Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗന്ധര്‍വ സംവിധായകൻ

Padmarajan1

സർഗശേഷിയുടെ കാര്യത്തിൽ പകരക്കാരൻ ഇല്ലാത്ത പത്മരാജൻ എന്ന കലാകാരൻ അണിയിച്ചൊരുക്കിയ ചലച്ചിത്രങ്ങൾ എക്കാലവും മലയാളികളുടെ സ്വപ്നങ്ങളുടെ സാക്ഷാത്ക്കാരമായിരുന്നു. ആ അതുല്യ പ്രതിഭയുടെ എഴുപതാം ജന്മദിനമാണിന്ന്.

‘പുറത്ത് മഴ പെയ്തൊഴിയുകയായിരുന്നു... വെറുതെയൊരു സൗഹൃദത്തിനായി ആരെന്നും എന്തെന്നും അറിയാത്ത ക്ലാരയ്ക്ക് കത്തെഴുതുമ്പോൾ... അതിൽ എന്തോ ഒരു പ്രത്യേകത ജയകൃഷ്ണന് അനുഭവപ്പെട്ടു! വരാൻപോകുന്ന സുഹൃത്തുമായി അദൃശ്യമായ ഏതോ ഒരു ആത്മബന്ധം നിലനിൽക്കുന്നുവെന്ന തോന്നൽ... പിന്നീട് ക്ലാര അവന്റെ എല്ലാമെല്ലാമായി... അപ്പോഴും മഴ പെയ്തൊഴിയുന്നുണ്ടായിരുന്നു... തന്റെ പ്രണയിനി രാധയുമായുള്ള വിവാഹം ഉറപ്പിക്കുമ്പോഴും ക്ലാര അവനു പ്രിയപ്പെട്ടവളായിരുന്നു... എങ്ങ് നിന്നോ വന്ന് എങ്ങോട്ടോ പോയവൾ... വേശ്യയാവാൻ നിർബന്ധിക്കപ്പെട്ടവൾ... എങ്കിലും ജയകൃഷ്ണന് ക്ലാര പ്രിയങ്കരി തന്നെ...

പത്മരാജന്റെ തൂലികയിൽ പിറന്ന രണ്ടു കഥാപാത്രങ്ങൾ മാത്രമായിരുന്നില്ല ജയകൃഷ്ണനും ക്ലാരയും. തൂവാനത്തുമ്പികൾ എന്ന ചിത്രത്തിൽ നിറഞ്ഞു നിന്ന ജയകൃഷ്ണനും ക്ലാരയും മലയാളികളുടെ മനസിൽ നിന്നും മാഞ്ഞിട്ടില്ല, അവരെ മലയാളിക്കു മുന്നിലെത്തിച്ച പത്മരാജൻ എന്ന അതുല്യപ്രതിഭയെയും!

thoovana

പെരുവഴിയമ്പലം എന്ന സ്വന്തം നോവൽ സംവിധാനം ചെയ്തുകൊണ്ടാണ് ചലിച്ചിത്ര സംവിധാന രംഗത്തേക്ക് പത്മരാജൻ കടന്നെത്തുന്നത്. രചനയിലെന്ന പോലെ സംവിധാന രംഗത്തും ശോഭിക്കാൻ പത്മരാജനു കഴിഞ്ഞു. ‘കള്ളൻ പവിത്രൻ’, ഒരിടത്തൊരു ഫയൽവാൻ’, ‘നവംബറിന്റെ നഷ്ടം’, ‘അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ’, ‘നൊമ്പരത്തിപ്പൂവ്’, ‘തൂവാനത്തുമ്പികൾ’, ‘തിങ്കളാഴ്ച നല്ല ദിവസം’, ‘അപരൻ’, ‘മൂന്നാം പക്കം’, ‘ഇന്നലെ’, ‘ഞാൻ ഗന്ധർവൻ’ തുടങ്ങിയ ചിത്രങ്ങൾ പത്മരാജനിലെ സംവിധായകന്റെ പ്രതിഭ തെളിയിച്ച ചിത്രങ്ങളായിരുന്നു. ‘ഉദകപ്പോള’, ‘മഞ്ഞുകാലം നോറ്റ കുതിര’, ‘പ്രതിമയും രാജകുമാരിയും’ തുടങ്ങിയ നോവലുകൾ ചലച്ചിത്രരംഗത്ത് പ്രസിദ്ധനായതിനുശേഷം രചിച്ചതായിരുന്നു. ‘കരിയിലക്കാറ്റുപോലെ’, കൈവരിയുടെ തെക്കേ അറ്റം’ തുടങ്ങിയ കൃതികളും പത്മരാജന്റെ മികച്ച സംഭാവനകളാണ്.

പ്രണയത്തിന്റെ മറ്റൊരു തലത്തിലേക്കാണ് തൂവാന തുമ്പികളിലൂടെ പത്മരാജൻ മലയാളികളെ കൂട്ടിക്കൊണ്ടുപോയത്. മഴയെക്കുറിച്ചുള്ള വളരെ മനോഹരമായ സങ്കല്പവും ചിത്രത്തിലുടനീളം പെയ്തുനിൽക്കുന്നു. അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും നിറഞ്ഞുനിൽക്കുന്നത് വൈകാരികമായ പ്രണയവും, വിപ്ലവവുമാണ്. തൂവാനത്തുമ്പികൾ, ദേശാടനക്കിളികൾ കരയാറില്ല, ഞാൻ ഗന്ധർവൻ എന്നീ ചിത്രങ്ങൾ ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്...

Clara

തൂവാനതുമ്പികളിലെ ക്ലാരയും, ഞാൻ ഗന്ധർവ്വനിലെ ഗന്ധർവ്വനും എവിടെ നിന്നോ വന്ന് എങ്ങോട്ടോ പോയവരാണ്. ‘നാളെ നമ്മൾ പിരിയുന്നു ഞാൻ മരിച്ചതായി നീയും നീ മരിച്ചതായ് ഞാനും കരുതുക. ഇനി നമ്മൾ തമ്മിൽ ഒരിക്കലും കാണില്ല , എന്ന് പറഞ്ഞ് പോകുന്ന ക്ലാരയെ പിന്നീട് കാണുന്നത് മറ്റോരാളുടെ ഭാര്യയും ഒരു കൈകുഞ്ഞുമായാണ്. ഉദകപോളയെ അടിസ്ഥാനമാക്കിയാണ് തൂവാനതുമ്പികൾ എടുത്തതെങ്കിലും ലോലയിലെ പെൺകുട്ടിതന്നെയല്ലേ ക്ലാരയും.

മുത്തശ്ശികഥയിൽ മാത്രം കേട്ടിട്ടുള്ള ശാപം കിട്ടിയ ഗന്ധർവ്വൻ ഭൂമിലിറങ്ങി വരിക, പെണ്ണിനെ കണ്ട് മോഹിക്കുക , അവളെ സ്വന്തമാക്കുക. തിരിച്ചുപോകാൻ സമയമാകുമ്പോൾ തിരിച്ചുപോകാൻ മനസില്ലാതെ യാത്രപറയുക. ഒരു മുത്തശ്ശികഥയെ സങ്കല്പമല്ലാത്തപോലെ യാഥാർത്ഥ്യവൽക്കരിച്ച് നമുക്കു മുന്നിൽ കൊണ്ടു വരാൻ പത്മരാജനല്ലാതെ ആർക്കാണ് കഴിയുക!

രണ്ടുപെൺകുട്ടികളുടെ സൗഹൃദത്തിന്റെ കഥപറയുന്ന ദേശാടനകിളികൾ കരയാറില്ല എന്ന ചലചിത്രം മലയാള സിനിമാ ചരിത്രത്തിൽ വളരെയധികം വ്യത്യസ്തത പുലർത്തിയ സിനിമയാണ്. പെൺകുട്ടികളുടെ അസാധാരണമായ ബന്ധത്തെ സ്വവർഗരതിയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വ്യാഖ്യനിച്ചെങ്കിലും അദ്ദേഹത്തിന്റെ മഹത്തായ ചലചിത്രങ്ങളിൽ ഒന്നാണ് ഈ സിനിമ എന്ന് അംഗീകരിക്കാതെ വയ്യ.

mohanlal-padmarajan

പെരുവഴുയമ്പലം എന്ന ചിത്രമാകട്ടെ വളരെ വ്യത്യസ്തമായ പ്രമേയം കൊണ്ട് വേറിട്ടു നിൽക്കുന്നതാണ്. അന്ത്യമെന്തെന്നറിയാത്ത രക്ഷപ്പെടാനുള്ള ഓട്ടമാണത്. റൗഡിയായ പ്രഭാകരൻപിള്ളയെ അമ്മൻകോവിലെ ഉത്സവത്തിനിടയിൽ വാണിയൻകുഞ്ചുവിന്റെ മകൻ കുത്തുന്നതാണ്. അവസാനമെന്തെന്നറിയാതെ രാമൻ ഓടുയാണ്. ഒരിടത്തൊരു ഫയൽവാനിൽ എല്ലാവരും പേടിക്കുന്ന ഫയൽവാന്റെ ജീവിതവും പ്രണയവും വ്യക്തമാക്കുകയാണ്.

ക്രിസ്ത്യൻ പശ്ചാത്തലത്തിലെടുത്ത നമുക്കുപാർക്കാൻ മുന്തിരിത്തോപ്പുകളിലുടെ കൊണ്ടുവന്ന ‘പുതിയ തരം പ്രണയം’ ഏറെ ശ്രദ്ധയാകർഷിച്ചതാണ്. നായികാനായകന്മാരുടെ പ്രണയ സന്ദേശങ്ങൾ ഉത്തമഗീതത്തിലെ ഗീതങ്ങളായാണ് നമുക്കു മുമ്പിൽ പത്മരാജൻ എത്തിച്ചത്. ഈ സിനിമയിലൂടെ ശക്തവും വ്യത്യസ്തവുമായ ഒരു നായക സങ്കല്പത്തിന് മലയാള സിനിമയിൽ തുടക്കം കുറിക്കാൻ കഴിഞ്ഞുവെന്നത് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

നിഗൂഡതകൾ നിറഞ്ഞ, പരിഹാരം എളിപ്പമല്ലാത്ത പ്രമേയങ്ങളുടെ കണ്ടത്തലുകളാണ് പത്മരാജന്റെ സിനിമകളിൽ നമുക്ക് കാണാൻ കഴിയുക. സൂക്ഷ്മമായ തിരക്കഥയും മനോഹരമായ സംഗീതവും അദ്ദേഹത്തിന്റെ സിനിമയെ വേറിട്ടതാക്കുന്നു. മനുഷ്യ മനസിന്റെ സൂക്ഷ്മതകളിൽ ഇറങ്ങി ചെന്ന് അവിശ്വസനീയമായതെന്ന് തോന്നുന്ന പലതും നമുക്കു മുമ്പിൽ കൊണ്ടുവരികയും, ഓരോ കഥാപാത്രങ്ങളെയും അതിന്റെതായ പ്രാധാന്യത്തോടെ അവതരിപ്പിക്കുവാനുമുള്ള കഴിവ് വേറെത്തന്നെയാണ്. അതുകൊണ്ട് തന്നെ ഇന്നും മായാതെ ഇൗ കഥാപാത്രങ്ങൾ നമുക്കിടയിൽ ജീവിക്കുന്നതും... 

Your Rating: