബി.പി. മൊയ്തീൻ എന്ന ചോദ്യം മറ്റൊരു ചോദ്യത്തിലേക്കും നീളും. മുക്കം എന്ന ദേശത്തിന് ആരായിരുന്നു അയാൾ ? മൊയ്തീനിലെ അചഞ്ചലനായ പ്രണയിയെയാണ് ആർ.എസ്. വിമൽ മുഖ്യമായി ചിത്രീകരിച്ചതെങ്കിലും മുക്കംകാരോടു സംസാരിച്ചാൽ മൊയ്തീന്റെ ജീവിതത്തിന്റെ വിവിധ മുഖങ്ങൾ കാണാം. അതിൽ പലതിലും തെളിയുന്നത് മുക്കത്തിന്റെ ഹൃദയത്തുടിപ്പുകളും.

moideen-kanchana

അതിർവരമ്പുകൾ കാര്യമാക്കാതെ നടന്ന ഒറ്റയാനെന്നായിരിക്കും മൊയ്തീനെപ്പറ്റി ആദ്യമോർക്കുക. സിനിമയിൽ കാണിക്കുന്നതു പോലെ തന്നെ മുക്കത്തെ പലപ്പോഴും ഞെട്ടിച്ചിട്ടുണ്ടയാൾ. പിതാവും പഞ്ചായത്തു പ്രസിഡന്റുമായ മുക്കം സുൽത്താനെന്ന ബല്യമ്പ്ര കുറ്റാട്ട് ഉണ്ണിമോയിൻ സാഹിബിനെ വെല്ലുവിളിച്ചതിലൂടെ. കൊറ്റങ്ങൽ തറവാട്ടിലെ പെൺകുട്ടിയെ പ്രണയിച്ചതിലൂടെ, സ്വന്തമായി പുറത്തിറക്കിയ സ്പോർട്സ് ഹെറാൾഡ് മാസിക ഡൽഹിയിലെത്തി പ്രധാനന്ത്രി ഇന്ദിരഗാന്ധിയെക്കൊണ്ട് പ്രകാശനം ചെയ്യിച്ചതിലൂടെ.. മഴയിലേക്കും പുഴയിലേക്കും മടിച്ചുനിൽക്കാതെ ഇറങ്ങിപ്പോയതിലൂടെ.. ഫുട്ബോൾ കളിക്കാരൻ എന്നു തുടങ്ങി ഏവർക്കും സമീപിക്കാവുന്ന സാമൂഹിക പ്രവർത്തകൻ, സിനിമാ നിർമാതാവ് എന്നിങ്ങനെ വരെ അയാൾ മുക്കത്തിലും മുക്കം അയാളിലും നിറഞ്ഞുനിന്നു.

മുക്കത്തിന്റെ പേരുകേട്ട മതമൈത്രിയെ ചലച്ചിത്രകാരനും ഉയർത്തിക്കാട്ടുന്നുണ്ട്. കാവിലെ ഉൽസവത്തിൽ പങ്കെടുക്കുന്ന ഉണ്ണിമോയിൻ സാഹിബിന്റെ നെറ്റിയിൽ കുറിതൊട്ടുകൊടുക്കുന്നു. പ്രാർഥനാപൂർവം അദ്ദേഹം സ്വീകരിക്കുന്നു. ഹിന്ദു– മുസ്‌ലിം തറവാടുകൾ തമ്മിലുള്ള ശക്തമായ ആത്മബന്ധത്തെ ഏതൊരു മുക്കംകാരനും സിനിമയിൽ വായിച്ചെടുക്കാവുന്നതാണ്. താഴക്കോട് ജുമാഅത്ത് പള്ളി പണിയാൻ മുസ്‌ലിംകളോടൊപ്പം തോളോടുതോൾ ചേർന്ന ഹിന്ദുക്കളുടെ നാടാണിത്. തൃക്കുടമണ്ണ ശിവ ക്ഷേത്രത്തിലേക്കുള്ള വഴി പണിയാൻ സ്വന്തം സ്ഥലം വിട്ടുകൊടുത്ത വയലിൽ മൊയ്തീൻ കോയ ഹാജിയുടെയും നാട്. എല്ലാ മതവിഭാഗങ്ങളും പങ്കെടുക്കുന്ന പല ആഘോഷങ്ങളുമുണ്ടിവിടെ. മൊയ്തീന്റെയും കാഞ്ചനമാലയുടെയും ബന്ധത്തെ കുറിച്ച് ഇരു തറവാട്ടുകാരുടെയും ഏറ്റവും വലിയ ഭയം സാമുദായിക ചേരിതിരിവും ശത്രുതയുമുണ്ടാകുമോ എന്നതായിരുന്നെന്നും സിനിമയിൽ കാണാം.

സ്വാതന്ത്ര്യ സമരത്തിൽ മുക്കത്തിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. കാഞ്ചനമാലയുടെ അച്ഛൻ കൊറ്റങ്ങൽ അച്യുതനും മൊയ്തീന്റെ പിതാവും സ്വാതന്ത്ര്യ സമര സേനാനികളായിരുന്നുവെന്ന് സിനിമയിൽ പറയുന്നുണ്ട്. വിവിധ രാഷ്ട്രീയ ചിന്താധാരകളും ഈ നാട്ടിൽ വേരോടിയിരുന്നു. പ്രതിഷേധത്തിന്റെ മുഖമായിരുന്നു പലപ്പോഴും മൊയ്തീനെന്നാണ് മുക്കത്തുകാർ ഓർക്കുന്നത്. അത് വീട്ടിൽ മുക്കം സുത്താനെന്ന തന്റെ ബാപ്പയ്ക്കെതിരെ തുടങ്ങി പ്രധാനമന്ത്രിയുടെ മുന്നിൽ കരിങ്കൊടിയായി വരെയെത്തിയെന്നു സിനിമയും പറയുന്നു. മുക്കം കവലയിൽവച്ച് മൊയ്തീനും പിതാവും തമ്മിൽ ഉണ്ടായ വാക്കേറ്റത്തിന്റെ ഒരു കാരണം പിതാവിന്റെ നേതൃത്വത്തിൽ നടത്താനൊരുങ്ങിയ മരംവെട്ട് മൊയ്തീൻ തടഞ്ഞുവെന്നതാണ്. മൊയ്തീനിലെ പരിസ്ഥിതി പ്രവർത്തകനെയാണ് അന്ന് മുക്കം കണ്ടത്. മൊയ്തീൻ സമരം ചെയ്ത് സംരക്ഷിച്ച മരങ്ങൾ ഇന്നും പിസി റോഡരികിൽ തണൽവിരിച്ച് നിൽക്കുന്നുണ്ട്. തെയ്യത്തുംകടവിൽ പാലം വേണമെന്ന് ആവശ്യപ്പെട്ടും മൊയ്തീൻ സമരം ചെയ്തിരുന്നു. മൊയ്തീൻ അവിടെത്തന്നെ മുങ്ങി മരിച്ചതിനു ശേഷമാണ് തെയ്യത്തുംകടവ് പാലം വന്നത്.

Ennum Ninte Moideen

സാംസ്കാരികമായും ഒരു തനതുവ്യക്തിത്വം മുക്കത്തിനുണ്ടായിരുന്നു. സിനിമയിൽ കാണിക്കുന്ന ‘വെളിച്ചം വിളക്കുതേടുന്നു’ എന്നതുൾപ്പെടെ മൊയ്തീന്റെ നേതൃത്വത്തിൽ നടത്തിയ നാടകങ്ങൾ ഇവിടത്തുകാർ മറന്നിട്ടില്ല. മൊയ്തീന്റെ കഥയ്ക്ക് മുക്കത്ത് പല വകഭേദങ്ങളുണ്ടെന്നത് സ്വാഭാവികം. എങ്കിലും എല്ലാവരും സമ്മതിക്കുന്ന ഒന്നുണ്ട്. കാഞ്ചന മൊയ്തീനെ കാത്തിരുന്നു, ഇനി ഒരിക്കലും വരില്ലെന്നറിഞ്ഞപ്പോഴും മൊയ്തീനെ ഓർത്തുതന്നെയിരുന്നു. ഒരുമിക്കാനായില്ലെങ്കിലും സഫലമായ പ്രണയമാണ് ഇവരുടേതെന്നു പറയേണ്ടിവരും. ഒരു ജീവിതം ജീവിക്കാൻ മൊയ്തീന്റെ ഓർമകൾമാത്രം മതിയെന്ന് കാഞ്ചന തെളിയിക്കുമ്പോൾ മുക്കംകാർ ശരിവയ്ക്കുന്നത് അതാണ്. സ്നേഹിച്ചയാളുടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനായി മുക്കത്തു സ്ഥാപിച്ച ബി.പി. മൊയ്തീൻ സേവാ മന്ദിറിലൂടെ കാഞ്ചന ഒട്ടേറെ സ്ത്രീകളെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തുകയാണ്. മൊയ്തീന്റെ വെള്ളാരംകണ്ണുകളിലൊന്ന് മീൻ കൊത്തിപ്പോയെന്ന് സിനിമയിൽ പറയുന്നുണ്ട്. അന്നു മുതൽ കാഞ്ചന മീൻ കഴിച്ചിട്ടില്ല. തെയ്യത്തുംകടവിലേക്ക് അടുത്തകാലം വരെ പോകുക പോലുമില്ലായിരുന്നു. എന്തുകൊണ്ടോ എന്ന് നിന്റെ മൊയ്തീൻ അവർ കണ്ടിട്ടില്ല. തൽക്കാലം കാണേണ്ടെന്നാണു തീരുമാനം. മൊയ്തീന്റെ സുഹൃത്ത് മുക്കം ഭാസിയാണ് (സുധീർ കരമന) ഇന്ന് മുക്കത്തെത്തിയാൽ കാണാൻ കഴിയുന്ന മറ്റൊരു കഥാപാത്രം.

ഉള്ളിലും പുറത്തും പ്രണയത്തിന്റെ ചാറ്റൽമഴ പെയ്തുകൊണ്ടേയിരുന്നു, കടവിൽനിന്ന് കാഞ്ചനയുടെ കണ്ണിൽനോക്കി, മൊയ്തീൻ പറഞ്ഞു, ഇരുവഴഞ്ഞിപ്പുഴ അറബിക്കടലിനുള്ളതാണെങ്കിൽ കാഞ്ചന മൊയ്തീനുള്ളത്. ഈ ഡയലോഗ് കേൾക്കുമ്പോൾ തിയറ്ററിൽ കൗമാരക്കാരും യുവാക്കളും നിറഞ്ഞ പ്രേക്ഷകർ ഇളകിമറിയുകയാണ്. മുക്കം എന്ന കൊച്ചുസ്ഥലത്തെ കാലത്തെ ജയിച്ച പ്രണയം അവർ ഏറ്റെടുത്തിരിക്കുന്നു. ഇരുവഴഞ്ഞിയൊഴുകുന്ന ഈ നാട്ടിലേക്ക് ഇന്ന് ഏതൊരു മലയാളിയുടെയും ഹൃദയത്തിൽ നിന്നുള്ള ദൂരം കുറഞ്ഞിരിക്കുകയാണ്. മൊയ്തീന്റെയും കാഞ്ചനയുടെയും കരങ്ങളെന്നപോലെ... തൊട്ടു തൊട്ടില്ല എന്ന വിധത്തിൽ

മുക്കം സിനിമകൾ

എസ്കെ പൊറ്റെക്കാട്ടിന്റെ നാടൻ പ്രേമം സിനിമയായത് 1972ലായിരുന്നു. മുക്കത്തെ ഇക്കോരന്റെയും മാളുവിന്റെയും കഥയാണത്. മധുവും ഷീലയുമായിരുന്നു അഭിനേതാക്കൾ. മാളു കളിച്ചുവളർന്ന ഇരുവഞ്ഞിപ്പുഴയോരമെന്നത് മുക്കത്തെപ്പറ്റി എഴുതുമ്പോഴുള്ള ഒരു പ്രയോഗമായിരുന്നു. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന മുഹമ്മദ് അബ്ദുറഹിമാന്റെ ജീവിതം ആസ്പദമാക്കി 2012ൽ പുറത്തിറങ്ങിയ വീരപുത്രൻ സിനിമയിലും മുക്കമുണ്ട്. അബ്ദുറഹിമാന്റെ അവസാന പ്രസംഗം കൊടിയത്തൂരിൽ വച്ചായിരുന്നു. ടി.വി. ചന്ദ്രന്റെ ‘ഓർമകളുണ്ടായിരിക്കണം’ എന്ന ചിത്രമടക്കം സലാം കാരശേരി നിർമിച്ച സിനിമകളും മുക്കത്ത് ചിത്രീകരിച്ചിട്ടുണ്ട്. എന്നു നിന്റെ മൊയ്തീൻ പാലക്കാട്ട് സെറ്റിട്ടാണു ചിത്രീകരിച്ചതെങ്കിലും അതിന്റെ പോസ്റ്ററിൽ പോലും മുക്കം നിറഞ്ഞുനിൽക്കുന്നുണ്ട്. 673602 എന്ന പിൻകോഡിലൂടെ.

Ennum Ninte Moideen

ഹൃദയത്തിലുണ്ട് മുക്കം

ആർ.എസ്. വിമൽ

എനിക്ക് മുക്കവുമായി 10 വർഷത്തോളം ബന്ധമുണ്ട്. മുക്കത്തിന്റെ ചരിത്രത്തിൽ തന്നെ ഉണ്ണിമോയിൻ സാഹിബിന്റെ തറവാടിനും കൊറ്റങ്ങൽ തറവാടിനും വലിയ പങ്കാണുള്ളത്. വലിയ കച്ചവടക്കാരും കൃഷിക്കാരുമായിരുന്ന ഇരു തറവാട്ടുകാരും സത്യത്തിൽ നാട്ടുകാരുടെ ആശ്രയമായിരുന്നു. മുക്കത്തുകാരിൽ ഇന്നും ആ ഓർമകളുണ്ട്. സിനിമയിൽ ചിത്രീകരിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും കൊറ്റങ്ങൽ‍ തറവാട്ടിൽ നിന്ന് ആഘോഷാവസരങ്ങളിൽ വസ്ത്രവും എണ്ണയും പപ്പടവുമെല്ലാം വാങ്ങിക്കൊണ്ടുപോകാനായി നാട്ടുകാർ കാത്തുനിൽക്കുമായിരുന്നു. കേരളത്തിലെ ആദ്യ സഹകരണ പ്രസ്ഥാനം കോഴിക്കോട് രണ്ടാം ഗേറ്റിൽ തുടങ്ങിയത് കൊറ്റങ്ങൽ അച്യുതനായിരുന്നു. ഉണ്ണിമോയിൻ സാഹിബിനും ഈ പ്രസ്ഥാനത്തോട് അടുത്ത ബന്ധമുണ്ടായിരുന്നു. ഇരുവരുടെയും സൗഹൃദവും നാടിന്റെ ചരിത്രത്തിന്റെ ഭാഗമാണ്.

മുക്കം കവലയിലെ ആലും ഇരുവഞ്ഞിപ്പുഴയുമാണ് മുക്കത്തിന്റെ മുഖമുദ്രകൾ. ഇരുവഞ്ഞിയുടെ തീരങ്ങളിലൂടെയും മൊയ്തീൻ സംരക്ഷിച്ച മരങ്ങൾ തണൽവിരിച്ച വഴിയിലൂടെയും എത്രയോ തവണ കാഞ്ചനേടത്തിയോടൊപ്പം ഞാൻ സഞ്ചരിച്ചിരിക്കുന്നു. സത്യത്തിൽ ഇന്ന് എനിക്ക് ഏറ്റവും ബന്ധമുള്ളത് ഈ നാടിനോടും നാട്ടുകാരോടുമാണ്. സ്വന്തമെന്നു തോന്നിയാൽ ഒരിക്കലും അവർ കൈവിടില്ല. എന്ന് സ്വന്തം മൊയ്തീൻ എന്ന സിനിമയും അവർ ഏറ്റെടുത്തുകഴിഞ്ഞു. വല്ലാത്തൊരു വൈകാരികമായ അടുപ്പമാണവർക്ക് ഈ സിനിമയോടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.